•  2 May 2024
  •  ദീപം 57
  •  നാളം 8
വിളക്കുമരം

പുത്തന്‍കുരിശിലെ കൊടിമരം

ലങ്കര യാക്കോബായ സുറിയാനിസഭയുടെ ആത്മീയ മഹാചാര്യനായ ആബൂന്‍ മോറാന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിക്ക് തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തിന്റെ ദൈവകൃപയുടെ നാളുകള്‍. പരിമിതഗ്രാമീണസാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും കടല്‍ നീന്തിക്കടന്നും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കൊടുമുടികള്‍ നടന്നുകയറിയുമാണ് തോമസുകുട്ടി എന്ന ബാലന്‍ തോമസ് ശെമ്മാശനും പിന്നീട് തോമസ് അച്ചനും കാലത്തിന്റെ തികവില്‍ തോമസ് റമ്പാനും തോമസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഒടുവില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായുമായി രൂപാന്തരം പ്രാപിച്ചത്. ബാവാതിരുമേനി ആരുടെയും സൗജന്യത്തില്‍ സഭയുടെ മേലധ്യക്ഷപദവിയില്‍ എത്തിച്ചേര്‍ന്നയാളല്ല; മറിച്ച്, എതിര്‍പ്പുകള്‍ക്കും പ്രതിസന്ധികള്‍ക്കും മധ്യേ ഒഴുക്കിനെതിരേ നീന്തിയും, തന്റെ വിശ്വാസിസമൂഹത്തെ നദിയിലെ ഒഴുക്കിലും മരുഭൂമിയിലെ ചൂടിലും പൊടിയിലും വീണുപോകാതെ സംരക്ഷിച്ചും, സ്വന്തം നിര്‍ഭയത്വവും നേതൃപാടവവും സംഘാടകസാമര്‍ഥ്യവും തെളിയിച്ചും സഭയുടെ നായകസ്ഥാനത്തെത്തിയ  ജനകീയനായ ഒരു യഥാര്‍ത്ഥ ആത്മീയനാണ്.
ബാവാതിരുമേനി ഇളകാത്ത ഭക്തനും ഉറച്ച വിശ്വാസിയുമാണ്. തിരുമേനിയുടെ കലണ്ടറില്‍ എല്ലാ വര്‍ഷവും ഉപവാസദിനങ്ങളാണു കൂടുതല്‍. ആരെയും ആകര്‍ഷിക്കുന്ന ചിരിയും ആരെയും നിരായുധരാക്കുന്ന വിനയവുമാണ് ബാവായുടെ ആയുധങ്ങള്‍.  നാലാം ക്ലാസുവരെ മാത്രമേ സ്‌കൂളില്‍ പോയിട്ടുള്ളൂവെന്നും പിന്നീടെല്ലാം തന്റെ ഗുരുവിന്റെ പാദത്തിങ്കലിരുന്നും  സെമിനാരിയില്‍ ചേര്‍ന്നും പഠിച്ചിട്ടുള്ളവ മാത്രമാണെന്നും പറയാന്‍ തിരുമേനി ഒരിക്കലും ഒട്ടും മടിച്ചിട്ടുമില്ല. താന്‍ ദൈവശാസ്ത്രവിജ്ഞാനത്തിന്റെ ഭണ്ഡാഗാരമാണെന്ന് ബാവാ ഒരിക്കലും അവകാശപ്പെട്ടുമില്ല. എന്നാല്‍, താന്‍ വിശ്വസിക്കുന്ന യേശുതമ്പുരാനെ തന്റെ അനുദിനാനുഭവങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്നു പറയാനുള്ള ബോധ്യവും ആര്‍ജവവും എന്നും  തിരുമേനി കാണിച്ചിട്ടുമുണ്ട്.
ബാവാതിരുമേനിയുടെ ഭക്തിയില്‍ പ്രകടനമില്ല. അതു വിശ്വാസത്തിന്റെ ബലത്തില്‍ തിരുമേനി ദൈവമുമ്പാകെ ഉയര്‍ത്തുന്ന തന്റെ നിലവിളിയാണെന്നു ബാവായെ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. തിരുമേനി കര്‍ത്തൃപ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അതൊരു അനന്യമായ അനുഭവംതന്നെയാണ്.
ഹൃദയസ്പര്‍ശിയാണ് ബാവായുടെ പ്രാര്‍ത്ഥനകള്‍. തിരുമേനിയുടെ ആരാധനാശുശ്രുഷകളും വിശുദ്ധ കുര്‍ബാനയുമെല്ലാം നമ്മുടെ ഹൃദയങ്ങളെ ആത്മീയതയുടെ അതീവ വ്യത്യസ്തമായ ഒരു തലത്തിലേക്കു കൊണ്ടുപോകുമെന്നതാണ് യാഥാര്‍ത്ഥ്യം. 
ബാവായുടെ പ്രസംഗങ്ങളും ശ്രോതാക്കളുടെ ഹൃദയങ്ങളെ തൊടുന്നവയാണ്. അതില്‍ പാണ്ഡിത്യപ്രകടനങ്ങള്‍ക്കോ സാഹിത്യസൗന്ദര്യത്തിനോ ഒന്നും സ്ഥാനമില്ല. ഹൃദയം ഹൃദയത്തോടു സംവദിക്കുന്നതാണ് ശ്രേഷ്ഠബാവായുടെ പ്രസംഗരീതി. അതു ഹൃദ്യവുമാണ്. ജീവിതത്തിലും തിരുമേനിക്ക് ആരോടും പകയോ പരിഭവമോ പരാതിയോ എതിര്‍പ്പോ ഒന്നുമില്ല. എന്നാല്‍, നിലപാടുകളിലെ ഭിന്നതയുടെ അടിസ്ഥാനത്തിലുള്ള എതിര്‍വാദങ്ങള്‍ ഏതു വേദിയിലും ആരുടെ സാന്നിധ്യത്തിലും തുറന്നുപറയാന്‍ മടിച്ചിട്ടുമില്ല.
സന്ദര്‍ഭവും സാഹചര്യവുംപോലെ പരസ്യവേദികളില്‍ വച്ച് എന്നെ സാറേ എന്നും അല്ലാത്തപ്പോള്‍ മോനേ എന്നുമാണു വിളിക്കുക. രണ്ടു വിളികളിലും സ്‌നേഹത്തിന്റെ അടുപ്പവും ആഴവും ഒന്നുതന്നെയാണ്. എത്രയോ തവണ ബാവാ പാലായിലെ വീട്ടില്‍ വരാനും പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കാനും സന്മനസ്സ് കാണിച്ചിരിക്കുന്നുവെന്നത് ഞാന്‍ നന്ദിയോടെ ഓര്‍മിക്കുന്നു. 
ബാവാ തിരുമേനിയുടെ തൊണ്ണൂറ്റിമൂന്നാമത് ജന്മദിനത്തില്‍ പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്റര്‍ പള്ളിയില്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാകുര്‍ബാനയില്‍ പങ്കെടുക്കാനും ഗ്രിഗോറിയോസ് തിരുമേനിയുടെ നിര്‍ദേശപ്രകാരം പള്ളിയില്‍ വച്ചു ബാവായെക്കുറിച്ചു  പ്രസംഗിക്കാനും പിന്നീട് ബാവയെ നേരില്‍ക്കണ്ട് അനുഗ്രഹം നേടാനും ജന്മദിനാശംസകളറിയിക്കാനും ഒപ്പം പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിക്കാനുമുള്ള അവസരമുണ്ടായതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ദൈവം തമ്പുരാന്‍ അവിടുത്തെ ഉള്ളംകൈയില്‍ വച്ചിരിക്കുന്ന ആളെന്ന നിലയില്‍ ബാവാ തിരുമേനിയെ വരുംനാളുകളിലും ആയുസ്സും ആരോഗ്യവും നല്‍കി സമൃദ്ധമായി അനുഗ്രഹിക്കട്ടേ എന്നു ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കുന്നു. 

 

Login log record inserted successfully!