കേരളത്തിന്റെ പൊതുജനാരോഗ്യമേഖല നമ്പര്‍വണ്‍ ആണെന്നും ഇന്ന് ലോകോത്തരനിരവാരത്തിലെത്തിക്കഴിഞ്ഞുവെന്നുമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ 2024-2025 വര്‍ഷം പുറത്തിറക്കിയ പ്രോഗ്രസ്സ്‌റിപ്പോര്‍ട്ടിന്റെ 165 മുതല്‍ 184 വരെയുള്ള പേജുകളില്‍ അവകാശപ്പെട്ടിട്ടുള്ളത്. ഈ അവകാശവാദം പുറത്തിറങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍ സാമൂഹികമാധ്യമപോസ്റ്റ് വഴി വകുപ്പിന്റെ ദയനീയസ്ഥിതി തുറന്നെഴുതിയത്. ആശുപത്രിയില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നിരന്തരം മാറ്റിവയ്ക്കുകയാണെന്നതായിരുന്നു പ്രധാനവെളിപ്പെടുത്തല്‍. ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയെ കണ്ട് ഒരു വര്‍ഷം മുന്നേ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതാണെന്നും അപേക്ഷിച്ചും ഇരന്നും മടുത്തുവെന്നും ജോലിയില്‍ സംതൃപ്തി തോന്നാത്ത സ്ഥിതിയായെന്നും രോഗികളുടെ ബുദ്ധിമുട്ടു കണ്ടിട്ടാണ് ഈ തുറന്നുപറച്ചിലെന്നുമാണ് ഡോക്ടറുടെ ഇപ്പോഴത്തെ നിലപാട്. മറ്റു വകുപ്പുമേധാവികള്‍ക്കു ഭയമുള്ളതുകൊണ്ടാണ് സത്യം പുറത്തുപറയാത്തതെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ ശസ്ത്രക്രിയ യഥാസമയം നടത്താന്‍ കഴിയാതെ വന്നത് ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാകാതിരുന്നതിനാലാണെന്നും അതുമൂലമാണ് കുറെ കുട്ടികള്‍ മരണപ്പെട്ടതെന്നും പറഞ്ഞ് അവിടത്തെ ഡോ. കഫീന്‍ഖാനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ചു പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു. അന്ന് അദ്ദേഹത്തെ പിന്തുണച്ച് ഇങ്ങു കേരളത്തില്‍ പ്രകടനം നടത്തിയര്‍ ഇപ്പോള്‍ ഡോ. ഹാരിസിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകയാണ്. ഡോ. ഹാരിസിനെപ്പോലെ അര്‍പ്പണമനോഭാവമുള്ള ഒരു വകുപ്പുമേധാവിയുടെ നിസ്സഹായാവസ്ഥയും ദുഃഖവും ധാര്‍മ്മികരോഷവും രാഷ്ട്രീയകൂറും മനസ്സിലാകാത്തവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ക്രൂശിക്കണമെന്ന് ആഗ്രഹിക്കുന്നത്. ഇദ്ദേഹത്തിന് സര്‍ക്കാരിനോടുള്ള കൂറ് അറിയണമെങ്കില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് വായിച്ചാല്‍ മതി. അത് ഇപ്രകാരമായിരുന്നു: ''എട്ടുതവണ നിലമ്പൂര്‍മണ്ഡലത്തിലെ എം.എല്‍.എ. ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ എന്ന പരിഗണനയും സഹതാപവും, മുസ്ലീം ഭൂരിപക്ഷമണ്ഡലം, അന്‍വറിനൊപ്പം പോയ കുറെയധികം ഇടത്‌വോട്ടുകള്‍, യു.ഡി.എഫിനോടൊപ്പം ചേര്‍ന്നുനിന്ന മുസ്ലീം തീവ്രവാദഗ്രൂപ്പുകള്‍. ഇതിനെയെല്ലാം നേരിട്ട എന്‍. സ്വരാജ് നേടിയ 66000 ത്തില്‍ പരം വോട്ടാണ് ഈ ഇലക്ഷന്റെ ട്വിസ്റ്റ്. വളരെ മികച്ച പെര്‍ഫോമന്‍സ്.''
ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിനോട് ഇത്രയും കൂറും വിധേയത്വവും പ്രഖ്യാപിച്ച ഒരു വകുപ്പുമേധാവിക്ക് ഇത്തരത്തില്‍ പ്രതികരിക്കേണ്ടിവന്നതുകൊണ്ടാണ് ആരോഗ്യവകുപ്പിന് രോഗം പിടിപെട്ടിരിക്കുന്നു എന്ന കാര്യം ചര്‍ച്ചയായത്. ഒരു രോഗി ഡോക്ടറെ കണ്ടാല്‍ രോഗകാരണം അറിയാന്‍ ചില പരിശോധനകള്‍ നടത്തും. അത്തരത്തിലുള്ള ഒരു പരിശോധന ആരോഗ്യവകുപ്പില്‍ നടത്തിയപ്പോഴാണ് യഥാര്‍ഥ രോഗകാരണം മനസ്സിലായത്.
2024-25 സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആരോഗ്യവകുപ്പിനായി മാറ്റിവച്ചത് 10997 കോടി രൂപയാണ്. ഇതില്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനായി 400 കോടി നല്‍കി. എന്നാല്‍, അതില്‍ 145.65 കോടി പിടിച്ചിട്ട് 254.35 കോടി മാത്രമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജുകള്‍ക്ക് 217 കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും നല്‍കിയത് 157 കോടി മാത്രം. ആര്‍.സി.സി.യ്ക്ക് 730 കോടി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കൊടുത്തത് 36 കോടി. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പ്രഖ്യാപിച്ച 28 കോടിയുടെ പകുതി മാത്രം നല്‍കി. ജില്ലാ ആശുപത്രികളുടെ സ്ഥിതിയും മറിച്ചല്ല; 152.13 കോടി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നല്‍കിയത് 90.02 കോടി മാത്രം. ഡോ. ഹാരിസ് വെളിപ്പെടുത്തിയ രോഗത്തിന്റെ കാരണം, അനുവദിക്കേണ്ടിയിരുന്ന പണം അനുവദിക്കാതിരുന്നതാണ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാതിരുന്നതും ഓപ്പറേഷനുകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നതും അതുകൊണ്ടാണല്ലോ. അപ്പോള്‍ ഒരു ചോദ്യം ഉയരും. എന്തുകൊണ്ട് പ്രഖ്യാപിച്ച പണം നല്‍കിയില്ല? സര്‍ക്കാരിന്റെ കൈയില്‍ പണം ഉണ്ടായിട്ടു നല്‍കാതിരുന്നതാണോ? വകമാറ്റി ചെലവഴിച്ചതാണോ? സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്കുവേണ്ടിയാണോ ഈ പണം വകമാറ്റിയത്? ഇതിന്റെ ഉത്തരം ജനങ്ങള്‍ക്ക്, നികുതിദായകര്‍ക്ക് അറിയാന്‍ അവകാശമുണ്ട്.
ആരോഗ്യവകുപ്പില്‍ മാത്രമല്ല ഈ പ്രശ്‌നം ഉള്ളത്. മറ്റു വകുപ്പുമേധാവികള്‍ ഇന്നല്ലെങ്കില്‍ നാളെ സത്യം ലോകത്തോടു വിളിച്ചുപറയേണ്ടി വരും. 1983-84 മുതല്‍ കേരളം തെറ്റായ ട്രാക്കില്‍ക്കൂടിയാണ് സഞ്ചരിക്കുന്നതെന്ന് പല സാമ്പത്തികവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. കടം വാങ്ങി ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ തുടങ്ങിയതുമുതല്‍ പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കാന്‍ തുടങ്ങി. 2025 ആയപ്പോഴേക്കും സര്‍ക്കാര്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന നൂറുരൂപയില്‍ എണ്‍പത്തിയഞ്ചുരൂപയും ശമ്പളവും പെന്‍ഷനും പലിശയുമായി മാറ്റി വയ്‌ക്കേണ്ട സ്ഥിതിയില്‍ എത്തി. അപ്പോള്‍ ആശുപത്രിയില്‍ മരുന്നു വാങ്ങാന്‍ പണം ഇല്ലാതായി. റോഡ് ടാറിടാനുള്ള പണം തികയാതായി, കുടിവെള്ളം എത്തിക്കാന്‍ പൈപ്പ് വാങ്ങിയവര്‍ക്ക് കുടിശ്ശികയായി. ഇങ്ങനെ എത്രനാള്‍? ഊതിവീര്‍പ്പിച്ച ബലൂണ്‍പോലെയാണോ കേരളത്തിന്റെ സ്ഥിതി? അതോ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അഗ്നിപര്‍വതത്തിന്റെ മുകളിലൂടെയാണോ മലയാളി നടക്കുന്നത്? ഇതൊക്കെ മനസ്സിലാക്കിയാണോ യുവാക്കള്‍ കേരളം വിടുന്നത്?
വകുപ്പുമേധാവികളാണെങ്കിലും ഭരണാധികാരികളാണെങ്കിലും സത്യം പറയാതിരുന്നാല്‍ അതിന്റെ നഷ്ടം സമൂഹത്തിനാണ്. ശാസ്ത്രം വികസിക്കുകയാണ്. ജനിതകപരമായി ഒരു വ്യക്തിക്ക് ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന തരത്തിലേക്ക് എ.ഐ. പവര്‍ബോഡി സ്‌കാനുകള്‍ വികസിച്ചുകഴിഞ്ഞു. കാന്‍സര്‍ എന്നല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍പോലും ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്നു ചെറുപ്പത്തില്‍ത്തന്നെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന തരത്തിലേക്ക് മെഡിക്കല്‍ രംഗം എത്തിക്കഴിഞ്ഞു. രോഗം വന്നതിനുശേഷം ചികിത്സിക്കുക എന്നതിനുപകരം വരാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപകരിക്കും. നാഡിപിടിച്ച് രോഗനിര്‍ണ്ണയം നടത്തിയിരുന്ന കാലത്തേക്കാള്‍ വലിയ മാറ്റം എക്‌സ്‌റേ മെഷീന്‍ വന്നപ്പോള്‍ രോഗികള്‍ക്കു കാണാന്‍ കഴിഞ്ഞു. അവിടെനിന്ന് സി.റ്റി.സ്‌കാനിങ്ങും കഴിഞ്ഞ് എം.ആര്‍.ഐ. സ്‌കാനിങ്ങിലും എത്തി. രോഗനിര്‍ണയം കൂടുതല്‍ എളുപ്പവും വ്യക്തതയും ഉണ്ടാക്കുന്നതനുസരിച്ച് പണംമുടക്കും കൂടുതലാകും. അതിലേക്കായി നീക്കിവയ്‌ക്കേണ്ട പണം മറ്റു കാര്യങ്ങളിലേക്കു മാറ്റിയാല്‍ ഇന്നാട്ടില്‍ കൂടുതല്‍ കാലം ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടാന്‍ ഇടയാകും. അതിനുള്ള സാഹചര്യമല്ല ഭരണകര്‍ത്താക്കളില്‍നിന്നു ജനം പ്രതീക്ഷിക്കുന്നത്. വിട്ടുമാറാത്ത ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യപരിപാലനം ആവശ്യമാണ്.