വ്യാകരണപഠനത്തില്‍ പ്രസക്തമായ രണ്ടുസാങ്കേതിസംജ്ഞകളാണ് അനുനാസികപ്രസരവും അനുനാസികാതിപ്രസരവും. രണ്ടും തമ്മില്‍ സാജാത്യ വൈജാത്യങ്ങള്‍ ഉണ്ട്. സന്ധിയില്‍, അനുനാസികം ഇല്ലാത്തിടത്ത് അനുനാസികം ആഗമിക്കുന്നതാണ് അനുനാസികപ്രസരം. അനുനാസികാതിപ്രസരമാകട്ടെ, അനുനാസികം പരവര്‍ണമായ ഖരത്തെക്കൂടി അനുനാസികമാക്കുന്ന പ്രവണതയാണ്. (അനുനാസികം + ഖരം ണ്ണ അനുനാസികം + അനുനാസികം = അനുനാസികാതിപ്രസരം) അനുനാസികപ്രസരം ആഗമവും അനുനാസികാതിപ്രസരം ആദേശവുമെന്നത്രേ അവ തമ്മിലുള്ള ഭേദം. രണ്ടുവികാരത്തിലും നിമിത്തഘടകമെന്നത് സാധര്‍മ്മ്യവും ഖരം അനുനാസികമായി മാറുന്നുവെന്നത് വൈധര്‍മ്യമായും കരുതാം. രണ്ടു പ്രവണതകളും ഒരു വാക്കില്‍ യഥാകാലം പ്രവര്‍ത്തിക്കുന്നത് അസാധാരണമല്ല.
കടിഞ്ഞൂല്‍ എന്ന വാക്കിന്റെ നിഷ്പത്തി എടുക്കാം. കടി+ചൂല്‍ ആണ് സന്ധിയില്‍ കടിഞ്ഞൂല്‍ എന്നാകുന്നത്. ആദ്യത്തെ ഗര്‍ഭമോ പ്രസവമോ ആണ് കടിഞ്ഞൂല്‍.
കടി എന്നതിന് ആദ്യത്തേത് എന്നും ചൂല്‍ എന്നതിന് ഗര്‍ഭം (ഗര്‍ഭധാരണം) എന്നും സന്ദര്‍ഭനിഷ്ഠമായി വിവക്ഷിതം കല്പിക്കാം. കടി + ചൂല്‍, അനുനാസികപ്രസരത്താല്‍ കടി + ഞ് + ചൂല്‍ എന്നും അനുനാസികാതിപ്രസരംകൊണ്ട് കടിഞ്ഞൂല്‍ (കടി + ഞ് + ഞൂല്‍) എന്നും രൂപം മാറുന്നു. ഇവിടെ ഉത്തരപദം ചൂല്‍ ആണ്; ചൂലിന്റെ ആദ്യവര്‍ണം ഖരവും. ആ ഖരത്തിന്റെ (ച) സ്വവര്‍ഗാനുനാസികമാണ് ഞ. താലവ്യാനുനാസികമായ ഞ താലവ്യഖരമായ ചയെ പൂര്‍വസവര്‍ണനംകൊണ്ട് താലവ്യമാക്കുന്നു. ഖരത്തിന്റെ സ്ഥാനത്ത് അനുനാസികം വരുന്നതിനാല്‍ ഇത് ആദേശസന്ധിയില്‍പ്പെടും. *ഇങ്ങനെ അനുനാസികാഗമവും അനുനാസികാതിപ്രസരവും ഒരേ പദത്തില്‍ സംഭവിക്കുന്നു. ഈ വിനിമയത്തെ ഇങ്ങനെ രേഖപ്പെടുത്താം. കടി + ഞ് + ചൂല്‍ ണ്ണ കടി + ഞ് + ഞൂല്‍ = കടിഞ്ഞൂല്‍. (കടിഞ്ചൂല്‍ ണ്ണ കടിഞ്ഞൂല്‍). ആദ്യത്തെ പ്രസവത്തിന് കടിഞ്ഞൂല്‍പ്പേറ് എന്നും ദുര്‍ബലനും മന്ദബുദ്ധിയുമായ ആദ്യസന്താനത്തിന് കടിഞ്ഞൂല്‍പ്പൊട്ടന്‍ എന്നും സാമാന്യമായി വ്യവഹരിക്കുന്നു. സംസാരഭാഷയില്‍ കടിഞ്ഞൂപ്രസവം, കടിഞ്ഞൂപ്പൊട്ടന്‍ എന്നിങ്ങനെ രണ്ടു പദങ്ങള്‍ക്കും രൂപമാറ്റമുണ്ട്. ''കന്യപൃഥയ്ക്കു കടിഞ്ഞൂല്‍ക്കിടാവായ/ കര്‍ണന്‍, കരാഞ്ചിതകാളപൃഷ്ഠന്‍'' (കര്‍ണഭൂഷണം) എന്നാണല്ലോ ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.**
*ലത, വി. നായര്‍, എന്‍. ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍(സമ്പാദനം) വാല്യം രണ്ട്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം-43.
** പരമേശ്വരയ്യര്‍, എസ്, ഉള്ളൂര്‍, കര്‍ണഭൂഷണം, ഉള്ളൂര്‍ പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 1989, പുറം - 11