•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

വിശുദ്ധ ചാവറയച്ചന് രാഷ്ട്രത്തിന്റെ ആദരവ്

  • ജിബിന്‍ കുര്യന്‍
  • 13 January , 2022

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വര്‍ഗപ്രവേശത്തിന്റെ 150-ാം വാര്‍ഷികസമാപനത്തില്‍

വിശുദ്ധ ചാവറയച്ചനും ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയായ മാന്നാനത്തിനും രാഷ്ട്രത്തിന്റെ ആദരവ്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു എത്തിയാണ് രാഷ്ട്രത്തിന്റെ ആദരവ് പ്രകടിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം ഒഴിവാക്കിയായിരുന്നു സമ്മേളനം. എങ്കിലും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതനേതാക്കളുടെ സാന്നിധ്യത്താല്‍ ചടങ്ങ് പ്രൗഢഗംഭീരമായിരുന്നു. ആശ്രമദൈവാലയകവാടത്തിലെത്തിയ ഉപരാഷ്ട്രപതിയെ സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി സ്വീകരിച്ചു. തുടര്‍ന്ന് കബറിടത്തിങ്കലെത്തിയ ഉപരാഷ്ട്രപതി അരളിപ്പൂക്കള്‍ കബറി ടത്തിങ്കല്‍ അര്‍പ്പിച്ച്, അല്പനേരം പ്രാര്‍ത്ഥനാനിരതനായി നിന്നു. അടുത്ത നാളില്‍ നവീകരിച്ച പ്രധാന അള്‍ത്താരയും മറ്റു നാല് അള്‍ത്താരകളും നോക്കിക്കണ്ട ഉപരാഷ്ട്രപതി, പഴമയുടെ ഭംഗി ഒട്ടും ചോരാതെയുള്ള പെയിന്റിങ്ങും ചിത്രപ്പണികളും മനോഹരമായിരിക്കുന്നതായി അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ചും കേന്ദ്രത്തിന്റെ നടത്തിപ്പിനെക്കുറിച്ചും തിരുക്കര്‍മങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞ ഉപരാഷ്ട്രപതി മാന്നാനത്തിന്റെ പുണ്യഭൂമിയിലെത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും പറഞ്ഞു. എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചാണ് അദ്ദേഹം സമ്മേളനവേദിയിലേക്കു പോയത്.
സാമൂഹികാനാചാരങ്ങള്‍ക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. അദ്ദേഹത്തിന്റെ സേവനം സ്വന്തം മതത്തിനു മാത്രമല്ല, സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ് അച്ചന്‍ നടത്തിയത്. നാനാജാതി മതസ്ഥരെ ഒരു പള്ളിക്കൂടത്തിന്റെ ഉള്ളിലിരുത്തി വിപ്ലവം സൃഷ്ടിച്ച പരിഷ്‌കര്‍ത്താവായിരുന്നു ചാവറയച്ചനെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം, സാമൂഹികനീതി, സ്ത്രീശക്തീകരണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നു നാം മനസ്സിലാക്കണമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഒരു ജാതിയും വലുതല്ല. എല്ലാ ജാതിയും തുല്യം. ഉയര്‍ന്ന ജാതിയെന്നോ, താഴ്ന്ന ജാതിയെന്നോ വേര്‍തിരിവില്ല. നമ്മുടെ പൂര്‍വികര്‍ സ്വീകരിച്ചുപോന്നിരുന്ന മൂല്യങ്ങള്‍ നാം സംരക്ഷിക്കേണ്ടതുണ്ട്. ജാതിയും മതവും നോക്കിയല്ല ചാവറയച്ചന്‍ പള്ളിക്കൂടം തുറന്നത്. സ്ത്രീശക്തീകരണത്തിനിറങ്ങിപ്പുറപ്പെട്ടപ്പോഴും ജാതിയും മതവും നോക്കിയില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, സഹകരണമന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എംപി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ ഫാ. തോമസ് ചാത്തംപറമ്പില്‍ സ്വാഗതവും സിഎംസി സൂപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി, തിരുവനന്തപുരം പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, സിഎംഐ പ്രിയോര്‍ ആന്‍ഡ് ഡയറക്ടര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍, വൈസ് പ്രിയോര്‍ ഫാ. തോമസ് കല്ലുകളം എന്നിവര്‍ നേതൃത്വം നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, സി.കെ. ആശ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റൂമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)