•  9 May 2024
  •  ദീപം 57
  •  നാളം 9
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

കാട്ടുപൂച്ച

നാടന്‍പൂച്ചകളുടെ കുടുംബക്കാരാണ് കാട്ടുപൂച്ചകള്‍.  കാട്ടുമാക്കാന്‍ എന്നും ഇതിനു വിളിപ്പേരുണ്ട്. ജങ്കിള്‍ക്യാറ്റ്  എന്ന് ഇംഗ്ലീഷില്‍ പറയുന്നു. വളര്‍ത്തുപൂച്ചയ്ക്കു ശൗര്യവും അക്രമവാസനയും തീരെ കുറവായിരിക്കും. പക്ഷേ, കാട്ടുപൂച്ചകളുടെ കാര്യം തീര്‍ത്തും വ്യത്യസ്തംതന്നെ. നാടന്‍പൂച്ചയെക്കാള്‍ വലിപ്പവും ശൗര്യവും ഗാംഭീര്യവും കൂടുതലായിരിക്കും.
വനത്തിലെ കുറ്റിക്കാടുകളിലും പാറക്കൂട്ടത്തിലും കഴിയുന്ന കാട്ടുപൂച്ചയെ കേരളത്തിലെ ഒട്ടുമിക്ക കാടുകളിലും കാണാനാകും. മഞ്ഞ കലര്‍ന്ന ചാരനിറമാണ്. ശരീരത്തില്‍ വരകളോ പുള്ളികളോ കണ്ടെന്നുവരും. മിക്കവാറും രാത്രിയിലാണ് സഞ്ചാരം. പകലും വേട്ടയ്ക്കിറങ്ങും. ഒറ്റയ്ക്കാണു സഞ്ചാരം.
കാട്ടുപൂച്ചയ്ക്ക് 60 സെ. മീറ്റര്‍ വരെ നീളമുണ്ടാകും. 30 സെ. മീ. വരും വാലിന്റെ നീളം. അഞ്ചോ ആറോ കിലോഗ്രാം ഭാരമുണ്ടാകും. നീളമുള്ള കാലുകളാണ്.  ഇവറ്റയുടെ പാദങ്ങള്‍ മൃദുവാണ്.  ശബ്ദമില്ലാതെ നടക്കാന്‍ ഇത്തരം പാദങ്ങള്‍ സഹായകമാകുന്നു. വിരല്‍ത്തുമ്പിലെ അറകളിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന കൂര്‍ത്ത നഖങ്ങളും പല്ലുമുപയോഗിച്ച് ഇരയെ കടിച്ചുകീറുന്നു.
വേഗത്തില്‍ ഓടാനും മരങ്ങളില്‍ നിഷ്പ്രയാസം കയറാനും നിശ്ശബ്ദം ഇരയെ പിന്തുടര്‍ന്നു പിടികൂടാനും കാട്ടുപൂച്ചയ്ക്കു കഴിയുന്നു. പതിയിരുന്ന് ഇരയെ ആക്രമിക്കാനും ഓടിച്ചുപിടികൂടാനും സാമര്‍ത്ഥ്യമുണ്ട്. നേരിയ പ്രകാശത്തില്‍പ്പോലും വ്യക്തമായി കാണാനാവുന്ന തീക്ഷ്ണമാര്‍ന്ന കണ്ണുകളാണ്. അതുപോലെതന്നെ ചെറുശബ്ദംപോലും കേള്‍ക്കാനും മണം പിടിക്കാനുമുള്ള കഴിവ് കാട്ടുപൂച്ചകളെ കാട്ടിലെ  വലിപ്പംകുറഞ്ഞ വേട്ടക്കാരില്‍ മുന്‍നിരക്കാരാക്കുന്നു. പക്ഷികളും ചെറിയ സസ്തനികളും കാട്ടരുവികളിലെ മീനും മറ്റുമാണ് ആഹാരം.
ഒരു പ്രസവത്തില്‍ അഞ്ചുവരെ കുഞ്ഞുങ്ങളുണ്ടായി ക്കാണുന്നു. കുഞ്ഞുങ്ങളുടെ കണ്ണുകള്‍ തുറക്കാന്‍ രണ്ടാഴ്ചയോളമെടുക്കും. കാട്ടുപൂച്ചകള്‍ ഹിമാലയന്‍ കാടുകളില്‍വരെ കാണാറുണ്ട്. മ്യാന്‍മറിലും ശ്രീലങ്കയിലും ചൈനയുടെ ചില ഭാഗങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. കാട്ടുപൂച്ചയുടെ ശാസ്ത്രനാമം ഫെലിസ് ചായുസ് എന്നാണ്. 

 

Login log record inserted successfully!