•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

അല്ലിമോളുടെ അച്ഛന്‍

  • ഷാജി മാലിപ്പാറ
  • 15 July , 2021

മരംവെട്ടുകാരന് സ്വര്‍ണക്കോടാലി സമ്മാനിച്ച വനദേവതയുടെ കഥ അമ്മ വായിച്ചുകേള്‍പ്പിച്ചു. അതു കഴിഞ്ഞയുടന്‍ അല്ലിമോള്‍ ആവശ്യപ്പെട്ടു: ''ഇനി അച്ഛന്‍ കഥ വായിക്കണം.'' 
''വേണ്ട. അമ്മ വായിച്ചോളും.'' അച്ഛന്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും അവള്‍ വിട്ടില്ല. ''അച്ഛന്‍തന്നെ വായിച്ചാ മതി.'' 
കൊറോണക്കാലത്തിനുമുമ്പ് മാമന്‍ വാങ്ങിക്കൊടുത്ത കഥപ്പുസ്തകം അവള്‍ അച്ഛന്റെ മടിയില്‍ വച്ചുകൊണ്ട് പറഞ്ഞു: ''അമ്മയല്ലേ എപ്പഴും വായിച്ചുതരണത്? ഇന്ന് അച്ഛന്‍ വായിച്ചുതരണം.'' 
രണ്ടാം ക്ലാസുകാരിയായ അല്ലിമോള്‍ വാശിക്കാരിയല്ല.എന്നാല്‍, ഇന്നവള്‍ അച്ഛന്‍ വായിക്കണമെന്ന ശാഠ്യത്തിലാണ്. അതിനു തക്ക കാരണവുമുണ്ട്. വായനോത്സവം പ്രമാണിച്ച് സ്‌കൂളില്‍നിന്ന് പല പരിപാടികളും ഒരുക്കുന്നുണ്ട്. അതിലൊന്ന് കുടുംബവായനയാണ്. അതെങ്ങനെ വേണമെന്ന് വിമലറ്റീച്ചര്‍ കൃത്യമായി ഗ്രൂപ്പില്‍ പറഞ്ഞിട്ടുമുണ്ട്. വീട്ടിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് കുറച്ചുനേരം പുസ്തകം വായിക്കണം. കഥയോ കവിതയോ വിവരണമോ എന്തുമാകാം. എല്ലാവരും മാറിമാറി വായിച്ചാല്‍ അത്രയും നന്ന്. അതാണ് കുടുംബവായന. അതിന്റെ ഫോട്ടോയോ വീഡിയോയോ എടുത്ത് ടീച്ചര്‍ക്ക് അയച്ചുകൊടുക്കുകയും വേണം. 
റ്റീച്ചറുടെ നിര്‍ദ്ദേശം വായിച്ചപ്പോള്‍മുതല്‍ അല്ലിമോള്‍ക്കു തിടുക്കമായി. അച്ഛന്‍ കടയിലെ പണികഴിഞ്ഞു വരട്ടെയെന്ന് അമ്മ പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചതുമാണ്. കൊറോണക്കാലമായതില്‍പ്പിന്നെ അച്ഛന് എന്നും പണിയില്ല. ഉള്ളപ്പോള്‍ത്തന്നെ നേരത്തേ വരികയും ചെയ്യും. എന്നിട്ടാണിപ്പോള്‍ അച്ഛന്‍ കഥ വായിക്കാതെ ഉഴപ്പാന്‍ നോക്കുന്നത്. അല്ലിമോള്‍ അതിനു സമ്മതിക്കുകയില്ല. അങ്ങനെയാണ് അമ്മയും പിന്തുണയുമായി വന്നത്. ''ഒരു കഥ വായിച്ചുകൊടുക്കെന്നേ. പിള്ളേരുടെ ആശയല്ലേ?''
''അച്ഛന്‍ കഥ വായിക്കണത് ഞാന്‍ കേട്ടിട്ടില്ല.'' നേഴ്‌സറിക്കാരന്‍ അല്ലുമോന്‍ കൊഞ്ചിപ്പറഞ്ഞു. ഒടുവില്‍ ഭിത്തിയില്‍ ചാരിയിരുന്ന് കാലുകള്‍ നീട്ടിവച്ച് അച്ഛന്‍ കഥപ്പുസ്തകം കൈയിലെടുത്തു. അല്ലിമോള്‍ കാതുകൂര്‍പ്പിച്ച് അച്ഛന്റെ മുഖത്തുനോക്കിയിരുന്നു. 
''പങ്കിയമ്മൂമ്മയും പയര്‍മണികളും...'' അച്ഛന്‍ തലക്കെട്ടുമുതല്‍ വായിക്കുന്നത് അല്ലിമോള്‍ ശ്രദ്ധിച്ചു. നല്ല മുഴക്കമുള്ള സ്വരം, കൊള്ളാം. അവള്‍ മനസ്സില്‍ പറഞ്ഞു. 
പങ്കിയമ്മൂമ്മ രണ്ടു പയര്‍മണികള്‍ മണ്ണില്‍ കുഴിയുണ്ടാക്കി അതിലിട്ടു. അതിലൊരു പയര്‍മണി കുഴിയില്‍നിന്ന് ചാടിക്കയറി ഒരു കല്ലിന്മേലിരുന്നു. അതിനെ ഒരു കിളി കൊത്തിത്തിന്നു. മറ്റേ പയര്‍മണി മണ്ണില്‍ ചേര്‍ന്നുകിടന്നു. അതു മുളച്ചുവളര്‍ന്ന് ധാരാളം പയര്‍മണികള്‍ ഉണ്ടായി. ഈ ചെറിയ കഥയുടെ ഇടയില്‍ കുഞ്ഞുപാട്ടുകളും ഉണ്ടായിരുന്നു. അമ്മയാണെങ്കില്‍ അതൊക്കെ വായിച്ചുപോകും. പക്ഷേ, അച്ഛന്‍ പാട്ടുകള്‍ ഈണത്തില്‍ ആവര്‍ത്തിച്ചു പാടിക്കൊടുത്തു. അല്ലിമോളും അല്ലുമോനും ഏറ്റുപാടി. എല്ലാം കേട്ടു രസിച്ചിരുന്ന അമ്മയും കൂടെച്ചേര്‍ന്നു പാടിയപ്പോള്‍ നല്ല രസമായി. 
അയലത്തെ അപ്പുച്ചേട്ടന്‍ ആ വഴി വന്നതിനാല്‍ കഥമേളത്തിന്റെ വീഡിയോയും എടുക്കാന്‍ പറ്റി. അച്ഛന്‍തന്നെ അത് ക്ലാസ്ഗ്രൂപ്പിലേക്ക് ഇടുകയും ചെയ്തു. 
''കുടുംബവായനയുടെ മാതൃകയായി മാറി അല്ലിമോളുടെ വീഡിയോ. ആയിരം അഭിനന്ദങ്ങള്‍!'' ടീച്ചറുടെ കമന്റാണ് ആദ്യം വന്നത്. പിന്നെ തുരുതുരാ കമന്റുകള്‍. 
''അല്ലിമോളുടെ അച്ഛന്‍ കിടുവാണ്.'' 
''അല്ലിമോളുടെ അച്ഛനാണ് താരം.''
അതേ, എന്റെ അച്ഛന്‍ താരമാണ്. അല്ലിമോള്‍ക്കു സന്തോഷമായി. അവള്‍ അച്ഛന്റെ അരികിലെത്തി, കുറ്റിത്താടി നിറഞ്ഞ കവിളത്ത് ഉമ്മവച്ചു. ചിരിച്ചുകൊണ്ട് അടുത്തെത്തിയ അമ്മയ്ക്കും അല്ലിമോളൊരു സ്‌നേഹമുത്തം കൊടുത്തു. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)