വത്തിക്കാന്‍ സിറ്റി: കുട്ടികളെക്കാള്‍ പ്രാധാന്യം ദമ്പതിമാര്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നല്‍കുന്നതു സ്വാര്‍ത്ഥതയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വാര്‍ത്ഥതയുടെ ഒരു രൂപം നമ്മള്‍ ഇപ്പോള്‍ കാണുന്നുണ്ട്. ചില ദമ്പതികള്‍ക്കു കുട്ടികള്‍ വേണമെന്നില്ല. ചിലപ്പോള്‍ ഒരു കുട്ടി കണ്ടേക്കാം. എന്നിരുന്നാലും, കുട്ടികളുടെ സ്ഥാനത്ത് അവര്‍ പട്ടിയെയോ പൂച്ചയെയോ ആണു കാണുന്നത്. ഇതു കേള്‍ക്കുന്നവര്‍ ചിരിക്കും; എന്നാല്‍, ഇതാണു വാസ്തവം.
കുട്ടികള്‍ക്കു പകരമായി ഓമനമൃഗങ്ങളെ വളര്‍ത്തുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നതിനു തുല്യമാണ്. ഇതു നമ്മളെ നശിപ്പിക്കുകയും മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യും. മാതൃത്വവും പിതൃത്വവുമില്ലാതെ മനുഷ്യത്വം നഷ്ടപ്പെട്ടു നാഗരികത വളര്‍ന്നാല്‍ അതു രാജ്യത്തിനു ദോഷമാണ്.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പൂര്‍ണതയാണ് പിതൃത്വവും മാതൃത്വവും. ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്നവര്‍ക്ക് ആത്മീയപിതൃത്വമുണ്ട്, ആത്മീയമാതൃത്വമുണ്ട് എന്നതു സത്യമാണ്; എന്നാല്‍, ഈ ലോകത്തു ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവര്‍ കുട്ടികളുണ്ടാകേണ്ടതിനെക്കുറിച്ച്, ജീവന്‍ നല്‍കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍, ദത്തെടുക്കലിനെക്കുറിച്ചു ചിന്തിക്കണം.
വിശുദ്ധ യൗസേപ്പിതാവ് അനാഥര്‍ക്കു തന്റെ സംരക്ഷണവും സഹായവും നല്‍കട്ടെ; മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കുവേണ്ടി വിശുദ്ധ യൗസേപ്പ് മാധ്യസ്ഥ്യം വഹിക്കട്ടെ. ഇതിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പാ സന്ദേശം ചുരുക്കിയത്.