ചേതസ്സിനാകെ വ്യഥയേറ്റി വരുന്നിതെന്നും
മീതെയ്ക്കു മീതെയപമൃത്യു നടന്ന വാര്‍ത്ത;
രോധിക്കവേണമിതു നാടിനു ശാപമല്ലേ?
ബാധിച്ചിടുന്നൊരതി ഭീകരവ്യാധിയല്ലേ?
നെഞ്ചം പകുത്തു പ്രിയവല്ലഭനേകിയോളെ-
ത്തഞ്ചിച്ചിടേണ്ട പതി ദുര്‍മൃതി ചേര്‍ത്തിടുന്നു!
പഞ്ചാമൃതം പതിയിലില്ലകമേ നിറച്ചും
നഞ്ചായതിങ്കല്‍ വധു ജീവനൊടുക്കിടുന്നു!
രണ്ടാകിലും ഹനനമൊന്നിഹ സംഭവിപ്പൂ,
തണ്ടറ്റു, ജീവതരുവൊന്നു നിലംപതിപ്പൂ;
ഇണ്ടല്‍ പെരുത്തു മൃതിപാര്‍ത്തിനിയെത്രയോപേ-
രുണ്ടാം സഹോദരിക,ളോരുവതാധിജന്യം!
ചൊല്ലേവമുണ്ടു: ''പരിപൂതവിവാഹകര്‍മം
നല്ലീശനങ്ങു നിറവേറ്റുമലോകലോകേ;
ഇല്ലെങ്ങുമാര്‍ക്കുമവകാശമസാധുവാക്കാന്‍
കില്ലില്ല, ദമ്പതികള്‍ പിന്നെയൊരൊറ്റ ദേഹം!''
ബദ്ധാനുരാഗമധുരം നിതരാം നുകര്‍ന്നും
ബദ്ധാദരത്തൊടലശണ്ടകളൊത്തുതീര്‍ത്തും
തിക്താകുലങ്ങളൊരുമിച്ചഖിലം സഹിച്ചും
വൃത്താന്തമിങ്ങുമിഥുനം മുഴുമിക്കവേണം
ഇച്ചൊന്നതൊക്കെ മുറപോലെരിവോടുചിന്തി-
ച്ചുള്‍ക്കൊണ്ടുതാനുപയമം പൊടിപാറ്റിടേണ്ടൂ;
ചിക്കെന്നു നൂലിഴയറുത്തു പിരിഞ്ഞുപോകാ-
നൊക്കില്ലവര്‍ക്കിതു വ്രതം മൃതി പൂകുവോളം
പണ്ടങ്ങളല്ല, പണമ, ല്ലൊരുമിച്ചുവാഴും
പെണ്ണാണു പൂരുഷനു കൈവരുമാസ്തി പാരില്‍;
കണ്ണീരവള്‍ക്കു പകരൊല്ല പതേ,യൊരിറ്റും
ദണ്ഡം വരാതെ പരിപാലനമേക നിത്യം
ഹനനം - കൊല, അലോകലോകം - സ്വര്‍ഗം.
കില്ലില്ല - സംശയമില്ല, അലശണ്ട - വഴക്ക്. വൃത്താന്തം - ചരിത്രം(കഥ), ഉപയമം - വിവാഹം.