•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ദേവാങ്കണം

നീലകണ്ഠന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി തുടരുകയായിരുന്നു. മരുതുകുളങ്ങര ഭവനത്തിനുമേല്‍ പതിക്കുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ മാത്രമായിരുന്നില്ല നീലകണ്ഠനെ മഥിച്ചിരുന്നത്. ക്യാപ്റ്റന്‍ ഡിലനായി പറഞ്ഞുകൊടുത്ത ക്രിസ്തുവിന്റെ ചരിത്രംകൂടിയായിരുന്നു.
നീലകണ്ഠന്റെ ഹൃദയത്തിലൂടെ ക്രിസ്തു നഗ്നപാദങ്ങളൂന്നി നടക്കുകയാണ്. ഓരോ പാദപതനവും ഹൃദയത്തില്‍ മുദ്രകളാകുന്നു. ആര്‍ദ്രതയും കനിവും നിറഞ്ഞ രണ്ടു കണ്ണുകള്‍ മനോമുകുരത്തില്‍ തെളിയുന്നു. ലോകത്തിന്റെ സ്‌നേഹം മുഴുവന്‍ നിറച്ച ആഴമുള്ള കണ്ണുകള്‍.
ഉറങ്ങാന്‍ കണ്ണുകളടച്ചാല്‍, കുരിശില്‍ക്കിടന്നു പിടയുന്ന അര്‍ദ്ധനഗ്നനായ ഒരു മനുഷ്യനെ കാണാവുന്നു. ക്രിസ്തുദേവന്‍ തന്നെ പിന്‍തുടരുകയാണെന്ന് നീലകണ്ഠനു തോന്നി.
ഗദ്‌സെമനിയില്‍നിന്നു കാറ്റുവീശുന്നു. അത് മരുഭൂമി കടന്ന് ഗലീലിയത്തടാകത്തില്‍ കുളിച്ചുകയറിയാണു വരുന്നത്. അത് ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. കാട്ടിലെ മൃഗങ്ങളും ആകാശപ്പറവകളും ഭൂമിയിലെ സസ്യങ്ങളും ആഴിയിലെ മത്സ്യങ്ങളും ആകാശമേഘങ്ങളും അതുതന്നെയാണു ചെയ്യുന്നത്. ആകാശം മുട്ടിയ പര്‍വതങ്ങളും ആകാശത്തിന്റെ നാലതിരുകളും ഭൂമിയുടെ ആഴങ്ങളും മറ്റൊന്നല്ല പറയുന്നത്. ഓരോ അണുവും അവനെക്കുറിച്ചു പറയുന്നു.
നീലകണ്ഠന്റെ ദിനങ്ങള്‍ക്ക് അടുക്കും ചിട്ടയുമില്ലാതായി. അശാന്തിയുടെ ഒരു കടല്‍ നീലകണ്ഠനില്‍ ഇളകിമറിയാന്‍ തുടങ്ങി. ആത്മപീഡകളുടെ ഒരു മരുഭൂമി അവനില്‍ കിടന്നു തപിച്ചു.
ക്യാപ്റ്റന്‍ ഡിലനായിയുമായി സംസാരിച്ചതിന്റെ മൂന്നാംസന്ധ്യയിലാണ് നീലകണ്ഠന്‍ മരുതുകുളങ്ങരയിലെത്തിയത്. എന്തുകൊണ്ടോ ഭാര്‍ഗവിയെ കാണണമെന്ന് നീലകണ്ഠനു തോന്നി. ഭാര്‍ഗവി എപ്പോഴും തന്റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് നീലകണ്ഠന്‍ ആഗ്രഹിച്ചു.
പത്മനാഭപുരത്തേക്ക് ഭാര്‍ഗവിയെ കൂട്ടിക്കൊണ്ടുപോകാം. അവിടെ പാര്‍ക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, അതെങ്ങനെ സാധിക്കും? തറവാട്ടുകാര്യങ്ങള്‍ വേണ്ടവിധം നടത്തിക്കൊണ്ടു പോകാന്‍ ഭാര്‍ഗവിയല്ലാതെ മറ്റാര്?
നീലകണ്ഠന് പത്മനാഭപുരത്തെ ജോലിയുപേക്ഷിക്കാനും നിര്‍വാഹമുണ്ടായിരുന്നില്ല. മഹാരാജാവിന് അനിഷ്ടമുണ്ടാകുന്നതൊന്നും ചെയ്തുകൂടാ. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളില്‍നിന്നു പിന്‍വാങ്ങുക അസാധ്യം. അതു പുരുഷന്മാര്‍ക്കു യോജിച്ചതല്ല.
മുന്നറിയിപ്പൊന്നുമില്ലാതെയാണ് നീലകണ്ഠന്‍ മരുതുകുളങ്ങരയിലെത്തിയത്. പടിപ്പുരയില്‍ ഭാര്‍ഗവി കാത്തുനില്പുണ്ടായിരുന്നു. ഒരുപക്ഷേ, അവള്‍ അകലെനിന്നേ തന്റെ കുതിരയുടെ കുളമ്പടിശബ്ദം കേട്ടിരിക്കാം.
ഭാര്‍ഗവി പ്രസന്നവതിയായിരുന്നില്ല. പടിപ്പുരവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഭാര്‍ഗ്ഗവിയുടെ മുഖം ക്‌ളാന്തമായിക്കണ്ടു. അവളുടെ കണ്ണുകളിലെ മോഹിപ്പിക്കുന്ന തിളക്കം നഷ്ടമായിരിക്കുന്നു.
നീലകണ്ഠന്‍ ഭാര്‍ഗ്ഗവിയെ ചേര്‍ത്തുപിടിച്ച് തറവാടിനകത്തേക്കു നടന്നു. വിളക്കുവെട്ടത്തില്‍ നടുമുറ്റത്തിനരുകിലെ നന്ത്യാറുവട്ടപ്പൂക്കള്‍ ചിരിക്കുന്നത് നീലകണ്ഠന്‍ കണ്ടു.
കുളി കഴിഞ്ഞ് അല്പം അത്താഴവും കഴിച്ച് നീലകണ്ഠന്‍ ദീനക്കിടക്കയിലായിരുന്ന കാരണവരെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു. ആരോഗ്യവിവരങ്ങളന്വേഷിച്ചു. മരുന്നും ആഹാരവുമൊക്കെ വൈദ്യരുടെ വിധിപ്രകാരം കഴിക്കണമെന്നുപദേശിച്ചു. പിന്നെ കിടപ്പറയിലേക്കു പോയി.
ഉറക്കറയുടെ ജാലകങ്ങള്‍ തുറന്നിട്ടു നീലകണ്ഠന്‍. മോന്തായക്കൊളുത്തുകളില്‍ ചങ്ങലവിളക്കുകള്‍ കത്തുന്നുണ്ട്. ജാലകക്കാറ്റ് സാവധാനം വീശുന്നുണ്ട്. രാക്കാറ്റ് ഒരു തൂവലിന്റെ സ്‌നിഗ്ധവേഗതത്തിലാണു വീശുന്നത്. നീലകണ്ഠന്‍ കണ്ണുകളടച്ചു. പക്ഷേ, ഉറങ്ങുകയായിരുന്നില്ല.
തനിക്ക് ആന്തരികമായി എന്തോ വ്യതിയാനം സംഭവിക്കുന്നു എന്ന് നീലകണ്ഠന്‍ അറിയുകയായിരുന്നു. തന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനശിലകള്‍ക്ക് ഇളക്കം തട്ടുന്നു. താന്‍ മറ്റൊരാളായി മാറുകയാണോ?
ഭാര്‍ഗവി വന്നു. അവള്‍ കുളികഴിഞ്ഞ് ഈറന്‍ മുടിയില്‍ കുടമുല്ലപ്പൂക്കള്‍ ചൂടിയിരുന്നു. മിഴികളില്‍ മഷിയെഴുതിയിരുന്നു. നെറ്റിയില്‍ സിന്ദൂരതിലകം. ഭാര്‍ഗവിയില്‍നിന്നു കാച്ചെണ്ണയുടെ ഗന്ധം പ്രസരിക്കുന്നു. ഇപ്പോള്‍ വീശുന്നത് സുഗന്ധവാഹിയായ കാറ്റാണ്.
ഭാര്‍ഗവി നീലകണ്ഠനടുത്തായി ഇരുന്നു. പക്ഷേ, അവള്‍ ഒന്നും സംസാരിച്ചില്ല. അവള്‍ക്ക് നീലകണ്ഠനോടു സംസാരിക്കാനായി ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഒന്നും പറയാന്‍ കഴിഞ്ഞില്ല.
നീലകണ്ഠനും അങ്ങനെ തന്നെയായിരുന്നു. ഒരു കടല്‍ തന്നെയുണ്ടായിരുന്നു നീലകണ്ഠന്റെയുള്ളില്‍ ഭാര്‍ഗവിയുമായി പങ്കുവയ്ക്കാന്‍. പക്ഷേ, ഒരു തുള്ളിപോലും കോരിയെടുക്കാന്‍ നീലകണ്ഠനു കഴിയുന്നില്ല.
ഇരുവരും അങ്ങനെ കുറെ നേരമിരുന്നു. മൗനം അവര്‍ക്കിടയില്‍ ഒരു മഹാമരുവുപോലെ. അതു മേടവെയിലില്‍ തിളയ്ക്കുന്നു. സമയം സാവധാനം, വളരെ സാവധാനം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
നീലകണ്ഠന്‍ തന്നോട് ഒന്നും സംസാരിക്കുന്നില്ല എന്നു കണ്ട് ഭാര്‍ഗവി വ്യസനഭരിതയായി. അവള്‍ക്കിപ്പോള്‍ കുറെയായി വ്യസനങ്ങള്‍ മാത്രമാണുളവാകുന്നത്. സന്തോഷിക്കാനുള്ളതൊന്നും സംഭവിക്കുന്നില്ല. സംഭവിക്കുന്നതെല്ലാം അശുഭകരങ്ങളായവതന്നെ. വന്നുചേരുന്നതെല്ലാം വിധി വിഹിതങ്ങള്‍ എന്നാശ്വസിക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷേ, ആ ശ്രമങ്ങളെല്ലാം പാഴ്‌വേലയായിത്തീരുകയായിരുന്നു.
ഓരോ രാത്രിയും ഉറങ്ങിയും ഉറങ്ങാതെയും കിടക്കുമ്പോള്‍ തന്റെ പ്രിയതമന്‍ തന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ എന്നവള്‍ ഉത്കടമായി ആഗ്രഹിച്ചു. ഇപ്പോള്‍ നീലകണ്ഠന്‍ തന്നോടൊപ്പമുണ്ട്. പക്ഷേ, ഒന്നും സംസാരിക്കുന്നില്ല.

തന്റെ ഭാര്യയോട് എന്തെങ്കിലുമൊക്കെ പ്രണയപൂര്‍വം സംസാരിക്കണമെന്ന് നീലകണ്ഠനും ആഗ്രഹിച്ചിരുന്നു. പക്ഷേ, ഒന്നിനും കഴിയുന്നില്ല. മനസ്സ് ഇരുണ്ടു കുത്തിക്കിടക്കുന്ന ആകാശംപോലെയാണ്. ഒരു കാറ്റു വീശുന്നില്ല. കരിമേഘങ്ങളില്‍നിന്ന് ഒരു തുള്ളിപോലും പൊഴിയുന്നില്ല.
''അങ്ങേക്ക് എന്നോട് എന്തെങ്കിലും അനിഷ്ടമുണ്ടോ?'' ഭാര്‍ഗവി ചോദിച്ചു. ഒരു കരച്ചിലിന്റെ വിളുമ്പില്‍നിന്നുകൊണ്ടായിരുന്നു അവളുടെ ചോദ്യം.
അത് നീലകണ്ഠന്റെ ഹൃദയത്തിന്റെ ആഴങ്ങളിലാണു വന്നു ഭവിച്ചത്. നീലകണ്ഠന്‍ കണ്ണുകളുയര്‍ത്തി ഭാര്‍ഗവിയെ നോക്കി. ഒരു നെയ്‌വിഗ്രഹംപോലെയായിരുന്നു ഭാര്‍ഗവിയപ്പോള്‍. വിരല്‍തൊട്ടാല്‍ ഉരുകിപ്പോകും.
നീലകണ്ഠന്‍ അവളെ പ്രണയപൂര്‍വം മാറോടു ചേര്‍ത്തു. ഒരു കസവുകച്ച മാറില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നതുപോലെ ഭാര്‍ഗവി നീലകണ്ഠന്റെ മാറോടു ചേര്‍ന്നു. നീലകണ്ഠന്റെ കൈകള്‍ പ്രണയപൂര്‍വം അവളെ ചുറ്റി. എവിടെയോ തീക്ഷ്ണസുരഭിയായ ഒരു വനപുഷ്പം വയസ്സറിയിച്ചിരിക്കുന്നു.
''എല്ലാം നേരേയാകും. കാളീദേവനോടു പ്രാര്‍ത്ഥിച്ചാല്‍ മതി.'' ഭാര്‍ഗവി പറഞ്ഞു. ''അങ്ങേക്കു വേണ്ടിയും കുടുംബത്തിനുവേണ്ടിയും മുറതെറ്റാതെ പൂജകള്‍ കഴിക്കുന്നുണ്ട് ഞാന്‍.''
''നല്ലത്.'' നീലകണ്ഠന്‍ അത്രമാത്രം പറഞ്ഞു.
പക്ഷേ, നീലകണ്ഠന്റെ മനസ്സിലപ്പോള്‍ മരുതുകുളങ്ങര കുടുംബക്കോവിലിലെ ദുര്‍ഗാദേവിയായിരുന്നില്ല. ഇടംകൈയില്‍ തലമുടിയില്‍ ചുറ്റിപ്പിടിച്ച ശിരസ്സും വലംകൈയില്‍ രക്തംപുരണ്ടവാളും തുറിച്ചു കണ്ണുകളും പുറത്തേക്കു നീണ്ടു ചോരചീറ്റുന്ന നാവുമായി നില്ക്കുന്ന സംഹാരരുദ്രയായ മഹാകാളിയായിരുന്നില്ല.
യൂദയായിലെ ഇടവഴികളിലൂടെ ഗലീലിത്തടാകക്കരയിലൂടെ, ജറുസലേമിലെ നഗരവീഥികളിലൂടെ ഭൂമിയെപ്പോലും നോവിക്കാതെ പാദങ്ങള്‍ വച്ചു നടക്കുന്ന സൗമ്യരൂപനായ ഒരു മനുഷ്യനായിരുന്നു. പാദപതനങ്ങള്‍കൊണ്ട് ഭൂമിയെയും ഒരു നോട്ടംകൊണ്ട് ആകാശത്തെയും തരളിതമാക്കുന്നവന്‍. സിനഗോഗുകളിലും യോര്‍ദാനിലെ കടല്‍ക്കരയിലും ഗത്‌സെമനിയിലെ മലഞ്ചെരുവുകളിലും വിജ്ഞാനം പ്രസംഗിക്കുന്നവന്‍.
അന്ന് നീലകണ്ഠന്‍ ഭാര്‍ഗവിയുടെ മാറിലെ ചൂടേറ്റ് കുറച്ചെങ്കിലും ഉറങ്ങി. പിറ്റേന്ന് പുലരുംമുമ്പേ പത്മനാഭപുരത്തേക്കു മടങ്ങി. അന്ന് പതിവിനു വിപരീതമായി നീലകണ്ഠന്‍ ഭദ്രകാളിക്കോവിലില്‍ തൊഴുതില്ല. തന്റെ പ്രിയ കൂട്ടുകാരന്‍ കരുവാന്‍ മാതേവനെ കണ്ടില്ല.
നീലകണ്ഠനും ഉദയസൂര്യനും ഒരുമിച്ചാണ് പത്മനാഭപുരത്തെത്തിയത്. പത്മനാഭപുരം കോട്ടയുടെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. ജോലിക്കാര്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. ദീര്‍ഘചതുരത്തില്‍ അളന്നു മുറിച്ചെടുത്ത കല്ലുകള്‍ കുമ്മായവും സുര്‍ക്കിയും ചേര്‍ത്തടിച്ച് പതംവരുത്തിയ ചാന്തുപയോഗിച്ചാണു കെട്ടുന്നത്. ആയതിനാല്‍, കോട്ടയ്ക്ക് ഒരു കാലത്തും ബലക്ഷയം സംഭവിക്കുന്നില്ല. ശത്രുക്കളുടെ ഏതാക്രമണങ്ങളെയും ഒട്ടൊക്കെ പ്രതിരോധിക്കാന്‍ കോട്ടയ്ക്കു കഴിയും.
വെയില്‍ കത്താന്‍ തുടങ്ങിയിരിക്കുന്നു. പൊള്ളിക്കാന്‍ പോന്ന ചൂടാണ്. അതിനെയെല്ലാം തൃണവത്ഗണിച്ചുകൊണ്ടാണ് ജോലിക്കാര്‍ തങ്ങളുടെ ജോലികളിലേര്‍പ്പെട്ടിരിക്കുന്നത്.
മഴക്കാലം അടുത്തുവരുന്നു. അതിനുമുമ്പേ കോട്ടയുടെ പണി പൂര്‍ത്തിയാക്കണം. നീലകണ്ഠന്‍ സദാനേരവും ജോലിക്കാരുടെ കൂടെനിന്ന് അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു.
നേരം ഉച്ചയോടടുത്തിരുന്നു. നീലകണ്ഠനു വിശപ്പും ദാഹവും തോന്നി. നീലകണ്ഠന്‍ കൊട്ടാരത്തിലേക്കു പോകാനൊരുങ്ങി. കൊട്ടാരം ഭോജനശാലയില്‍നിന്നായിരുന്നു നീലകണ്ഠനു ഭക്ഷണം. എപ്പോള്‍ വേണമെങ്കിലും എന്തുവേണമെങ്കിലും കൊട്ടാരത്തിലെ ഊട്ടുപുരയില്‍നിന്നു കഴിക്കാം.
അപ്പോഴാണ് ക്യാപ്റ്റന്‍ ഡിലനായി വന്നത്. തന്റെ കുതിരയെ വൃക്ഷത്തണലില്‍ തളച്ച് ഡിലനായി നീലകണ്ഠന്റെ സമീപത്തേക്കു വന്നു. ക്യാപ്റ്റന്‍ ഡിലനായി സന്തോഷവാനായിരുന്നു. ഡിലനായി അങ്ങനെയാണ്. എപ്പോഴും ആഹ്ലാദചിത്തന്‍. ഒരു കാര്യങ്ങളിലും ക്യാപ്റ്റന്‍ ആകുലനാകുന്നില്ല. കുളച്ചല്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട് തിരുവിതാംകൂറിന്റെ തടവറയില്‍ കഴിഞ്ഞിരുന്ന കാലത്തും ഡിലനായിയില്‍ നിരാശ എന്ന വികാരം ഒരിക്കല്‍പ്പോലും കാണ്‍മാനായില്ല.
അടുത്തേക്കു വന്ന ഡിലനായി നീലകണ്ഠനെ അഭിവാദ്യം ചെയ്തു. നീലകണ്ഠന്‍ തിരിച്ചും.
''തറവാട്ടില്‍ ഏവര്‍ക്കും സുഖംതന്നെയോ സുഹൃത്തേ...''
തലേന്നു വൈകുന്നേരം നീലകണ്ഠന്‍ മരുതുകുളങ്ങരയിലേക്കു പുറപ്പെട്ട വിവരം ഡിലനായി അറിഞ്ഞിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു ചോദ്യമുണ്ടായത്.
നീലകണ്ഠന്‍ വളരെ ബദ്ധപ്പെട്ട് ഒരു ചിരിയുതിര്‍ത്തതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി ഭാര്‍ഗവിയോടൊത്തുള്ള ഒരര്‍ദ്ധമയക്കമൊഴിച്ചുനിര്‍ത്തിയാല്‍ നീലകണ്ഠന്‍ തന്റെ ഹൃദയത്തിലും ചിന്തകളിലും വല്ലാത്ത ക്ലേശമനുഭവിച്ചിരുന്നു. അത് ക്യാപ്റ്റന്‍ ഡിലനായിക്കു ബോധ്യമാവുകയും ചെയ്തിരുന്നു.
''ആത്മമിത്രമേ, നശിച്ചുപോകുന്ന ഈ ലൗകികസുഖങ്ങള്‍ക്കായിട്ടാണോ നിങ്ങള്‍ ഇത്രമാത്രം ദുഃഖമനുഭവിക്കുന്നത്.'' ഡിലനായി ചോദിച്ചു.
ഉച്ചസൂര്യന്‍ നീലകണ്ഠന്റെ കണ്ണില്‍ കുത്തി. കണ്ണില്‍നിറഞ്ഞ ഇരുട്ടിലൂടെ പളുങ്കുഗോളങ്ങള്‍ ചിന്നി. ഇമകള്‍ ചിമ്മിത്തുറന്ന് നീലകണ്ഠന്‍ ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റന്‍ പറഞ്ഞു:
''ഇന്നത്തെ ഉച്ചഭക്ഷണം എന്റെ മാളികയില്‍നിന്നാകാം.''
നീലകണ്ഠന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. സത്യത്തില്‍ നീലകണ്ഠന്‍ ഡിലനായിയുടെ സാമീപ്യവും സംസാരവും ആഗ്രഹിച്ചിരുന്നു. ഡിലനായി സംസാരിക്കുമ്പോള്‍ നീലകണ്ഠന്‍ ഹൃദയത്തില്‍ ഒരു നനവ് അനുഭവിക്കുന്നു.
മാളികയിലേക്കുള്ള നടത്തയ്ക്കിടയില്‍ ഡിലനായി പറഞ്ഞു:
''ഈ ലോകം വഞ്ചനാഗുപ്തമാണ് മിത്രമേ. നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും ഒന്നും സത്യമല്ല. നമ്മള്‍ ഹൃദയംകൊണ്ടും ബുദ്ധികൊണ്ടും അറിയുന്നതു മാത്രമാണു സത്യം. മനുഷ്യജീവിതം ക്ഷണികമാണ്. അത് ഹൃദയമോഹനവും നീര്‍ക്കുമിളപോലെ ക്ഷണഭംഗുരവുമാണ്. എന്നിട്ടും മനുഷ്യന്‍ നാശോന്മുഖമായ ലൗകികഭോഗങ്ങള്‍ക്കുവേണ്ടി ഭ്രാന്തു പിടിച്ചോടുകയാണ്. ഒന്നോര്‍ക്കുക: ഈ ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നശിച്ചുപോയാല്‍ എന്തു പ്രയോജനമാണുള്ളത്?''
പത്മനാഭപുരത്തിനു മുകളില്‍ ഉച്ചവെയില്‍ പെയ്യുകയാണ്.
ഉഷ്ണം വമിക്കുന്ന കാറ്റില്‍ കോട്ടപണിക്കാരുടെ ശബ്ദകോലാഹലങ്ങള്‍ കലങ്ങിപ്പോകുന്നു.
''ശരീരത്തെക്കാളും ലൗകികസുഖഭോഗങ്ങളെക്കാളും ആത്മാവിനെയും സത്യത്തെയും വിലമതിക്കുന്നുവെങ്കില്‍ ശരീരത്തോടുകൂടി നശിച്ചുപോകുന്ന ഈ ലോകസുഖത്തിനായി താങ്കള്‍ ഇത്രമാത്രം സങ്കടപ്പെടുന്നതെന്തിന്?''
''ഒരുവന്റെ ജീവിതത്തിന്റെ സംഭവിക്കുന്ന സുഖവും ദുഃഖവുമെല്ലാം അവന്റെ അന്തഃകരണനിലയെ ആശ്രയിച്ചാണിരിക്കുന്നത്. അത് അവന്റെ അറിവില്ലായ്മയുടെ പരിണതഫലമാണ്. സുഖങ്ങളുടെ പിന്നാലെ ഓടുന്ന ഒരുവന്‍ അവസാനം ചെന്നു പതിക്കുന്നത് അനാദിയായ ദുഃഖങ്ങളുടെ ആഴക്കടലിലാണ്. അതുകൊണ്ടാണ് മഹാത്മാക്കള്‍ സുഖദുഃഖങ്ങളില്‍ മിതശീലരായിക്കാണുന്നത്.''         

       (തുടരും)
 

 

Login log record inserted successfully!