•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

സാത്താന്‍ സേവകര്‍ കൊലപ്പെടുത്തിയ സി. മരിയ ലൗറ മായിനെത്തി അള്‍ത്താരവണക്കത്തിലേക്ക്

  • സ്വന്തം ലേഖകൻ
  • 2 July , 2020

വത്തിക്കാന്‍സിറ്റി: സാത്താന്‍ സേവകരായ മൂന്നു പെണ്‍കുട്ടികള്‍ ക്രൂരമായി കൊലപ്പെടുത്തിയ മരിയ ലൗറ മായിനെത്തി എന്ന കത്തോലിക്കാസന്ന്യാസിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് ഫ്രാന്‍സീസ് പാപ്പായുടെ അനുമതി. സിസ്റ്ററിന്റെ മരണം രക്തസാക്ഷിത്വമായി പാപ്പാ അംഗീകരിച്ചതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 
2000 ജൂണ്‍ ആറിനാണ് ഇറ്റലിയിലെ ചിയാവന്നയിലുളള പാര്‍ക്കില്‍ അറുപതു വയസുള്ള സിസ്റ്റര്‍ മരിയ കൊല ചെയ്യപ്പെടുന്നത്. പിന്നീട് മൂന്ന് പെണ്‍കുട്ടികളും പോലീസ് പിടിയിലാവുകയും, വിചാരണയ്ക്കുശേഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. മൂവരെയും സണ്‍ഡേസ്‌കൂളില്‍ സിസ്റ്റര്‍ മരിയ ലൗറ പഠിപ്പിച്ചിരുന്നു. ആ പരിചയം മുതലെടുത്താണ് പെണ്‍കുട്ടികള്‍ സിസ്റ്ററിനെ പാര്‍ക്കിലേക്കു ക്ഷണിച്ചത്. 
പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും, അവള്‍ ഗര്‍ഭിണിയാണെന്നും, ഗര്‍ഭച്ഛിദ്രം നടത്താന്‍ പോവുകയാണെന്നും ഉപദേശം ആവശ്യമാണെന്നും പറഞ്ഞായിരുന്നു സിസ്റ്ററിനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. പാര്‍ക്കില്‍വച്ച് അവര്‍ ബലപ്രയോഗത്തിലൂടെ സിസ്റ്ററുടെ തല സമീപത്തെ ഭിത്തിയില്‍ പലപ്രാവശ്യം ഇടിപ്പിച്ചും മുട്ടുകുത്തി നിര്‍ത്തി കട്ട ഉപയോഗിച്ച് അടിച്ചും ആക്രമണം തുടരുകയായിരുന്നു. ഇതിനുശേഷം മൂന്നു പെണ്‍കുട്ടികളും മാറിമാറി മരിയ ലൗറയെ പലപ്രാവശ്യം കുത്തി. 19 കുത്തുകളാണ് സിസ്റ്റര്‍ മരിയയ്ക്ക് ഏറ്റത്. മൂവരും ആറു പ്രാവശ്യം വീതം കുത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത് 666 എന്ന പൈശാചികസംഖ്യ രൂപപ്പെടുത്താന്‍വേണ്ടിയായിരുന്നു.
മരണസമയത്തും സിസ്റ്ററുടെ അവസാനവാക്കുകള്‍ പ്രാര്‍ത്ഥനയായിരുന്നു. തനിക്കെതിരേ ആക്രമണം നടക്കുന്ന സമയത്തെല്ലാം പെണ്‍കുട്ടികള്‍ക്കു മാപ്പു നല്‍കണമെന്ന് സിസ്റ്റര്‍ മരിയ ലൗറ പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രതികള്‍ ആദ്യം ഇടവകവൈദികനെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെങ്കിലും, അതു ബുദ്ധിമുട്ടായിരിക്കുമെന്നു മനസ്സിലാക്കി പിന്മാറുകയായിരുന്നു. പീന്നീടു നടന്ന അന്വേഷണത്തില്‍ മൂന്നു പെണ്‍കുട്ടികളുടെയും നോട്ട്ബുക്കുകളില്‍നിന്നു സാത്താനിക കുറിപ്പുകള്‍ പോലീസ് കണെ്ടത്തി. കൊലപാതകം നടത്തുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് അവര്‍ രക്തപ്രതിജ്ഞ ചെയ്തിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. ശിക്ഷാകാലയളവ് കഴിഞ്ഞു മൂന്നുപേരും ജയിലില്‍നിന്നു മോചിപ്പിക്കപ്പെട്ട് ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ കുടുംബജീവിതം നയിക്കുകയാണെന്നാണ് 'കോറെറി ഡെല്ലാ സേറാ' റിപ്പോര്‍ട്ട് ചെയ്യുന്നത്.
1939 ഓഗസ്റ്റ്മാസം ഇരുപതാംതീയതി ഇറ്റലിയിലെ കൊളിക്കോ പട്ടണത്തിലാണ് സിസ്റ്റര്‍ മരിയ ലൗറയുടെ ജനനം. പതിനെട്ടാമത്തെ വയസ്സില്‍ സന്ന്യാസിനീസഭയില്‍ പ്രവേശിച്ച അവര്‍ ചിയാവന്നയിലുളള സിസ്റ്റേഴ്‌സ് ഓഫ് ദി ക്രോസ് സന്ന്യാസിനീമഠത്തിന്റെ സുപ്പീരിയര്‍പദവി വഹിച്ചുവരികെയാണ് മരണം വരിച്ചത്. പാവങ്ങളുടെ ഇടയില്‍ സിസ്റ്റര്‍ മരിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്ക് ഇന്നും മറക്കാനാവാത്ത ഓര്‍മ്മയാണ്. സര്‍വ്വതും ത്യജിച്ച സിസ്റ്റര്‍ മരണസമയത്തുപോലും അക്രമികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് തന്റെ ജീവന്‍ ബലികൊടുത്തുവെന്ന് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നേരത്തേ അനുസ്മരിച്ചിരുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)