•  23 May 2024
  •  ദീപം 57
  •  നാളം 11
വചനനാളം

ദൈവമഹത്ത്വം അംഗീകരിക്കുമ്പോള്‍

ഓഗസ്റ്റ് 20 കൈത്താക്കാലം  ആറാം ഞായര്‍

ലേവ്യ 19:1-4, 9-14  ഏശ 29:19-24 
1 തെസ 2:1-12  ലൂക്കാ 17:11-19

ദൈവത്തെ അംഗീകരിച്ചുകൊണ്ടും മഹത്ത്വപ്പെടുത്തിക്കൊണ്ടും മാത്രമേ യഥാര്‍ഥമനുഷ്യരായി ജീവിക്കാന്‍ നമുക്കു കഴിയൂ. അപ്രകാരം ജീവിക്കുമ്പോള്‍ ദൈവികനന്മകള്‍ നമ്മിലും പ്രകാശിക്കും.

കൈത്താക്കാലം ഫലാഗമകാലമാണ്. ശിഷ്യന്മാര്‍ ലോകമെമ്പാടും വിതച്ച ഈശോമിശിഹായെന്ന വചനവിത്തു വളര്‍ന്ന് മുപ്പതുമേനിയും അമ്പതു മേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നതിനെ അനുസ്മരിക്കുന്ന കാലം. ക്രൈസ്തവന്റെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കേണ്ടതുണ്ടോ, എന്തുഫലമാണ് പുറപ്പെടുവിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇന്നത്തെ വായനകള്‍. 
ക്രൈസ്തവജീവിതത്തില്‍ നല്ല ഫലംതന്നെ പുറപ്പെടുവിക്കേണ്ടത് ആവശ്യകമാണ്. അതിനു  കാരണം ഒന്നുമാത്രം: ദൈവം നമ്മുടെ പിതാവാണ്. പിതാവിന്റെ നല്ല സ്വഭാവങ്ങള്‍ സ്വജീവിതത്തില്‍ അനുവര്‍ത്തിക്കുന്നത് മക്കളുടെ രീതിയാണ്. പിതാവായ ദൈവത്തിലാകട്ടെ നന്മമാത്രമേയുള്ളൂ, ''ദൈവം ഒരുവനല്ലാതെ നല്ലവനായി ആരുമില്ല'' (മര്‍ക്കോ. 10:18). അതിനാല്‍, അവിടുത്തെ മക്കളായ നമ്മിലും നന്മ ഉണ്ടാകണം. 
നല്ല ഫലം പുറപ്പെടുവിക്കുന്നതിന് ഏറ്റവും പ്രധാനമായി നാം ദൈവമക്കളാണെന്നുള്ള ബോധ്യമുണ്ടാകണം. ഞാന്‍ എന്റെ പിതാവിന്റെ മകനാണ് എന്ന ബോധ്യമാണ് പിതാവിനെ ഭയപ്പെടാനും അവന്റെ നന്മകള്‍ എന്റെ ജീവിതത്തില്‍ പകര്‍ത്താനുമുള്ള പ്രധാനകാരണം. ആ ബോധ്യമുണ്ടാകുന്നതാകട്ടെ, ജൈവശാസ്ത്രപരമായിട്ടും പാരമ്പര്യമായിട്ടുമാണല്ലോ. നശ്വരമായ ഭൗമികശരീരത്തിനു ജന്മംനല്കുന്ന പിതാവിനോട് ഇത്രയധികം ബന്ധപ്പെട്ടവരെങ്കില്‍, അനശ്വരമായ ജീവശ്വാസം നല്കുന്ന ദൈവത്തോട് നാം എത്രയധികം ബന്ധമുള്ളവരായിരിക്കണം?  
അതിനാല്‍, ദൈവം നമ്മുടെ അതുല്യനും മഹത്ത്വപൂര്‍ണനുമായ പിതാവാണെന്ന് അംഗീകരിച്ചാല്‍മാത്രമേ ദൈവം ആഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കാന്‍ നമുക്കു കഴിയൂ. ഇക്കാര്യമാണ് ഇന്നത്തെ വായനകളിലൂടെ സഭാമാതാവ് നമ്മെ ആദ്യം ഓര്‍മിപ്പിക്കുന്നത്. ആദ്യവായനയില്‍ (ലേവ്യ. 19:1-4,9-14) പത്തു വചനങ്ങളുള്ളതില്‍ ആറു പ്രാവശ്യമാണ് 'ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്' എന്ന് ദൈവം ജനത്തെ ഓര്‍മിപ്പിക്കുന്നത്.  ദൈവത്തിന്റെ മഹത്ത്വത്തോടും പിതൃത്വത്തോടും അത്രയധികം ബന്ധപ്പെട്ടിരിക്കുന്നവരാണ് ജനം. 
ജനത്തിനിടയില്‍ ദൈവം  നടത്തിയ അദ്ഭുതകരമായ  പ്രവൃത്തികള്‍ കാണുമ്പോള്‍ അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തും. ഈ ദൈവം തന്നെയാണ് ജീവിക്കുന്ന, ശക്തനായ ദൈവം എന്ന ബോധ്യത്തില്‍ അവര്‍ അവിടുത്തെ മുന്നില്‍ ഭക്തിയോടെ നിലകൊള്ളും (ഏശ. 29:19-24). തന്റെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും നമ്മെ വിളിക്കുന്ന ദൈവം ഉണ്ട് എന്ന് പൗലോസ് ശ്ലീഹ നമ്മെ ഓര്‍മിപ്പിക്കുന്നതും (ലേഖനം: 1 തെസ. 2:1-12) പിതാവായ ദൈവത്തെ നാം അംഗീകരിച്ച് ഏറ്റുപറയുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ബന്ധം നമ്മുടെ നല്ല ജീവിതത്തിനു സഹായകരമാണ് എന്നതുകൊണ്ടാണ്. 
സുവിശേഷത്തില്‍ (ലൂക്കാ 17:11-19) കാണുന്ന പത്തുകുഷ്ഠരോഗികള്‍ക്കു സൗഖ്യം ലഭിച്ചപ്പോള്‍, ദൈവത്തെ അംഗീകരിച്ച് ഏറ്റുപറയാന്‍ തയ്യാറായത് ഒരാള്‍മാത്രമാണ്. ബാക്കി ഒന്‍പതുപേരും 'ഒരനുഗ്രഹമല്ലേ... കിട്ടിയാല്‍ കിട്ടട്ടെ' എന്ന ചിന്തയാല്‍ 'യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ' (17:13) എന്നപേക്ഷിച്ചപ്പോള്‍, വിജാതീയനായ ഈ ഒരാള്‍മാത്രമാണ് ദൈവത്തിലുള്ള ഉത്തമവിശ്വാസത്തോടെ പ്രാര്‍ഥിച്ചത്.  രോഗാവസ്ഥയിലും രോഗസൗഖ്യത്തിലും ദൈവത്തിന്റെ ശക്തമായ കരങ്ങള്‍ തന്നെ താങ്ങുന്നുണ്ട് എന്ന ചിന്ത പുലര്‍ത്തിയിരുന്ന ആ മനുഷ്യന്‍ ഒരു വിജാതീയനായിരുന്നു! 
അതേ, ദൈവത്തെ അംഗീകരിച്ചുകൊണ്ടും മഹത്ത്വപ്പെടുത്തിക്കൊണ്ടുംമാത്രമേ  യഥാര്‍ഥ മനുഷ്യരായി ജീവിക്കാന്‍ നമുക്കു കഴിയൂ. അപ്രകാരം ജീവിക്കുമ്പോള്‍ ദൈവികനന്മകള്‍ നമ്മിലും പ്രകാശിക്കും. അപ്രകാരം മനുഷ്യരിലുണ്ടാകേണ്ട ചില നന്മകള്‍ ഇന്നത്തെ വായനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവം നമ്മുടെ പിതാവായിരിക്കുന്നതുകൊണ്ടു നാം പരിശുദ്ധരാകുകയെന്നത് പരമപ്രധാനമാണ് (19:2). ദൈവത്തിന്റെ ഏറ്റവും പ്രധാന സ്വഭാവവിശേഷമാണത്. സ്വര്‍ഗവാസികള്‍ ദൈവതിരുമുമ്പാകെ നിരന്തരം കീര്‍ത്തിക്കുന്നത് ''പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍' (വെളി. 4:8) എന്നാണല്ലോ. അതുകൊണ്ട് ദൈവമക്കളും പരിശുദ്ധരാകണം. 
ഇസ്രായേലിന്റെ ദൈവം ബഹുമാനിക്കപ്പെടാനും ആ ദൈവത്തിന്റെ മക്കളാണ് തങ്ങളെന്നറിയപ്പെടാനും യുദ്ധം ചെയ്തതുകൊണ്ടോ, അയല്‍രാജ്യങ്ങളെ കീഴ്പ്പെടുത്തിയതുകൊണ്ടോ കഴിയില്ല; മറിച്ച്, ദൈവത്തെയും പിന്നെ സഹോദരരെയും സ്‌നേഹിച്ചുകൊണ്ടും അവര്‍ക്കു നന്മചെയ്തുകൊണ്ടും  മാത്രമാണ് ദൈവത്തിന്റെ പരിശുദ്ധിയില്‍ ചേര്‍ന്ന് പൂര്‍ണഫലം പുറപ്പെടുവിക്കാന്‍ കഴിയുന്നത്. അതിനായി മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം, സാബത്ത് ആചരിക്കണം, പക്ഷേ, വിഗ്രഹങ്ങളെ ആരാധിക്കാനും പാടില്ല (19:34). സഹോദരനോടു തുറവും അനുകമ്പയുമുള്ള  ഒരു ഹൃദയം ദൈവപിതാവിനുള്ളതുപോലെ നമുക്കും ഉണ്ടാകണം (19: 9-14). 
ദൈവത്തെ നിരന്തരം മഹത്ത്വപ്പെടുത്തുന്ന ഒരു ജനത (ഏശ. 29:23) ദൈവത്തിന്റെ പരിശുദ്ധി അനുഭവിച്ച്, ആ പിതാവില്‍ ആഹ്ലാദിച്ച് സഹോദരര്‍ക്കായി സ്വജീവന്‍ പങ്കുവച്ചു കൊടുക്കുന്നവരാകും. പരിശുദ്ധനായ ദൈവത്തിന്റെ നീതി എല്ലാവരെയും ഒരേ നിയമത്തിന്റെ തുലാസില്‍ തൂക്കിനോക്കി പ്രതിഫലം കൊടുക്കുന്ന നീതിയല്ല. കര്‍ത്താവ് കാണിച്ചുതരുന്നതാണ് മാനദണ്ഡം; അത് സ്‌നേഹത്തിന്റെയും കരുണയുടെയും ശാന്തതയുടെയും ക്ഷമയുടേയുമൊക്കെ അടിസ്ഥാനത്തില്‍ നിരന്തരം പ്രവര്‍ത്തിക്കുക എന്നതാണ്. 
രണ്ടു കാര്യങ്ങളാണ് ഇന്നത്തെ വായനകള്‍ പഠിപ്പിക്കുന്നത്. ദൈവത്തിന്റെ മഹത്ത്വവും നിത്യതയും അംഗീകരിക്കുന്നതിനൊപ്പം അവിടുത്ത പിതൃത്വവും നമ്മോടുള്ള അഗാധമായ വാത്സല്യവും അംഗീകരിക്കണം. അപ്പോള്‍ നമ്മിലുണ്ടാകുന്ന ദൈവപിതാവിനോടുള്ള ഭയവും വൈകാരികമായ ബന്ധവും പിതാവിന്റെ സ്വഭാവസവിശേഷതകള്‍-പരിശുദ്ധിയുടെയും നന്മയുടെയും സ്‌നേഹത്തിന്റെയും-നമ്മില്‍ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകും. അങ്ങനെ നാം ഭൂമിയില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നവരാകും.

Login log record inserted successfully!