''പോവിന്‍ നിങ്ങള്‍, സമസ്ത ലോകരിലുമെന്‍ സന്ദേശമെത്തിക്ക''യെ-
ന്നാ വത്സര്‍ നിജശിഷ്യരോടരുളിനാന്‍ ശ്രീയേശുനാഥന്‍ പരന്‍.
ജീവന്‍പോലുമശങ്കമഗ്ഗുരുവിനായ് നല്കാന്‍ സദാ സജ്ജരായ്
ജീവിച്ചോരവര്‍ ദൗത്യമേന്തിയുടനേ പോയ് ഭിന്നദേശങ്ങളില്‍
ശ്രീമല്‍ക്കേരളഭൂവില്‍ ദിവ്യസുവിശേഷത്തിന്‍ സമാരാധ്യമാ-
മോമല്‍ സ്‌നേഹമനോജ്ഞ ദീപിക വിരാജിപ്പിച്ച ശിഷ്യോത്തമന്‍
തോമസ് പുണ്യവരേണ്യ, താവകമഹം കൊണ്ടാടുമീ നാളില്‍ നിന്‍
നാമത്തെ പ്രണമിച്ചുകൊണ്ടു സുതരെത്തിടുന്നിതാ സാദരം
നാഥന്‍ കാട്ടിയൊരാവെളിച്ചമതു ഭൂവെമ്പാടുമെത്തിക്കുവാന്‍
നീ സന്ദേഹമെഴാതിറങ്ങി, വകവച്ചീലാ പ്രയാസങ്ങളെ
ക്ലേശങ്ങള്‍ വഴിമാറിയിങ്ങകലെ നീ വന്നെത്തി, ദൈവാശ്രിത-
ര്‍ക്കേശില്ലാ വിഷമങ്ങളൊന്നു,മകലം സാമീപ്യമായ് മാറിടും.
ചന്തം തൂകിന നന്‍ പവിത്ര തനുവാ ദുഷ്ടാരിതന്‍ ക്രൂരമാം
കുന്തം ക്രൂരതരം പിളര്‍ക്കുവതുമാശ്ലേഷിച്ച പുണ്യാകരാ,
സ്വന്തം ശേഷി സമസ്തമീശനു പരം ജീവന്‍ വരേ നല്കി സാ-
നന്ദം നാകപുരം കരേറുവതിനായ് കാട്ടുന്നു നീ സല്‍പഥം
ഇഷ്ടന്‍ ലാസര്‍ മരിക്കെയാ വസതിയില്‍ പോവാനെഴും യേശുവി-
ന്നിഷ്ടത്തെസ്സഹശിഷ്യര്‍ ശത്രുഭയമാര്‍ന്നൊന്നായെതിര്‍ത്തീടവേ
യുക്തം നാമവിടേക്കു പോവ, തവനോടൊപ്പം മരിക്കാം നമു,-
ക്കൊട്ടും ശങ്കയെഴാത്തവണ്ണമവരോടോതീലയോ നീയിദം?
കാണാതുത്ഥിതനായ യേശുപരനില്‍ വിശ്വാസമര്‍പ്പിക്കുവാന്‍
ഞാനില്ലെന്നു പറഞ്ഞു മാറിയ നിനക്കീശന്‍ കൃപാവാരിധി
കാണിപ്പാന്‍ കനിവായി തൃപ്പഴുതുകള്‍, വിശ്വാസമേറീനിന,-
ക്കാ നല്ലോര്‍മ്മ പുതുക്കി നന്മ നുകരാന്‍ താതാ തുണയ്‌ക്കേണമേ.
ശ്രീതാവും തവ തീര്‍ത്ഥപാദകമലസ്പര്‍ശം ലഭിച്ചാവണം
ജാതാമോദമതുല്യപുഷ്ടിമയില്‍ മുന്നേറുന്നതിക്കേരളം
ഓതാനില്ലിതുപോല്‍ മനോജ്ഞമൊരിടം, നീ വീണ്ടുമെത്തിടിലുല്‍-
ഭൂതാനന്ദമതെത്ര വന്‍പിയലുമാറാവാം ഗുരോ, പാര്‍ക്കുകില്‍!
തിങ്ങിച്ചേര്‍ന്നു പരം വിളങ്ങി വിലസും ലാവണ്യധാമങ്ങളാ-
തെങ്ങിന്‍തോപ്പുകള്‍, മഞ്ജുഗാനമയമാം മാകന്ദവൃന്ദങ്ങളും
എങ്ങെങ്ങും മലര്‍വാടികള്‍, ഫലചയം, വല്ലീവിതാനങ്ങള്‍, ഹാ!
എങ്ങില്ലാത്ത സമൃദ്ധി കേരളധരയ്‌ക്കോലുന്നു കില്ലില്ലിതില്‍
എന്നാല്‍ ഭൗതികമാം സമൃദ്ധിയിതിനെക്കാളേറെയൗന്നത്യമാ-
ര്‍ന്നൊന്നുണ്ടിങ്ങതു നീ വിതച്ച വലിയോരാത്മീയചൈതന്യമാം
ഇന്നീ നാടിനജയ്യശക്തിയരുളിക്കാത്തീടുമീ നന്മയി-
ങ്ങെന്നാളും നിലനിന്നിടട്ടെ,യിതിനായേകട്ടെ നാഥന്‍ വരം
കാലം വിശ്രമമെന്നിയേ മഹിതമീ വിശ്വാസസമ്പത്തിനെ-
പ്പാടേയങ്ങു തകര്‍ച്ച ചെയ്യുവതിനായേറെ ശ്രമിച്ചെങ്കിലും
കാണാവുന്ന യഥാര്‍ത്ഥസത്യമതു നാമോര്‍ത്തീടണം, ഭൂവിതില്‍
നാനാദിക്കുകളും നിറഞ്ഞൊഴുകുകയാണീ നിത്യസത്യപ്രഭ.
ലോകാനര്‍ത്ഥ സുഖങ്ങളാം കെണികളില്‍ വീഴാതെയും ശോഭനം
നാകാനശ്വര സൗഖ്യമൊന്നു സുചിരം ഹൃത്തില്‍ പതിപ്പിച്ചുമായ്
നീ കാട്ടീടിന ദിവ്യമാം സരണിയില്‍ മാത്രം ചരിച്ചന്ത്യമായ്
പൂകാനായ് തുണയേകണേ ഗുരുവരാ, സ്വര്‍ല്ലോകദേശം ക്രമാല്‍.