•  2 May 2024
  •  ദീപം 57
  •  നാളം 8
നേര്‍മൊഴി

ഇലക്ടറല്‍ ബോണ്ടും തിരഞ്ഞെടുപ്പുഫലവും

ലക്ടറല്‍ ബോണ്ട് തിരഞ്ഞെടുപ്പുഫലത്തെ നിശ്ചയിക്കുമോ എന്ന ചോദ്യത്തിനുത്തരം പണം തിരഞ്ഞെടുപ്പുഫലത്തെ നിര്‍ണയിക്കുമെന്നാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാണ്; അതു ജനങ്ങളുടെ ഉത്സവമാണ് എന്നൊക്കെ ആലങ്കാരികഭാഷയില്‍ പറഞ്ഞാലും അതു ഭാരിച്ച സാമ്പത്തികം ഉള്‍പ്പെടുന്ന വലിയ ബിസിനസ്സുതന്നെയാണ്. തിരഞ്ഞെടുപ്പിലെ ധൂര്‍ത്ത് ഒഴിവാക്കുന്നതിന് ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന തുക തിരഞ്ഞെടുപ്പു കമ്മീഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കു പരമാവധി ചെലവഴിക്കാവുന്ന തുക 90 ലക്ഷവും നിയമസഭയില്‍ അത് 40 ലക്ഷവുമാണ്. എന്നാല്‍, ഈ തുകയ്ക്കുള്ളില്‍ ആര്‍ക്കും മത്സരിച്ചു ജയിക്കാനാവുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
543 ലോക്‌സഭാമണ്ഡലങ്ങളിലേക്കു രണ്ടോ മൂന്നോ മുന്നണികളില്‍നിന്നായി കുറഞ്ഞത് 1500 സ്ഥാനാര്‍ഥികളെങ്കിലും മത്സരരംഗത്തുണ്ടാകും. ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പട്ടിക ഈ കണക്കില്‍ പെടുന്നില്ല. നല്ല മത്സരം നടക്കുന്ന ഒരു മണ്ഡലത്തില്‍ കുറഞ്ഞത് അഞ്ചുകോടി രൂപയെങ്കിലും ചെലവു വരും. ഈ പണം സ്ഥാനാര്‍ഥികള്‍ക്കു കണ്ടെത്താനാവുകയില്ല. തിരഞ്ഞെടുപ്പു ഫണ്ട് സ്വരൂപിക്കുകയാണ് അതിനുള്ള പ്രതിവിധി. തിരഞ്ഞെടുപ്പുകാലത്ത് നാടു മുഴുവന്‍ പിരിക്കുന്ന രീതിയാണു നിലനിന്നിരുന്നത്. ഇതിനൊരു മാറ്റമെന്ന നിലയില്‍ ബിജെപി സര്‍ക്കാര്‍ 2017 ല്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമാണ് ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം. വ്യക്തികള്‍ക്കോ ട്രസ്റ്റുകള്‍ക്കോ കമ്പനികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പുഫണ്ടിലേക്കു നിയമാനുസൃതമായി സംഭാവന നല്‍കാം. സംഭാവന നല്‍കുന്നവര്‍ക്ക് ആ തുകയുടെ ബോണ്ടു നല്‍കും. ഈ ബോണ്ടിനു പക്ഷേ, രഹസ്യസ്വഭാവമുണ്ടായിരിക്കും. ആര്, ആര്‍ക്ക്, എത്ര നല്‍കി എന്ന് ആരുടെ മുമ്പിലും തിരഞ്ഞെടുപ്പു കമ്മീഷന്റെ മുമ്പില്‍പ്പോലും വെളിപ്പെടുത്തേണ്ടതില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടി ബോണ്ടു വാങ്ങാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ്. ബാങ്കിന്റെ 29 ശാഖകളില്‍ ബോണ്ടു വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. കള്ളപ്പണം ഒഴിവാക്കുകയാണ് ഇലക്ടറല്‍ ബോണ്ടിന്റെ പ്രധാന ലക്ഷ്യം.
ലഭ്യമായ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ തുക ലഭിച്ചിട്ടുള്ളതു ബിജെപിക്കാണ്-6,9865 കോടി രൂപ. അതായത്, കോണ്‍ഗ്രസിനെക്കാള്‍ ഏതാണ്ട് അഞ്ചര ഇരട്ടി തുക. കോണ്‍ഗ്രസിന് 1334 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 1397 കോടി, തെലുങ്കാനയിലെ ബിആര്‍എസ് 1322 കോടി, ഒറീസയിലെ ബിജു ജനതാദള്‍ 944.5 കോടി, ഡി.എം.കെ. 656.5 കോടി, ആന്ധ്രയിലെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് 442.5 കോടി എന്നിങ്ങനെ പോകുന്നു 2019 ഏപ്രില്‍ 12 നു പ്രസിദ്ധീകരിച്ച കണക്കിലെ വിവരങ്ങള്‍. ഏകദേശം പതിനയ്യായിരം കോടി രൂപയാണ് ബോണ്ട് ഇനത്തില്‍ ലഭിച്ചത്. ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരായ അംബാനി, അദാനി ഗ്രൂപ്പുകളുടെ കാര്യം പറയുന്നതേയില്ല. നിര്‍മിതബുദ്ധി ഉപയോഗിച്ചുപോലും കണ്ടെത്താനാവാത്ത വഴികള്‍ അവര്‍ സ്വീകരിച്ചിട്ടുണ്ടാവും.
നിയമാനുസൃതമെന്നു കരുതപ്പെട്ടിരുന്ന ഇലക്ടറല്‍ ബോണ്ട് വിവാദമാകുകയും പരമോന്നതകോടതിയുടെ അഞ്ചംഗഭരണഘടനാബെഞ്ചിലെത്തുകയും ചെയ്തത് ബോണ്ടിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പേരിലാണ്. ബോണ്ടിന്റെ രഹസ്യാത്മകത ചോദ്യം ചെയ്ത് വിവരാവകാശപ്രവര്‍ത്തകര്‍ രംഗത്തുവന്നു. 
തിരഞ്ഞെടുപ്പുഫലത്തെയും ജനാധിപത്യത്തിന്റെ ഭാവിയെയും നിശ്ചയിക്കുന്നതില്‍ പണത്തിനു വലിയ പങ്കുള്ളതിനാല്‍ എത്ര പണം ആരൊക്കെ എന്തിനുവേണ്ടി നല്‍കി എന്നറിയാനുള്ള അവകാശം ജനത്തിനുണ്ട്. പണം മുടക്കി തിരഞ്ഞെടുപ്പു നേരിടുകയും ജയിച്ചവരെ വിലയ്ക്കുവാങ്ങുകയും ചെയ്ത് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന ഇക്കാലത്ത് ബോണ്ടിന്റെ വിശദാംശങ്ങള്‍ പൊതുജനം അറിയുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് സ്വീകരിച്ചത്. അതിന്‍പ്രകാരം വിശദാംശങ്ങള്‍ ഉടനടി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഭാഗികമായി രേഖകള്‍ സമര്‍പ്പിച്ച എസ്.ബി.ഐ. ശാസനയ്ക്കു വിധേയമാവുകയും രണ്ടു ദിവസത്തിനകം ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കണമെന്ന താക്കീതു നല്‍കുകയും ചെയ്തു. കോടതിയുടെ കര്‍ക്കശമായ ഈ നിലപാട് ജനാധിപത്യവിശ്വാസികള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്.
പൊതുതിരഞ്ഞെടുപ്പു കഴിയുവോളം ബോണ്ടുവിവരങ്ങള്‍ ഒളിച്ചുവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണ് സുപ്രീംകോടതി തകര്‍ത്തത്. ഭരണകക്ഷികള്‍ക്കു സംഭാവന നല്‍കുക സ്വാഭാവികമാണ്. ഭണ്ഡാരക്കുറ്റിയില്‍ നേര്‍ച്ചയിടുന്നതുപോലെയല്ല, കോടികള്‍ നല്‍കുന്നത്. തിരിച്ചുകിട്ടുമെന്ന ഉറപ്പിലാണ് അവര്‍ അങ്ങനെ ചെയ്യുക. പ്രോജക്ടുകളുടെ രൂപത്തിലോ ലൈസന്‍സുകളുടെ രൂപത്തിലോ വലിയ ലാഭങ്ങളുണ്ടാക്കാം.
ബിജെപിയെക്കുറിച്ചുള്ള ആക്ഷേപം ഇ.ഡി. പോലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കമ്പനികളെ ഭയപ്പെടുത്തി സംഭാവനകളും ബോണ്ടുകളും ഉറപ്പാക്കുന്നു എന്നതാണ്. ആദായവകുപ്പിന്റെയോ ഇഡിയുടെയോ പരിശോധനയ്ക്കുശേഷമാണ് പല കമ്പനികളും  വലിയ തുകയുടെ ബോണ്ടുകള്‍ വാങ്ങിയിട്ടുള്ളത് എന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ കാണുന്നു. ഇത്തരത്തിലുള്ള സമ്മര്‍ദതന്ത്രങ്ങളും അഴിമതിക്കു തുല്യമാണ്. ഭരണമുപയോഗിച്ചു ഭീഷണിപ്പെടുത്തുന്നതും താത്പര്യക്കാര്‍ക്കു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതുമൊക്കെ കുറ്റകരമാണ്. ഇത്തരത്തിലുള്ള ഇടപാടുകള്‍ ജനാധിപത്യവിരുദ്ധമാകയാല്‍ ഇനി ബോണ്ടുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും താത്കാലികമായെങ്കിലും പരമമോന്നതകോടതി നിരീക്ഷിച്ചത് പ്രത്യാശാജനകമാണ്.

 

Login log record inserted successfully!