•  2 May 2024
  •  ദീപം 57
  •  നാളം 8

നമ്മുടെ നേതാക്കന്മാര്‍ ആരായിരിക്കണം?


.

*

റ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യ ഇനി ആരു ഭരിക്കണം, രാജ്യത്തിന്റെ ഭാവി എന്തായിരിക്കണം എന്നു തീരുമാനിക്കുന്ന നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിനെ രാജ്യംമാത്രമല്ല, ലോകമൊന്നാകെ ഉറ്റുനോക്കുകയാണ്. തീരുമാനത്തിന്റെ അളവുകോല്‍ ജനങ്ങളുടെ സമ്മതിദാനാവകാശമാകയാല്‍ പൗരാവകാശങ്ങളും കടമകളും വോട്ടധികാരവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മാനദണ്ഡം ജനഹിതം മാത്രമാണെങ്കിലും, തിരഞ്ഞെടുപ്പുപ്രക്രിയ ഉള്‍പ്പെടെയുള്ള സംവിധാനക്രമങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമാണോ (ളൃലല മിറ ളമശൃ) കൈകാര്യം ചെയ്യപ്പെടുന്നത് എന്നതില്‍ അഭിപ്രായാന്തരമുണ്ട്. അതായത്, ജനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയുംവിധം സ്വേച്ഛാധിപത്യത്തിന്റെ ഭരണവ്യൂഹങ്ങള്‍ സംഘടിതശക്തിയായി ഒളിഞ്ഞും തെളിഞ്ഞും വോട്ടുമറിക്കാന്‍ പരിശ്രമിക്കുമ്പോള്‍, തോറ്റുപോകുന്നത് നമ്മുടെ സംശുദ്ധമായ ജനാധിപത്യമാണ്; കേള്‍ക്കപ്പെടാതെപോകുന്നത് ജനസ്വരമാണ്. അതു ജനാധിപത്യത്തിന്റെ തകര്‍ച്ചയായി വിലയിരുത്തേണ്ടിവരുന്നു.
    രാജ്യം സങ്കീര്‍ണമായ ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍, വോട്ടവകാശം ശരിയായി വിനിയോഗിക്കുക ഓരോ പൗരന്റെയും രാഷ്ട്രീയോത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പു സംബന്ധിച്ച് പരിഹരിക്കപ്പെടാനാവാത്ത ഒട്ടേറെ ന്യൂനതകള്‍ നിലനില്ക്കുമ്പോഴും, വോട്ടവകാശം സത്യസന്ധമായി നിര്‍വഹിക്കേണ്ടത് പൗരന്റെ ധര്‍മബോധത്തില്‍പ്പെടുന്നു. വോട്ടു ചെയ്തിട്ടു കാര്യമില്ലെന്നും, ആരെ ജയിപ്പിച്ചാലും ജനത്തിന് ഒരു പ്രയോജനവുമില്ലെന്നും, ചെയ്യുന്നെങ്കില്‍ത്തന്നെ നോട്ടയ്ക്കു ചെയ്യുന്നതാണുത്തമമെന്നും മറ്റുമൊക്കെ പുലമ്പുന്നത് രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണെന്നു പറയേണ്ടതില്ലല്ലോ. വോട്ടധികാരം പ്രയോഗിക്കുന്നതിലുള്ള നിരുത്തരവാദിത്വവും നിസ്സംഗതയും ഒട്ടൊക്കെ മാറാന്‍ തിരഞ്ഞെടുപ്പുസമയത്തുള്ള രാഷ്ട്രീയചര്‍ച്ചകളും സംവാദങ്ങളും മാധ്യമനിരീക്ഷണങ്ങളും പഠനങ്ങളും വിലയിരുത്തലുകളും സഹായിക്കുമെന്ന കാര്യത്തിലും രണ്ടുപക്ഷമില്ല.
     ഗാന്ധിജിയെപ്പോലുള്ള മഹത്തുക്കള്‍ സ്വപ്നം കണ്ട ആദര്‍ശരാഷ്ട്രീയം അഴിമതിരാഷ്ട്രീയത്തിനു വഴിമാറിയതാണ് ഇന്നത്തെ രാഷ്ട്രീയജീര്‍ണതയ്ക്കും രാഷ്ട്രീയാടിമത്തത്തിനും കാരണമായിരിക്കുന്നത്. പണവും പവറുമുണ്ടെങ്കില്‍ ഭരണം കൈയാളാനുള്ള എളുപ്പവഴിയായും യോഗ്യതയായും കരുതപ്പെടുന്ന സാമ്പ്രദായികധാരണകള്‍ക്കാണു തിരുത്തുവേണ്ടത്.
     കര്‍ഷകരുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷംവരുന്ന ജനസാമാന്യത്തിന്റെ വിശപ്പിനു സമാധാനം പ്രഖ്യാപിക്കുന്ന, അവരുടെ സങ്കടങ്ങള്‍ക്കു ശമനമുണ്ടാക്കുന്ന രാഷ്ട്രീയാജണ്ടകളും വികസനനയങ്ങളുമുണ്ടായാല്‍ ജനം രാഷ്ട്രീയമുന്നണികളെ കൈയടിച്ചു സ്വീകരിക്കും. മറിച്ച്, അഴിമതിയുടെ കറപുരണ്ട കരങ്ങളിലേക്കും പാര്‍ട്ടിമന്ദിരങ്ങളിലേക്കും ഭരണം വിട്ടുകൊടുക്കുന്നിടത്താണ് ജനാധിപത്യം ശ്വാസംമുട്ടുന്നത്.
     ജനാധിപത്യത്തില്‍ ജനം അടിസ്ഥാനയാഥാര്‍ഥ്യമാണെങ്കില്‍, ഈ യാഥാര്‍ഥ്യത്തെ വിലകുറച്ചുകാണാനോ രണ്ടാംകിടയായി എഴുതിത്തള്ളാനോ ഒരു നേതാവിനുമാവില്ല. ജനം യജമാനനാണെന്ന രാഷ്ട്രീയതത്ത്വത്തെ വെല്ലുവിളിക്കുന്നിടത്തല്ല, വാഴ്ത്തിനമിക്കുന്നിടത്താണ് യഥാര്‍ഥരാഷ്ട്രീയനേതാവിന്റെ പിറവി. അതിനുള്ള രാഷ്ട്രീയമര്യാദയും വിവേകവും വിനയവുമുള്ളവരായി നമ്മുടെ നേതാക്കന്മാര്‍ പരിവര്‍ത്തനപ്പെടുമ്പോള്‍ അവരെ ജനം നെഞ്ചിലേറ്റും. അധികാരവും പദവിയും ജനസേവനത്തിനുള്ള അംഗീകാരവും അവസരവുമാണെന്ന് നിശ്ചയിക്കുന്ന രാഷ്ട്രീയനേതാക്കന്മാര്‍ക്കൊക്കെ നിലനില്പുണ്ടാവും. പണാധികാരത്തിനു ദാസ്യവേല ചെയ്ത് അഴിമതിയുടെ പാപക്കറ പുരണ്ട രാഷ്ട്രീയത്തൊഴിലാളികളായി നേതാക്കന്മാര്‍ അധഃപതിക്കുമ്പോഴാണ് ജനം പൊറുതിമുട്ടി അവരെ കല്ലെറിയുന്നത്.
     വോട്ടവകാശം ഒരു പൗരന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. അവന്റെ / അവളുടെ രാഷ്ട്രീയപൗരധര്‍മത്തിന്റെമേല്‍ അധികാരം പ്രയോഗിക്കാനോ ആജ്ഞാപിക്കാനോ ആര്‍ക്കും അവകാശമില്ല. മനസ്സാക്ഷിസ്വാതന്ത്ര്യത്തോടെ, പേടിയോ പ്രീതിയോ കൂടാതെ, ഓരോ വ്യക്തിക്കും അവന്റെ പൗരാധികാരം വിനിയോഗിക്കാനുള്ള ആര്‍ജവമുണ്ടാകുന്നിടത്തേ ജനാധിപത്യം പുലരുകയുള്ളൂ. വോട്ടിനു വിലപേശുന്ന തിരഞ്ഞെടുപ്പുകാലത്തെ കച്ചവടതന്ത്രങ്ങളെ ഒന്നിച്ചെതിര്‍ക്കുന്ന കാലം വന്നേ പറ്റൂ.
     സ്വാര്‍ഥതയെ പൂജിക്കുന്ന അധികാരരാഷ്ട്രീയത്തില്‍നിന്ന് അപരനെ ആദരിക്കുന്ന, അവന്റെ ജീവനും സ്വത്തിനും സ്വത്വബോധത്തിനും വില കല്പിക്കുന്ന മൂല്യാധിഷ്ഠിതരാഷ്ട്രീയത്തിലേക്കു നമുക്കു ചുവടുവയ്ക്കാം. മതമൈത്രിയും മതനിരപേക്ഷതയുംകൊണ്ടു പുകള്‍പെറ്റ ആര്‍ഷഭാരതം മതതീവ്രവാദത്തിന്റെ നാടായി വളരുന്നുവെങ്കില്‍, നാമുള്‍പ്പെടെയുള്ളവരുടെ വിചാരബോധങ്ങള്‍ക്കു വിമലീകരണമുണ്ടാവണം. 
      ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ഗ്യാരണ്ടി ഇവിടത്തെ ജനങ്ങളുടെ സ്വത്വപരിരക്ഷയാവണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടുമെന്ന ഗ്യാരണ്ടിയാണ് നമുക്കു വേണ്ടത്. ബഹുസ്വരരാഷ്ട്രമായ ഇന്ത്യയുടെ ദേശീയതയും വൈവിധ്യവും നിലനില്ക്കുമെന്ന ഉറപ്പാണു നമുക്കുവേണ്ടത്. ഏതൊരു ഇന്ത്യന്‍പൗരനും തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് ആചരിച്ചു ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യയുടെ മഹത്തായ ഭരണഘടനപ്രകാരംതന്നെ അവകാശവും സ്വാതന്ത്ര്യവും കല്പിച്ചുതന്നിട്ടുള്ള ഈ രാജ്യത്ത്, മതസ്വാതന്ത്ര്യത്തിനുമേല്‍ കൈയേറ്റങ്ങള്‍ ഉണ്ടാവില്ലെന്ന്  നമ്മുടെ ജനനേതാക്കള്‍ ഉറക്കെപ്പറയുന്ന ഗ്യാരണ്ടിയാണു നമുക്കുവേണ്ടത്. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതല്ല, പരിരക്ഷിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടനയുടെ ചൈതന്യമെന്ന്, ഭരണഘടനയെ തൊട്ടു ശപഥം ചെയ്യുന്ന ഭരണാധികാരികളെന്തേ പറയാന്‍ മടിക്കുന്നു? അവര്‍ ആരെയാണ് പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്? ആരെയാണു ഭയപ്പെടുന്നത്? ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയപ്രീണനങ്ങളും പീഡനങ്ങളും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഉച്ചൈസ്തരം വിളിച്ചുപറയുന്ന നെഞ്ചുറപ്പുള്ള ഭരണാധികാരികളെയും ജനപ്രതിനിധികളെയുമാണ് ഇനി ഈ രാജ്യത്തിനാവശ്യം. 

 

Login log record inserted successfully!