കൊച്ചി: ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മാതൃകയായി കൊച്ചിയുടെ മദര്‍ തെരേസയെന്നറിയപ്പെടുന്ന അപ്പസ്തോലിക് സിസ്റ്റേഴ്സ് ഓഫ് കോണ്‍സലാത്ത സഭാംഗം സിസ്റ്റര്‍ ഫാബിയോള ഫാബ്രിക്ക് കെസിബിസി മീഡിയ കമ്മീഷന്റെ ആദരം. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി സിസ്റ്ററെ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, നടന്‍ ടിനി ടോം, ഫാ. അലക്‌സ് ഓണമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ജനിച്ച സിസ്റ്റര്‍ ഫാബിയോള ഫാബ്രി മിഷന്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1996 ലാണ് ഇന്ത്യയിലെത്തുന്നത്. നിരാലംബര്‍ക്ക് തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ സിസ്റ്റര്‍ നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. 2005 ലാണ് ഫോര്‍ട്ട് കൊച്ചിയില്‍ എട്ടു കുട്ടികളുമായി ആശ്വാസഭവന്‍ ആരംഭിക്കുന്നത്. അനാഥരായ കുഞ്ഞുങ്ങളുടെ അമ്മയും അപ്പനുമെല്ലാം സിസ്റ്റര്‍തന്നെയാണ്. എട്ടു പേരില്‍നിന്ന് ആരംഭിച്ച ആശ്വാസഭവനില്‍ ഇന്ന് 80 കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം വിദ്യാഭ്യാസവും, വിവാഹവുമെല്ലാം മാതാപിതാക്കാളുടെ സ്ഥാനത്തുനിന്ന് സിസ്റ്റര്‍ നടത്തിക്കൊടുക്കുന്നു.
ആശ്വാസഭവനിലെ ആറു പേരുടെ വിവാഹമാണ് ഇതുവരെ നടന്നത്. അഞ്ച് സിസ്റ്റേഴ്‌സ് ഉള്‍പ്പെടെ 23 സ്റ്റാഫംഗങ്ങള്‍ ആശ്വാസഭവനില്‍ സിസ്റ്ററെ സഹായിക്കാനുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ മികവിന് ആലപ്പുഴ രൂപതയുടെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ സിസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് വലിയ സന്ദേശം നല്കുന്ന പശ്ചാത്തലത്തിലാണ് കെസിബിസി മീഡിയ കമ്മീഷന്‍ സിസ്റ്റര്‍ ഫാബിയോള ഫാബ്രിക്ക് ആദരവര്‍പ്പിച്ചത്.