•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

മാറാരോഗികളാകുന്ന മലയാളികള്‍

  • *
  • 27 January , 2022

ജീവിതശൈലീരോഗങ്ങളെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമില്ല. ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഒട്ടനവധി രോഗങ്ങളെ തടയാമെന്നും ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. അസുഖം വന്നിട്ടു ചികിത്സിക്കുകയല്ല, അതു വരാതെ ശ്രദ്ധിക്കുകയാണു പ്രധാനമെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. എന്നാല്‍, ഈ അറിവുകളൊക്കെ മനസ്സില്‍ സൂക്ഷിക്കുന്നതല്ലാതെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ എത്രപേരുണ്ട്?
വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നമ്മെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്തുഫലം? ഒരു ന്യൂനപക്ഷം ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍, സങ്കടം പോക്കാനും സന്തോഷം പങ്കിടാനുമൊക്കെയായി തിന്നും കുടിച്ചും മതിമറക്കുകയാണ്. പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന കാര്യം പലരും മറക്കുന്നു. സമ്പാദിച്ചതത്രയും മധ്യപ്രായം കഴിയുമ്പോഴേ ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ എത്രയോ പരിതാപകരമാണ്! പകര്‍ച്ചവ്യാധികളും മാറാവ്യാധികളുമൊന്നും ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവില്ലെന്നറിയാം. എന്നിരുന്നാലും, മലയാളികളില്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ അനുദിനമുള്ള വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും നിശ്ചയമായും നമുക്കു തടയാനാവും.
കളികളിലൂടെയും വ്യായാമത്തിലൂടെയും ഒരു വ്യക്തിക്കു കൈവരുന്ന ശാരീരികമാനസിക ഉണര്‍വ് വളരെ വലുതാണ്. പക്ഷേ, അലസനായ മലയാളി വ്യായാമപരിശീലനങ്ങളില്‍നിന്നു മാറിനടക്കുകയാണ്. ഫലമോ? ജോലിസ്ഥലത്തായാലും വീട്ടിലായാലും കംപ്യൂട്ടറിന്റെയും ലാപ്പിന്റെയും മൊബൈലിന്റെയും മുമ്പില്‍ തല കുമ്പിട്ടിരിക്കുന്ന അവന്‍ കാലം ചെല്ലുന്തോറും വലിയ ശാരീരിക മാനസികസമ്മര്‍ദ്ദങ്ങള്‍ക്കടിമയായിത്തീരുന്നു. പലരുടെയും ജീവിതംതന്നെ കൈമോശം വരുന്നു. അച്ചടക്കവും ലക്ഷ്യബോധവും നഷ്ടപ്പെട്ട്, മദ്യപാനത്തിലും മയക്കുമരുന്നിലും മറ്റു വഴിവിട്ട മാര്‍ഗങ്ങളിലും ചെന്നു ചാടിയ എത്രയോ ചെറുപ്പക്കാരുടെ ജീവിതങ്ങളാണ് നമ്മുടെ കണ്‍മുമ്പിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്! എന്തതിക്രമവും ചെയ്യാന്‍ മടിയില്ലാത്ത ഒരു യുവതലമുറയാണോ വളര്‍ന്നുവരുന്നതെന്നു പേടിക്കണം.
എല്ലാവരും ഇങ്ങനെയെന്നല്ല. നിര്‍ദോഷികളായ പാവങ്ങള്‍ ഭക്ഷണശാലകളില്‍ സന്തോഷം കണ്ടെത്തുന്നു. മൂക്കു മുട്ടെ തിന്നുകയാണവരുടെ വിനോദം. കേരളത്തില്‍ മുട്ടിനു മുട്ടിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഭക്ഷണശാലകള്‍ മറ്റെന്തിന്റെ തെളിവാണ്?
ഈ സന്ദര്‍ഭത്തില്‍ മാറാരോഗികളാകുന്ന മലയാളികളെക്കുറിച്ച് ഡോ. ജോര്‍ജ് തയ്യില്‍ എഴുതിയ ലേഖനം (നാളം - 41) ഉചിതമായി. ജീവിക്കാന്‍ പോയിട്ട്  കൃത്യമായി ഭക്ഷണം കഴിക്കാന്‍പോലും സമയം നഷ്ടപ്പെട്ട മലയാളി കുറുക്കുവഴികള്‍ തേടുകയാണെന്ന്  അദ്ദേഹം പറയുന്നു. സ്വന്തം ശരീരഘടനാസവിശേഷതകള്‍ക്കിണങ്ങാത്ത വിദേശഭക്ഷണശൈലികളെ മലയാളി അന്ധമായി അനുകരിക്കുന്നുവത്രേ. അതുതന്നെയാണു പറഞ്ഞത്, ആധുനികമലയാളിയുടെ ഭക്ഷണം ഇന്ന് അകത്തുനിന്നല്ല, പുറത്തുനിന്നാണ്.


         തോമസ് മാത്യു  കട്ടപ്പന

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)