അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തില്‍ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയുടെ തമ്പടിച്ചു കുറെക്കാലം കഴിയേണ്ടിവന്ന ഒരു അഭയാര്‍ത്ഥിക്കുടുംബം. അതില്‍ കൈക്കുഞ്ഞായ ലോകരക്ഷകനും. അക്കാലമത്രയും ആ സാധുമാതാപിതാക്കള്‍ അനുഭവിച്ച ആധിയും ആശങ്കയുമെല്ലാം ആ ചോരക്കുഞ്ഞിനെയും ചൂഴ്ന്നുനിന്നിരുന്നു. ഉറക്കമില്ലാത്ത രാത്രികളില്‍ തനിക്കുവേണ്ടി മിഴിയിണകള്‍ ചിമ്മാതെ കാവലിരുന്ന രക്ഷിതാക്കളുടെ ചൂടുള്ള ചങ്കിടിപ്പുകള്‍ അവന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകണം. ജനിച്ചയിടം അകലെയും ജീവിക്കുന്നയിടം അന്യവുമായി കഴിയേണ്ടിവരുന്ന ഹതഭാഗ്യരാണ് അഭയാര്‍ത്ഥികള്‍. ഭയത്തില്‍നിന്ന് അഭയം തേടിപ്പോകുന്നവര്‍. അടിയായ്മയുടെ ഇടമായ ഈജിപ്തിലെ മണ്ണില്‍, ഇസ്രായേല്‍വംശം പതിറ്റാണ്ടുകള്‍ നരകയാതന തിന്ന നാട്ടില്‍, സകലവിധത്തിലുള്ള ബന്ധനങ്ങളില്‍നിന്നും മാനവകുലത്തെ മോചിപ്പിക്കാന്‍ വന്നവനു ചെന്നു പാര്‍ക്കേണ്ടിവന്നതില്‍ അത്ര ആശ്ചര്യമൊന്നുമില്ല. ദൈവത്തിന്റെ സ്വന്തം ജനത്തിന്റെ ചോരയും നീരുമൊക്കെ വീണുകുതിര്‍ന്ന ആ മണ്ണില്‍ കഴിഞ്ഞ നാളുകളില്‍ അവരുടെ വിലാപത്തിന്റെ മാറ്റൊലി അവന്‍ കേട്ടിട്ടുണ്ടാവണം; വിയര്‍പ്പിന്റെ ഗന്ധം അറിഞ്ഞിട്ടുണ്ടാവണം; കണ്ണീരിന്റെ നനവു കണ്ടിട്ടുണ്ടാവണം.
നമ്മുടെ ആയുസ്സില്‍ അനിശ്ചിതത്വത്തിന്റെ അനുഭവങ്ങളിലൂടെ നാം കടന്നുപോയിട്ടുള്ള അവസരങ്ങളുണ്ടാവാം. ''എങ്ങുമെത്തിയില്ല'' എന്ന തോന്നല്‍ അധികം അലട്ടിയ, പദ്ധതികള്‍ പലതും പാളിപ്പോയ, കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, പ്രതീക്ഷകള്‍ പുകഞ്ഞുപോയ നിസ്സഹായതയുടെ  അവസ്ഥ വിരളമായെങ്കിലും പിന്നിട്ട വഴികളില്‍ വന്നിട്ടുണ്ടാവാം. പിന്തിരിഞ്ഞുപോകാന്‍ പേടിയും, മുന്നോട്ടു നീങ്ങാന്‍ തളര്‍ച്ചയും തോന്നിയ സന്ദര്‍ഭങ്ങള്‍. വരുംനാളുകളില്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നേക്കാം. ഓര്‍ക്കണം, അവയൊന്നും കര്‍ത്താവ് നമ്മെ കൈവിട്ട നിമിഷങ്ങളായിരുന്നില്ല; മറിച്ച്, നമ്മെക്കുറിച്ചുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് അവയെയൊക്കെ അതിജീവിച്ച് ഇന്നു നാം ജീവിക്കുന്നത്. ഒരു തുണ്ടു ഭൂമിയും മേല്‍വിലാസവും നമുക്കു പതിച്ചുനല്കാന്‍ അവയൊന്നുമില്ലാതെ നമ്മുടെ നാഥന് ഒരുപിടി നാളുകള്‍ കഴിയേണ്ടതായി വന്നു എന്ന വസ്തുത മറക്കരുത്. അവന്‍ അഭയാര്‍ത്ഥിയായത് നമുക്ക് അഭയമേകാനും, നമ്മിലെ അനാവശ്യഭയങ്ങള്‍ അകറ്റാനുമായിരുന്നു. പരിത്യാഗത്തിന്റെ പാതയാണ് താപസന്റേത്. സ്വന്തം സുരക്ഷിതത്വവും സുഖങ്ങളും  അവന്‍ വേണ്ടെന്നുവച്ചത് നമുക്ക് അവയെല്ലാം ഉറപ്പുവരുത്താനാണ്.
''അകല്‍ച്ച'' പ്രവാസജീവിതത്തിന്റെ  ഒരു ഘടകമാണല്ലോ. നമ്മുടെ അനുദിനജീവിതത്തിലും മണ്ണിനോടു നമ്മെ ചേര്‍ത്തുനിര്‍ത്തുന്നവയില്‍നിന്നുള്ള ചില നല്ല അകലങ്ങള്‍ സൂക്ഷിക്കുന്നത് അഭികാമ്യമാണ്. ഒപ്പം, ആരുടെയും അരക്ഷിതാവസ്ഥയ്ക്കു കാരണമാകാതിരിക്കാന്‍ ശ്രദ്ധിക്കാം. സുരക്ഷിതത്വം സമ്മാനിക്കുന്നതാകട്ടെ നമ്മുടെ സാന്നിധ്യം.
							
 ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
                    
									
									
									
									
									
									
									
									
									
									
                    