•  9 May 2024
  •  ദീപം 57
  •  നാളം 9
കേരളത്തിലെ പക്ഷികള്‍

കാടപ്പക്ഷികള്‍

കേരളത്തിലെ മലഞ്ചെരുവുകളിലാണ് കാടപ്പക്ഷികളെ കണ്ടുവരുന്നത്. ഇതിന്റെ മുട്ടയ്ക്കും ഇറച്ചിക്കും ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. കാടമുട്ട ശ്വാസകോശരോഗങ്ങള്‍ക്ക്; പ്രത്യേകിച്ച്, ആസ്ത്മാരോഗത്തിനു ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
കാടകളുടെ ജീവിതചക്രം വളരെ ചുരുങ്ങിയതാണ്. ഒരു കൊല്ലം മൂന്നോ നാലോ തലമുറകളുണ്ടാകുന്നു. തീറ്റച്ചെലവ് മറ്റു വളര്‍ത്തുപക്ഷികളെ അപേക്ഷിച്ചു നന്നേ കുറവാണ്. മുട്ട വിരിയാന്‍ മൂന്നാഴ്ച മതിയാകും. കാടകള്‍ അടയിരിക്കാറില്ല. നേരത്തേ പ്രായപൂര്‍ത്തിയെത്തുന്നു. ഒന്നരമാസം പ്രായമാകുമ്പോള്‍ മുട്ടയിട്ടുതുടങ്ങും. മാംസത്തിനുവേണ്ടി വളര്‍ത്തുന്നവയെ അഞ്ചോ ആറോ ആഴ്ചകൊണ്ട് മാര്‍ക്കറ്റിലെത്തിക്കാനാവും. കാട ഒരു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ഇടുന്നു. മുട്ടയ്ക്ക് ശരീരത്തിന്റെ എട്ടു ശതമാനംവരെ തൂക്കം വരും. കോഴിമുട്ടയ്ക്കു മൂന്നു ശതമാനവും ടര്‍ക്കി മുട്ടയ്ക്ക് ഒരു ശതമാനവും മാത്രം തൂക്കമേയുള്ളൂ.
കാട്ടുകാടപ്പക്ഷികളെ ആദ്യം മെരുക്കി വളര്‍ത്തിയത് ജപ്പാന്‍കാരാണ്. അതുകൊണ്ടാണ് ജപ്പാന്‍ കാട എന്ന പേരു വീണത്. ഇന്നിപ്പോള്‍ ലഭ്യമാകുന്ന ഡീലക്‌സ് ഇനങ്ങളില്‍ ജാപ്പനീസ് കാടകളും അതിന്റെ ഉപവിഭാഗങ്ങളുമാണ്. സ്റ്റബിള്‍, ബോബ് വൈറ്റ്, ഫാറൊ ഈസ്റ്റേണ്‍ എന്നിവ മറ്റിനങ്ങളാണ്.
കഴുത്തിലെയും നെഞ്ചിലെയും തൂവലുകള്‍ക്ക് ഇളംചുവപ്പും തവിട്ടും കലര്‍ന്ന നിറമാണെങ്കില്‍ അത് ആണ്‍കാടയും കറുത്ത പുള്ളിക്കുത്തുകളോടുകൂടിയ ചാരനിറമാണെങ്കില്‍ പെണ്‍കാടയുമാണ്. പെണ്‍കാടകള്‍ക്ക് ആണ്‍കാടകളെക്കാള്‍ വലുപ്പമുണ്ടാകും.
കാടകളെ കൃത്രിമമായി വിരിയിച്ചെടുക്കുകയാണു ചെയ്യുന്നത്. ആദ്യത്തെ 14 ദിവസം ഇന്‍കുബേറ്ററിലെ ചൂട് 37.5 സെന്റിഗ്രേഡ് ആയിരിക്കണം. ജലാംശം 60 ശതമാനവുമുണ്ടാകണം. ഹാച്ചറിയിലേക്കു മാറ്റുമ്പോള്‍ അതില്‍ 36.5 ചൂടും  70 ശതമാനം ജലാംശവും ഉണ്ടായിരിക്കണം. വിരിഞ്ഞിറങ്ങിയ കാടക്കുഞ്ഞുങ്ങള്‍ക്കു മൂന്നാഴ്ച കൃത്രിമച്ചൂടു നല്കാറുണ്ട്. ആറാഴ്ചകൊണ്ട് കാടകള്‍ പ്രായപൂര്‍ത്തിയാകുന്നു. പൂര്‍ണവളര്‍ച്ചയെത്തുന്ന കാടയ്ക്ക് 160 ഗ്രാം തൂക്കം കാണും. പൂര്‍ണവളര്‍ച്ചയെത്തിയ കാട ദിനംപ്രതി 25 ഗ്രാം തീറ്റ തിന്നും. ഒരേ ബ്രാന്റ് തീറ്റ നല്കുന്നതാവും നല്ലത്. പഴകിയതോ പൂപ്പല്‍ ബാധിച്ചതോ ആയ തീറ്റ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു വര്‍ഷത്തില്‍ ഒരു കാട 800 ഗ്രാം തീറ്റയോളം കഴിക്കും. നല്ല വൃത്തിയുള്ള കൂടും ശുദ്ധജലവും ഗുണമേന്മയുള്ള തീറ്റയും കൊടുക്കുന്നുവെന്നുറപ്പാക്കുക.
സാധാരണമായി ഒരു കാടമുട്ടയ്ക്ക് പത്തു ഗ്രാം തൂക്കമുണ്ടാകും. പല നിറത്തില്‍ മുട്ടകള്‍ കണ്ടുവരുന്നു. കടുംതവിട്ട്, നീല, വെള്ള, കറുപ്പുപൊട്ടുകളടങ്ങിയ വെള്ള എന്നീ നിറങ്ങളിലാണ് കാടമുട്ടകള്‍ കണ്ടുവരിക. കാടയിറച്ചിയും കാടമുട്ടപോലെ പോഷകസമൃദ്ധമാണ്. കാടമുട്ട അച്ചാറും എല്ലോടുകൂടിയ ഇറച്ചി കാടതന്തൂരിയും ഗ്രില്‍ഡ് കാടയിറച്ചിയും ചില്ലിക്കാടയുമൊക്കെ കാടയിറച്ചികൊണ്ടുള്ള വിഭവങ്ങളാണ്. ഇതിന്റെ ശാസ്ത്രനാമം: കോര്‍ട്ടൂണിക്‌സ് കോര്‍ട്ടൂണിക്‌സ് ജപ്പോണിക്ക.

 

Login log record inserted successfully!