•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

ഹനുമാന്‍കുരങ്ങ്

കേരളത്തില്‍ കാണപ്പെടുന്ന ഒരിനം കുരങ്ങാണ് ഹനുമാന്‍കുരങ്ങ്. ഇന്ത്യയുടെ എല്ലാഭാഗത്തും ഇവയെ കാണാം. 14 ജാതികളുള്ള ഇവ 2500 മീറ്റര്‍ വരെ ഉയരമുള്ള പര്‍വ്വതപ്രദേശങ്ങളില്‍ ജീവിക്കുന്നു. മനുഷ്യനോട് ഏറെ സാമ്യമുള്ള ഗൊറില്ല, ചിമ്പാന്‍സി എന്നിവയുടെ  കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. കരിങ്കുരങ്ങും സിംഹവാലനുമൊക്കെ ഇതേ കുടുംബത്തില്‍പ്പെടും. മറ്റു മൃഗങ്ങളെക്കാള്‍ ബുദ്ധിശക്തിയുള്ള ഹനുമാന്‍കുരങ്ങുകള്‍ മരക്കൊമ്പുകളില്‍ കാട്ടുന്ന അഭ്യാസപ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. ചാട്ടത്തിലും ഓട്ടത്തിലും ബഹുകേമന്‍ തന്നെ. കരിങ്കുരങ്ങും സിംഹവാലനും നിലത്തിറങ്ങുക വളരെ അപൂര്‍വ്വമായ കാഴ്ചയാണെങ്കില്‍ ഹനുമാന്‍കുരങ്ങ്  മിക്കവാറും നിലത്താണ് സഞ്ചരിക്കുന്നത്. പൂര്‍ണമായും സസ്യഭോജികളായ ഇവയുടെ പ്രധാന ശത്രുക്കള്‍ കടുവയും പുലികളുമാണ്. മരക്കൊമ്പുകളിലെ അഭ്യാസമുറകള്‍ ഇവയെ രക്ഷപ്പെടാന്‍ സഹായിക്കുന്നു. കൂട്ടമായാണ് ഇവയെ കാണുക.
ഹനുമാന്‍കുരങ്ങിന്റെ ശരീരത്തിനു വെള്ള കലര്‍ന്ന തവിട്ടുനിറമാണ്. മുഖമാകട്ടെ കറുപ്പുനിറവും. മുന്‍കാലുകള്‍ക്കു നീളക്കൂടുതലുണ്ട്. ഉയരം ശരാശരി 75 സെ. മീറ്ററും നീളം പരമാവധി 170 സെ. മീറ്ററുമാണ്. ഹനുമാന്‍കുരങ്ങ് ഒറ്റയ്ക്ക് സഞ്ചരിക്കുക അപൂര്‍വ്വമാണ്. പത്തോ പതിനഞ്ചോ അംഗങ്ങള്‍ കൂട്ടമായി നടക്കുന്നു. ഇക്കൂട്ടത്തില്‍ കുഞ്ഞുങ്ങളും വയസ്സന്മാരുമുണ്ടാകും. കാട്ടില്‍ മാത്രമല്ല, കാടിനോടു ചേര്‍ന്ന ജനവാസമേഖലകളിലും ഇവയെ കാണാം. ചിലയിടങ്ങളില്‍ കോവിലുകളിലും ക്ഷേത്രപരിസരങ്ങളിലുമൊക്കെ  ഇവയെ കാണാറുണ്ട്. ചില പ്രദേശങ്ങളില്‍ മൂളിയാന്‍ എന്നു വിളിക്കുന്ന ഹനുമാന്‍കുരങ്ങുകളുടെ വംശവര്‍ദ്ധന പ്രധാനമായും ഏപ്രില്‍, മേയ് മാസങ്ങളിലാണ്.
വനത്തില്‍ മിക്കവാറും പുള്ളിമാനോടൊപ്പമാകും ഹനുമാന്‍കുരങ്ങിനെ കാണുക. മരത്തിനു മുകളിലിരുന്ന് കായ്കളും പഴങ്ങളുമൊക്കെ പുള്ളിമാനിന് ഇട്ടുകൊടുക്കുന്ന ശീലം ഹനുമാന്‍കുരങ്ങിനുണ്ട്.  അങ്ങനെ അവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലായി കാണുന്നു. അപകടസൂചന വല്ലതുമുണ്ടായാല്‍ മരത്തിനു മുകളിലിരുന്ന് അതറിയിക്കാനും ഹനുമാന്‍കുരങ്ങ് മടി കാണിക്കില്ല. കടുവയോ പുലിയോ കഴുതപ്പുലിയോ പുള്ളിമാനിനെ വേട്ടയാടാന്‍ ഒരുമ്പെട്ടാല്‍ തത്ക്ഷണം ഹനുമാന്‍കുരങ്ങ് ശബ്ദംകൊണ്ട് സിഗ്നല്‍ നല്‍കിയിരിക്കും. 

 

Login log record inserted successfully!