•  25 Apr 2024
  •  ദീപം 57
  •  നാളം 7
സിനിമ

സൗഹൃദവും പ്രണയവും

പ്രേക്ഷകശ്രദ്ധ നേടിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനുശേഷം എ.ഡി. ഗിരീഷ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് സൂപ്പര്‍ ശരണ്യ. പ്രണയവും സൗഹൃദവും പങ്കുവയ്ക്കുന്ന ഒരു സിനിമയാണിതും. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച അനശ്വരരാജനാണ് ഈ ചിത്രത്തില്‍ നായികയായി വരുന്നത്. മമിത ബൈജു, അര്‍ജുന്‍ അശോകന്‍, നസ്ലിന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്ലസ്ടു കാലത്തെ കഥയാണു പറഞ്ഞതെങ്കില്‍ ഇത്തവണ കഥ പറയുന്നത് കോളജ് പശ്ചാത്തലമാക്കിയാണ്. ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണു കഥ പറഞ്ഞുപോകുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ശരണ്യ എന്ന പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവുമാണ് ഈ ചിത്രത്തിന്റെ കഥാബിന്ദു. കോളജ് കാമ്പസിലും ഹോസ്റ്റലിലും നടക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയാണ് കഥ വളരുന്നത്. പൊതുവെ ആകാംക്ഷാഭരിതയും ഉള്‍വലിയുന്ന പ്രകൃതക്കാരിയുമായ ശരണ്യയുടെ കോളജ് ജീവിതത്തില്‍ അവള്‍ക്കു നേരിടേണ്ടിവരുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുന്നു.
കഥയില്‍ വലിയ ട്വിസ്റ്റുകളോ സംഭവവികാസങ്ങളോ ആകസ്മികതകളോ ചേര്‍ക്കാതെ പ്രേക്ഷകനോടു നേരിട്ടു കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പാലക്കാടന്‍ ഗ്രാമത്തിന്റെ പ്രത്യേകതകളുമായി തൃശൂരിലെ കോളജ് കാമ്പസിലെത്തുന്ന ശരണ്യയ്ക്ക് ആദ്യമൊന്നും അവിടത്തെ രീതികളുമായി പൊരുത്തപ്പെടാനോ സീനിയേഴ്‌സിന്റെ റാഗിങ്ങിനെ ചെറുത്തു നില്‍ക്കാനോ കഴിയുന്നില്ല. എന്നാല്‍, അത്തരം സാഹചര്യങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ട് സൂപ്പര്‍ ശരണ്യയായി നായിക മാറുന്നുണ്ട്. ശരണ്യയുടെ റൂംമേറ്റായി വരുന്ന കഥാപാത്രങ്ങളുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. സോനയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമിതാ ബൈജുവിന്റെ അഭിനയമാണ് എടുത്തുപറയേണ്ടത്.
ആണ്‍കുട്ടികളുടെ കലാലയാനുഭവങ്ങളും ഹോസ്റ്റല്‍ ജീവിതവും നിരവധി തവണ കണ്ട പ്രേക്ഷകര്‍ക്കു മുന്നിലേക്ക് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അനുഭവങ്ങളും കലാലയജീവിതവും രസകരമായ അവതരിപ്പിക്കുകയാണ് സംവിധായകന്‍.  ഓരോ കഥാപാത്രവും സിനിമ അവസാനിച്ചതിനുശേഷവും പ്രേക്ഷകരോടൊപ്പം നില്‍ക്കുന്നു എന്നതാണ് സിനിമയുടെ വിജയം.
തണ്ണീര്‍മത്തനിലെ ചെറിയ വേഷം ശ്രദ്ധേയമാക്കിയ നസ്ലിന് ഇക്കുറി വ്യക്തമായ ഒരു ഇടമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. പക്ഷേ, തിയേറ്ററില്‍  അജിത് മേനോന്‍ എന്ന സീനിയര്‍ കഥാപാത്ര സൃഷ്ടിക്കുന്ന ഓളം ശ്രദ്ധേയമാണ്.  വിനീത് വാസുദേവന്‍ അവതരിപ്പിക്കുന്ന അജിത് മേനോന്റെ ഓരോ വരവും തിയേറ്ററിനെ ഇളക്കി മറിക്കുന്നു. ഹ്യൂമറിനുവേണ്ടി മനഃപൂര്‍വമുള്ള ശ്രമങ്ങള്‍  ഇല്ലെന്നുതന്നെ പറയാം.
ജസ്റ്റിന്‍ വര്‍ഗീസിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും സിനിമയുടെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. സമയം പോകുന്നതറിയാതെ പ്രേക്ഷകശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ ഗാനങ്ങള്‍ക്കും പശ്ചാത്തലസംഗീതത്തിനും കഴിയുന്നുണ്ട്. സജിത് പുരുഷോത്തമന്റെ ഛായഗ്രഹണം മികച്ചു നില്‍ക്കുന്നു. കാമ്പസ്, ഹോസ്റ്റല്‍ എന്നിവയുടെ പശ്ചാത്തലങ്ങള്‍ കാമറക്കണ്ണുകളില്‍ മനോഹരമായി വരച്ചിടുന്നു.
പുതിയ തലമുറകളിലെ  നുറുങ്ങുതമാശകളും ഇമോഷനുകളും സൗഹൃദവും പ്രണയവും എല്ലാം ഇടകലര്‍ന്നു വരുന്ന ഒരു ചലച്ചിത്രാനുഭവമാണ് സൂപ്പര്‍ ശരണ്യ. തമാശകളും രസകരമായ സന്ദര്‍ഭങ്ങളുമായി ആദ്യ പകുതി മനോഹരമാണെങ്കിലും രണ്ടാം പകുതിയില്‍ ആ വേഗത കാണുന്നില്ല.  എങ്കിലും സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് സൂപ്പര്‍ ശരണ്യ.

 

Login log record inserted successfully!