•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പിടിമുറുക്കി കൊവിഡ് ഞെരിഞ്ഞമര്‍ന്ന് ഇന്ത്യ

  • ഇഗ്നേഷ്യസ് കലയന്താനി
  • 16 July , 2020

    
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം മരണവും ഏറുകയാണ്. രോഗികളുടെ എണ്ണം എട്ടുലക്ഷം പിന്നിട്ടിരിക്കുന്നു. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞു. ഏതു നിമിഷവും ഒരു അതിവേഗരോഗവ്യാപനമുണ്ടായേക്കാമെന്ന ഭീതിയിലാണ് രാജ്യം ഇന്ന്.
കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഉറവിടം അറിയാത്ത സമ്പര്‍ക്കരോഗികളുടെ എണ്ണം പെരുകിയതോടെ ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് സമൂഹവ്യാപനമുണ്ടായി എന്ന സംശയത്തെത്തുടര്‍ന്ന് നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. 
ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്റെയും അശ്രാന്തപരിശ്രമത്തിലൂടെ ലോക്ഡൗണ്‍ കാലത്ത് ഒരു പരിധിവരെ നമ്മള്‍ പിടിച്ചുകെട്ടിയ കൊറോണ പിന്നീടു തിരിച്ചുവന്നത് പ്രവാസികളോടൊപ്പം വിദേശത്തുനിന്നാണ്. കൊവിഡ് ഭീതിയില്‍ വിമാനസര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ നാട്ടിലേക്കു വരാന്‍ മാര്‍ഗ്ഗമില്ലാതെ ആയിരക്കണക്കിനു പ്രവാസികള്‍ രണ്ടു മാസത്തോളം വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയി. ഇതിനിടയില്‍ പതിനായിരങ്ങള്‍ അവിടെ കൊവിഡിന്റെ പിടിയിലായി. നല്ല ചികിത്സയോ പരിചരണമോ ലഭിക്കാതെ നൂറുകണക്കിനു മലയാളികള്‍ക്കു ജീവന്‍ വെടിയേണ്ടിയും വന്നു. നാട്ടിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഭൗതികദേഹം അവസാനമായി ഒന്നു കാണാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട് പലര്‍ക്കും വിദേശമണ്ണില്‍ അലിഞ്ഞുചേരേണ്ടിവന്നു.
ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ ജന്മനാട്ടിലേക്കു മടങ്ങാന്‍ തിരക്കു കൂട്ടിയത്. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ അവരെ നാട്ടിലേക്കു കൊണ്ടുവന്ന് ഇവിടെ ക്വാറന്റൈനിലാക്കി. ക്വാറന്റൈന്‍ ലംഘിച്ചു ചിലരൊക്കെ ഒളിച്ചും പാത്തും നാട്ടിലിറങ്ങി കറങ്ങിയതോടെ കാര്യങ്ങള്‍ വഷളായി. 

ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വന്നു. സമൂഹവ്യാപനം എന്ന വിപത്തിന്റെ വക്കില്‍ സംസ്ഥാനം എത്തിനില്‍ക്കുന്നു എന്ന മുന്നറിയിപ്പും ഇപ്പോള്‍ കിട്ടിക്കഴിഞ്ഞു.
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ഇനിയും ഒരുപാട് പേരുണ്ട് ഇങ്ങോട്ടു വരാന്‍. അവര്‍ നെഞ്ചിടിപ്പോടെ ഊഴം കാത്തുനില്‍ക്കുകയാണ്. എല്ലാവരും വന്നുകഴിയുമ്പോള്‍ രോഗികളുടെ എണ്ണം കുതിച്ചുയരുമോ? കേരളം വീണ്ടും ഒരു സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്കു പോകുമോ? ഇല്ലെന്നു പറയാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനും കഴിയുന്നില്ല.
കൊറോണയെ കീഴടക്കാന്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും തുടക്കം മുതല്‍ കിണഞ്ഞു ശ്രമിച്ചു എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ആദ്യഘട്ടത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്തു. ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പിന്നീട് എല്ലാക്കാര്യത്തിലും അലംഭാവം കാട്ടി. സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നൊന്നായി ലംഘിച്ചു. കൂട്ടം കൂടരുത്, സോപ്പുപയോഗിച്ചു കൈ കഴുകണം, തുപ്പരുത്, മാസ്‌ക് ധരിക്കണം, ക്വാറന്റൈനില്‍ ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത് എന്നൊക്കെ നിര്‍ദ്ദേശിച്ചപ്പോള്‍ അതൊന്നും തന്നെ ഉദ്ദേശിച്ചല്ല എന്ന മട്ടിലായിരുന്നു ആളുകളുടെ നടപ്പും ഭാവവും. മാസ്‌ക് ചിലര്‍ക്ക് കണ്ഠാഭരണമായി മാറി. ഇതിനെല്ലാം വലിയ വിലകൊടുക്കേണ്ടി വന്നിരിക്കയാണ് ഇപ്പോള്‍.
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. പഠനം വീട്ടിലിരുന്ന് ഓണ്‍ലൈനില്‍. സ്‌കൂള്‍സിലബസും പരീക്ഷകളും വെട്ടിക്കുറയ്ക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു. മുന്‍പൊരിക്കലും സംഭവിക്കാത്തവിധം ഒരു വര്‍ഷത്തെ അദ്ധ്യയനം കീഴ്‌മേല്‍ മറിയാന്‍ പോകുന്നു എന്നു ചുരുക്കം. പൊതുസമൂഹത്തില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയല്ല. ഒന്നാം ക്ലാസില്‍ ഈ വര്‍ഷം ചേരാനിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും കടുത്ത ആശങ്കയിലാണ്. സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ കുട്ടികള്‍ക്കു നഷ്ടമാകുന്നത് ഒരു അദ്ധ്യയനവര്‍ഷമാണ്. ക്ലാസ്മുറികളിലെ പഠനത്തോളം രസകരമാവില്ലല്ലോ വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനം, പ്രത്യേകിച്ച് ഒന്നാം ക്ലാസില്‍ ചേരാനിരിക്കുന്ന കുരുന്നുകള്‍ക്ക്.
വ്യാപാരവ്യവസായമേഖലയില്‍ കൊവിഡ് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. സര്‍ക്കാരിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞു. അതിനിയും കുറയും. ഉദ്യോഗസ്ഥര്‍ക്കു ശമ്പളം കൊടുക്കാന്‍പോലും നിവൃത്തിയില്ലാത്ത സ്ഥിതിയിലേക്കു സംസ്ഥാനം ഞെരിഞ്ഞമരും. ഈ സ്ഥിതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എവിടെനിന്നു പണം കണെ്ടത്താനാവും? കടമെടുപ്പിനും ഉണ്ടല്ലോ പരിധി. ഈ വര്‍ഷം ഒരു വെള്ളപ്പൊക്കംകൂടി വന്നാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന സ്ഥിതിയിലാകും കേരളം.
മറ്റൊരാഘാതം പ്രവാസികളുടെ മടങ്ങിവരവാണ്. കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ നിര്‍ണായകപങ്കു വഹിക്കുന്നവരാണ് വിദേശത്തും അന്യസംസ്ഥാനത്തും ജോലി ചെയ്യുന്ന മലയാളികള്‍.
കൊവിഡ്-19 സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയുംമൂലം ഗള്‍ഫില്‍നിന്നുമാത്രമായി ഏതാണ്ട് 3.8 ലക്ഷം പ്രവാസികള്‍ കേരളത്തിലേക്കു മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണറിവ്. ഓരോ ദിവസവും ആയിരക്കണക്കിനു പ്രവാസികളാണ് ഇവിടെ വിമാനം ഇറങ്ങുന്നത്. ഇനി ഒരു തിരിച്ചുപോക്കില്ലാതെ എല്ലാം വാരിക്കെട്ടിയാണ് പലരുടെയും വരവ്. അവര്‍ക്കെല്ലാം ഇനി ഇവിടെ തൊഴില്‍ കണെ്ടത്തണം. ഇവിടെ ഉള്ളവര്‍ക്കുപോലും തൊഴില്‍ കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പ്രവാസികളെ എങ്ങനെ പുനരധിവസിപ്പിക്കും എന്ന തലവേദന സര്‍ക്കാരിനെ ഏറെ അലട്ടുന്നു. 
നാലു പതിറ്റാണ്ടുകാലം കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത് വിദേശമലയാളികളില്‍നിന്ന് ഇങ്ങോട്ടൊഴുകിയെത്തിയ പണമായിരുന്നു. കഴിഞ്ഞ വര്‍ഷം കിട്ടിയത് ഏതാണ്ട് ഒരു ലക്ഷം കോടിയോളം രൂപയാണ്.
ബാങ്കിംഗ് രംഗത്ത് വിദേശപണം വന്‍വികസനം ഉണ്ടാക്കി. ബാങ്ക് നിക്ഷേപം, എന്‍.ആര്‍.ഐ. നിക്ഷേപം എന്നിവ വലിയ തോതില്‍ വര്‍ധിച്ചു. ബാങ്കുകളിലെ വായ്പാവിതരണം കൂടി.
കച്ചവടം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വലിയ വികസനവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. എല്ലാവിഭാഗം തൊഴിലാളികളുടെയും വേതനനിരക്കു വര്‍ധിക്കാനും വിദേശപണം വഴിയൊരുക്കി. കെട്ടിടനിര്‍മ്മാണം, നിര്‍മ്മാണസാമഗ്രികളുടെ ഉത്പാദനം, ഗതാഗതം, വ്യാപാരം എന്നീ മേഖലകളില്‍ വലിയ മുന്നേറ്റം തന്നെയുണ്ടായി. വ്യോമഗതാഗതരംഗത്ത് വലിയ മാറ്റത്തിനു വഴിയൊരുക്കിയതും വിദേശമലയാളികളാണ് .
കൊവിഡ് 19 മൂലം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ സംസ്ഥാനത്ത് പ്രവാസികളുടെ മടങ്ങിവരവ് കൂനിന്മേല്‍ കുരുവാകും എന്നതില്‍ സംശയമില്ല. ഗള്‍ഫില്‍നിന്നുള്ള പണപ്രവാഹം 25 ശതമാനത്തോളം കുറയും എന്നാണ് സാമ്പത്തികവിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
വീടു പണിയാനും മറ്റാവശ്യങ്ങള്‍ക്കും പ്രവാസികള്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങും. ഇതു ബാങ്കിങ്പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഗള്‍ഫ് കുടിയേറ്റ കുടുംബങ്ങള്‍ കൂടുതലായി ഉള്ള സ്ഥലങ്ങളില്‍ രൂക്ഷമായ സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയുമാകും ഫലം. തിരിച്ചുവരുന്ന പ്രവാസികളില്‍ പലര്‍ക്കും ഇനി കണ്ണീര്‍ക്കാലമായിരിക്കും എന്നു ചുരുക്കം.
പണെ്ടാക്കെ പ്രവാസി നാട്ടില്‍ വരുന്നു എന്നു കേട്ടാല്‍ കയ്യില്‍ പൂച്ചെണ്ടും പൂമാലയുമായി സ്വീകരിക്കാന്‍ കാത്തുനില്‍ക്കുമായിരുന്നു സ്വന്തക്കാരും സുഹൃത്തുക്കളും നാട്ടുകാരും. ഇന്നു പ്രവാസി എന്നു കേള്‍ക്കുമ്പോള്‍ കയ്യില്‍ കല്ലുമായാണ് നില്‍ക്കുന്നത്. സ്വന്തം വീട്ടിലേക്കു വരുമ്പോള്‍പോലും വാതിലുകള്‍ കൊട്ടി അടയ്ക്കപ്പെടുന്നു. കൊറോണ വരുത്തിവച്ച സാമൂഹികമാറ്റം ചെറുതല്ല. പ്രവാസിയെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ ഓടിച്ചതും സ്വന്തം വീട്ടില്‍ കയറാന്‍ പ്രവാസിക്ക് പോലീസിന്റെ സഹായം വേണ്ടി വന്നതും ഈ സാക്ഷരകേരളത്തിലാണ്. ഉറ്റവരാല്‍ മുറിവേല്‍ക്കപ്പെട്ടതിന്റെ വിങ്ങലും ഉള്ളില്‍ പേറിയായിരിക്കും പല പ്രവാസിയുടെയും ഇനിയുള്ള ജീവിതം.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിറുത്തുന്നതിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും വിദേശമലയാളികള്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ കോവിഡ് കളം ഒഴിയുന്ന കാലത്ത് വിദേശകുടിയേറ്റം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)