മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 51-ാമത് ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ സാറാ ജോസഫിന്. ''ബുധിനി'' എന്ന നോവലിനാണ് അവാര്‍ഡ്.
സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നകന്ന് തങ്ങളുടേതായ നീതിനിയമങ്ങള്‍ മാത്രം പാലിച്ചു കഴിയുന്ന സന്താള്‍ഗോത്രത്തിലെ ഒരു പെണ്‍കുട്ടി, തന്റേതല്ലാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്ന കഥയാണ് ബുധിനി. പ്രധാനമന്ത്രിക്ക് തന്റെ രാജ്യത്തെ പൗരന്മാരോടുള്ള സമഭാവനയും ഒരു ഡാമിന്റെ നിര്‍മാണവും ഗോത്രജനതകളുടെ അന്ധവിശ്വാസത്തില്‍ മുങ്ങിയ ജീവിതവും നമുക്കു ബുധിനിയില്‍ കാണാം.
ആലാഹയുടെ പെണ്‍മക്കള്‍, ഒതപ്പ്, മാറ്റാത്തി, അവസാനത്തെ സൂര്യകാന്തി, ആളോഹരി ആനന്ദം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
1946 ല്‍ തൃശൂരില്‍ ജനിച്ച സാറാ ജോസഫ്, പട്ടാമ്പി സംസ്‌കൃത കോളജിലെ റിട്ടയേര്‍ഡ് മലയാളം അധ്യാപികയാണ്. ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ താമസിക്കുന്നു.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ് തുടങ്ങി നിരവധി പ്രമുഖ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.