•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ചക്രവര്‍ത്തിനി

രാജകിങ്കരന്മാര്‍ ഹാമാന്റെ മാളിക വളഞ്ഞു.
സേരെഷും മക്കളും ഭാര്യമാരുമെല്ലാം പിന്‍വാതിലിലൂടെ ഓടിരക്ഷപ്പെട്ടു. വീടിനുള്ളിലും വളപ്പിലുമുണ്ടായിരുന്ന അനാവശ്യസാധനങ്ങളെല്ലാം തകര്‍ത്തു തരിപ്പണമാക്കിത്തീയിട്ടു. പരിചാരകവൃന്ദത്തെ പിടിച്ചുകെട്ടി ഹാഗാനെ ഏല്പിച്ചു.
ഹാമാന്റെ കുബുദ്ധി രാജ്യമാകെ വിളംബരംചെയ്ത രാജശാസനത്തിന്റെ ദൂഷിതവലയത്തിനുള്ളിലാണിപ്പോഴും സ്വജനങ്ങളെന്ന വ്യാകുലം മൊര്‍ദെക്കായിയുടെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു. വരുന്ന ആദാര്‍മാസത്തിലെ ആ ഇരുണ്ട ദിവസത്തിന്റെ കരാളത അയാളുടെ ഉറക്കംകെടുത്തി. പ്രധാനസ്ഥാനത്തെത്തിയെങ്കിലും അതിനെതിരേ ഒന്നുംചെയ്യാനാവാത്ത നിസ്സഹായാവസ്ഥ. ഒരു പോംവഴി കണ്ടെത്തണമല്ലോ.
മൊര്‍ദെക്കായിയുടെ നിര്‍ദേശപ്രകാരം ഹാമാന്റെ കൊട്ടാരത്തിലെ അനാവശ്യ എടുപ്പുകള്‍ തകര്‍ത്തുകളയാന്‍ പണിക്കാരെത്തി.
ആ സമയത്ത് പിന്നാമ്പുറത്തുകൂടി കൈയിലൊരു പൊതിയുമായി പതുങ്ങിപ്പതുങ്ങി ഒരാള്‍.
വേലക്കാര്‍അയാളെപൊക്കി.
''എന്താടാ ഇവിടെ?''
അവന്‍ തോള്‍ കുലുക്കി ഒന്നുമില്ലായെന്ന് ആംഗ്യം കാണിച്ചു. 
അവന്റെ ഉത്തരം പണിചെയ്യുന്നവര്‍ക്കു വിശ്വാസമായില്ല.
എത്ര പ്രാവശ്യം ചോദിച്ചിട്ടും മറ്റൊന്നും പറയുന്നുമില്ല. അവര്‍ അയാളെ മൊര്‍ദെക്കായിയുടെ മുന്നിലെത്തിച്ചു. അവന്‍ അയാളെ നോക്കാതെ,  മുഖംകാണിക്കാതെ കുനിഞ്ഞുനിന്നു. 
''നീയാരാ?'' 
മൊര്‍ദെക്കായ് ചോദിച്ചു. അവന്‍ മിണ്ടിയില്ല
''നിന്നെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ.''
അവന്‍ പതുക്കെ കണ്ണുകളുയര്‍ത്തി.
പിന്നെ പെട്ടെന്ന് അവന്‍ മൊര്‍ദെക്കായിയുടെ കാലുകളില്‍വീണു പൊട്ടിക്കരഞ്ഞു.
''രഥാസ്തനോവിന്റെ അടിമയല്ലേ നീ? നീയെവിടെയായിരുന്നു?''
''അതെ യജമാനനേ.''
അയാള്‍ വിതുമ്പി.
അന്ന്  എന്റെ യജമാനനെ പട്ടാളക്കാര്‍ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ ഞാനും പിന്നാലേ ഓടി. കുറച്ചു ദൂരത്തെത്തിയപ്പോള്‍ ഒരു പട്ടാളക്കാരന്‍ പിന്നോട്ടുവന്ന് എന്നെയും പിടിച്ചുകൊണ്ടുപോയി. രാത്രിയുടെമറവില്‍ ഇരുട്ടുവഴികളിലൂടെ,
എത്ര ദൂരമെന്നറിയില്ല. ഒരു വലിയ വീടിന്റെ നിഴല്‍ കണ്ടുതുടങ്ങിയപ്പോള്‍ എന്നെപ്പിടിച്ചിരുന്നവനോട് കല്പിച്ചു:
''അവനെ വിട്ടേക്ക്.''
ആ വേഗത്തില്‍ അവനെന്നെ ഉപേക്ഷിച്ചു.
ഞാന്‍ പിടിവിട്ട് കറങ്ങിത്തിരിഞ്ഞ് പൊന്തക്കാട്ടിലേക്കുവീണു. എല്ലായിടത്തും മുറിവുപറ്റി.
ചോരയൊലിപ്പിച്ച്, വേദന കടിച്ചമര്‍ത്തി കുതിരക്കാര്‍പാഞ്ഞ വഴിയിലൂടെ നടന്ന് ആ വലിയവീടിന്റെ പരിസരത്തെത്തി.
ആരാണവിടെ താമസിക്കുന്നത്? അറിയില്ല.
ധാരാളം പരിചാരകരുണ്ട്. നല്ലതിരക്കാണ്.
യജമാനനെവിടെ?
പതുക്കെ പാത്തുപതുങ്ങിനടന്നു.
ശ്രദ്ധിച്ചു. അകത്തുനിന്ന് ആരൊക്കെയോ ഇറങ്ങി വരുന്നു. 
അവര്‍ ചങ്ങലയില്‍ ബന്ധിച്ച് യജമാനനെ കൊണ്ടുവരികയാണ്.
തിരുമനസ്സിന്റെ കാരുണ്യമാ.
നിന്നെക്കൊല്ലുന്നില്ല. നിലവറയിലിടുകയാ. പട്ടിണികിടന്നു ചാകാമല്ലോ. 
അവര്‍ ക്രൂരമായി ചിരിച്ചു. വാതിലൊന്നു ചാരി. ഇരുളില്‍ താഴേക്കിറങ്ങിപ്പോയി.
ശബ്ദമെല്ലാം നിലച്ചപ്പോള്‍ ഞാന്‍ അങ്ങോട്ടുനടന്നു. ഒരു ഇരുട്ടുമുറി. അവിടെ നടുക്കുള്ള ഒരു തൂണില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിട്ടിരിക്കയാണ് യജമാനനെ.
തല തൂങ്ങിക്കിടക്കുന്നു.
യജമാനനേ...
ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. അദ്ദേഹം മുഖമുയര്‍ത്തി. ഇരുട്ടില്‍  കാണാനാവുന്നില്ലെങ്കിലും പരസ്പരം മനസ്സിലായി.
നീയെങ്ങനെ...?
ചോദിച്ചു തീരുംമുമ്പ് ആരൊക്കെയോ വരുന്ന ശബ്ദം.
പൊയ്‌ക്കോ. അവരാരും കാണണ്ടാ.
യജമാനന്‍ ആജ്ഞാപിക്കുന്നതുപോലെ അപേക്ഷിച്ചു. 
വേഗത്തില്‍ വാതിലിനപ്പുറം കടന്നു. പതുങ്ങിനിന്നു. മൂന്നുനാലു പേരുണ്ട്. അവരിലൊരാള്‍ പറഞ്ഞു:
പാവം, സ്വതന്ത്രമായി കിടന്നു മരിച്ചോട്ടെ. ചങ്ങലകള്‍ അഴിച്ചു മാറ്റിയേക്കാം.
രഥാസ്തനോവിന്റെ ബന്ധനങ്ങള്‍ അഴിച്ചു.വാതില്‍ പുറത്തുനിന്നു പൂട്ടി സീല്‍വച്ചു.
എല്ലാവശവും പരിശോധിച്ചു. അകത്തു കടക്കാന്‍ മറ്റു വഴിയൊന്നും കണ്ടില്ല.എങ്ങനെയെങ്കിലും പൂട്ടുതുറക്കാമെന്നു വച്ചാല്‍ അതൊരുപക്ഷേ യജമാനനെ കൂടുതല്‍ ഉപദ്രവിക്കാന്‍ ഇടയാക്കിയാലോ! ഒരു ജനലുണ്ട്.
ഇരുമ്പിന്റെ അഴികള്‍ ഉള്ളതാണ്. കൈകള്‍ കടത്താനുളള അകലമുണ്ട്. അകവുമായി ബന്ധപ്പെടാനുള്ള ഒരേയൊരു വഴി.
ഞാന്‍ പിന്നെ കൂടാരത്തിലേക്കു തിരിച്ചുപോയില്ല. പിച്ചക്കാരുടെ തെരുവില്‍ അവരോടൊപ്പം കഴിഞ്ഞു.
രാത്രിയാവുമ്പോള്‍ കിട്ടുന്നതെന്തായാലും യജമാനനുവേണ്ടി കൊണ്ടുവരും. ആരുംകാണാതെ ആ ജനലഴികള്‍ക്കിടയിലൂടെ ഇട്ടുകൊടുക്കും. അല്ലാതെ എനിക്കെന്തു ചെയ്യാനാവും?
 ഈ വീട്ടുകാരെയൊക്കെ രാജാവിന്റെ ആളുകള്‍ പിടിച്ചുകൊണ്ടുപോയെന്നാണു കേട്ടത്. പട്ടാളക്കാരുടെ റോന്തുമൂലം മൂന്നുനാലു ദിവസമായി കാണാന്‍ ഒരു സൗകര്യവും   കിട്ടിയിട്ടില്ല. ഇപ്പോള്‍ ഞാന്‍ യജമാനനെ കാണാന്‍വന്നതാണ്.
അവന്റെ കഥകേട്ട് മൊര്‍ദെക്കായ് അന്തംവിട്ടിരുന്നു.
അദ്ദേഹം വേഗത്തില്‍ അവനെയും പരിചാരകരെയുംകൂട്ടി അങ്ങോട്ടുനടന്നു. പൂട്ടിയിട്ടിരിക്കുന്ന ആ മുറിയുടെ മുന്നിലെത്തി.
പൂട്ടുതകര്‍ത്ത് അകത്തുകടന്നു. ഒരു കുടുസുമുറി. ആകെ വൃത്തിഹീനമായ ഒരിടം. ദുര്‍ഗന്ധം വമിക്കുകയാണ്. അവിടെ ഒരുമൂലയില്‍ തളര്‍ന്നുകിടക്കുന്ന ഒരു മനുഷ്യന്‍. മൊര്‍ദെക്കായിയുടെ പരിചാരകര്‍ അയാളെ പുറത്തേക്കെടുത്തു.
ക്ഷീണിച്ച് അവശനാണ്.
മൂന്നു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും കഴിച്ചിട്ട്.
അയാളെ കുളിപ്പിച്ചു വൃത്തിയാക്കി. ആഹാരം കൊടുത്തു.
ഊര്‍ജസ്വലനായിരുന്ന യഹൂദന്റെ രൂപം കണ്ട് മൊര്‍ദെക്കായി സങ്കടപ്പെട്ടു. അയാള്‍ വിളിച്ചു.
''രഥാസ്തനോവേ...!''
അവന്റെ മുഖത്ത് പ്രകാശംവന്നു.
മൊര്‍ദെക്കായുടെ നിര്‍ദേശപ്രകാരമുള്ള ശുശ്രൂഷകള്‍ക്കുശേഷം രഥാസ്തനോവിനെയും അടിമയെയും കൂടാരത്തിലേക്കു മാറ്റി.
കാണാതെപോയ രത്‌നം തിരിച്ചു കിട്ടിയാലുണ്ടാകുന്ന അമിതസന്തോഷത്തോടെ മൊര്‍ദെക്കായി അവനോടു ചേര്‍ന്നുനിന്നു. മരിച്ചു പോയവന്റെ ഉയിര്‍ത്തെഴുന്നേല്പാണിത്. കരയണോ ചിരിക്കണോ എന്നറിയാതെ രണ്ടു മനസ്സുകളും വിങ്ങിപ്പൊട്ടി.
അവരുടെ തിരിച്ചുവരവ് കൂടാരവാസികള്‍ക്കും വലിയ ആഘോഷമായി.
അന്നുരാത്രി നഗരവീഥിയിലൂടെ ഒരു കുതിരവണ്ടിയോടിച്ചു  പോവുകയാണ് ഹാഗായ്. മൊര്‍ദെക്കായിയുടെ പുതിയ വീട്ടില്‍നിന്നു തിരികെ കൊട്ടാരത്തിലേക്കുള്ള യാത്ര.
വണ്ടിക്കുള്ളില്‍ മറ്റാരുമില്ല.
പുറത്ത് രാജവീഥിയില്‍ വഴിവിളക്കുകളുടെ പ്രകാശം മാത്രമേയുള്ളു. അധികം ആളുകളില്ല. കുറച്ചു കാല്‍നടയാത്രക്കാര്‍. അവിടവിടെ അടിമകളുടെ ചെറുസംഘങ്ങള്‍ സംസാരിച്ചുകൊണ്ടിരിപ്പുണ്ട്. രാത്രിക്കിളികള്‍ പുറത്തിറങ്ങിത്തുടങ്ങി. വീഥിയില്‍ ഇടവഴികള്‍ ചേരുന്നിടത്ത് അവരങ്ങനെ ഒച്ചയിട്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്.
രാത്രിയുടെ തീവ്രതപത്തോ പത്തരയോ! അതിലധികമൊന്നും ആയിട്ടില്ല. പെട്ടെന്ന് വീഥിയുടെ ഇടതുവശത്തുള്ള ഒരു ഇടവഴിയില്‍നിന്ന് ഒരാള്‍ ഓടിവന്നു. പരിഭ്രത്തോടെ എന്തെല്ലാമോ വിളിച്ചുകരഞ്ഞുകൊണ്ട് വണ്ടിയുടെ മുന്നിലേക്കുവീണു. 
കുതിരക്കാലുകള്‍ അയാളുടെമേല്‍ ചവുട്ടി മുറിവേല്പിക്കേണ്ടതാണ്. ഹാഗായ് അതിവിദഗ്ധമായി വണ്ടി വേഗത്തില്‍ തിരിച്ചുനിറുത്തി. കുതിരകള്‍ തീവ്രമായൊരു ശബ്ദം പുറപ്പെടുവിച്ചു.
ഭാഗ്യം...!
കുതിരക്കുളമ്പുകളുടെ ചവിട്ടേറ്റിട്ടില്ല അയാള്‍ക്ക്.   
ഇത്തിരി മാറിയിരുന്നെങ്കില്‍ കുതിരകള്‍ അയാളുടെ മുകളിലൂടെ ചവുട്ടിക്കയറിയിറങ്ങുമായിരുന്നു.
''എവിടെ നോക്കീട്ടാഡാ നായേ ഓടുന്നത്?'' 
ഹഗായിക്ക് ദേഷ്യമടക്കാനായില്ല.
പിന്നാലെ ഒരു തെറിയും വിളിച്ചു. 
അതിനുശേഷ
മാണ് വണ്ടിയില്‍ നിന്നിറങ്ങിച്ചെന്ന്  വീണവനെ ശ്രദ്ധിച്ചത്.
അയാള്‍ എങ്ങനെയൊക്കെയോ ചാടിപ്പിടഞ്ഞെ
ണീറ്റു. നേരെ നില്ക്കാനാവുന്നില്ല. മുഖവും ദേഹവുമാകെ ചോരയില്‍ കുതിര്‍ന്നിട്ടുണ്ട്. വീഴ്ചയില്‍ പറ്റിയതാണോ? അതോ ഇടവഴിയില്‍നിന്ന് ഓടിവരുമ്പോഴേ ഇങ്ങനെയായിരുന്നോ? എന്തെന്നറിയാതെ ഒരുനിമിഷത്തേക്ക് ഹഗായ് പകച്ചുപോയി. 
രക്ഷിക്കണേ,  രക്ഷിക്കണേ...
ആര്‍ത്തുകൊ
ണ്ട് അയാള്‍ കാലില്‍വീണു. 
പിടിക്കുകയോ സഹായിക്കുകയോ ചെയ്യാതെ ഹാഗായ് സ്തംഭിച്ചുനോക്കിനില്‌ക്കേ  അയാള്‍  വണ്ടിയിലേക്ക് എങ്ങനെയോ ചാടിക്കയറി. 
നീയാരാ, നിനക്കെന്താ പറ്റിയത്?
അവന്‍ ഉത്തരം പറയുംമുമ്പേ ഒരു യുവതി കൈയിലൊരു കൊച്ചുകുഞ്ഞിനെയും മാറിലടുക്കിപ്പിടിച്ചുകൊണ്ടോടിയെത്തി. ചുറ്റിലുംതിരയുകയാണ് പരിഭ്രമക്കണ്ണുകള്‍.
''വാ... വാ... ഇങ്ങോട്ടു കേറിക്കോ.''
അവന്‍ വണ്ടിക്കകത്തുനിന്നു വിളിച്ചുപറഞ്ഞു.
അവള്‍ ചാടിപ്പിടഞ്ഞ് ഒരുവിധം അതിനുള്ളില്‍ കയറിപ്പറ്റി.
ഹാഗായ് അവരുടെ അടുത്തേക്കുചെന്നു.
രണ്ടുപേരും പേടിച്ചരണ്ടതുപോലെ വണ്ടിയുടെ  മൂലയില്‍  പതുങ്ങിയിരിക്കുന്നു.
''വേഗം പോകാം, അവന്മാര്‍ വരും.''
അയാള്‍ വേവലാതിപ്പെട്ടു.
ഹഗായ് ചോദിച്ചു:
''ആര്?''
''എന്നെ വെട്ടിയവര്.''
അപ്പോഴാണ് ഹഗായ് അയാളുടെ മുറിവുകള്‍ കൂടുതല്‍ ശ്രദ്ധിച്ചത്! ഉടലാകെയുണ്ട്. ചിലതെല്ലാം ആഴത്തിലുള്ളവയാണ്.
അവര്‍ ആ ഇടവഴിയില്‍ത്തന്നെയുണ്ട്. അവരുടെ കയ്യില്‍ വാളും വടിയും കത്തിയും എല്ലാമുണ്ട്. ഇവിടെ നിന്നാല്‍ അവര്‍ നിങ്ങളെയും ആക്രമിക്കും. 
അവന്റെ കരച്ചില്‍കണ്ട് ഹാഗായി മറ്റൊന്നും ചോദിച്ചില്ല. ഒന്നും ആലോചിക്കാതെ വണ്ടിയില്‍ ചാടിക്കയറി. വന്നതിനേക്കാള്‍ വേഗത്തില്‍ വണ്ടി ഓടിക്കാന്‍തുടങ്ങി..
കുറച്ചുദൂരം പോയിക്കഴിഞ്ഞാണ് അയാള്‍ സംഭവം വിവരിക്കുന്നത്. 
ഇവളുടെ പേര് ഷബാനി. പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ലഭിച്ചതാണിവളെ. ആടു മേയ്ക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കംമൂത്ത് അന്ന് ഞങ്ങളുടെ കേദാര്‍ഗോത്രവും ഇവളുടെ യൂദാഗോത്രവും തമ്മില്‍ വഴക്കായി. അടിപിടിയായി.
വെട്ടിലും കുത്തിലും ചിലരൊക്കെ മരിച്ചു. കുറെപ്പേര്‍ക്ക് പരിക്കുപറ്റി.
ആടുകളൊക്കെ പലവഴി ചിതറി.
ഇവള്‍ താഴ്‌വരയില്‍ അകലെയുള്ള ഒരു മലയിടുക്കില്‍ പേടിച്ചു വിറച്ച്  ഒളിച്ചിരിക്കുകയായിരുന്നു. 
ഞാനും ഗത്യന്തരമില്ലാതെ ഓടിയെത്തിയത് അവിടെത്തന്നെയാണ്. 
എനിക്കന്ന് ഇരുപതുവയസ്സുണ്ട്.
എന്നെക്കണ്ടപ്പോഴും ഷബാനി കാറിക്കരഞ്ഞു. ഞാനവളെ സമാധാനിപ്പിച്ചു.
ശത്രുഗോത്രക്കാരനാണെങ്കിലും ഉപദ്രവിക്കില്ല എന്ന് ഉറപ്പുകൊടുത്തു.
പിറ്റേന്ന് പുലര്‍ന്നപ്പോഴാണ് മനസ്സിലായത് ഷബാനിയുടെ കൈമുട്ടും കാല്‍മുട്ടുമെല്ലാം മുറിഞ്ഞിട്ടുണ്ട്.വീണതാവും. നടക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്.
അവളുടെ കൂടാരത്തിലേക്കുള്ളവഴി എനിക്കു നിശ്ചയമുണ്ടായിരുന്നില്ല. അന്വേഷിച്ചുപോയി അവളെ അവിടെയെത്തിക്കാന്‍ എനിക്കും പേടിയായി. താഴ്‌വാരത്തില്‍നിന്നു കുറേയേറെ ദൂരെയുമാണ്.
എന്നോടൊപ്പം മടിച്ചുമടിച്ചാണ് അവള്‍ വന്നത്. മുറിവുമൂലം ബുദ്ധിമുട്ടുള്ളതിനാല്‍ വളരെപ്പതുക്കെയാണ് നടത്തം.
വീട്ടിലെത്തിയപ്പോള്‍ പിതാവിനും വീട്ടുകാര്‍ക്കും ഇവളെ ഇഷ്ടമായി.  മക്കളോടൊത്ത് താമസിക്കാന്‍ അവര്‍ അനുവദിച്ചു. 

(തുടരും)

Login log record inserted successfully!