•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

വിശുദ്ധ അല്‍ഫോന്‍സാമ്മ സന്ന്യാസധീരതയുടെ സാക്ഷ്യം

ല്‍ഫോന്‍സാമ്മ എന്ന നാമം നമ്മുടെയെല്ലാമുള്ളില്‍ സ്‌നേഹമുണര്‍ത്തുന്നതാണ്. ബാല്യകാലം മുതല്‍ത്തന്നെ ആ നാമം കൂടുതലായി കേട്ടുവളര്‍ന്ന അനുഭവമായിരുന്നു എന്റേത്. എന്റെ വല്യപ്പന്‍ ശ്രീ റ്റി.ജെ. ജോസഫ് തറയില്‍ സാര്‍ വി. അല്‍ഫോന്‍സാമ്മ വാഴപ്പള്ളിയില്‍ പഠിച്ചിരുന്നപ്പോള്‍ അവിടെ ഹെഡ്മാസ്റ്ററായിരുന്നു. വല്യപ്പച്ചനോടൊപ്പം അല്‍ഫോന്‍സാമ്മയും മറ്റു വിദ്യാര്‍ത്ഥിനികളും ഇരിക്കുന്ന ഫോട്ടോ വീട്ടിലെ ഒരമൂല്യവസ്തുവായിരുന്നു. വി. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളോടനുബന്ധിച്ച് അന്നത്തെ വൈസ് പോസ്റ്റുലേറ്റര്‍ ബഹു. തോമസ് മൂത്തേടനച്ചന്‍ വീട്ടില്‍ വന്നതും മായാത്ത ഓര്‍മ്മയാണ്. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചപ്പോള്‍ ചങ്ങനാശ്ശേരിയില്‍നിന്നു പ്രത്യേക ട്രെയിനില്‍ പത്തുരൂപ ടിക്കറ്റില്‍ യാത്ര ചെയ്തതും ആവേശപൂര്‍വ്വം ആ ചടങ്ങുകളില്‍ പങ്കെടുത്തതും ഓര്‍ക്കുന്നു. പിന്നീട് 2008 ഒക്ടോബര്‍ 12 ന് റോമിലെ സെന്റ് പീറ്റേഴ്‌സില്‍ അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ അനുഗ്രഹം ലഭിച്ചു. അന്നു ഞാനവിടെ വിദ്യാര്‍ത്ഥിയായിരുന്നു. തികച്ചും ദുസ്സാധ്യമായിരുന്ന സ്‌കോളര്‍ഷിപ്പ്, ഡോക്ടറേറ്റ്പഠനത്തിന് ആ ദിവസംതന്നെ ലഭിച്ചതും വി. അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമായി ഞാന്‍ കരുതുന്നു. ഏറ്റവും കൂടുതല്‍ പ്രാവശ്യം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച കബറിടവും അമ്മയുടേതാണ്. മെത്രാന്‍പട്ടം സ്വീകരിച്ചതിനുശേഷം പിറ്റേന്നുതന്നെ ഭരണങ്ങാനത്തെത്തി അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിച്ചിരുന്നു. അനേകായിരങ്ങള്‍ക്ക് ഇന്നും അനുഗ്രഹസാന്നിധ്യമാണ് വി. അല്‍ഫോന്‍സാമ്മ.
കേരളത്തില്‍ കത്തോലിക്കാസന്ന്യാസത്തെക്കുറിച്ച് ഊതിപ്പെരുപ്പിച്ച അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ മനഃപൂര്‍വ്വം വിസ്മരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം വി. അല്‍ഫോന്‍സാ ഒരു ഫ്രാന്‍സിസ്‌കന്‍ കന്യാസ്ത്രീയായിരുന്നു എന്നതാണ്. കേരളത്തില്‍നിന്നു വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരെല്ലാംതന്നെ സന്ന്യസ്തരാണ്. സന്ന്യാസം വിശുദ്ധിയിലേക്കുള്ള വഴിയാണ് എന്നതിനു വേറേ തെളിവുകളുടെ ആവശ്യമില്ല.
സ്വാതന്ത്ര്യത്തിന്റെ ജീവിതം
യഥാര്‍ത്ഥ സന്ന്യാസി ആന്തരികസ്വാതന്ത്ര്യം അനുഭവിക്കുന്നു. ഉള്ളില്‍ സ്വാതന്ത്ര്യം ഇല്ലാതെ ആര്‍ക്കും സമര്‍പ്പിതജീവിതത്തിലേക്കു കടന്നുവരാന്‍ സാധിക്കില്ല. സ്‌നേഹം നല്‍കുന്ന സ്വാതന്ത്ര്യമാണ് ജീവിതസമര്‍പ്പണത്തിന്റെ അടിസ്ഥാനം. ചിലപ്പോഴൊക്കെ മാധ്യമങ്ങളില്‍ നല്‍കപ്പെടുന്ന ആശയങ്ങള്‍ പ്രത്യേകിച്ചും കന്യാസ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ടു സന്ന്യാസം സ്വീകരിക്കുന്നു എന്നതാണ്. മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് മഠത്തില്‍ ചേര്‍ക്കുന്നു, സാഹചര്യങ്ങളുടെ നിര്‍ബന്ധംമൂലം സന്ന്യാസത്തില്‍ വരുന്നു' എന്നൊക്കെയുള്ള ആശയങ്ങള്‍ ആരുടെയൊക്കെയോ മനസ്സില്‍ കയറിക്കൂടുന്ന അബദ്ധധാരണകളും ഭാവനകളുമാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം ദൈവവിളിയോടു പ്രത്യുത്തരിക്കുന്നതില്‍ അവള്‍ പുലര്‍ത്തിയ ആന്തരികസ്വാതന്ത്ര്യം വിളിച്ചോതുന്നുണ്ട്.
അല്‍ഫോന്‍സാമ്മ മഠത്തില്‍ ചേരുന്നതിന്റെ പശ്ചാത്തലം പല ജീവചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ശാരീരികവും ആത്മീയവുമായ സൗന്ദര്യത്താല്‍ നിറഞ്ഞ അന്നക്കുട്ടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ചെറുപ്പക്കാര്‍ പലരുണ്ടായിരുന്നു.
അവരില്‍ ഒരാള്‍ക്ക് വീട്ടുകാര്‍ വാക്കു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ വിശുദ്ധയാകണം എന്നു തീരുമാനിച്ചുറപ്പിച്ച അന്നക്കുട്ടി വലിയ ദാഹത്തോടെ സന്ന്യാസജീവിതത്തെ ആഗ്രഹിച്ചു. 
തന്നെ മഠത്തില്‍ വിടുന്നതിന് വീട്ടുകാര്‍ക്കു മനസ്സുവരുത്താന്‍ ഉപവാസവും പരിത്യാഗപ്രവൃത്തികളും ചെയ്യാന്‍ തുടങ്ങി. വിവാഹനിശ്ചയം കഴിഞ്ഞെന്നു മനസ്സിലാക്കിയപ്പോള്‍ ഇനി മഠത്തില്‍ ചേരാന്‍ എന്തുചെയ്യും എന്നായി അവളുടെ ചിന്ത. അപ്പോഴാണ് സ്വന്തം ശരീരം വിരൂപമാക്കിയെങ്കിലും വിവാഹത്തില്‍നിന്നു രക്ഷപ്പെടണം എന്ന ചിന്ത ആ പെണ്‍കുട്ടിക്കുണ്ടാകുന്നതും പിന്നീട് തീപ്പൊള്ളലേല്‍ക്കുന്നതുമൊക്കെ. പിന്നീട് ആത്മീയപിതാവായ ബഹു. ളൂയിസച്ചനോട് അല്‍ഫോന്‍സാമ്മ പറഞ്ഞു: 'തീ ഇത്രയ്ക്കുണെ്ടന്നോ ഇത്രയധികം പൊള്ളുമെന്നോ ഞാന്‍ വിചാരിച്ചില്ല; കുറച്ച് പൊള്ളിക്കണമെന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.'ഈ സംഭവത്തോടെ വിവാഹാലോചനകള്‍ അവസാനിക്കുകയും തുടര്‍ന്ന് അവള്‍ ഭരണങ്ങാനം ക്ലാരമഠത്തില്‍ ചേരുകയും ചെയ്തു. സന്ന്യാസം വരിക്കാനുള്ള അല്‍ഫോന്‍സാമ്മയുടെ നിശ്ചയദാര്‍ഢ്യവും തീരുമാനവുമാണ് അപക്വം എന്നു തോന്നാമെങ്കിലും ഇത്തരം പ്രവൃത്തികളില്‍ നമുക്കു ദര്‍ശിക്കാന്‍ സാധിക്കുന്നത്. 
ആര്‍ക്കും ആരെയും നിര്‍ബന്ധിച്ചു സന്ന്യാസം വരിപ്പിക്കാന്‍ കഴിയില്ല. കാരണം, ദൈവവിളി എന്നത് ദൈവസ്‌നേഹത്തോടുള്ള സ്വതന്ത്രവും തീക്ഷ്ണവുമായ പ്രത്യുത്തരമാണ്. നിര്‍ബന്ധത്താല്‍ ആരെങ്കിലും വന്നാല്‍ത്തന്നെ അവര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുകയാണു പതിവ്. കാരണം സന്ന്യാസസഭയെന്നത് ഒരു സംഘടനയോ ക്ലബ്ബോ ഒന്നുമല്ല. ദൈവത്തിനു ജീവിതം സമര്‍പ്പിക്കുന്നവര്‍ക്ക് ആ സമര്‍പ്പണം സഫലമാക്കാന്‍ സഹായിക്കുന്ന കുടുംബമാണ് ഓരോ സന്ന്യാസസമൂഹവും. ഏതു കുടുംബത്തിലും കുറവുകളുണ്ടാകാം എന്നതുപോലെ സന്ന്യാസഭവനങ്ങളിലും ഉണ്ടാകാം. എങ്കിലും പരിശുദ്ധാത്മാവിന്റെ പ്രേരണകള്‍ക്കനുസൃതമായി മാനുഷികബലഹീനതകളെ കരുണയോടെ അതിജീവിച്ച് ആത്മീയതയില്‍ വളരുന്ന ഇടമാണ് സന്ന്യാസഭവനം. 
വിശ്വാസതീക്ഷ്ണത
എന്തുകൊണ്ട് ഇത്ര തീവ്രമായി അല്‍ഫോന്‍സാമ്മ സന്ന്യാസത്തെ ആഗ്രഹിച്ചു? ഒരേയൊരുത്തരം: വിശ്വാസം. ഈ ലോകജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് അവള്‍ക്ക് ഉള്‍ക്കാഴ്ചകള്‍ ഉണ്ടായിരുന്നതുകൊണ്ട് ജീവിതത്തിലെ യഥാര്‍ത്ഥലക്ഷ്യത്തെ തിരിച്ചറിയാനായി. സഹനംകൊണ്ട് ഉറക്കമില്ലാത്ത രാത്രികളില്‍ എന്തു ചെയ്യുകയാണ് എന്ന് അഭിവന്ദ്യ കാളാശ്ശേരിപ്പിതാവ് അല്‍ഫോന്‍സാമ്മയോടു ചോദിച്ചു. അവള്‍ പറഞ്ഞു: 'ഞാന്‍ സ്‌നേഹിക്കുകയാണ്.' പരിശുദ്ധ കുര്‍ബാനയോടുള്ള വിശുദ്ധയുടെ സ്‌നേഹവും സവിശേഷമായിരുന്നു. ''എനിക്കു സമയം കിട്ടുമ്പോഴൊക്കെ വിശുദ്ധ കുര്‍ബാനയുടെ സന്നിധിയില്‍ ഞാന്‍ ചെലവഴിക്കും. എന്റെ കര്‍ത്താവിനെ പൂര്‍ണമായി സ്‌നേഹിക്കണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ. മനസ്സറിവോടുകൂടെ ഒരു നിസ്സാരപാപം ചെയ്ത് ദൈവത്തെ ഉപദ്രവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം.'' ഇന്നത്തെ തലമുറയ്ക്ക് അദ്ഭുതം ഉളവാക്കുന്നതാണ് ഇത്തരം വിശ്വാസവും ഭക്തിയും. ഈ അടിയുറച്ച വിശ്വാസമാണ് അല്‍ഫോന്‍സാമ്മയുടെ ദൈവവിളിക്കടിസ്ഥാനം. 
ദൈവവിളികള്‍ കുറയുന്നു എന്നൊരു വിലയിരുത്തല്‍ പൊതുവേയുണ്ട്. എന്നാല്‍, ദൈവം ഇന്നും അനേകരെ വിളിക്കുന്നുണ്ട്. പക്ഷേ, ആ വിളി ശ്രവിക്കാനും പ്രത്യുത്തരിക്കാനുമുള്ള വിശ്വാസം നമ്മുടെ സമൂഹങ്ങളിലില്ല എന്നതാണ് വാസ്തവം.
വിശ്വാസമുള്ള സമൂഹങ്ങളില്‍നിന്നും ധാരാളം പേര്‍ ഇന്നും ദൈവവിളി സ്വീകരിക്കുന്നുണ്ട്. ദൈവവിളി കുറയുന്നത് വിശ്വാസം കുറയുന്നതുകൊണ്ടാണ്. നമ്മുടെ സഭയില്‍ ഏറെപ്പേര്‍ സമര്‍പ്പിതജീവിതം സ്വീകരിച്ചത് അവരുടെ കുടുംബങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസംകൊണ്ടു മാത്രമാണ്. 
സന്ന്യാസജീവിതത്തില്‍ പ്രതിസന്ധി അനുഭവിക്കുന്ന പലരുമുണ്ട്. പൗരോഹിത്യബ്രഹ്മചര്യജീവിതത്തിലും പ്രതിസന്ധികള്‍ നേരിടുന്നവരുണ്ട്. അടിസ്ഥാനപരമായി ദൈവവിളിയുടെ പ്രതിസന്ധിയെന്നത് വിശ്വാസത്തിന്റെ പ്രതിസന്ധിതന്നെയാണ്. ആത്മരക്ഷയിലും നിത്യജീവിതത്തിലും വിശ്വാസമുള്ളവര്‍ക്ക് ഈലോകജീവിതത്തിലെ ഏതു പ്രതിസന്ധിയെയും തരണംചെയ്യാന്‍ കഴിയുമെന്നതാണ് വാസ്തവം. വിശുദ്ധ അല്‍ഫോന്‍സാമ്മ തന്റെ വ്യക്തിജീവിതത്തിലെയും സമൂഹജീവിതത്തിലെയും പ്രതിസന്ധികളെ തരണം ചെയ്തത് അടിയുറച്ച ദൈവസ്‌നേഹത്താലും വിശ്വാസത്താലുമായിരുന്നു.
ഉപസംഹാരം
ആന്തരികസ്വാതന്ത്ര്യത്തിന്റെ ഫലമായ സന്ന്യാസസമര്‍പ്പണത്തിന് ഉത്തമോദാഹരണമാണ് വി. അല്‍ഫോന്‍സാമ്മ. ഈ കൊറോണക്കാലത്ത്, സാമൂഹികമായ ഒത്തുചേരലുകളും ആരാധനകളും ദുസ്സാധ്യമാകുമ്പോള്‍ നമ്മുടെ വ്യക്തിപരമായ വിശ്വാസവും ആന്തരികസ്വാതന്ത്ര്യവും എത്രമാത്രമാണെന്നു തിരിച്ചറിയുവാന്‍ നമുക്കു സാധിക്കട്ടെ. ഏവര്‍ക്കും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മംഗളങ്ങള്‍ നേരുന്നു

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)