•  25 Apr 2024
  •  ദീപം 57
  •  നാളം 7
കാര്‍ഷികം

ഡ്രാഗണ്‍ ഫ്രൂട്ട്

വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അടുത്തകാലത്തായി ഇതിനു പ്രചാരം കൂടിവരുന്നു. നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും വിളവെടുക്കാനും എളുപ്പമാണെന്ന മേന്മയും ഇതിനുണ്ട്.
പര്‍പ്പിള്‍, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള ഇനങ്ങള്‍ ഉണ്ടെങ്കിലും പര്‍പ്പിള്‍ ഇനത്തിനാണ് വാണിജ്യസാധ്യത കൂടുതലുള്ളത്.
നമ്മുടെ മണ്ണും കാലാവസ്ഥയും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്ക് യോജിച്ചതാണ്. കര്‍ഷകരില്‍നിന്നോ അംഗീകാരമുള്ള കാര്‍ഷിക നേഴ്‌സറികളില്‍നിന്നോ നടാന്‍ ആവശ്യമായ തൈകള്‍ വാങ്ങാം. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നന്നായി വളരും. 30 സെന്റിമീറ്റര്‍ നീളമുള്ള വേരുപിടിപ്പിച്ച തണ്ടുകള്‍ നടീല്‍വസ്തുവായി ഉപയോഗിക്കാം. പടരുന്ന സ്വഭാവമുള്ളതിനാല്‍ താങ്ങുകള്‍ നല്‍കാം. താങ്ങിനു ശാഖകള്‍ക്കു മുകളില്‍നിന്ന്  താഴോട്ടു പടര്‍ത്താന്‍ ടയറോ മറ്റോ ഉപയോഗിക്കാം. പടര്‍ന്നു താഴേക്കു വളരുന്ന തണ്ടുകളിലാണ് കായ് പിടിക്കുന്നത്. പൂക്കള്‍ വിരിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കായ്പിടിക്കും. പച്ചനിറമുള്ള കായ്കള്‍ക്കു ക്രമേണ നിറം മാറി വരും.
ചാണകപ്പൊടിയും മറ്റു ജൈവവളങ്ങളും വര്‍ഷത്തില്‍ 3-4 തവണ നല്‍കണം. നന്നായി പരിപാലിച്ചാല്‍ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ആദ്യവിളവെടുപ്പും നടത്താം.
15 മുതല്‍ 20 വരെ വര്‍ഷം ചെടികള്‍ക്ക് ആയുസ്സുണ്ട്. ഇപ്പോള്‍ പലരും ഇതിന്റെ കൃഷിയിലേക്കു തിരിയുന്നുണ്ട്. ഇതിന്റെ പഴങ്ങള്‍ പ്രത്യേക ഭംഗിയുള്ളതാണ്. കൃഷിയിടത്തിനരികിലോ വീട്ടുമുറ്റങ്ങളിലോ ഡ്രാഗണ്‍ ഫ്രൂട്ട് നടാം. നമ്മുടെ കൃഷിയിടത്തില്‍ ഇവയ്ക്കുകൂടി സ്ഥാനം നല്‍കാന്‍ ശ്രമിക്കാം.

 

Login log record inserted successfully!