•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

നാമകരണം

ദൈവഹിതമനുസരിച്ച്  നമ്മുടെ ദിനങ്ങളെയും ദിനചര്യകളെയും ക്രമപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. നമ്മുടെ നാമത്തെ ഒരുനിമിഷം മനനം ചെയ്യാം. അതു നമ്മോട് പലതും മന്ത്രിക്കുന്നതായി കേള്‍ക്കാം. നാമായിട്ട് വാരിക്കൂട്ടിയതൊക്കെ ഒരു നാളില്‍ നമുക്കു നഷ്ടമാകും. എന്നാല്‍, ആരോ തന്ന പേര് മരണശേഷവും അവശേഷിക്കും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നമ്മുടെ പേര് നാം നമ്മുടേതാക്കുന്നതുപോലെ, പ്രതിദിനജീവിതത്തില്‍ ദൈവം തരുന്നതെല്ലാം സ്വന്തമാക്കാന്‍ നമുക്കു സാധിക്കണം. നമ്മുടെ തീരുമാനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ദൈവികപദ്ധതികള്‍ക്കും ഇച്ഛകള്‍ക്കും പ്രാധാന്യം കൊടുക്കണം.

നിദ്രയില്‍നിന്നുണര്‍ന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിന് 'യേശു' എന്നു പേരിടുകയും ചെയ്തു. അങ്ങനെ, ദൈവപുത്രനും പാരില്‍ ഒരു വിളിപ്പേരു സ്വന്തമായി. പഴമക്കാര്‍ പേരു ചൊല്ലി വിളിക്കാന്‍ ഭയന്ന ദൈവം പുതുമക്കാര്‍ക്ക് ഒന്നടങ്കം വിശ്വാസപൂര്‍വ്വം വിളിക്കാന്‍ തന്റെ ഏകജാതന് ഒരു പേരു കൊടുത്തു. 'എമ്മാനുവേല്‍' ആയി മര്‍ത്ത്യരോടൊത്തു വസിക്കാന്‍ അവന്‍ തിരുവുള്ളമായി. ദൈവപൈതലിനു വളര്‍ത്തുപിതാവ് പതിവുപ്രകാരം പേരിട്ടെങ്കിലും അതില്‍ ചില പതിവുകേടുകളുണ്ടായിരുന്നു. ഒന്നാമതായി, നാകമാണ് അവന്റെ നാമം തിരഞ്ഞെടുത്തത്. മനുഷ്യരായ ആ മാതാപിതാക്കളോട് ആരും അക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞില്ല. രണ്ടാമതായി, പിറവിക്കു മുമ്പുതന്നെ അവന്റെ പേരു നിശ്ചയിക്കപ്പെട്ടു. മണ്ണിലെ തന്റെ വാസകാലം മുഴുവന്‍ 'രക്ഷകന്‍' എന്ന തന്റെ പേരിലെ നിയോഗത്തോട് അവന്‍ പൂര്‍ണമായും നീതി പുലര്‍ത്തി. ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ച് അതിനെ നിസ്സാരമാക്കരുത്. പേരിലൊരു വേരും നേരും നിയോഗവുമുണ്ട്. അതു വെറുമൊരു വാക്കല്ല, ഒരു വ്യക്തിയുടെ അസ്തിത്വത്തിന്റെ ആകത്തുകയുടെ ഒരു ഭാഗമാണ്.
നമുക്കുമില്ലേ ആരോ ഇട്ട ഒരു പേര്? പേരിനാലല്ലേ നാം വിളിക്കപ്പെടുന്നതും അറിയപ്പെടുന്നതും? 'ക്രിസ്ത്യാനി' എന്ന അടിസ്ഥാനപേരില്‍ നമുക്കുള്ള ജീവിതദൗത്യങ്ങളും വ്യക്തിത്വവുമൊക്കെ ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. നമ്മുടെ വിശ്വാസജീവിതത്തിലെ വ്യക്തിത്വത്തിന്റെ ആധാര്‍കാര്‍ഡാണത്. അതില്‍ വിശുദ്ധനായവന്റെ വിരലടയാളമാണുള്ളത്. നമ്മുടെ ആയുസ്സിന്റെമേലുള്ള ദൈവത്തിന്റെ മുദ്രണം. ആകയാല്‍ ദൈവഹിതമനുസരിച്ച്  നമ്മുടെ ദിനങ്ങളെയും ദിനചര്യകളെയും ക്രമപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. നമ്മുടെ നാമത്തെ ഒരുനിമിഷം മനനം ചെയ്യാം. അതു നമ്മോട് പലതും മന്ത്രിക്കുന്നതായി കേള്‍ക്കാം. നാമായിട്ട് വാരിക്കൂട്ടിയതൊക്കെ ഒരു നാളില്‍ നമുക്കു നഷ്ടമാകും. എന്നാല്‍, ആരോ തന്ന പേര് മരണശേഷവും അവശേഷിക്കും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നമ്മുടെ പേര് നാം നമ്മുടേതാക്കുന്നതുപോലെ, പ്രതിദിനജീവിതത്തില്‍ ദൈവം തരുന്നതെല്ലാം സ്വന്തമാക്കാന്‍ നമുക്കു സാധിക്കണം. നമ്മുടെ തീരുമാനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ദൈവികപദ്ധതികള്‍ക്കും ഇച്ഛകള്‍ക്കും പ്രാധാന്യം കൊടുക്കണം. കാരണം, സ്വര്‍ഗ്ഗീയമായവ സദാ മഹനീയമാണ്, നമ്മുടെ മേന്മയ്ക്കുവേണ്ടിയുള്ളവയാണ്. പേരിന്റെ പാതിയായി യേശു ഉണ്ടായാല്‍ മാത്രം പോരാ, ജീവിതത്തിന്റെ ഭാഗമായി അവനുണ്ടോ എന്നതാണു ചോദ്യം. പ്രശസ്തിക്കും, പാരിതോഷികങ്ങള്‍ക്കും, അവസരങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ക്കുംവേണ്ടി അവനെ തഴഞ്ഞുകളയാതിരിക്കാം. കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവവും അര്‍ത്ഥവത്തുമായ പേരുകള്‍ നല്കാം. പേരിടല്‍ കേവലമൊരു ചടങ്ങല്ല, കടമയേല്പിക്കലാണ്. ഒപ്പം, മറ്റുള്ളവരുടെ പേരിനെ ഒരിക്കലും കരിവാരിത്തേക്കാതിരിക്കാം.

 

Login log record inserted successfully!