വര്ത്തമാനകാലസിനിമാക്കാഴ്ചകളില് അവതരണംകൊണ്ടും പ്രമേയംകൊണ്ടും പ്രകടനംകൊണ്ടും വേറിട്ടുനില്‍ക്കുന്ന മികച്ച ഒരു കലാസൃഷ്ടിയാണ് ആന്റോ ജോസഫ് നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഒ.ടി.ടി. യില്‍ മികച്ച റേറ്റിങ്ങില്‍ മുന്നേറുന്ന മാലിക് എന്ന സിനിമ. അഭിനയകലയുടെ മികവുറ്റ ഭാവരസങ്ങള്‍ ഇമയാട്ടത്തിലൂടെ പോലും പകര്‍ന്നുനല്‍കുന്ന യുവനടന്‍ ഫഹദ് ഫാസിലാണ് ടൈറ്റില്‍ കഥാപാത്രമായ മാലിക്കായി വരുന്നത്. മാലിക് എന്ന വാക്കിന്റെ അര്‍ത്ഥം ഒരു പ്രദേശത്തിന്റെ നായകന്‍, ഒരു കമ്യൂണിറ്റിയുടെ നേതാവ്, ഉടമസ്ഥന്‍ എന്നൊക്കെയാണ്. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന കഥാപാത്രമാണ് ഫഹദിന്റെത്.
ആഭ്യന്തരവകുപ്പിന്റെ ഒരുവിധ ഇടപെടലുകളും അംഗീകരിക്കാത്ത ഒരു പ്രവിശ്യയും അവരെ സംരക്ഷിക്കാന്‍ ജീവിതാനുഭവങ്ങളുടെ മൂശയില്‍നിന്നു കരുത്താര്‍ജിച്ച ഒരു നേതാവും അവരുടെ അത്തരം സ്വയംഭരണത്തില്‍ അസ്വസ്ഥമാകുന്ന ഭരണസംവിധാനങ്ങളും ഇരുപക്ഷത്തിന്റെയും ന്യായാന്യായങ്ങളുമൊക്കെ ച്ചേരുന്ന ഒരു പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ സിനിമയാണ് മാലിക്. അടുത്തടുത്തു കിടക്കുന്ന രണ്ടു പ്രദേശങ്ങളുടെയും അവിടുത്തെ  ഇസ്ലാം, ക്രിസ്തീയ ജനവിഭാഗങ്ങളുടെയും അവര്‍ക്കു പൊതുസമൂഹത്തോടും മറിച്ചുമുള്ള പ്രതികരണങ്ങളുമാണ് മാലിക്കിലെ പ്രധാനപ്രമേയം. കഥയിലെ നായകന്‍ അലിക്കാ എന്നു വിളിപ്പേരുള്ള സുലൈമാന്‍ മാലിക്കിനെ ചുറ്റിപ്പറ്റിയാണ് കഥ വികാസം കൊള്ളുന്നത്. 2009 കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന ഒരു പ്രധാന ദാരുണസംഭവവുമായി ഈ കഥയ്ക്കു ബന്ധമുള്ളതുകൊണ്ട് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു തീം തന്നെയായിരുന്നു ഇത്. അതില്‍ തിരക്കഥാകൃത്ത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 
സ്‌നേഹത്തോടും സാഹോദര്യത്തോടും സന്തോഷത്തോടുംകൂടി കഴിഞ്ഞിരുന്ന ആ രണ്ടു മതവിഭാഗങ്ങളിലെ നായകനടക്കമുള്ള ചെറുപ്പക്കാര്‍ ജീവിതപ്രാരബ്ധങ്ങളില്‍നിന്നു കരകയറാന്‍ മത്സ്യബന്ധനത്തോടൊപ്പം പല ജോലികളും ചെയ്തുപോരുന്നു, അന്യായമായ ചില ജോലികള്‍ വരെ. അവരുടെ സ്‌നേഹവും സാഹോദര്യവും മതപാരമ്പര്യങ്ങളുടെ ചിന്തകളെപ്പോലും കടപുഴക്കിയെറിയാന്‍ പോന്നതായിരുന്നു. അതിന് ഉത്തമദൃഷ്ടാന്തമാണ് സഹോദരിയെ വിവാഹം ചെയ്തയയ്ക്കാന്‍ നിവൃത്തിയില്ലാത്ത ഉറ്റചങ്ങാതി ഡേവിഡിനെ ആശ്വസിപ്പിച്ചുകൊണ്ട്, ആ പെണ്‍കുട്ടിയെ സുലൈമാന്‍ മാലിക് വിവാഹം ചെയ്യുന്നതും മതസംഹിതകളുടെ മാമൂലുകളെ തകര്‍ത്തുകൊണ്ട് അവര്‍ സന്തോഷമായി ജീവിക്കുന്നതും. 
രാഷ്ട്രീയം പലപ്പോഴും നെറികേടുകളുടെയും ചതികളുടെയും ഒറ്റിക്കൊടുക്കലുകളുടെതുമാണെന്നു പറയാറുണ്ട്. രാഷ്ട്രീയജീവിതത്തില്‍ വിജയിച്ചവരുടെ നിഗൂഢമായ വഴിത്താരകളില്‍ ഇത്തരം ചില കഥകള്‍ അവര്‍ക്കു മറച്ചുപിടിക്കാനും കാണും. അത്തരം ചില നെറികേടുകളും ചതിക്കഥകളുമാണ് മഹേഷ് നാരായണന്‍ മാലിക്കിലൂടെ അനാവരണം ചെയ്യുന്നത്. ഭിന്നിപ്പിച്ചു  ഭരിക്കുകയെന്നത് ഭരണക്കാരുടെ പൊതുവായ കുത്സിതതന്ത്രമാണ്. സാമ്പത്തികമായി വലിയ മേന്മകളൊന്നുമില്ലെങ്കിലും ഐക്യബോധത്തിന്റെ സംഘപ്രയാണം തുടരുന്ന വിവിധ മതസ്ഥരെ തമ്മില്‍ത്തല്ലിച്ചെങ്കില്‍ മാത്രമേ രാഷ്ട്രീയമായ നേട്ടങ്ങള്‍ക്ക് കളമൊരുങ്ങുകയുള്ളൂ. ഈ യാഥാര്‍ത്ഥ്യം പല രാഷ്ട്രീയനേതാക്കന്മാരും കാലാകാലങ്ങളായി ഇവിടെ പരീക്ഷിച്ചു വിജയിച്ചിരിക്കുന്ന ഒന്നാണ്.
ഒരു കാലത്ത് സുലൈമാന്‍ മാലിക്കിനൊപ്പം കടലില്‍ മീന്‍ പിടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയ അബു പില്‍ക്കാലത്ത് എം.എല്‍.എ. ആയി മാറുന്നു. ജാതിമതഭേദമെന്യേ തന്റെ നാടിന്റെ സമഗ്രവളര്‍ച്ചയ്ക്ക് അബുവിന്റെ പൂര്‍ണപിന്തുണ ആഗ്രഹിച്ച മാലിക്കിനെയും ഉറ്റചങ്ങാതിയും ഭാര്യാസഹോദരനുമായ ഡേവിഡിനെയും തമ്മില്‍ത്തെറ്റിച്ച്, മാലിക്കിന്റെ മകന്റെ ജീവനെടുത്തും, ആ തെറ്റിദ്ധാരണയും പകയും അവരുടെ കുടുംബങ്ങളിലേക്കും തലമുറകളിലേക്കും പകര്‍ന്നുകൊടുത്തും അബു പ്രേക്ഷകരിലേക്ക് പ്രതിനായകവേഷത്തിന്റെ തീവ്രഭാവങ്ങള്‍ പകരുന്നു. ജയിലില്‍ വച്ച് മാലിക്കിനെ കൊല്ലാന്‍ പൊലീസിന്റെ സഹായത്തോടെ ഡേവിഡിന്റെ മകന്‍ ഫ്രെഡിയെ അബു ഏര്‍പ്പാടാക്കുന്നു. എന്നാല്‍, സത്യം തിരിച്ചറിഞ്ഞ ഫ്രെഡി ആ പാതകത്തില്‍നിന്നു കുറ്റബോധത്തോടെ പിന്മാറുന്നു. എന്നാല്‍, ഫ്രെഡിയെപ്പോലെ തീവ്രമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരാള്‍ മാലിക്കിനെ കൊല്ലുന്നു. തൊട്ടടുത്ത ദിവസം മതവിദ്വേഷം വിതറുമാറ് റമദാപ്പള്ളിയുടെ മുറ്റത്ത് അബു പ്രസംഗിക്കുമ്പോള്‍ ധാര്‍മികരോഷം പൂണ്ട ഫ്രെഡി അബുവിന്റെ നെറ്റിയിലേക്ക്  ഒരു കല്ല് വലിച്ചെറിയുന്നുണ്ട്. അത് അബുവിന്റെ നെറ്റിത്തടം കടന്ന് കക്ഷിരാഷ്ട്രീയത്തിന്റെ കപടതകളെ ഖദര്‍കൊണ്ടു മറച്ച്, മതവെറി വിളമ്പി നേട്ടം കൊയ്ത്, കൂടുതല്‍ പേരെ വിഡ്ഢികളാക്കി, കൂടുതല്‍ പേരുടെ നേതാവായി കൗശലത്തോടെ ചിരിക്കുന്ന ഒരു പാട് രാഷ്ട്രീയനേതാക്കന്മാരുടെ നെഞ്ചിലും ഊക്കോടെ ചെന്നു പതിക്കുന്നുണ്ട്...! ആ കല്ലേറ് കലക്കി എന്നു പറയാതെ തരമില്ല. 
വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ജലജ എന്നിവര്‍  ഉജ്ജ്വലമായ അഭിനയമാണ് ഇതില്‍ കാഴ്ചവച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്,  സലിംകുമാര്‍, ദിനേശ് പ്രഭാകര്‍, മാലാ പാര്‍വ്വതി, സുധി കോപ്പ തുടങ്ങി വലിയ താരനിര മാലിക്കില്‍ അണിനിരന്നിരിക്കുന്നു. സംവിധാനത്തിനു പുറമേ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. സനു ജോണ്‍ വര്‍ഗീസിന്റെ ഛായാഗ്രഹണവും സന്തോഷ് രാമന്റെ കലാസംവിധാനവും മികച്ചതുതന്നെ. അന്‍വര്‍ അലി-സുനില്‍ ശ്യാം ടീമിന്റേതാണ് ഗാനങ്ങള്‍.
							
 ബിജോ രാജു ഗ്രേഷ്യസ്
                    
									
									
									
									
									
                    