ഇരുള്‍ മൂടിക്കെട്ടിയ കാര്‍മേഘങ്ങള്‍ ഇടവപ്പാതിയായി പെയ്തിറങ്ങാനുള്ള ഒരുക്കത്തിലാണ്. പൂവരശിന്റെ തണലില്‍ തിങ്ങി വളര്‍ന്ന പര്‍പ്പടകപ്പുല്ലുകള്‍ ഒരു മറയുമില്ലാതെ മഴച്ചാറ്റലില്‍ തലകുനിച്ചു നില്‍ക്കുന്നു.
ഇടവമാണെങ്കിലും പഞ്ഞക്കര്‍ക്കിടകത്തിന്റെ വറുതിയുടെ മുഖമാണ്. വീട്ടില്‍ ഒന്നുമില്ലായ്മയുടെയും ദുരിതത്തിന്റെയും കഷ്ടപ്പാടുകള്‍... തൊപ്പിക്കുട ചൂടി ട്രീസ വേഗം കോട്ടമലയിലെ ചെരുവുകളില്‍ നില്‍ക്കുന്ന കുടമ്പുളിമരങ്ങള്‍ക്കടുത്തേക്കു നടന്നു. കാറ്റടിച്ചു വീഴുന്ന പഴുത്ത കുടമ്പുളികള്‍ അതിരാവിലെ പെറുക്കിക്കൂട്ടി ചേരില്‍ പുകക്കാന്‍ വയ്ക്കണം.
തൊപ്പിക്കുട ചെറൂളകള്‍ക്കരികില്‍ വച്ച് കുടമ്പുളി അളിക്കൊട്ടയില്‍ വാരിക്കൂട്ടി. കാറ്റടിക്കുമ്പോള്‍ ശരീരത്തിലേക്ക് തണുപ്പിന്റെ തേരട്ടകള്‍ ഇഴഞ്ഞുകയറുന്നു. പാവാട പൊക്കിപ്പിടിച്ച് വീണുകിടക്കുന്ന മരക്കൊമ്പുകള്‍ പെറുക്കിക്കൂട്ടാനായി കാടിനുള്ളിലേക്കു നടന്നു.
പാതയോരത്തെ മുരിക്കുമരത്തില്‍നിന്ന് മഴ നനഞ്ഞ ചുവന്ന പൂവുകള്‍ ചുറ്റം പൊഴിഞ്ഞുവീണു കിടക്കുന്നു.
തലയില്‍ വീണ മഴത്തുള്ളികള്‍ തുടയ്ക്കുമ്പോള്‍ കാട്ടു പൂക്കളുടെ മത്തുമണം അവിടമാകെ നിറഞ്ഞുതുടങ്ങി.
കോട്ടമലക്കാടിനുള്ളില്‍ നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയായി തോരാതെ പെയ്യുന്നു. ഇന്ന് ഉന്മാദം കൂടിയതു പോലെ...
വഴിയില്‍ വീണുകിടക്കുന്ന വലിയ ചുള്ളിക്കമ്പുകള്‍ വയറവള്ളിയില്‍ കെട്ടിവച്ച് തലയിലേറ്റുമ്പോഴേക്കും സംഹാരരുദ്രയായി അലറി വിളിച്ച് മഴ പാഞ്ഞെത്തി. തൊപ്പിക്കുടയും അളിക്കൊട്ടയുമെടുത്ത് വേഗം വീട്ടിലേക്കോടി.
അളിക്കുട്ട ചായ്പില്‍ വച്ച് അടുക്കളയില്‍ കുമ്പത്തില്‍ തീയൂതിക്കൊണ്ടിരുന്ന പേര്‍ളിക്കൊച്ചാമ്മയെ ഏല്പിച്ചു. സന്ധിവാതമുണ്ടെങ്കിലും പുളി ഉണക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് പേര്‍ളിക്കൊച്ചാമ്മയാണ്.
ഓല മേഞ്ഞ ചായ്പിനു പിറകിലുള്ള ചെറിയ തിണ്ടിലിരുന്ന് വെള്ളത്തില്‍ കാലുകള്‍ വച്ചു.
അപ്പന്റെ വഴക്കു പേടിച്ച് തിണ്ടിലധികനേരം ഇരിക്കാതെ അടുക്കളയിലെത്തി.
വിറകിന്റെയും, നനഞ്ഞ തടിയുടെയും, ചകിരിത്തൊണ്ടിന്റെയും പുകയില്‍ ചേരില്‍ ഇട്ടിരുന്ന കുടമ്പുളി കറുത്തു വിരൂപയായിരിക്കുന്നു.
കൊച്ചാമ്മയുടെ തോളില്‍ കിടന്ന മങ്ങിയ തോര്‍ത്തുകൊണ്ട് തല തോര്‍ത്തി. കൊച്ചാമ്മ തന്ന വക്കുപൊട്ടിയ ടംബ്ലറിലെ ചൂടുകാപ്പി ഊതിക്കുടിച്ച് കനലില്‍ ചുട്ടെടുത്ത ചേമ്പും കഴിച്ച് തലവരെയും മൂടുന്ന ജാക്കറ്റിട്ട് കിടന്നുറങ്ങുന്ന അനിയന്മാരോടൊപ്പം വീണ്ടും പുതപ്പിനടിയില്‍ ചുരുണ്ടുകൂടി.
ചന്നം ചിന്നം പെയ്തുതുടങ്ങി പിന്നെ എല്ലാം നനപ്പിച്ച് കുളിര്‍പ്പിച്ച് തണുപ്പിച്ച് സുഖിപ്പിച്ച് ശബ്ദവും സംഗീതവുമായി കോരിച്ചൊരിയുന്ന മഴയില്‍, പുതപ്പിനടിയില്‍ മൂടിപ്പുതച്ചു കിടക്കുമ്പോഴുള്ള സുഖം ഒന്നു വേറേയാണ്.
''ട്രീസേ ഇതെന്തുറക്കമാടീ.... പെണ്ണുകാണാന്‍ പൈനാവില്‍ നിന്ന് അവരിപ്പോഴെത്തും. ഇത്തവണയെങ്കിലും ഇതൊന്നു നടന്നാല്‍ മതിയായിരുന്നു.'' ആത്മഗതം പോലെ പറഞ്ഞിട്ട് കൊച്ചാമ്മ ദേഷ്യത്തോടെ പുതപ്പെടുത്തുമാറ്റി. കൊച്ചാമ്മയെ പറഞ്ഞിട്ടു കാര്യമില്ല. അമ്മ മരിച്ചപ്പോള്‍ അപ്പന്‍ രണ്ടാമതു കെട്ടിക്കൊണ്ടു വന്നതാണ് കൊച്ചാമ്മയെ. കാളയെപ്പോലെ പണിയെടുപ്പിക്കുമെങ്കിലും സ്‌കൂളിലും കോളജിലുമയച്ച് പഠിപ്പിക്കാന്‍ ഇഷ്ടമല്ലാതിരുന്ന അപ്പനോട് സമ്മതം വാങ്ങി അനിയന്മാരോടൊപ്പം പഠിക്കാന്‍ മിടുക്കിയായ തന്നെ പഠിക്കാന്‍ നിര്‍ബന്ധിച്ചയച്ചത് കൊച്ചാമ്മയാണ്.
ജനല്‍ച്ചില്ലുകളിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, മഞ്ഞുപെയ്യുംപോലെ... ദൂരെ വലിയ മരങ്ങള്‍ക്കിടയില്‍ മഴ പെയ്യുന്നതു കാണാം.
വാസനസോപ്പിട്ട് കുളിച്ച് കണ്ണെഴുതി വെളുത്ത കൂവപ്പൊടിയുടെ തിലകം തൊട്ട് മുടിയില്‍ പൂചൂടി പൈനാവുകാരുടെ മുമ്പില്‍ ചൂളി നിന്നു.
നെഞ്ചിടിപ്പോടെ നിന്ന നിമിഷം...
ആശങ്കയോടെ ജോമോനെന്ന കല്യാണച്ചെക്കനെ പാളി നോക്കി.
ചുവന്ന മുഖവും വലിയ വായും ഉണ്ടക്കണ്ണുകളും...
നെഞ്ചില്‍നിന്നു സങ്കടച്ചീളുകള്‍ തീര്‍ത്തും യാന്ത്രികമായി പുറത്തേക്കു വന്നു.
വേദന ഉള്ളില്‍ കടിച്ചമര്‍ത്തി തുരുമ്പെടുത്ത ജനല്‍ക്കമ്പികളില്‍ അളളിപ്പിടിച്ചു.
വലിയപ്പച്ചന്‍ വായിലേക്ക് മുറുക്കാന്‍പാക്കെടുത്തു നീട്ടിയതും ജോമോന്‍ അത് അകത്താക്കി ഒന്നും അറിയാത്തപോലെ ചവച്ചുകൊണ്ടിരുന്നു.
''ആട്ടെ... പൊന്നായിട്ട് എത്ര കൊടുക്കും ട്രീസയ്ക്ക്?''
വായിലെ മുറുക്കാന്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി ജോമോന്റെ വലിയപ്പച്ചന്‍ ചോദിച്ചു.
മഞ്ഞലോഹത്തിന്റെ തൂക്കത്തിനൊത്ത് ജീവിതത്തിന്റെ സന്തോഷം കൂടുമെന്ന വലിയപ്പച്ചന്റെ സംസാരംകേട്ട് കൂടെ വന്നവര്‍ കുലുങ്ങിച്ചിരിക്കുന്നു.
''ജോമോന്റെ അപ്പനെയും അമ്മയെയും നോക്കണം. മക്കളെ വളര്‍ത്തി വലുതാക്കണം. അല്ലാതെജോലിക്കു ഞങ്ങള്‍ വിടില്ല. അതിപ്പോത്തന്നെ പറഞ്ഞേക്കാം.''
വലിയപ്പച്ചന്‍ പറഞ്ഞതു കേട്ടപ്പോള്‍ മനസ്സ് പിന്നെയും ക്ഷീണിച്ചു.
തരിശായിക്കിടന്നു കുളിരു പെയ്യുന്ന താഴ്‌വാരം വെട്ടിയൊതുക്കി ഇന്നത്തെ രീതിയില്‍ ആക്കിയതിന്റെ കഷ്ടപ്പാട് പറയുമ്പോള്‍ അപ്പന്റെ കണ്ണില്‍ തിളക്കമേറി.
മലയോടും മഞ്ഞിനോടും പട വെട്ടി രണ്ടേക്കര്‍ കൃഷിഭൂമിയുടെ നായകനായ കഥ കേട്ടുകൊണ്ട് പൈനാവുകാര്‍ ആട്ടിന്‍പാലൊഴിച്ച ചായയുടെ കൂടെ വട്ടേപ്പവും അച്ചപ്പവും കുഴലപ്പവും തിന്നു തീര്‍ത്തു.
''പൊന്നായി ട്രീസയുടെ അമ്മയുടെ കഴുത്തിലും കാതിലുമുണ്ടായിരുന്നത് തരും. കുരുമുളകു വിറ്റു കിട്ടിയതില്‍നിന്ന് പന്ത്രണ്ട് പവന്റെ ഉരുപ്പടികള്‍ വാങ്ങിവച്ചിട്ടുണ്ട്. പിന്നെ പൊന്നു വിളയിക്കാന്‍ പറ്റിയ അരയേക്കര്‍ ഭൂമിയും... അവളെ കോളേജില്‍ വിട്ടു പഠിപ്പിച്ചപ്പോള്‍ത്തന്നെ കുറെ പൈസ ചിലവായി. ഇപ്പോ ഇത്രേ എടുക്കാനുള്ളു...'' അപ്പന്‍ ഒട്ടൊരു ജാള്യത്തോടെ പറഞ്ഞു.
ചൂടുചായ ഊതിക്കുടിക്കുമ്പോള്‍ ജോമോന്റെ അമ്മയുടെയും അനിയത്തിയുടെയും മുഖത്ത് ഒരു തിളക്കവും ഇല്ല. മുഖത്ത് ഇരുണ്ടുകൂടുന്ന കാര്‍മേഘം മറയ്ക്കാന്‍ പണിപ്പെട്ട് ജോമോനുമിരിക്കുന്നു.
മുറ്റത്തുനിന്നു തണുത്ത കാറ്റ് അകത്തേക്കു വീശിയടിക്കുന്നു.
''ഞങ്ങടെ കൊച്ചന് പൈനാവില്‍ പലചരക്കുകടയാ... ഒരമ്പതുപവനെങ്കിലും കിട്ടിയെങ്കിലേ ഈ കല്യാണം നടക്കൂ... ആലോചിച്ചു പറ...''
നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി.
പെണ്ണിന്റെ കുറവുകള്‍ നികത്തുന്നത് പൊന്നിലാണ്.
''ജോമോനേ... വാടാ... വാ... പോകാം....'' വലിയപ്പച്ചന്‍ എണീറ്റു കഴിഞ്ഞു.
സംഗതി കൈവിട്ടു പോവുകയാണെന്ന് അപ്പനു മനസ്സിലായി.
പുറത്താണെങ്കില്‍ മഴ കോരി ച്ചൊരിയുകയാണ്. ഇടവപ്പാതിയുടെ കലി മഴയ്ക്കുണ്ട്.
''കണ്ണടഞ്ഞു കഴിയുമ്പോള്‍ മേപ്പോട്ടു കൊണ്ടുപോകാന്‍ പറ്റില്ലല്ലോ ഈ സ്ഥലവും വീടും... ഉള്ളതിന്റെ പകുതി ട്രീസയ്ക്കുള്ളതാണ്. എന്റെ ദേഹത്തുള്ളപൊന്നും തന്നേക്കാം. ഈ വിവാഹം നടക്കാതെയിരിക്കണ്ട!''
കൊച്ചാമ്മ വാതില്‍ക്കല്‍ വന്ന് തല നീട്ടിക്കൊണ്ട് പറഞ്ഞതു കേട്ടപ്പോള്‍ കണ്ണുകള്‍ ഈറനായി.
ജോമോന്റെ മുഖം മെല്ലെ തെളിഞ്ഞു വന്നു.
അന്തരീക്ഷം ശാന്തമായതോടെ എല്ലാ വദനങ്ങളിലും പുഞ്ചിരിപ്പൂക്കള്‍ വിരിഞ്ഞു.
''എങ്കിപ്പിന്നെ നിങ്ങളുടെ ഇഷ്ടംപോലെ നടക്കട്ടെ.''
ആ മഴയില്‍ ശീലക്കുടയും ചൂടി ഗര്‍വോടെ പൈനാവുകാര്‍ യാത്രയായി.
വീട്ടുകാരുടെ ആര്‍ത്തി പൊന്നിനോടാണ്.
തന്നെയല്ല അവര്‍ക്കു വേണ്ടത്: താന്‍ കൊണ്ടുവരുന്ന സ്ത്രീധനമാണ്.
ഒട്ടൊരു പേടിയോടെ അപ്പന്റെ മുമ്പിലേക്കു ചെന്നു. മനസ്സില്‍ അപ്പോഴും തീക്കനലായിരുന്നു.
''അപ്പാ, എനിക്കിപ്പോള്‍ കല്യാണം വേണ്ട... ഒരു ജോലി കിട്ടിയിട്ടു മതി...''
''കന്നുകാലികളുടെ ഇഷ്ടത്തിനല്ല തൊഴുത്തു പണിയുന്നത്, ഉടമസ്ഥന്റെ ഇഷ്ടത്തിനാണ്... എങ്ങനെയെങ്കിലും ഒന്നു കെട്ടിയെടുക്കണമെന്നു വിചാരിച്ചാ അതിനും തടസ്സം നില്‍ക്കാന്‍ വന്നോളും...'' അപ്പന്റെ മറുപടി കേട്ട് തകര്‍ന്നുപോയി.
ഒരു വിവാഹത്തില്‍ ത്യാഗം അനുഭവിക്കുന്നവളാണ് പെണ്ണ്...
സങ്കടം സഹിക്കാന്‍ പറ്റാത്തതുകൊണ്ട് പായയിലേക്കു വീണു. അറിയാതെ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നു.
''മോനേ വാ...വല്ലതും കഴിക്കാം.''
''എനിക്കു വേണ്ട കൊച്ചാമ്മേ... വിശപ്പൊട്ടുമില്ല.''
''എന്നാല്‍ ഞാന്‍ പോയി കഴിക്കട്ടെ. അടുക്കളയില്‍ വിളമ്പി മൂടിവച്ചിട്ടുണ്ട്. വിശക്കുമ്പോള്‍ വന്നു കഴിച്ചാല്‍ മതി.''
കൊച്ചാമ്മയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ മനസ്സ് ഒന്നുകൂടി നോവുന്നു.
ആരുടെയും മനസ്സ് കീറി നോക്കാന്‍ പറ്റില്ലല്ലോ...
ചില ഒറ്റപ്പെടലുകള്‍ സ്വയം കണ്ടെത്തുവാനുള്ള അവസരങ്ങളാണ്. എപ്പോഴോ മയങ്ങിപ്പോയി.
വലിയൊരു സ്‌ഫോടന ശബ്ദം!
മഴയില്‍ കുതിര്‍ന്ന് മുകളിലുള്ള പാറയുടെയും മണ്ണിന്റെയും കൂടെ വീട് താഴേക്കു പതിച്ചു.
താഴെയുള്ള മരങ്ങള്‍ക്കിടയിലേക്കാണ് ട്രീസ ചെന്നു വീണത്. ബോധം വീണ്ടുകിട്ടിയപ്പോള്‍ ആശുപത്രിയിലായിരുന്നു.
ഇടിഞ്ഞുവീണ മണ്ണാഴങ്ങളില്‍ മനുഷ്യജീവനുകള്‍ വിറങ്ങലിച്ചു കിടന്നു. കുതിര്‍ന്നരഞ്ഞ ചെളിമണ്ണിന്റെ മണ്ണടരുകളില്‍ അവസാനശ്വാസത്തിനായി അവര്‍ പിടഞ്ഞിരിക്കണം.
എന്തും ഏതും വിലപ്പെട്ടതായിത്തോന്നുന്നത് അതു ലഭിക്കുന്നതിനു മുമ്പും പിന്നെ നഷ്ടപ്പെടുമ്പോഴുമാണ്.
അതുവരെ ഉരുള്‍പൊട്ടലും പ്രളയവും അകലെ മലമ്പ്രദേശത്തും നദിയോരത്തും സംഭവിക്കുന്ന ദുരന്തങ്ങള്‍ മാത്രമായിരുന്നു. മണ്ണില്‍നിന്നും വെള്ളത്തില്‍നിന്നും കുഴഞ്ഞ ചെളിയില്‍നിന്നും സാവധാനം വലിച്ചെടുക്കുന്ന നിര്‍ജീവമായ ശരീരഭാഗങ്ങളുടെ ചിത്രങ്ങളും പത്രത്തിലെ വാര്‍ത്തകളും മാത്രമായിരുന്നു ഉരുള്‍പൊട്ടല്‍. എന്നാല്‍, സ്വന്തം വീട്ടില്‍ അത് സംഭവിച്ചപ്പോള്‍ ഉള്‍ക്കൊള്ളാന്‍ സമയങ്ങളെടുത്തു.
കുറെനാള്‍ ക്യാമ്പിലും ബന്ധുക്കളുടെ വീട്ടിലുമായി അലഞ്ഞു.
ബന്ധുവീട്ടില്‍ വച്ചാണ് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ടെസ്റ്റ് എഴുതി പാസ്സായത്. കൃഷി ഓഫീസില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. ജോലിയില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്കുള്ളില്‍ സുമുഖനായ ബാബുവെന്ന കൃഷി ഓഫീസര്‍ വിവാഹാലോചനയായെത്തി.
സ്ത്രീധനമൊന്നും കൊടുക്കാനില്ലാത്ത അഗതിക്ക് ഇതു പോലൊരു ബന്ധത്തെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ലായിരുന്നു. ഇതിന് തനിക്കര്‍ഹതയില്ലെന്നു പറഞ്ഞപ്പോള്‍ ബാബു സാര്‍ പറഞ്ഞ മറുപടി അദ്ഭുതപ്പെടുത്തി:
''നീ നീയായി ജീവിക്കാന്‍ പഠിക്ക്... ചിലര്‍ നിന്നെ വെറുക്കും. ചിലര്‍ നിന്നെ ഇഷ്ടപ്പെടും. ഈ ജീവിതത്തില്‍ ആവലാതി വേണ്ട. അതാണ് ജീവിതം... ഹൃദയം പാതിയാക്കാന്‍ ഒരുവളെ തേടുന്നവന് സ്ത്രീയാണ് ധനം!''
ഗതകാലത്തിന്റെ ഓര്‍മകളില്‍നിന്ന് തിരിഞ്ഞുനോക്കി.
താന്‍ ഇതുവരെ വിധിയുടെ ഗര്‍ത്തത്തില്‍ ആയിരുന്നു.
പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും ഹൃദയരോദനങ്ങള്‍ അവഗണിച്ച് സ്ത്രീധനം കണക്കു പറഞ്ഞു വിലയ്ക്കു വാങ്ങുന്ന ശരീരത്തെക്കാള്‍ പ്രണയിക്കുന്ന മനസ്സുകളാണ് ചേരേണ്ടത്.
കാലം കരുതിവച്ച കനിവിന്റെ ഒരു വിനാഴികത്തുമ്പില്‍ മഴ വീണ്ടുമെത്തി, ട്രീസയെ മാറോടു ചേര്‍ത്തണയ്ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നത് ബാബു കണ്ടു. അവന്റെ നെഞ്ചിന്റെ കരുതല്‍ അവളും...