വത്തിക്കാന്‍: പട്ടിണി ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നു ലെയോ പാപ്പാ. ജൂണ്‍ 30 ന് റോമില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഭക്ഷ്യകൃഷിസംഘടനയുടെ നാല്പത്തിനാലാമതു യോഗത്തിനു നല്കിയ സന്ദേശത്തിലാണു പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്.
പട്ടിണി ഒരു യുദ്ധായുധമായി ഉപയോഗിക്കപ്പെടുന്ന അനീതിപരമായ പ്രവണതയെ മാര്‍പാപ്പാ അപലപിച്ചു.
ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നത് സാമ്പത്തികമായി വളരെ ചെലവുകുറഞ്ഞ യുദ്ധരീതിയാണെന്നും നിസ്സഹായരായ ജനങ്ങളെ നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എപ്പോഴും ഉപയോഗിക്കുന്ന തന്ത്രങ്ങളാണിവയെന്നും പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.
ലോകത്തില്‍ പട്ടിണി എന്ന അപമാനത്തിന് അറുതിവരുത്തുന്നതിനുള്ള എല്ലാ സംരംഭങ്ങളെയും കര്‍ത്താവായ യേശുവിന്റെ വികാരങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് സഭ പ്രോത്സാഹിപ്പിക്കുന്നുവെന്നും, പട്ടിണിയെ പരാജയപ്പെടുത്തുന്നതിനുള്ള താക്കോല്‍ അത്യാര്‍ത്തിയോടെ എല്ലാം ശേഖരിച്ചുകൂട്ടുന്നതിനെക്കാള്‍ പങ്കിടുന്നതിലാണെന്ന് യേശു അപ്പവും മീനും വര്‍ധിപ്പിച്ച് അയ്യായിരങ്ങളെ ഊട്ടിയ അദ്ഭുതപ്രവൃത്തി ഉദാഹരിച്ചുകൊണ്ടു പാപ്പാ വ്യക്തമാക്കി.
സാധാരണപൗരന്മാര്‍ ദാരിദ്ര്യത്താല്‍ തളരുമ്പോള്‍, രാഷ്ട്രീയനേതാക്കള്‍ അഴിമതി നടത്തിയും ശിക്ഷയെ വെല്ലുവിളിച്ചും തടിച്ചുകൊഴുക്കുകയാണെന്നു പറഞ്ഞ പാപ്പാ, ഇതു തിരിച്ചറിഞ്ഞ് അവയ്ക്ക് ഉത്തരവാദികളായവരെയും അവ നടപ്പിലാക്കുന്നവരെയും ശിക്ഷിക്കേണ്ട സമയമാണിതെന്ന് ഓര്‍മിപ്പിച്ചു.
രാഷ്ട്രീയപ്രതിസന്ധികള്‍, സായുധസംഘങ്ങള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍ എന്നിവ മനുഷ്യപുരോഗതിക്കു തടസ്സം സൃഷ്ടിക്കുകയും പ്രാദേശിക കാര്‍ഷികോത്പാദനത്തെ തളര്‍ത്തുകയും ചെയ്തുകൊണ്ട് ഭക്ഷ്യപ്രതിസന്ധി വഷളാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നുവെന്നും ആഹാരം നിഷേധിക്കുന്നതിലൂടെ മാന്യവും നിരവധി അവസരങ്ങളേകുന്നതുമായ ഒരു ജീവിതം നയിക്കാനുള്ള അവകാശം
നിഷേധിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
അന്തർദേശീയം
പട്ടിണി ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ലെയോ പാപ്പാ
