•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

കരിമഷി തേക്കുന്ന കാലം

  • രാധാകൃഷ്ണന്‍ കാര്യക്കുളം
  • 9 September , 2021

നേരം നന്നേ പുലര്‍ന്നുകഴിഞ്ഞു. ശാരി, പുറത്ത് ആരോടോ സംസാരിക്കുന്നതു കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ''ചേട്ടന്‍ അകത്തുണ്ട്. രാത്രി വൈകിയാ വന്നത്. നല്ല ഉറക്കത്തിലാണ്. ഞാന്‍ വിളിക്കാം.'' അവള്‍ അങ്ങനെയാണ് അവരോടു പറഞ്ഞതെന്ന് ഞാന്‍ കേട്ടു. സമയം പത്തു കഴിഞ്ഞിരിക്കുന്നു. ശാരിയുടെ പാദപതനശബ്ദം അടുത്തു വരുന്നതിനു മുമ്പുതന്നെ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
''ആരാണ് ശാരി? എന്താ പ്രശ്‌നം?''
ഞാന്‍ ചോദിച്ചു.  
''പോലീസുകാരാണ്.'' പരിഭ്രമത്തോടെ അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്ന് അവളെ നോക്കി.
''പോലീസുകാരോ?'' അവരിപ്പോ ഇവിടെയെന്തിനെന്ന രീതിയില്‍ ഞാന്‍ അവളെ നോക്കി. ''എനിക്കറിയില്ല. എന്തോ കുഴപ്പമാണ്.'' അവള്‍ സങ്കടപ്പെട്ടു. ഞാന്‍ പുറത്തേക്കു ചെല്ലുമ്പോള്‍ ഒരു പോലീസ് വാഹനം മുറ്റത്തു കിടപ്പുണ്ട്. എസ്.ഐ.യും രണ്ടു പോലീസുകാരും.
''കണ്ടക്ടര്‍ സുദേവനല്ലേ...?'' എസ്. ഐ. എന്നോടു ചോദിച്ചു.
''അതേ, എന്താണ് സാര്‍?'' ഞാന്‍ ചോദിച്ചു.
''ഈ സ്ത്രീയെ അറിയുമോ?'' ഒരു ഫോട്ടോ എന്റെ നേരേ ഉയര്‍ത്തിപ്പിടിച്ചാണ് അയാളുടെ ചോദ്യം. ഞാന്‍ ആ ഫോട്ടോയിലേക്കു നോക്കി.
ഇത് അവളല്ലേ? എന്റെ മനസ്സില്‍ ഒരു മിന്നല്‍പ്രകാശംപോലെ അവള്‍ തെളിഞ്ഞു.
''അറിയും.'' ഞാന്‍ പറഞ്ഞു.
''എങ്ങനെ?'' അയാള്‍ വീണ്ടും ചോദിച്ചു.
''ഇന്നലെ ഞങ്ങളുടെ ബസില്‍ ഇവള്‍ യാത്ര ചെയ്തിരുന്നു.''
ഞാന്‍ പറഞ്ഞു.
''ശരിക്കും ഓര്‍മയുണ്ടോ?'' എസ്.ഐ. എടുത്തു ചോദിച്ചു.
''ഉണ്ട് സാര്‍... എന്താ... എന്തു പറ്റി?''
എന്റെ ഉള്ളിലും പരിഭ്രമം ഉടലെടുത്തു.
''ഈ സ്ത്രീ മിസ്സിങ്ങാണ്... ഇന്നലെ രാത്രി ഒന്നരയ്ക്കുശേഷം. ഇവരെ അവസാനമായി കണ്ടത് നിങ്ങളാണെന്ന് അവരുടെ ഭര്‍ത്താവ് പറയുന്നു.'' അയാള്‍ കേസ് തന്നിരിക്കയാണ്. ഞാന്‍ ശരിക്കും ഞെട്ടി. അടുത്തുനിന്ന ശാരി നിലവിളിയുടെ വക്കിലുമെത്തി.
''നിങ്ങള്‍ സ്റ്റേഷനില്‍വരെ വരണം. ഇപ്പോള്‍ വരണമെന്നില്ല. ഉച്ചയ്ക്കുശേഷം മതി.''
അതുംകൂടി പറഞ്ഞിട്ട് എസ്.ഐയും പൊലീസുകാരും ജീപ്പില്‍ കയറിപ്പോയി. ഞാന്‍ സ്തംഭനാവസ്ഥയിലായിപ്പോയി.
''വരലക്ഷ്മി...'' അങ്ങനെയാണ് അവള്‍ പേരു പറഞ്ഞത്.
മൂന്നാറില്‍നിന്നുള്ള അവസാന ട്രിപ്പ് യാത്രയായിരുന്നു അത്. ചങ്ങനാശേരിയിലാണ് ഹാള്‍ട്ട് ചെയ്യുക. രാത്രിയായിരുന്നതുകൊണ്ട് അധികമാളുകള്‍ ഉണ്ടായിരുന്നില്ല. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ കൂടിപ്പോയാല്‍ ഒരു ഇരുപത്തഞ്ചു പേര്‍.
മൂടല്‍മഞ്ഞു ചുറ്റും കനത്തിരുന്നു. ബസിന്റെ ഓട്ടത്തില്‍ ചൂളം വിളിച്ചുവരുന്നതുപോലെ തണുത്ത കാറ്റ് ബസിനുള്ളിലേക്ക് നൂഴ്ന്നു കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഷട്ടറെല്ലാം താഴ്ത്തിയിട്ടിരിക്കുകയാണ്. എങ്കിലും അതിന്റെ വിടവുകള്‍ തേടി അലയുകയായിരുന്നു കാറ്റ്. കുളിരുകൊണ്ട് ചിലര്‍ കൈകള്‍ നെഞ്ചിനോടു ചേര്‍ത്ത് കൂട്ടിപ്പിടിച്ചിരുപ്പുണ്ട്. സ്ത്രീകള്‍ സാരിത്തലപ്പ് തല മൂടി പുതച്ചിരുന്നു. മഞ്ഞ വെളിച്ചത്തിലാണ് ബസ്സിന്റെ ഓട്ടം. അടിമാലിയായപ്പോള്‍ കുറച്ചുപേര്‍ ഇറങ്ങി. വേറെ ചിലര്‍ കയറി. തുടര്‍ന്നുള്ള യാത്രയില്‍... അടിമാലി പത്താം മൈല്‍ പിന്നിടവേ, ഒരു സ്ത്രീ ബസ്സിനു മുന്നില്‍ കൈനീട്ടുന്നത് ഫ്രണ്ട് ഗ്ലാസിലൂടെ മഞ്ഞവെളിച്ചത്തില്‍ ഞാന്‍ കണ്ടു. ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. ഞാന്‍ ബെല്ലടിച്ചു. സ്ത്രീകളല്ലേ, അതും രാത്രി. എന്റെ ചിന്ത അപ്പോഴങ്ങനായിരുന്നു.
അല്പം മുന്നോട്ടുമാറി ബസ് നിന്നു. അവര്‍ ഓടിക്കിതച്ചു വന്ന് ബസ്സിന്റെ പിന്‍വാതിലിലൂടെ ഉള്ളില്‍ കടന്നു. അപ്പോള്‍ സമയം പത്തു മുപ്പത്. ചുരിദാറായിരുന്നു വേഷം. ആ സ്ത്രീ ബസ്സിനകത്തുകൂടി മുന്നിലേക്കു നടന്ന് സ്ത്രീകളുടെ സീറ്റിലിരുന്നു. ബസ് മുന്നോട്ടു നീങ്ങി. അവര്‍ ദുപ്പട്ടകൊണ്ടു തല മൂടിപ്പൊതിയാനൊരുങ്ങുന്നതിനിടയിലായിരുന്നു ടിക്കറ്റ് കൊടുക്കാന്‍  അവളുടെ അരികില്‍ ഞാനെത്തിയത്. അവള്‍ എന്നെ നോക്കി. പെട്ടെന്ന് തലയില്‍ മൂടിപ്പുതച്ചിരുന്ന ദുപ്പട്ട അവളുടെ കഴുത്തിടങ്ങളിലേക്കു തെന്നിമാറി.
''സാര്‍... തുരുത്തിയില്‍ ഇറങ്ങാന്‍ പറ്റില്ലേ?'' അവള്‍ പെട്ടെന്നു ചോദിച്ചു.
''തുരുത്തിയോ, ചങ്ങനാശേരിക്കടുത്തുള്ള?'' ഞാന്‍ ചോദിച്ചു.
''അതേ.'' അവള്‍ പറഞ്ഞു.
''പിന്നെന്താ ഇറക്കാമല്ലോ'' എന്നു പറഞ്ഞിട്ട് അവള്‍ നീട്ടിയ പണം വാങ്ങി ടിക്കറ്റ് കൊടുത്ത ശേഷം ബാക്കിയും നല്‍കി കണ്ടക്ടര്‍സീറ്റില്‍ വന്നിരിക്കുമ്പോഴും എന്റെ ശ്രദ്ധ അവളിത്തന്നെയായിരുന്നു. ചെറുപ്പമാണ്. കൂടിയാല്‍, ഇരുപത്തഞ്ചു വയസ്സ്. വലിയ സൗന്ദര്യം ഇല്ലെങ്കിലും കാഴ്ചയ്ക്കു മോശമെന്നു പറയാനൊക്കില്ല.
അവള്‍ ഈ രാത്രിയില്‍...  അതും ഒറ്റയ്ക്ക്... ഞാന്‍ അങ്ങനെ ചിന്തിച്ചു. അല്ല, താനെന്തിനു ഇങ്ങനെയൊക്കെ ചിന്തിക്കണമെന്ന് ഉടന്‍ വീണ്ടുവിചാരവും നടത്തി.
യാത്രക്കാരുടെ ബയോഗ്രഫിയും ജോഗ്രഫിയുമൊക്കെ അന്വേഷിക്കലല്ലല്ലോ തന്റെ ജോലിയെന്ന് സ്വയം തീരുമാനത്തില്‍ എത്തുകയും ചെയ്തു.
ബസ് തൊടുപുഴ എത്തിയപ്പോള്‍ ബസിലുണ്ടായിരുന്ന മിക്കവാറും പേര്‍ അവിടിറങ്ങി, സ്ത്രീകള്‍ ഉള്‍പ്പെടെ. അവിടെനിന്നു നാലഞ്ചുപേര്‍ കയറി. യാത്ര തുടര്‍ന്നു.
കോട്ടയം കഴിഞ്ഞപ്പോള്‍ മൂന്നോ നാലോ പേരായി. ചിങ്ങവനം കടന്നപ്പോള്‍ ഞാനും അവളും ഡ്രൈവറും മാത്രമായി. ഇതിനിടയില്‍, അവള്‍ പലവട്ടം മൊബൈല്‍ ഫോണില്‍ ആരെയോ വിളിക്കുന്നുണ്ടായിരുന്നു. മറുവശത്തെ മറുപടി അത്ര തൃപ്തികരമല്ലാത്തതുപോലെ അവള്‍ ആശങ്കപ്പെടുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവളുടെ അടുത്തെത്തി.
''സ്റ്റോപ്പ് അടുത്തുകൊണ്ടിരിക്കുന്നു.'' അവളെ അറിയിച്ചു.
''അറിയാം സാര്‍.''
''എന്താ മുഖത്ത് ഒരു പരിഭ്രമം. അടുത്തല്ലേ വീട്?''
''അല്ല സാര്‍, രണ്ടു കിലോമീറ്റര്‍ ഉള്ളിലാ.'' അവള്‍ പറഞ്ഞു.
''കൂട്ടിക്കൊണ്ടുപോകാന്‍ ആരെങ്കിലും വരുമോ?'' ഞാന്‍ ചോദിച്ചു.
''ഭര്‍ത്താവ് വരാമെന്നാ പറഞ്ഞിരുന്നത്... ഇപ്പോ..'' അവളുടെ ശബ്ദം മുറിഞ്ഞു.
''എന്താ വരില്ലേ?''
''ഇല്ല.''
''എന്തുപറ്റി?''
''ചേട്ടന്‍ പോരാന്നേരം ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ലെന്ന് അറിയിച്ചു.''
''ഇനീപ്പം എന്തു ചെയ്യും? നടക്കാനാണോ പ്ലാന്‍. അതും ഈ രാത്രിയില്‍...'' ഞാന്‍ ചോദിച്ചു.
''ഇല്ല, കൂട്ടുകാരുടെ ആരുടെയെങ്കിലും ഓട്ടോറിക്ഷ പറഞ്ഞയയ്ക്കാമെന്നു പറഞ്ഞു.''
ഞാന്‍ ആലോചിച്ചു.
''ഒരു കാര്യം ചെയ്യ്... ഭര്‍ത്താവിന്റെ നമ്പരൊന്നു വിളിച്ചു തര്വോ?''
അവള്‍ എന്നെ ഒന്നു നോക്കിയശേഷം നമ്പര്‍ ഡയല്‍ ചെയ്ത് എനിക്കു തന്നു. മറുവശത്തു നിന്ന് ''ഹലോ'' കേട്ടു.
''ഇത് നിങ്ങളുടെ ഭാര്യ യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടറാണ്. നിങ്ങള്‍ അവരെ കൊണ്ടുപോകാന്‍ വരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഇനി എന്തു ചെയ്യണം?''
ഞാന്‍ പറഞ്ഞു.
''കുഴപ്പമില്ല. സാര്‍... ഞാന്‍ ഒരു ഓട്ടോറിക്ഷ പറഞ്ഞു വിട്ടോളാം.'' മറുപടി കേട്ടു.
''ഓട്ടോറിക്ഷക്കാരന്‍ അടുത്തറിയാവുന്ന ആളാണോ?'' കരിമഷി തേക്കുന്ന കാലമായതുകൊണ്ട് ഒരു മുന്നറിയിപ്പുപോലെയായിരുന്നു എന്റെ ചോദ്യം.
''ഇല്ല സര്‍,  എന്റെ ഉറ്റചങ്ങാതിയാണ്. എന്റെ ഭാര്യേം അറിയാം.'' ഭര്‍ത്താവിന്റെ വാക്ക് ഞാന്‍ വിശ്വസിച്ചു. പിന്നെ, അവളോടു വെറുതേ ചോദിച്ചു.
''കുട്ടി... എവിടെങ്കിലും വര്‍ക്ക് ചെയ്യുകയാണോ?''
''അതേ, അടിമാലി പത്താം മൈലിലെ എല്‍.പി. സ്‌കൂളിലെ റ്റീച്ചറാ.'' അവള്‍ പറഞ്ഞു. ''ആഴ്ചയിലാണോ വീട്ടില്‍ വരുന്നത്...?''
''അല്ല. മാസത്തിലാ.''
''പേരു പറഞ്ഞില്ല.''
അടുപ്പം വന്നപ്പോഴെന്നപോലെ ഞാന്‍ ചോദിച്ചു.
''വരലക്ഷ്മി.''
അവള്‍ പേരു പറഞ്ഞു.
ബസ് തുരുത്തിയിലെത്തി. നിരത്തിലെങ്ങും ആളനക്കമില്ല. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ചുറ്റുപാടും വിതറിക്കിടപ്പുണ്ട്. അവള്‍ ബാഗുമെടുത്ത് ഇറങ്ങാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. ''ധൃതി പിടിക്കേണ്ട. അയാള്‍ വരട്ടെ. വന്നിട്ടേ ഞങ്ങള്‍ പോകുന്നുള്ളൂ.''
ഒരു സ്ത്രീയെ തനിച്ചാക്കി പോകുന്നതിലുള്ള വിഷമം അപ്പോള്‍ എനിക്കുണ്ടായി. ഞാന്‍ അക്കാര്യം ഡ്രൈവറുചേട്ടനെ അറിയിച്ചു. ചേട്ടനും സമ്മതമായി. അഞ്ചു മിനിറ്റ് ഞങ്ങള്‍ അവിടെ വെയിറ്റ് ചെയ്തു. ഓട്ടോറിക്ഷയെത്തി. മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന യുവാവായിരുന്നു ഓട്ടോ ഡ്രൈവര്‍.
അവള്‍ അതില്‍ കയറിപ്പോയതിനുശേഷമാണ് ഞങ്ങളുടെ ബസ് മുന്നോട്ടു നീങ്ങിയത്.
അവള്‍ക്ക് എന്തുപറ്റിയെന്ന് ആലോചിച്ചുനിന്നപ്പോഴാണ് ശാരി ഓടിവന്ന് എന്നെ വിളിച്ചത്. ടി.വിയില്‍ അപ്പോള്‍ വാര്‍ത്ത തുടരുകയാണ്:
''ഓട്ടോറിക്ഷക്കാരനായ യുവാവിന്റെ മൃതദേഹം കൈത്തോട്ടില്‍... ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കാണാനില്ല.''
ഞാന്‍ ശബ്ദമില്ലാത്തവനായി അവിടെ നിന്നു.
ഉച്ചയ്ക്കുശേഷം പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൂര്‍ണവിവരം കിട്ടിയത്.
''എടോ... അവള്‍ ചില്ലറക്കാരിയല്ല. മിടുക്കിയാണ്. ബ്ലാക്ക് ബെല്‍റ്റുള്ള പെണ്‍പുലി. അവളെ മറ്റവന്‍ തോണ്ടിയപ്പോള്‍ അവള്‍ അവന്റെ കുഴിയെടുത്തു. അത്രേയുള്ളൂ. എന്നിട്ട് അവള്‍, അവളുടെ കൂട്ടുകാരിയായ അഡ്വക്കേറ്റിനെ കണ്ടശേഷം കോടതിയില്‍ വന്ന് സറണ്ടര്‍ ചെയ്തു. ഇപ്പോള്‍ അവള്‍ റിമാന്റിലാ... പിന്നെ, തനിക്കും ഡ്രൈവര്‍ക്കും ഇതില്‍നിന്നു പെട്ടെന്ന് ഊരാനൊക്കില്ല. നിങ്ങള്‍ രണ്ടുപേരും പ്രധാനസാക്ഷികളാണ്.''
എസ്. ഐ. പറഞ്ഞുനിര്‍ത്തി.
എന്റെ കാലുകള്‍ വിറക്കുന്നുണ്ടെന്നു തോന്നി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)