കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസനമന്ത്രാലയത്തിന്റെ ഗോപാല്‍രത്‌ന അവാര്‍ഡ് കരസ്ഥമാക്കി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കുര്യനാട് എടത്തനാല്‍ വീട്ടിലെ രശ്മി എബ്രാഹം. നാടന്‍ ഇനത്തിലുള്ള കന്നുകാലികളെ വളര്‍ത്തുന്ന മികച്ച രണ്ടാമത്തെ ക്ഷീരകര്‍ഷകര്‍ക്കുള്ള പുരസ്‌കാരമാണ് ഈ വീട്ടമ്മ സ്വന്തമാക്കിയത്.
ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ചു ഗുജറാത്തിലെ ആനന്ദില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ ക്ഷീരവികസനമന്ത്രി പുരുഷോത്തം രൂപാലയില്‍നിന്ന് മൂന്നുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് രശ്മി ഏറ്റുവാങ്ങി. ഉഴവൂര്‍ ബ്ലോക്കിലെ കുര്യനാട് ക്ഷീരസംഘത്തിലെ അംഗമാണ് രശ്മി. 2019 ല്‍ കേരള സര്‍ക്കാരിന്റെ ബയോ ഡൈവേഴ്‌സിറ്റി അവാര്‍ഡും ലഭിച്ചിരുന്നു.
നാല്പതോളം നാടന്‍ പശുക്കളും 18 സങ്കരയിനം പശുക്കളുമാണ് ഈ വീട്ടമ്മയ്ക്കുള്ളത്. അഞ്ചു പശുക്കളെ വാങ്ങാന്‍ 1.5 ലക്ഷം രൂപ ക്ഷീരവികസനവകുപ്പില്‍നിന്ന് ഈ വര്‍ഷം ലഭിച്ചിരുന്നു.
കുര്യനാട് ക്ഷീരസംഘത്തില്‍ 140 ലിറ്റര്‍ പാല്‍ നല്‍കുന്നുണ്ട്.
പശുക്കള്‍ക്കു പുറമേ വീടിനോടു ചേര്‍ന്ന് പച്ചക്കറിക്കൃഷിയും നടത്തുന്നു. ഇരുപത്തഞ്ചോളം വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തുവരുന്നത്. കൂടാതെ, മീന്‍കൃഷിയും മുട്ടക്കോഴിവളര്‍ത്തലുമുണ്ട്.
രശ്മിയുടെ മാതാപിതാക്കള്‍ കൃഷിക്കാരായിരുന്നു. അവരില്‍നിന്നു ലഭിച്ച കൃഷിയറിവുകള്‍ ഈ വീട്ടമ്മ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു.
ഫാമില്‍നിന്നുതന്നെ ലഭിക്കുന്ന ജൈവവളം പ്രയോഗിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. മഴമറ, അക്വാപോണിക്‌സ്, തുള്ളിനന, തിരിനന എന്നിങ്ങനെയുള്ള കൃഷിരീതികളെല്ലാം രശ്മി ഉപയോഗിച്ചുവരുന്നു.
പാലാ രൂപതയില്‍ മികച്ച പച്ചക്കറിക്കൃഷിക്കുള്ള അവാര്‍ഡും ജില്ലയില്‍ ഒരു മുറം പച്ചക്കറിക്കൃഷിക്കുള്ള സമ്മാനവും മികച്ച കര്‍ഷകനുള്ള ജില്ലാമത്സരത്തില്‍ ഒന്നാം സമ്മാനവും രശ്മിയുടെ ഭര്‍ത്താവ് എബ്രാഹമിനായിരുന്നു. അക്ഷയശ്രീ അവാര്‍ഡ്, ബ്ലോക്കുതലത്തിലും പഞ്ചായത്തുതലത്തിലുമുള്ള സമ്മാനങ്ങള്‍ എന്നിവ ലഭിച്ചിരുന്നു. കിടാക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക അവാര്‍ഡും രശ്മിക്കു ലഭിച്ചിട്ടുണ്ട്.
വിയന്നയില്‍ ഐക്യരാഷ്ട്രസംഘടനാ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്. സിനി, സിസി, അലീന, റിസ എന്നിവരാണ് മക്കള്‍.