രാവിന്നീറന്‍ നിശ്ശബ്ദയാമങ്ങളില്‍ മഴയുടെ
മൃദുഗീതം കേട്ടു മനം കുളിര്‍ത്തു!
വിശിഷ്ടമാം വരദാനം കാലം നമുക്കേകീടുന്നു
മധുമാരി സുധാരസധാരയല്ലയോ?
മഴത്താളമുള്‍ത്താരിലായ് മധുസാന്ദ്രഗീതമായ്
ദിവ്യാനുഭൂതികള്‍ വന്നു ചിറകടിച്ചു.
ഒരു ഗന്ധര്‍വന്‍ പാടുന്നു പുരമേലും പുഴയിലും
പുല്‍മേട്ടിലുമോരോ രാഗമൊഴുക്കീടുന്നു
ജീവകുലത്തിന്നുണര്‍ത്തുപാട്ടായ് ഈണത്തുടിപ്പായി
മഴമേഘമോരോ നാളില്‍ വര്‍ഷിച്ചീടുന്നു
മഴഗീതമൊഴുകവേ മധുരോത്സവം മനസ്സില്‍
ഓര്‍മകള്‍ തന്‍ പൂഞ്ചിറകില്‍പ്പിന്നെയും തത്തി
കാടിന്‍രോദനങ്ങള്‍ കേട്ടു, ''കാലക്കേടിലലയുന്നു
പച്ചക്കുളിരാട്ടമൊക്കെക്കിനാക്കളായി
സാനന്ദത്തോടുരിയാടാനൊന്നുമില്ല വിശേഷങ്ങള്‍
വനദേവത വിഷാദം പൂണ്ടിരിക്കുന്നു
കരിങ്കാറു തിങ്ങിക്കൂടിപ്പെയ്‌തൊലിച്ച കാലമൊക്കെ
മാറിമറിയുന്നു കാടുതെളിക്കയല്ലീ?
കാലമിതു കലികാലം നല്‍മനങ്ങള്‍ കുറഞ്ഞുപോയ്
സ്വാര്‍ത്ഥമോഹം കാടുകേറി ഹനിച്ചിടുന്നു.''
കോരിത്തരിച്ചൊരീഹൃത്തില്‍ കാടിന്‍ ദുഃഖഗാനംകേള്‍ക്കെ
നിജസ്ഥിതികളുമോര്‍ത്തുള്ളലിഞ്ഞുപോയി
മഴയുടെ സംഗീതങ്ങള്‍ നിലയ്ക്കവേ ഭാവനതന്‍
പൂഞ്ചിറകില്‍ നിന്നെത്തി ഞാനെന്‍ കുടിയിങ്കല്‍
അര്‍ച്ചന ഞാന്‍, ചെയ്തീടുന്നു പൊറുക്കേണം പിഴവുകള്‍
അമ്മ പ്രകൃതീ നീ കനിഞ്ഞനുഗ്രഹിക്കൂ.
വരദാനമാകും മധുമാരിയെന്നും പൊഴിക്കണേ
പ്രകൃതിതന്‍ ചിട്ടവട്ടം തെറ്റിച്ചിടാതെ.