കര്‍ക്കടകത്തിന്‍ കലിയടങ്ങി
അര്‍ക്കന്‍ കിഴക്കെത്തിപ്പുഞ്ചിരിച്ചു
ചിങ്ങത്തെ സ്വീകരിച്ചീടുവാനായ്
മങ്ങാതെ മാനം തെളിഞ്ഞുനിന്നു.
കണ്ണുകള്‍ക്കാനന്ദമേകിയെങ്ങും
വര്‍ണ്ണാഭസൂനങ്ങള്‍ കാറ്റിലാടി
തുമ്പികള്‍ പാറിപ്പറന്നു പൂക്കള്‍-
ക്കുമ്മകള്‍ നല്‍കുവാന്‍ മത്സരിച്ചു.
വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍
പാട്ടുകള്‍ പാടുന്ന കോകിലങ്ങള്‍
ഊയലാടുന്ന കുഞ്ഞുങ്ങളെങ്ങും
മായാത്ത സ്‌മേരമുഖാംബുജങ്ങള്‍.
കുട്ടികളോടിക്കളിച്ചിടുന്നു
പട്ടങ്ങള്‍ വാനില്‍പ്പറന്നിടുന്നു
ഇമ്പമായ്പ്പാട്ടുകളൊത്തു പാടി
തുമ്പിതുള്ളീടുന്നു പെണ്‍കിടാങ്ങള്‍.
പൊന്നോണനാളിലാമോദമോടെ
മന്നന്‍ മഹാബലി വന്നിടുമ്പോള്‍
പിന്നിട്ട നല്ല ദിനങ്ങള്‍ പോലാ-
ണിന്നുമെന്നുള്ളില്‍ നിനച്ചിടട്ടെ.