•  10 Jul 2025
  •  ദീപം 58
  •  നാളം 18
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

പാറേലമ്മയെ കണികണ്ടുകൊണ്ടാണ് ലിസി  ഉണര്‍ന്നെണീറ്റത്. 
ആ അമ്മ പറഞ്ഞു: ''ലിസിക്കുട്ടി ഭാഗ്യമൊള്ളോളാ, ഇരിക്കപ്പൊറുതിയില്ലാഞ്ഞിട്ടാ രാത്രി, അസമയത്ത് ഞാന്‍ രാജുമോനെ പറഞ്ഞുവിട്ടത്. ഈ കല്യാണം നടക്കണം. ഒടുക്കം ഈയുള്ളവരെയൊക്കെ ഓര്‍ത്തേച്ചാമതി.''
അമ്മയാണതിന്റെ മറുപടി പറഞ്ഞത്: ''അവളു പിന്നെ ഓര്‍ക്കാതിരിക്കുമോ, ആരേ  മറന്നാലും അവളമ്മയെ  മറക്കില്ല.''
''അവര് മൂന്നുമണിയോടെ വരും, ഈയിടെ വാങ്ങിയ ബെന്‍സ് കാറേലാ വരുന്നത്.  എന്റെ പെണ്ണമ്മയ്ക്ക് ആകെയുള്ള ഒരു സന്തതിയാ  അവന്‍.  ഇട്ടുമൂടാനുള്ള പണം വല്യപ്പന്റെ സമ്പാദ്യമായിട്ടുണ്ട്. അവന്റെ കുഞ്ഞുപ്രായത്തില്‍ അപ്പന്‍ മരിച്ചതാണ്, അപ്പന്‍ പേരെടുത്ത കോണ്‍ട്രാക്റ്ററായിരുന്നു, അപ്പനും കുറേസ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്.  വല്യപ്പച്ചന്‍ മരിച്ചിട്ട് രണ്ടുമാസമേ ആയിട്ടൊള്ളൂ. എല്ലാ സ്വത്തിന്റേം  ഏകയവകാശിയാണവന്‍. സ്വഭാവമഹിമയുള്ളവനാ.  ബാല്യംമുതല്‍ മിടുമിടുക്കനായി പഠിച്ചു.  എന്‍ജിനീയറാണ്. ഇംഗ്ലണ്ടിലാ പഠിച്ചത്,  അവിടെ ഷിപ്പേല്‍ കുറെക്കാലം ജോലിചെയ്തു,  ഇപ്പം അമേരിക്കേല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലാണ്. കല്യാണം കഴിഞ്ഞ് പെണ്ണിന്റെയൊപ്പം അവന്റമ്മേം കൊണ്ടുപോകാനാ പ്ലാന്‍.  അവളിവിടെ ഒറ്റയ്ക്കല്ലേ.''
അമ്മ പറഞ്ഞു: ''ആ സാജൂനെയിങ്ങു വിളിച്ചേ, കുരിയാച്ചന്റെ വീട്ടീന്ന് നാഴി പാലു വാങ്ങിച്ചോണ്ടു വരാമ്പറ, മൂന്നുമണിക്കുമുന്നേ  ഒരു ലിറ്ററൂടെ തരാന്‍ പറകേം വേണം.''
പാറേലമ്മയോടായിട്ട് അമ്മ പറഞ്ഞു: ''ഇവിടെയിപ്പം കറവയില്ല, പശൂ ചനനെറഞ്ഞു നിക്ക്വാ.''
എളുപ്പത്തിലൊരുകാപ്പി
യിട്ട്,  അമ്മയുടെ ഇഷ്ടചങ്ങാതിയെ നിര്‍ബ്ബന്ധിച്ചു കുടിപ്പിച്ചു. 
''എന്നാ ഞാമ്പോട്ടെ, അവരങ്ങോട്ടുവരും, എന്നെ ഒപ്പംകൂട്ടാന്‍. എന്നെക്കൂടെക്കൂട്ടി അഞ്ചുപേരുകാണും.'' 
പാറേലമ്മ പൊട്ടിച്ചിരിച്ചുകൊണ്ടു തുടര്‍ന്നു: ''എന്നെ ഒരു ബ്രോക്കറായിട്ടാരും കാണാതിരുന്നാമതി.''
ലിസിയെ മാറ്റിനിര്‍ത്തി പാറേലമ്മ പറഞ്ഞു: ''ബേബിച്ചന്‍ പറഞ്ഞ് എല്ലാം ഞാനറിഞ്ഞു, പൈസ ഇല്ലല്ലോന്നോര്‍ത്തു കരഞ്ഞമുഖമൊന്നും കാണിക്കണ്ടാ, അവന്‍ ആദര്‍ശവാനാ. നയാപ്പൈസാ സ്ത്രീധനം വേണ്ടാ. ലിസിമോക്കണിയാനുള്ള സ്വര്‍ണ്ണോമവരു കൊണ്ടിട്ടോളും, ഞാന്‍ മോടെ മേല്‍വിലാസം കൊടുത്തിരുന്നു. കത്തുവല്ലോം കിട്ടിയോ?''
ലിസി ചിരിയൊതുക്കിയിട്ടു പറഞ്ഞു: ''ങും കിട്ടി.''
''അമ്പടീ കള്ളീ, എന്നിട്ടു മിണ്ടാതിരിക്ക്വാ.''
''അതു വന്നിട്ടൊത്തിരിയായി, മേഴ്‌സിച്ചേച്ചിയുടെ കല്യാണംവരെ കാത്തിരിക്കാം എന്നുമാത്രമേ അന്നെഴുതീട്ടൊള്ളൂ.''
''എന്നിട്ടാണോ കരഞ്ഞു നടന്നത്?''
''അതു പിന്നെ ജോലീം കിട്ടിയില്ല. വീട്ടിലാണേല്‍ കാശുമില്ലാതെ കടോമായി. ചേച്ചീടെ കല്യാണം കഴിഞ്ഞെട്ടെത്ര കാലമായി, ഞാനാ എഴുത്തിന്  മറുപടീമിട്ടില്ല, ആ ആലോചന വിട്ടുപോയെന്നാ ഞാനോര്‍ത്തേ.''
''ഞാഞ്ചെല്ലട്ടേ, അവരു വരുമ്പഴത്തേക്ക് വീടൊന്നു തൂത്തു തൊടച്ചിടട്ടേ.''
''പിന്നെ ബിന്ദുമോള്‍ കൊണ്ടെത്തന്ന ആ ഫോട്ടോകള്‍  എനിക്കു തന്നേക്കണേ, അതുമായി മുങ്ങല്ലേ? അപ്പുമോനയച്ചുതന്നതാ.''
ലിസിയും ആ അമ്മയും പൊട്ടിച്ചിരിച്ചു. 
പാറേലമ്മ പോയി. 
അവള്‍ മുറിയില്‍ക്കയറി,  കതകുകള്‍ അടച്ചുകുറ്റിയിട്ടിട്ട്, ഒരു കുഞ്ഞാല്‍ബമെടുത്ത്  തുറന്നുനോക്കി. 
ഒരു ഫാമിലിഫോട്ടോ, വ്യത്യസ്തപോസില്‍ ഒറ്റയ്ക്കുള്ള രണ്ടു ഫോട്ടോസ്. പിന്നെ കൂട്ടുകാരുമൊത്തു നില്ക്കുന്ന ഒരു ഫോട്ടോ. അവളറിയാതെ അവളുടെ ചുണ്ടുകള്‍ ചലിച്ചു: ''കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ ഇദ്ദേഹം തന്നെയാ.''
ആല്‍ബത്തില്‍നിന്നു കണ്ണുമാറ്റാന്‍ തോന്നിയില്ല, എന്നാലും ആരും കാണാതെ  അതവള്‍ പെട്ടിയില്‍ തുണിക്കടിയില്‍ വിരിച്ച പത്രത്തിന്റെ കീഴിലാക്കി  ഒളിപ്പിച്ചുവച്ചു. 
ജാക്‌സണ്‍ പറഞ്ഞു:  ''പെണ്ണു കോളടിച്ചല്ലോ, വല്യ സങ്കടമാരുന്നല്ലോ  ജോലികിട്ടിയില്ലേന്നു പറഞ്ഞ്, ദേയിപ്പം ഫോറിന്‍കാരനായ എന്‍ജിനീയറേയല്ലേ കിട്ടുന്നത്. തമ്പുരാനേ ഇവടെ തലേല്‍ വരച്ച ആ കോലുകൊണ്ട് എന്റെ ചന്തിയേലൊന്നു വരച്ചിരുന്നേല്‍ ഞാനും രക്ഷപ്പെട്ടേനെ.''
ലിസി പറഞ്ഞു: ''ഉറപ്പിച്ചില്ലല്ലോ, കാണാന്‍ വരുന്നതല്ലേയുള്ളൂ.''
കൃത്യം മൂന്നുമണിക്ക് അവരെത്തി. മുമ്പേ പറഞ്ഞതുപോലെ അഞ്ചുപേരുണ്ട്. അമ്മ എല്ലാവര്‍ക്കും മുറ്റത്തെ ഗൗളിത്തെങ്ങില്‍നിന്നു പിരിച്ചെടുത്ത ഇളനീരുകൊടുത്തു. മധുരമുള്ള കരിക്കിന്‍വെള്ളം അവരാസ്വദിച്ചുകുടിച്ചു. 
അപ്പനുമമ്മയും കൊച്ചുകൊച്ചപ്പച്ചനും വല്യമ്മച്ചിയുംഅമ്മയുടെ മൂത്താങ്ങളയും കാര്യങ്ങളോരോന്നും ചോദിച്ചറിഞ്ഞ് പരസ്പരം പരിചയപ്പെട്ടു. 
അമ്മാച്ചന്‍ പറഞ്ഞു: ''എന്നാ ഇനി കാപ്പി കുടിച്ചോണ്ടു പറയാം.'' വല്യമ്മച്ചി ഉച്ചത്തില്‍ വിളിച്ചു: ''ലിസിമോളിങ്ങുവന്നേ.''
 കാപ്പിക്കപ്പുകള്‍ നിറച്ച ട്രേ, പരിഭ്രമംകൊണ്ടും ലജ്ജകൊണ്ടും  കൈയില്‍നിന്നു വീണുപോകാതിരിക്കാന്‍, അമ്മ ലിസിയെ സഹായിച്ചു.  
നട്‌സും കേക്കും ബിസ്‌ക്കറ്റുമാണ് കാപ്പിക്കൊപ്പമുള്ള ചെറുകടികള്‍.  
അമ്മയുടെ നിര്‍ദേശപ്രകാരം  ട്രേയിലെ ബ്രൂകോഫി നിറച്ചകപ്പുകള്‍ പ്രായമുറയ്ക്ക് അവള്‍ നല്കി. പയ്യന്‍ ഒരു കവിള്‍കുടിച്ചുകൊണ്ട് ലിസിയുടെ മുഖത്തേക്കുനോക്കി. അവള്‍ നാണംകൊണ്ട് കൂമ്പിപ്പോയി. കൊച്ചുകൊച്ചപ്പച്ചന്‍ ചോദിച്ചു: ''എന്താ മോന്റെ പേര്?''
''അപ്രേം എന്നാണ് ഒഫിഷ്യല്‍ നെയിം, വീട്ടില്‍ അപ്പു.''
അപ്രേമിന്റെ അമ്മ പറഞ്ഞു:
 ''മോന് ഓമനപ്പേരുകളുടെ എണ്ണം കൂടുതലാണ്.''
അവന്റെ ചാച്ചന്‍ വിളിച്ചിരുന്ന ചെല്ലപ്പേര് അപ്രേം ലോപിച്ച് അപ്പു എന്നായതാണ്. വല്യപ്പച്ചനും വല്യമ്മച്ചിയും കൗമാ ചൊല്ലിയുണ്ടായ കുട്ടി എന്നു പറഞ്ഞ് കൗമാച്ചന്‍ എന്ന് ലാളിച്ചുവിളിച്ചു. കൂട്ടുകാരെല്ലാം പ്രേം എന്നും. പാറേലമ്മ പറഞ്ഞു: റൂഹയുടെ കിന്നരം എന്നറിയപ്പെട്ടിരുന്ന അപ്രേം പിതാവിന്റെ പേര്, പിന്നെ  യൗസേഫിന്റെ മകനല്ലേ എഫ്രയീം. ദൈവത്താല്‍ ഏറെ സ്‌നേഹിക്കപ്പെട്ടവന്‍.''
ലിസി വല്യപ്പച്ചന്റെ അനുഗ്രഹം ഓര്‍മ്മിച്ചു: ''യൗസേപ്പിനെപ്പോലെ നീയനുഗ്രഹിക്കപ്പെടും.''
സംസാരം നീണ്ടങ്ങനെപോയി. പയ്യന്റെ അമ്മച്ചി പറഞ്ഞു: ''പിള്ളേര്‍ക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കില്‍  ആയിക്കോട്ടേ.''
രണ്ടുപേര്‍ക്കും വാക്കുകള്‍ മുട്ടിപ്പോയി. അവരുടെ ആദ്യസമാഗമമാണ്. ലിസിയെ സുഖകരമായ ഒരു ലജ്ജ വാരിപ്പുണര്‍ന്നു. 
കുറേനേരം അവര്‍ പരസ്പരം മൂകമായി നോക്കിനിന്നു. 
പിന്നെ അപ്രേം തുടക്കമിട്ടു: ''അമേരിക്കയില്‍ വരാനിഷ്ടമാണോ?''
''അതുപിന്നേ...'' സംസാരം തുടരാനാകാതെ  അവള്‍ ഗദ്ഗദകണ്ഠയായി. 
അപ്പു പറഞ്ഞു: ''ദൈവം അനുഗ്രഹിച്ചാല്‍ നമുക്കൊന്നിച്ചു പോകാം. അമ്മച്ചിയേയും ഒപ്പം കൂട്ടണം. ചാച്ചനെന്റെ കുഞ്ഞിലേ മരിച്ചതാണ്, പിന്നെ  വല്യപ്പച്ചനേം വല്യമ്മച്ചിയേം എന്നേം  പരിപാലിച്ചത് അമ്മയാണ്.  വല്യമ്മച്ചി കഴിഞ്ഞവര്‍ഷം മരിച്ചു. വല്യപ്പച്ചന്‍ അടുത്തിടെയും. അവരുള്ളപ്പോള്‍ എന്റെ കല്യാണം നടത്തനാരുന്നു ഞങ്ങള്‍ അന്നത്രധിറുതി കാട്ടിയത്.   എന്നാലിപ്പളല്ലേ ഇവിടുന്ന് പച്ചക്കൊടി കാട്ടിയത്.''
''അതുപിന്നെ, മേഴ്‌സിയുടെയും റോയിച്ചായന്റേയും കാര്യങ്ങള്‍ നടന്നിട്ടാകാമെന്നു കരുതി. എനിക്കാണേ, ആകെ അപകര്‍ഷതാബോധോം. ചേരുന്ന വിദ്യാഭ്യാസോമില്ല, സാമ്പത്തികോമില്ല. അതൊരു ചേര്‍ച്ചക്കുറവുപോലെ തോന്നി.''
''യു. എസില്‍ വന്നാല്‍ എത്ര വിദ്യാഭ്യാസമുള്ളവരായാലും, നാട്ടില്‍ ഏതു പൊസിഷനിലിരുന്നവരായാലും, സീറോയീന്നുതുടങ്ങണം, ഞാന്‍ സ്വഭാവശുദ്ധിയുള്ള, സുന്ദരിയായ, ബോള്‍ഡായ ഒരു ജീവിതപങ്കാളിയെയാണ് തേടിയത്, ലിസിക്കുട്ടിക്കീ യോഗ്യതകളൊക്കെയുണ്ടെന്നു മനസ്സിലായി. ലിസിക്കു  പാസ്‌പോര്‍ട്ടൊണ്ടോ?''
''ഇല്ല.''
''പാസ്‌പോര്‍ട്ടിന് അപ്ലൈ ചെയ്യണം. കിട്ടാന്‍  താമസമൊന്നും വരില്ല, എളുപ്പം കിട്ടും.''
പയ്യന്റെ അമ്മച്ചിവന്ന് ലിസിയുടെ നെറുകയില്‍  തലോടി, ''ഞങ്ങളിപ്പം പോട്ടേ, നമുക്കു  വൈകാതെ കാണാം.''
പയ്യന്റെ അമ്മാച്ചനും കൂട്ടത്തിലെ മുതിര്‍ന്ന കാരണവരും മുറ്റത്തു മാറിനിന്ന് ചര്‍ച്ചകള്‍ നടത്തുകയാണ്.
അച്ചോയി പറഞ്ഞു: ''എന്താ തീരുമാനമെന്നറിയിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി.''
''അതിനെന്താ ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമായെങ്കില്‍,  കുടുംബക്കാരു തമ്മില്‍ തീരുമാനിക്കുക, കാലതാമസം വേണ്ടാ, മോന്റെ ലീവെളുപ്പം തീരും.'' പയ്യന്റെ കൂട്ടത്തിലെ കാര്‍ന്നോരു പറഞ്ഞു.
ഇച്ചാച്ചന്‍ പറഞ്ഞു: ''എന്തിനാ വലിച്ചുനീട്ടുന്നേ, നേരിട്ടു ചോദിക്കാമല്ലോ, മോനിഷ്ടമായോ പെണ്ണിനെ,  പിന്നെ എല്ലാര്‍ക്കും?''
പയ്യനവന്റെ അമ്മയുടെ മുഖത്തു നോക്കി.
''പറ മോനെ.''
അപ്രേമിന്റെയമ്മച്ചി മകനെ പ്രോത്സാഹിപ്പിച്ചു.
''അമ്മയ്ക്കിഷ്ടായോ?''
''എനിക്കിഷ്ടായി, ഇനി മോന്‍ പറ.''
''പ്രോസീഡു ചെയ്‌തോളൂ, എനിക്കിഷ്ടമാണ്.''
വല്യമ്മച്ചി പറഞ്ഞു: ''അടുത്ത ബന്ധുക്കള്‍ക്ക്  അങ്ങോട്ടുമിങ്ങോട്ടും കാണാനുണ്ട്.''
''ആയിക്കോട്ടേ, കാര്യങ്ങളെല്ലാം മുറപോലെ നടക്കട്ടേ, ഒന്നും സ്‌കിപ്പു ചെയ്യണ്ടാ. ഞങ്ങള്‍ക്ക് പെണ്ണിനെ ഇഷ്ടമായി.'' പയ്യന്റെ കൂട്ടത്തിലെ തലമൂത്ത കാര്‍ന്നോര് ലിസിയെ നോക്കിച്ചിരിച്ചുകൊണ്ടുപറഞ്ഞു. അവള്‍ എളുപ്പം അവിടെനിന്നു മാറിപ്പോയി, അമ്മയുടെ പിന്നിലൊളിച്ചു. 
അതുവരെ മൗനിയായിരുന്ന പാറേലമ്മയുടെ മുഖത്തെ പ്രകാശം ലിസി ശ്രദ്ധിച്ചു. 
യാത്ര പറഞ്ഞിറങ്ങാന്‍ നേരം, പയ്യന്‍ അപ്പന്റെ രണ്ടുകരങ്ങളും കൂട്ടിപ്പിടിച്ചിട്ട് പറഞ്ഞു; ''ടെന്‍ഷനൊന്നും വേണ്ടാ, എല്ലാം ഭംഗിയായി നടക്കും.''
'വരട്ടേ' എന്നു യാത്ര പറഞ്ഞിട്ട്,  വണ്ടിയിലിരുന്ന് കൈവീശിക്കാട്ടി അവര്‍ പോയി. 
അമ്മ പറഞ്ഞു: ''നല്ല മനുഷേരാ, പയ്യന്‍ ഇച്ചാച്ചനോടു  പറഞ്ഞതുകേട്ടില്ലേ, ടെന്‍ഷനൊന്നും വേണ്ടെന്ന്. എന്നിട്ടും, ഇച്ചാച്ചനെന്തൊരു വെപ്രാളമാ.''
വല്യമ്മച്ചി പറഞ്ഞു: ''നമ്മടെ പെണ്ണ് സുകൃതം ചെയ്‌തോളാ, നോക്കിക്കേ വല്യവീട്ടിലല്ലേ അവളു വലത്തുകാലു വെച്ചുകേറാമ്പോണെ.'' 
അമ്മാച്ചന്‍ പറഞ്ഞു: ''വല്യ വീടൊന്നും നോക്കണ്ടാ, നല്ല മനുഷരോണോന്നു നോക്കണം, അതാ പ്രധാനം.''
ഇച്ചാച്ചന്‍ പറഞ്ഞു: ''വല്യ കൊഴപ്പമില്ലാത്തോരാ,  പണത്തിനും പണ്ടത്തിനും പ്രാധാന്യം കൊടുക്കാഞ്ഞകൊണ്ട് ആദ്യം സംശയാമാരുന്നു, വല്ല കൊഴപ്പം പിടിച്ച കേസുകെട്ടുമാണോന്ന്, കാലമിതല്ലേ സംശയിക്കാതിരിക്കാന്‍ പറ്റ്വോ? അതാ താമസിച്ചേ, അല്ലെങ്കില്‍ നേരത്തേ നടത്താരുന്നു. എല്ലാം വളരെ  രഹസ്യമായിത്തെരക്കിയറിഞ്ഞു.  തെറ്റില്ലാത്തോരാ.''
തിരക്കുള്ള ദിവസങ്ങള്‍ അതിവേഗം ഓടിക്കൊണ്ടിരുന്നു. ചെറുക്കന്റെ തിരുവല്ലായിലെ തറവാട്ടുവീട്ടില്‍, അടുത്തബന്ധുക്കളില്‍ പ്രധാനികളായ  ഇരുപത്തിയഞ്ചുപേര്‍പോയി  കല്യാണം  ഉറപ്പിച്ചു. 
''എല്ലാം മുറപോലെ നടത്തുകയാണ്, പെണ്ണിനെന്തു കൊടുക്കണമെന്നുമാത്രം ആരുമൊരക്ഷരവുമുരിയാടുന്നില്ല.'' അമ്മ സങ്കടപ്പെട്ടു. 
''അവര് മന്ത്രകോടിയെടുക്കുമ്പോള്‍ നമ്മള്‍ പയ്യന് ഡ്രസ്സ് എടുത്തു  കൊടുക്കണം, അവരു കച്ച തരുമ്പം പയ്യനൊരു മാലയിടണം, പെണ്ണു വായിട്ടലച്ചുണ്ടാക്കിയ ഏഴോയെട്ടോ  പവനാണ് ആകേള്ളത്. ഇച്ചാച്ചന്‍ വച്ച പണയം എടുത്തുകൊടുക്കണം. എന്താ ചെയ്കയെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ.''  അമ്മ വ്യാകുലപ്പെട്ടു. 
ജാക്‌സണ്‍ അമ്മയെ കളിയാക്കി: ''എന്റെ വ്യാകുലമാതാവേ, ഇനിയെങ്കിലും ഈ ദാരിദ്ര്യം പറച്ചിലവസാനിപ്പിക്ക്.'' 'ജാ
ക്‌സന്റെ സംസാരം എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു. 
സാലമ്മ നല്കിയ കല്യാണസാരി ഒരു നേര്‍ച്ചപോലെ അമ്മയുടെ അലമാരയിലുണ്ട്. അതിന്റെ മഹത്ത്വം അമ്മ ഇടവിടാതെ വര്‍ണ്ണിക്കുന്നുമുണ്ട്.
''റോയിച്ചെറുക്കന് ജോലി ആയിട്ടേള്ളൂ, അവനെക്കൊണ്ടെന്നാ ചെയ്യാമ്പറ്റും?'' അമ്മ വീണ്ടും പതം പെറുക്കിക്കരയാന്‍ ആരംഭിച്ചു. 
പെണ്ണിന് എന്തെങ്കിലും നല്കുന്നതിനെ സംബന്ധിച്ച് ഒരക്ഷരവും മിണ്ടിയില്ലെങ്കിലും  കല്യാണവിരുന്ന് എങ്ങനെ മോടിയാക്കാം എന്ന് അപ്പന്റെ വീട്ടുകാര്‍ കൂടിയാലോചന നടത്തുന്നുണ്ട്.    
''എല്ലാം മുറപോലെ നടത്തണം. എന്താ ഒരു വഴി?'' അപ്പന്‍ താടിക്കു കൈ കൊടുത്തിരിക്കുന്നു. 
മറിയക്കുട്ടിക്കൊച്ചമ്മ വന്നുപറഞ്ഞു: ''എടീ ലിസീ നിനക്കൊരു ഫോണ്‍കോളുണ്ട്.   പ്രേമിന്റെയാ.'' 
സംസാരം തീരുന്നതുവരെ കൊച്ചമ്മ ആ ഫോണിനരികെ തന്നേനിന്നു. അല്ലെങ്കിലും ഫോണിന്റെ എക്‌സ്റ്റന്‍ഷന്‍ അവരുടെ കടയിലുണ്ട്. അതുകൊണ്ട് അപ്പു ചോദിച്ചതിനൊക്കെ വളരെച്ചുരുങ്ങിയ വാക്കില്‍ അവള്‍ മറുപടി കൊടുത്തു. 
''മന്ത്രകോടിയെടുക്കാന്‍ വരുമ്പം വേണ്ടപ്പെട്ട എല്ലാരേം  കൊണ്ടുവരണം, എനിക്കും അമ്മയ്ക്കും സെലക്ഷനൊന്നുമറിയില്ല. ഉടുത്തോണ്ടുവരാനുള്ള കല്യാണസാരിയും സ്വര്‍ണ്ണവും അമ്മച്ചിഎടുത്തുതരും. നാളെ രാവിലെ ടൗണിലേക്കു വന്നാല്‍ മതി. അതുകഴിഞ്ഞ് ഹോട്ടല്‍ അഞ്ജലീന്ന് ലഞ്ചു കഴിച്ചിട്ട്  ജൂവലറിയിലേക്കു പോകാം. ഓകെ.''
ജാള്യം തോന്നിയെങ്കിലും മനസ്സുനിറഞ്ഞ സന്തോഷത്തോടെ, എന്നാല്‍ കുനിഞ്ഞശിരസ്സോടെ, 'രക്ഷിച്ചവന് തലകൊടുക്കാം' എന്ന  അടിമവിചാരത്തോടെ,  താഴ്മയായി ലിസി പറഞ്ഞു: ''ഞാന്‍ എല്ലാ കാര്യങ്ങളും പാറേലെ അമ്മച്ചിയോടു പറയാം, അതു പോരേ.''
''ഓക്കെ.''  
  
 (തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)