•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

മറിയവും മാതൃഭൂമിയും സ്വാതന്ത്ര്യത്തിന്റെ പാഠഭേദങ്ങള്‍

  • ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
  • 12 August , 2021

സ്വര്‍ഗത്തിലേക്കുള്ള കന്യകാമാതാവിന്റെ കരേറ്റം പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമായിരുന്നു. വേദഗ്രന്ഥത്തിന്റെ വെട്ടത്തിലാണ് വിശ്വാസികളായ നാം സുസ്ഥിരമായ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം വായിച്ചെടുക്കേണ്ടത്. അത് ആത്യന്തികമായും ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് (റോമാ 18:21). ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ് ദൈവമക്കള്‍ (റോമാ 8:14). ആത്മാവ് തെളിക്കുന്ന വഴിയേ ചരിക്കുന്നവരും അവിടുത്തെ പ്രചോദനങ്ങളുടെയും നിമന്ത്രണങ്ങളുടെയും നിയന്ത്രണങ്ങള്‍ക്കു തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുന്നവര്‍. അങ്ങനെയുള്ളവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവയെയെല്ലാം അതിലംഘിക്കുന്ന ഒന്നാണ്. ആത്മാവ് അഴിച്ചുവിടുന്ന ദിശകളിലൂടെ കാറ്റിനെപ്പോലെ കടമ്പകളില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. പക്ഷേ, അതൊരിക്കലും നിലവിലുള്ള നിയമസംവിധാനത്തിന്റെയോ ധാര്‍മികവ്യവസ്ഥയുടെയോ ഒന്നും അന്ധമായ ലംഘനമല്ല; മറിച്ച്, അവയെയെല്ലാം ഉള്‍ക്കൊള്ളാനുള്ള മനോവ്യാപ്തിയാണ്. കനമറിയാതെ പറന്നുനടക്കാനുള്ള കഴിവ്! മാനുഷികവും ഭൗമികവുമായ സകലവിധ അടിമത്തങ്ങളില്‍നിന്നുമുള്ള വിടുതലിനെക്കാള്‍ ഉപരിയായി പൈശാചികവിലങ്ങുകളില്‍നിന്നുള്ള വിമോചനമാണത്. മണ്ണിനോടു നമ്മെ വരിഞ്ഞുകെട്ടിയിരിക്കുന്ന എല്ലാ ആസക്തികളില്‍നിന്നുമുള്ള മോചനം. ഇത്തരത്തിലുള്ള സ്വാതന്ത്ര്യമാണ് മറിയത്തിനുണ്ടായിരുന്നത്.
ചേറ്റിലാണു ചുവടെങ്കിലും ജലപ്പരപ്പിനുമീതെ വാരിജങ്ങളെ വിരിയിക്കുന്ന താമരച്ചെടിയുടെ സ്വാതന്ത്ര്യവൈശിഷ്ട്യത്തോടെയാണവള്‍ ജീവിച്ചത്. സ്വര്‍ഗം സമ്മാനിക്കുന്ന സ്വാതന്ത്ര്യമാണ് സത്യവും സ്ഥായിയുമായിട്ടുള്ളതെന്ന് മറിയം നമ്മെ അനുസ്മരിപ്പിക്കുന്നു. 
ഒരുസാധാരണ സ്ത്രീയായിരുന്ന കന്യകാമറിയം. ''ഇതാ, കര്‍ത്താവിന്റെ ദാസി, നിന്റെ ഹിതംപോലെ എന്നില്‍ സംഭവിക്കട്ടെ'' (ലൂക്കാ 1:38) എന്ന എളിയ മനോഭാവത്തോടെ കര്‍ത്തൃകരങ്ങളിലേക്കു സ്വയം സമര്‍പ്പിച്ചപ്പോഴും, പ്രാപഞ്ചികമായ സകല ശക്തികളുടെയും സ്വാധീനത്തില്‍നിന്നു വിമുക്തയായി തന്റെ ജീവിതാവസാനത്തില്‍ ആകാശങ്ങളിലേക്ക് ആനയിക്കപ്പെട്ടപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ സ്വതന്ത്രയാവുകയാണു ചെയ്തത്. മറിയത്തിന്റെ മക്കളായ നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണകള്‍ കേവലം ഭരണ, സാമൂഹിക, രാഷ്ട്രീയ, മതപരമായ മതിലുകള്‍ക്കുള്ളില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്. അവയുടെയൊക്കെ അപ്പുറത്തുള്ള ആത്മീയമായ സ്വാതന്ത്ര്യാദര്‍ശത്തിലേക്കു നീണ്ടുപോകട്ടെ നമ്മുടെ ദൃഷ്ടികള്‍! ജഡകുടീരത്തില്‍ ജീര്‍ണിച്ചുതീരേണ്ടവയല്ല വിശ്വാസികളായ നമ്മുടെയൊക്കെ ജീവിതങ്ങള്‍; മറിച്ച്, സ്വര്‍ഗസൗഭാഗ്യങ്ങളിലേക്കു സംവഹിക്കപ്പെടേണ്ടവയാണ്! മാതാവിനെപ്പോലെ പരലോകം പൂകുമ്പോള്‍ മാത്രമേ നാമും ദൈവം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന് അര്‍ഹരാവുകയുള്ളൂ.
സ്വര്‍ഗാരോപണം സ്വര്‍ഗസമ്മാനമാണ്
കളങ്കരഹിതയായി ജീവിച്ച കന്യാജനനിക്ക് സുരലോകം നല്കിയ സമ്മാനമാണ് സ്വര്‍ഗാരോപണം! പാപത്തിന്റെ പൊട്ടുപോലുമില്ലാതെ അവികലമായ ആത്മാവോടും ശുദ്ധമായ ശരീരത്തോടുംകൂടി സര്‍വശക്തന് ഏറ്റവും സംപ്രീതയായി ജീവിച്ച അവള്‍ക്ക് വിണ്ടലം വച്ചുനീട്ടിയ പരമോന്നത പാരിതോഷികം! മാലാഖമാരുടെ കരരഥത്തിലേറി മാനത്തിനപ്പുറത്തേക്കു കടന്നുപോകാനുള്ള സുവര്‍ണഭാഗ്യം അവള്‍ക്കു കൈവന്നു! സാധുവായ ഒരു സ്ത്രീജന്മത്തിന് ഇതിലുപരിയായി എന്താണു സ്വന്തമാകാനുള്ളത്! അസംഖ്യം ആകാശവാസികള്‍ക്കൊപ്പം എണ്ണപ്പെടാനുള്ള അസുലഭാനുഗ്രഹം! വാഴ്‌വില്‍ കര്‍ത്താവിന്റെ അപദാനങ്ങള്‍ അനുസ്യൂതം വാഴ്ത്തി, താഴ്മവതിയായ തന്നിലൂടെ അവിടന്ന് അനുദിനം ചെയ്ത വലിയ കാര്യങ്ങള്‍ക്കു കൃതജ്ഞതയുടെ കീര്‍ത്തനം പാടിനടന്ന
ആ ഗ്രാമീണഗായികയ്ക്ക് വാനിലെ ഗായകഗണത്തോടു ചേര്‍ന്ന് സര്‍വശക്തനെ സങ്കീര്‍ത്തനങ്ങളാല്‍ നിരന്തരം സ്തുതിക്കാനുള്ള അവകാശവിശേഷം ഇഷ്ടദാനമായി നല്കപ്പെട്ടു! ഇഹത്തിലെ വാസകാലം മുഴുവന്‍ ദൈവികദാനങ്ങള്‍ക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്ത അവളെ വാനിടത്തില്‍ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സര്‍വ്വേശന്‍ സംതൃപ്തയാക്കി! 
മന്നില്‍ മനുഷ്യത്വത്തിന്റെ മികവു തെളിയിച്ച മറിയത്തിന് ദൈവം വിണ്ണില്‍ വരദാനങ്ങളുടെ  തികവു നല്കി. മണ്ണില്‍നിന്നെടുക്കപ്പെട്ടവരാണു നാമെങ്കിലും മണ്ണിന്റെ മാലിന്യങ്ങളില്‍ മുഴുകിക്കഴിയേണ്ടവരല്ലെന്നും; മറിച്ച്, കറകളഞ്ഞ ജീവിതശൈലിവഴി സ്വര്‍ഗസമ്മാനം നേടേണ്ടവരാണെന്നും മറിയം ഓര്‍മിപ്പിക്കുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയില്‍ അഭിമാനിക്കുന്ന നാം നമ്മുടെ സഹജീവികള്‍ക്കു കൊടുക്കേണ്ട ഏറ്റവും ഉദാത്തവും അമൂല്യവുമായ ഉപഹാരം സ്വാതന്ത്ര്യംതന്നെയാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുക. നമ്മുടേതുപോലെതന്നെ മറ്റുള്ളവരുടെയും മൗലികാവകാശമാണത്. അന്യരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഹനിക്കുന്ന വിധത്തിലുള്ള നിലപാടുകളും കര്‍മങ്ങളും വാക്കുകളും ഒരിക്കലും ആര്‍ക്കും ഭൂഷണമല്ല. 
സ്വര്‍ഗാരോപണം സമ്പൂര്‍ണവിജയമാണ്
തിന്മയുടെമേല്‍ നന്മനേടിയ ആത്യന്തികമായ 
വിജയത്തിന്റെ പെരുമ്പറയാണ് സ്വര്‍ഗാരോപണത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്! തിന്മയെ നന്മകൊണ്ടു കീഴടക്കണമെന്നുള്ള (മത്താ. 5:38-42) കര്‍ത്തൃവചസ്സു
കളെ ഹൃദയഫലകത്തില്‍ കുറിച്ചിട്ടു സദാ ധ്യാനിച്ച
മറിയം നന്മയുടെ മാത്രം മണവും നിറവുമുള്ള നറുമലരായി വിടര്‍ന്നുല്ലസിച്ചു! പാപത്തിന്റെ പ്രതീകമായ പാമ്പിനെ തന്റെ ചരണപദ്മങ്ങള്‍കൊണ്ടു ചവിട്ടിപ്പിടിച്ച് അവള്‍ മുഴുവന്‍ പൈശാചികശക്തികളുടെയുംമേല്‍ പരിപൂര്‍ണവിജയം വരിച്ചു! അവളുടെ പവിത്രമായ പാദങ്ങള്‍ക്കടിയില്‍ പിശാചും അവന്റെ ചെയ്തികളും ചതഞ്ഞരഞ്ഞു! വിണ്ണിന്റെയും മണ്ണിന്റെയും റാണിയായി അവള്‍ അവരോധിക്കപ്പെട്ടു! ശാലീനയായ അവളുടെ ശിരസ്സിന് അലങ്കാരമായി ദൈവികപുണ്യങ്ങളാല്‍ വിളങ്ങുന്ന ഒരുരത്‌നഖചിത കിരീടവും അണിയിക്കപ്പെട്ടു! 
ദൈവികപുണ്യങ്ങളില്‍ ആദ്യത്തേതു വിശ്വാസമാണ്. വിശ്വസ്തനായ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ കണിശമായും വാസ്തവമാകുമെന്നു കണ്ണടച്ചു വിശ്വ
സിച്ചവളാണ് മറിയം (ലൂക്കാ 1:45). വിശുദ്ധ വചനങ്ങളാല്‍ ദീപ്തമായ വഴിയിലൂടെ മാത്രമായിരുന്നു അവളുടെ തീര്‍ത്ഥാടനം. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെ പുഷ്യരാഗരത്‌നം സ്വര്‍ഗം അവളുടെ മകുടത്തില്‍ പതിപ്പിച്ചു! ഭാരതാംബയുടെ നെറ്റി
ത്തടത്തില്‍ ഒരു മൂവര്‍ണത്തിലകമുണ്ട്! അവളുടെ സന്താനങ്ങളായ നാമൊക്കെ അഭിമാനത്തോടെ കൈയിലേന്തുന്ന ത്രിവര്‍ണക്കൊടി! അതിന്റെ മേല്‍നാട കുങ്കുമവര്‍ണമാണ്. ശക്തിയുടെയും ധീരതയുടെയും പ്രതീകമാണ് കുങ്കുമം. ഭാരതത്തിന്റെ ബലവും ധീരതയും ഭാരതജനതയുടെ വിശ്വാസത്തിലും ഐക്യത്തിലും അധിഷ്ഠിതമാണ്. വിശ്വാസം വറ്റിപ്പോകുന്നിടത്ത് ഒരുമയുടെ ക്ഷാമമുണ്ടാകും. അന്തശ്ചിദ്രമുള്ള ജനതയ്ക്ക് ഒരിക്കലും പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറാനാവില്ല.
ദൈവികപുണ്യങ്ങളില്‍ രണ്ടാമത്തേത് സ്‌നേഹമാണ്. ഇടമുറിയാത്ത ഒരുരുസ്‌നേഹസങ്കീര്‍ത്തനമായിരുന്നുരുമറിയത്തിന്റെ ജീവിതം! ദൈവസ്‌നേഹത്തിനും പരസ്‌നേഹത്തിനും സ്വന്തം ജീവിതത്തില്‍ പ്രഥമസ്ഥാനം കൊടുത്തുകൊണ്ട് പ്രമാണങ്ങളുടെ പാതയിലൂടെയായിരുന്നുരുപ്രതിനിമിഷം അവളുടെ പ്രയാണം. സംശുദ്ധമായ സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ നൈവേദ്യമായി അവള്‍ സ്വയം  നേദിച്ചു. അതിനുള്ള പ്രതിഫലമായി സ്‌നേഹത്തിന്റെ ശ്വേതപ്രഭയേറിയ വൈരരത്‌നം സ്വര്‍ഗം അവളുടെ മകുടത്തില്‍ പതിപ്പിച്ചു! ഭാരതത്തിന്റെ ത്രിവര്‍ണക്കൊടിയുടെ മധ്യനാട ശ്വേതവര്‍ണമാണ്. ശാശ്വതമായ സത്യത്തെയും സമാധാനത്തെയുമാണ് ശ്വേതം പ്രതിനിധീകരിക്കുന്നത്. കന്മഷരഹിതമായ സ്‌നേഹമാണ് സത്യത്തിന്റെയും സമാധാനത്തിന്റെയും അടിത്തറ. സ്‌നേഹമുള്ളിടത്തേ മറ്റെന്തിനും വിലയും പ്രസക്തിയുമുള്ളൂ. സ്‌നേഹമാണ് സര്‍വോത്കൃഷ്ടം (1കൊറി. 13:13). സകല പുണ്യങ്ങളുടെയും മൂല്യങ്ങളുടെയും മര്‍മം!
ദൈവികപുണ്യങ്ങളില്‍ മൂന്നാമത്തേത് പ്രത്യാശയാണ്. പൊലിയാത്ത പ്രത്യാശയുടെ പര്യായമായിരുന്നു പരിശുദ്ധ മറിയം (ലൂക്കാ 1:48)! കാലിത്തൊഴുത്തുമുതല്‍ കാല്‍വരിവരെ ദുഃഖദുരിതങ്ങള്‍ നിറഞ്ഞ തന്റെ ജീവിതനാളുകളിലുടനീളം ഹൃദയനെരിപ്പോടിനുള്ളില്‍ പ്രത്യാശയുടെ കനലുകള്‍ കെട്ടുപോകാതെ അവള്‍ കാത്തുസൂക്ഷിച്ചു! കൈപിടിച്ച കര്‍ത്താവ് കൈവിടില്ല എന്ന അചഞ്ചലമായ പ്രത്യാശ അന്ത്യംവരെ അവളുടെ കൈമുതലായി. അതിനുള്ള അംഗീകാരമായി പ്രത്യാശയുടെ ഹരിതപ്രഭയേറിയ മരതകരത്‌നം സ്വര്‍ഗം അവളുടെ മകുടത്തില്‍ പതിപ്പിച്ചു! ഭാരതത്തിന്റെ ത്രിവര്‍ണക്കൊടിയുടെ കീഴ്‌നാട ഹരിതവര്‍ണമാണ്. സമൃദ്ധിയെയും ശുഭാപ്തിവിശ്വാസത്തെയുമാണ് ഹരിതം പ്രതിനിധാനം ചെയ്യുന്നത്. പ്രതിസന്ധികള്‍ക്കപ്പുറത്ത് എല്ലാം മംഗളപര്യവസായിയാകും എന്നുള്ള ആശയുടെ മറുപേരാണല്ലോ പ്രത്യാശ. അങ്ങനെയൊരുരുഅവബോധമുള്ളിടത്തേ സമൃദ്ധിയുടെ പച്ചപ്പുതുനാമ്പുകള്‍ പൊട്ടിമുളയ്ക്കൂ. സുകൃതസമ്പന്നമായ മറിയത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി നിന്നത് ഹ്രസ്വകാലം അവളുടെ ഉദരത്തിലും ചിരകാലം ഹൃദയത്തിലും ചലിച്ചുനിന്ന ജീവന്റെ ഉറവിടമായ ദൈവാത്മസാന്നിധ്യമായിരുന്നു. ഭാരതത്തിന്റെ ത്രിവര്‍ണക്കൊടിയുടെ നടുവിലായി ചലനത്തില്‍ ജീവനും നിശ്ചലതയില്‍ മരണവുമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ധര്‍മചക്രം  ചുറ്റിത്തിരിയുന്നുണ്ട്. ചുരുക്കത്തില്‍, സത്യം, സമാധാനം ആദിയായ സനാതനമൂല്യങ്ങളുടെ അഭ്യാസംവഴി ആര്‍ജിച്ചെടുക്കുന്ന ആത്മീയശക്തിയും ശുഭാപ്തിവിശ്വാസവും ആസ്തിയാക്കിക്കൊണ്ട് നിരന്തരം പ്രവര്‍ത്തനനിരതരായി ധൈര്യസമേതം നീങ്ങിയാല്‍ മാത്രമേ സമൃദ്ധി സ്വന്തമാക്കാന്‍ നമുക്കു സാധിക്കൂ എന്ന് ത്രിവര്‍ണപതാക വിളിച്ചോതുന്നു.
കത്തോലിക്കാവിശ്വാസികളായ നമുക്ക് മാതാക്കള്‍ മൂവരാണ്. പെറ്റമ്മ, പോറ്റമ്മ, പരിശുദ്ധയമ്മ! നൊന്തുപെറ്റ അമ്മയെ ആദരിക്കാം, പരിചരിക്കാം. പോറ്റിവളര്‍ത്തുന്ന ഭാരതാംബയെ പ്രണമിക്കാം, പ്രണയിക്കാം. സ്വര്‍ഗീയജനനിയായ കന്യാമേരിയെ നമിക്കാം, നെഞ്ചിലേറ്റാം. നമ്മുടെ മാതൃരാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒറ്റവാചകത്തില്‍ ഇങ്ങനെ കുറിക്കട്ടെ: 'സ്വാതന്ത്ര്യം കിട്ടിയതോടെ ഭാരതത്തിന്റെ ഭരണവും ഭദ്രതയും ഭാവിയും വെള്ളക്കാരില്‍നിന്നു കൊള്ളക്കാരിലേക്കു കൈമാറപ്പെട്ടു.' പരസ്പരം പഴി പുലമ്പിയിട്ടു പ്രയോജനമൊന്നുമില്ല. ഇവിടെ ഇങ്ങനെയൊക്കെയാണ്. സ്വയം നന്നാവുക; നന്മയുടെനുനുറുങ്ങുവെട്ടമെങ്കിലും മണ്ണില്‍ അവശേഷിക്കട്ടെ, വരുംതലമുറകളെ തെല്ലെങ്കിലും പ്രകാശിപ്പിക്കട്ടെ!  നടന്നുനീങ്ങിയ ഇടങ്ങളെയെല്ലാം നന്മശോഭിതമാക്കിയ നസ്രത്തിലെ ഒരു നാടന്‍ കന്യകയെ 'സ്വസ്തി തേ, കൃപാപൂരിതേ' എന്ന് അന്നൊരിക്കല്‍ സ്വര്‍ഗീയദൂതന്‍ അഭിവാദ്യം ചെയ്തത് ഓര്‍മിക്കുന്നില്ലേ? ഇന്ന്, വിജയകിരീടവിരാജിതയായി വിണ്ണില്‍ വാഴുന്ന ആ കന്യാമണിയെ നമുക്ക് ഇപ്രകാരം അഭിവാദനം ചെയ്യാം - 'സ്വസ്തി തേ, സ്വര്‍ഗാരോപിതേ.'

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)