•  18 Apr 2024
  •  ദീപം 57
  •  നാളം 6
ഈശോ F r o m t h e B i b l e

തെറ്റുധാരണ

മൂന്നു വര്‍ഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറൊരു മനുഷ്യന്‍ വാഴ്‌വിലുണ്ടായിട്ടുണ്ടോ? അവനെ തെറ്റിദ്ധരിച്ചവരായിരുന്നു അധികവും. മനോരോഗിയെന്നുവരെ മനുഷ്യര്‍ അവനെ വിളിച്ചില്ലേ? തെറ്റുധാരണകള്‍തന്നെയാണു തടിക്കുരിശില്‍ അവനെ കൊണ്ടെത്തിച്ചതും. എത്രമാത്രം താത്പര്യത്തോടും തീക്ഷ്ണതയോടുംകൂടിയാണ് അവന്‍ മര്‍ത്ത്യരില്‍ ഒരുവനായി അവരുടെ മദ്ധ്യത്തിലേക്കു വന്നത്. പക്ഷേ, അവര്‍ക്ക് അവനിലെ രക്ഷകനെ ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. സ്വജനംപോലും അവനെക്കുറിച്ചു ശരിയായ ധാരണയില്ലാത്തവരായിപ്പോയി. നൊന്തുപെറ്റ കുഞ്ഞ് തന്നെ തിരിച്ചറിയാതെ വരുമ്പോള്‍ ഒരമ്മയ്ക്കുണ്ടാകുന്ന മനോവേദന അപ്പോഴൊക്കെ അവന്‍ മനസ്സിലാക്കിയിട്ടുണ്ടാവണം. മക്കളായ നാംതന്നെ തിരിച്ചറിയാതെ പോകുന്നതാണ് ദൈവത്തിന്റെ നൊമ്പരങ്ങളിലൊന്ന്. നമ്മുടെ ദൈവം നാമാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകരുത്. ആവശ്യത്തിലധികം അവന്‍ സ്വയം നമുക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അവന്റെ വചനങ്ങളും അവനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളവയും നാം വായിച്ചു ധ്യാനിക്കണം. നമ്മുടെ ഹൃദയനാണയത്തിന്റെ പ്രതലത്തില്‍ കൊത്തിവച്ചിട്ടുള്ള അവന്റെ രൂപത്തെയും ലിഖിതത്തെയും അകക്കണ്ണു തുറന്നു കാണണം.
'തെറ്റിദ്ധരിക്കപ്പെട്ടു' എന്നതല്ലേ നമ്മുടെയും ആകുലതകളിലൊന്ന്? അറിയാത്ത തെറ്റുകള്‍ നമ്മുടെമേല്‍ ആരോപിക്കപ്പെട്ടപ്പോഴും, അകാരണമായി പീഡിപ്പിക്കപ്പെട്ടപ്പോഴും, നമ്മുടെ ആത്മാര്‍ത്ഥതയെ മറ്റുള്ളവര്‍ മുഖവിലയ്‌ക്കെടുക്കാതെ പോയപ്പോഴും, നമ്മുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ദുര്‍വ്യാഖ്യാനിക്കപ്പെട്ടപ്പോഴും തെറ്റുധാരണയുടെ തീക്കനലില്‍ നാം നടക്കുകയായിരുന്നു. അവയ്‌ക്കൊക്കെ നിമിത്തമായവരോടു നമ്മുടെ നാഥനെപ്പോലെ നിരുപാധികം പൊറുക്കാം. 'എന്നെ ആരും മനസ്സിലാക്കിയില്ല' എന്നു സങ്കടപ്പെടുമ്പോള്‍ ഓര്‍ക്കണം, നാം പ്രതീക്ഷിക്കുന്നതുപോലെ എല്ലാവരും നമ്മെ മനസ്സിലാക്കണമെന്നില്ല. എന്നാല്‍, എല്ലാം മനസ്സിലാക്കുന്ന ഒരുവന്‍ മുകളിലുണ്ട്. മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവരാതിരിക്കേണ്ടതും പ്രധാനപ്പെട്ടതാണ്. കുറെക്കൂടി തുറവോടെ ജീവിക്കാന്‍ ശീലിക്കാം. ദൃഷ്ടിശുദ്ധിയുടെ ദാരിദ്ര്യമാണ് തെറ്റുധാരണയുടെ അടിസ്ഥാനകാരണം.
നമ്മുടെ കാഴ്ചകള്‍ നേര്‍ക്കാഴ്ചകളായിരിക്കട്ടെ. ദൃശ്യങ്ങള്‍ക്കപ്പുറത്ത് അദൃശ്യയാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നറിയാം. കണ്ണിമകള്‍ക്കിടയില്‍ കുടുങ്ങിയ ഒരു കരടുമതി നമ്മുടെ കാഴ്ചയെ വികൃതമാക്കാനും തെറ്റിദ്ധരിപ്പിക്കാനും. തെറ്റുധാരണയുടെ ഒരു തുരുമ്പിച്ച കണ്ണി വ്യക്തിബന്ധങ്ങള്‍ പൊട്ടിത്തകരാന്‍ ധാരാളമാണ്. മനസ്സിലാക്കണമെങ്കില്‍ മനസ്സു മനസ്സോടു ചേര്‍ന്നിരിക്കണം. പരസ്പരം സംസാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഈ ഭൂഗോളത്തിനു മീതെയുള്ളൂ. ഭവനാംഗങ്ങള്‍ ഒരുമിച്ചിരുന്നു സംഭാഷിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നിടത്ത് തെറ്റിദ്ധാരണകള്‍ക്ക് ആയുസ്സുണ്ടാവില്ല. തെറ്റുകള്‍ ഒഴിവാക്കുക. അപ്പോള്‍ നേര്‍ധാരണ നമുക്കുണ്ടാവും. നാം തെറ്റിദ്ധരിച്ചതുമൂലം ഇനിയാരുടെയും ഉള്ളം തേങ്ങാതിരിക്കട്ടെ.

 

Login log record inserted successfully!