•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

നിശ്ശബ്ദമായൊരു വിശുദ്ധജീവിതം

  • മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍
  • 14 October , 2021

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യാഭിഷേകത്തിന്റെ നൂറാം വര്‍ഷത്തില്‍, അദ്ദേഹത്തിന്റെ ഉറ്റബന്ധുകൂടിയായ പാലാ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് ഇത് ഒരോര്‍മക്കാലമാവുകയാണ്.

കര്‍ത്താവിന്റെ പ്രതിപുരുഷനായി നൂറുശതമാനവും സത്യസന്ധതയോടെ പ്രവര്‍ത്തിച്ച ഒരു പുണ്യപുരുഷനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. വലിയ കാര്യങ്ങളൊന്നും അദ്ദേഹം ഈ ലോകത്തില്‍ നിര്‍വഹിച്ചില്ല. എന്തെങ്കിലും ചെയ്താകട്ടെ, പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയും. ക്രിസ്തീയ വേദോപദേശങ്ങള്‍ ശരിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു പാടവമുണ്ടായിരുന്നില്ല. ഒരുകാര്യം പറഞ്ഞു മനസ്സിലാക്കാനോ നന്നായി പ്രസംഗിക്കാനോ ആകര്‍ഷകമായി അവതരിപ്പിക്കാനോ ഒന്നും അദ്ദേഹത്തിനുവശമില്ലായിരുന്നു. പക്ഷേ, അദ്ദേഹം ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ സ്വീകാര്യനായിത്തീര്‍ന്നു.
പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു കുഞ്ഞച്ചന്‍. ഓരോ ദിവസവും ദീര്‍ഘനേരം ദിവ്യകാരുണ്യസന്നിധിയില്‍ ചെലവഴിച്ചിരുന്നു. തന്റെ ദളിത്മക്കളുടെ അഭിവൃദ്ധിക്കും അവരുടെയിടയിലുള്ള തന്റെ മിഷന്‍പ്രവര്‍ത്തനം ഫലപ്രദമാകുന്നതിനുംവേണ്ടിയായിരുന്നു ഈ പ്രാര്‍ത്ഥനകളെല്ലാം. അതിരാവിലെ ഉണര്‍ന്നു ദിവ്യബലിക്കും യാമപ്രാര്‍ത്ഥനകള്‍ക്കുംശേഷം കുടിലുകള്‍ തേടിയുള്ള തന്റെ യാത്ര ആരംഭിക്കും. ഉച്ചഭക്ഷണമായി ചിലപ്പോള്‍ മുട്ടയോ ഏത്തപ്പഴമോ കൈയില്‍ കരുതിയിരിക്കും. അക്കാലത്തു മറ്റുള്ളവര്‍ കയറാന്‍ മടിച്ചിരുന്ന ആ കുടിലുകളില്‍ കടന്നുചെന്ന് അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന്, ആശ്വസിപ്പിച്ച്
അവരെ ഒപ്പം ചേര്‍ത്തുനിര്‍ത്തി. അവരോടൊപ്പം എല്ലാക്കാര്യങ്ങളിലും എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹം ചെയ്ത വലിയ കാര്യം.“God doesnot look on our abilities or inabilities, he is only looking for our availability.’’‑
കുഞ്ഞച്ചന്‍ അവര്‍ക്ക് എല്ലായ്‌പ്പോഴും സംലഭ്യനായിരുന്നുവെന്നു ചുരുക്കം. ആ സംലഭ്യതയായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനത്തെ വ്യത്യസ്തമാക്കിയത്. വളരെക്കുറച്ചു മാസങ്ങള്‍ മാത്രമേ കടനാട് പള്ളിയില്‍ അസിസ്റ്റന്റു വികാരിയായി കുഞ്ഞച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളൂ. അതിനുശേഷം രോഗബാധിതനായി രാമപുരത്തേക്കു തിരിച്ചുപോന്നു. അമ്പത്തിരണ്ടു വര്‍ഷത്തെ പൗരോഹിത്യജീവിതത്തില്‍ ഏറിയ പങ്കും രാമപുരത്തും പരിസരത്തുമുള്ള ദളിത് മക്കളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു കുഞ്ഞച്ചന്‍ ചെലവഴിച്ചത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കൊടിയ പാപങ്ങളിലും കുടുങ്ങിക്കിടന്നിരുന്ന അവരെ ദൈവത്തിനു പ്രിയപ്പെട്ട മനുഷ്യരാക്കി രൂപാന്തരപ്പെടുത്തുന്നതില്‍ കുഞ്ഞച്ചന്റെ കുമ്പസാരക്കൂടുകള്‍ വഹിച്ച പങ്ക് ചെറുതല്ല. പാപസങ്കീര്‍ത്തനവേദിയായിരുന്നു കുഞ്ഞച്ചന്റെ പ്രധാന മതബോധനവേദിയും കൗണ്‍സലിങ് സെന്ററും. കുഞ്ഞച്ചന്റെ ഉപദേശവും ആശ്വാസവും തേടാന്‍ ആളുകള്‍ ഓടിക്കൂടുമായിരുന്നു. പാപഭാരവുമായി വരുന്നവര്‍ക്ക് ദൈവത്തിന്റെ കാരുണ്യം മനസ്സിലാക്കിക്കൊടുക്കാന്‍ കുഞ്ഞച്ചന്‍ കഠിനാധ്വാനം ചെയ്തു.
കുഞ്ഞച്ചന്‍ എന്റെ അമ്മയുടെ ഒരു ചിറ്റപ്പനാണ്. കുഞ്ഞച്ചന്റെ പിതാവും എന്റെ അമ്മയുടെ വല്യപ്പച്ചനും സഹോദരങ്ങളാണ്. അമ്മവഴി ഒരു ബന്ധമുണ്ടായിരുന്നതുകൊണ്ട് രാമപുരത്തു പോകുമ്പോഴൊക്കെ കുഞ്ഞച്ചനെയും കണ്ട് അനുഗ്രഹം വാങ്ങി വരണമെന്ന് വീട്ടില്‍നിന്നു പറയുമായിരുന്നു. ഞങ്ങള്‍ക്കും അതു സന്തോഷമായിരുന്നു. കുട്ടികളെ കുഞ്ഞച്ചനു വലിയ ഇഷ്ടമായിരുന്നു. പരീക്ഷക്കാലങ്ങളില്‍ പേനയും പാഠപുസ്തകങ്ങളും വെഞ്ചരിക്കാന്‍ കുഞ്ഞച്ചന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതം കുഞ്ഞച്ചനുണ്ടായിരുന്നു. പൊക്കം കുറഞ്ഞ മെലിഞ്ഞ ഒരു കുഞ്ഞ് അച്ചന്റെ രൂപമായിരുന്നതുകൊണ്ടാവാം ഒരുപക്ഷേ, കുട്ടികള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹം വിശുദ്ധനായ ഒരു വൈദികനാണെന്നു കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമായിരുന്നു.
എന്നെ മാമ്മോദീസാ മുക്കിയത് കുഞ്ഞച്ചനാണ്. കുഞ്ഞച്ചന്റെ സംസ്‌കാരശുശ്രൂഷയ്ക്കു കാര്‍മികത്വം വഹിച്ചതു ഞാനാണ്. മെത്രാനായശേഷം വൈദികരുടേതായി ഞാന്‍ കാര്‍മികത്വം വഹിച്ച ആദ്യത്തെ സംസ്‌കാരശുശ്രൂഷയായിരുന്നു കുഞ്ഞച്ചന്റേത്. അന്ന് വയലില്‍പ്പിതാവ് ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നതുകൊണ്ടാണ് എനിക്ക് അതിനുള്ള അവസരവും ഭാഗ്യവും ലഭിച്ചത്.
കുഞ്ഞച്ചന്‍ ഒരു വൈദ്യനുമായിരുന്നു. കുഞ്ഞുങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും രോഗം വന്നാല്‍ ആളുകള്‍ കുഞ്ഞച്ചനെ സമീപിക്കുമായിരുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു മരുന്നുകൊടുത്താല്‍ സുഖപ്പെടുന്ന രോഗങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. പറമ്പിലും പാടത്തുമുള്ള കീടങ്ങളെയും ചാഴികളെയും വിലക്കി കാര്‍ഷികാഭിവൃദ്ധി കൈവരിക്കുന്നതിന് കുഞ്ഞച്ചന്റെ പ്രാര്‍ത്ഥന തേടി ജാതിമതഭേദമെന്യേ ആളുകള്‍ വിദൂരങ്ങളില്‍നിന്നുപോലും എത്തിയിരുന്നു.
കൊച്ചുത്രേസ്യാപ്പുണ്യവതി ഈ ഭൂമിയിലായിരുന്നപ്പോള്‍ വലിയ കാര്യങ്ങളൊന്നും ചെയ്തതായി അന്നുണ്ടായിരുന്നവര്‍ പറഞ്ഞിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിശുദ്ധയെന്ന് അറിയപ്പെട്ടിരുന്ന അവരെക്കുറിച്ചുപോലും സമകാലികര്‍ക്കു പ്രത്യേകമായി ഒന്നും പറയാനില്ലായിരുന്നു. കാരണം, അതിനെക്കാള്‍ അധികമായി പ്രാര്‍ത്ഥനാജീവിതവും ത്യാഗജീവിതവും നയിച്ചവര്‍ അന്നുണ്ടായിരുന്നു. സ്വാഭാവികതയ്ക്കപ്പുറത്തു ശ്രദ്ധിക്കപ്പെടുന്നതൊന്നും അവരുടെ ജീവിതത്തിലില്ലായിരുന്നു. കുഞ്ഞച്ചന്റെ ജീവിതവും ഇപ്രകാരംതന്നെയായിരുന്നു. വാക്ചാതുരി, നേതൃപാടവം, ആകര്‍ഷണീയത തുടങ്ങി എടുത്തുപറയാന്‍ ഒന്നുമില്ലാതിരുന്ന ഒരു സാധാരണ വൈദികനായിരുന്നു കുഞ്ഞച്ചന്‍. A humple, simple and dedicated priest -   അതായിരുന്നു കുഞ്ഞച്ചന്റെ ജീവിതം. നിശ്ശബ്ദമായ ഒരു ജീവിതം. വാക്കുകള്‍ക്കപ്പുറത്തു പ്രവൃത്തിയിലൂടെ വിശുദ്ധി അടയാളപ്പെടുത്തിയ ഒരു മാതൃകാപുരോഹിതന്റെ ചിത്രമാണ് കുഞ്ഞച്ചനില്‍ കാണുന്നത്.
2013 ല്‍ അസ്സീസിയില്‍ വച്ച് ഫ്രാന്‍സീസ് പാപ്പ യുവജനങ്ങളോടായി പറഞ്ഞു: “Always preach the Gospel and if necessary use words.” വാക്കുകള്‍ക്കപ്പുറത്ത് പ്രവൃത്തിയിലൂടെ, മാതൃകാജീവിതത്തിലൂടെ അദ്ദേഹം ജനഹൃദയങ്ങളെ കീഴടക്കി. കുഞ്ഞച്ചന്റെ ജീവിതം സുവിശേഷമായിരുന്നു. അസാധ്യമായി ഒന്നുമില്ല എന്ന സന്ദേശം കുഞ്ഞച്ചന്‍ നമുക്കു കാട്ടിത്തരുന്നു. വിശുദ്ധജീവിതം എല്ലാവര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കുമെന്നു സ്വന്തം ജീവിതത്തിലൂടെ കുഞ്ഞച്ചന്‍ തെളിയിച്ചു. കുഞ്ഞച്ചന്‍ പ്രസിദ്ധനായ വൈദികനായിരുന്നില്ല. പക്ഷേ, വിശുദ്ധനായ വൈദികനായിരുന്നു.

 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)