മനുഷ്യകുലത്തിനു ദൈവം നല്കിയ ദിവ്യൗഷധമാണ് സംഗീതം. ഈ വിശ്വംമുഴുവന്‍ സംഗീതത്തിന്റെ ഭാഗങ്ങളായ ശ്രുതിയും താളവും കൊണ്ടു നിറഞ്ഞുനില്‍ക്കുന്നു. പ്രകൃതിയുടെ ഓരോ ചലനവും സംഗീതാത്മകമാണ്. ഈ പ്രകൃതിയുടെ ഭാഗമായ മനുഷ്യനും സംഗീതാത്മകമാണ്. മനുഷ്യശരീരംതന്നെ ഒരു വീണയാണെന്നാണ് ഇന്ത്യന്‍സംഗീതശാസ്ത്രം വിവക്ഷിക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ സംഗീതോപകരണം ഏതാണെന്നുചോദിച്ചാല്‍ ഉത്തരം മനുഷ്യശരീരം. മനുഷ്യശരീരത്തിലെ ഓരോ ചലനവും താളാത്മകമാണ്, സംഗീതസാന്ദ്രമാണ്. തിരുസഭയുടെ ഏറ്റവും ചെറിയ ഘടകമായ കുടുംബം സംഗീതാത്മകമാണ്. കുടുംബജീവിതത്തിന് മാതാപിതാക്കളുടെ, കുടുംബാംഗങ്ങളുടെ, ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വരച്ചേര്‍ച്ച അനിവാര്യമാണ്.
സപ്തസ്വരങ്ങളിലൂടെ ഒഴുകിയെത്തുന്ന സംഗീതം ഒരു ആകാശഗംഗയായി ഒഴുകി ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങളില്‍ ലയിച്ച് വ്യത്യസ്തങ്ങളായ ശൈലികളും രൂപവും പ്രാപിച്ചിരിക്കുകയാണിന്ന്. സംഗീതം പ്രാചീനമാണെങ്കിലും 1982 മുതലാണ് വിശ്വസംഗീതദിനം ജാക്‌ലാങ്ങ്, മോറിസ് ഫ്‌ളൂവേര്‍ട്ട് എന്നിവരുടെ നേതൃത്വത്തില്‍ പാരീസില്‍ ആഘോഷിക്കാനാരംഭിച്ചത്.
ലോകംമുഴുവന്‍ കോവിഡിന്റെ വേദനയിലും ഭീതിയിലും കഴിയുന്ന ഈ വര്‍ഷം സംഗീതം എല്ലാവര്‍ക്കും സൗഖ്യദായകമായ ഔഷധമായി മാറട്ടെ. മനുഷ്യമനസ്സിലെയും ശരീരത്തിലെയും തിന്മയുടെ അംശത്തെ അലിയിച്ച് സംഗീതം അവിടെ നന്മയുടെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ രക്ഷയുടെ ഊര്‍ജ്ജം നിറയ്ക്കട്ടേയെന്ന് ആശംസിക്കുന്നു.