•  16 May 2024
  •  ദീപം 57
  •  നാളം 10
സാഹിത്യവിചാരം

പുതുകവിതയിലെ പാര്‍ശ്വഭാവന

ത്തരാധുനികഘട്ടത്തില്‍ മുഖ്യധാരാസാഹിത്യത്തില്‍ വലിയ പ്രാധാന്യം നേടിയ സാഹിത്യശാഖയാണ് ദലിത് സാഹിത്യം. വരേണ്യസംസ്‌കൃതിയുടെ തലത്തില്‍നിന്നു ഭിന്നമായി കീഴാളരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഒരുകൂട്ടം ജനവിഭാഗത്തിന്റെ അനുഭവങ്ങളും ആവിഷ്‌കാരങ്ങളുമാണ് ദലിത് സാഹിത്യത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ദലിതര്‍ക്കുവേണ്ടി ദലിതരാല്‍ രചിക്കപ്പെടുന്ന ദലിതന്റെ സാഹിത്യമാണ് ദലിത് സാഹിത്യമെന്നും ജാതിയെച്ചൊല്ലിയുള്ള വിഷാദം, അതിക്രമങ്ങളുടെ ഭീകരത തുടങ്ങിയ വിഷയങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് സവര്‍ണര്‍ കുറിക്കുന്ന കുറിമാനങ്ങളും പൊഴിക്കുന്ന മുതലക്കണ്ണീരും ദലിത് സാഹിത്യമല്ല എന്നും കവിയൂര്‍ മുരളി ദലിത് സാഹിത്യത്തെ നിര്‍വചിക്കുന്നുണ്ട്. ദലിത് ജനതയുടെ ആത്മാംശത്തെ പൂര്‍ണമായും ആവിഷ്‌കരിക്കാന്‍ ദലിതരായ എഴുത്തുകാര്‍ക്കേ കഴിയൂ എന്ന ഈ തിരിച്ചറിവാണ് ദലിത് എഴുത്തുകാരെ മുഖ്യധാരയിലേക്കു കടന്നുവരാന്‍ പ്രേരിപ്പിച്ചത്. 1990 കള്‍ക്കുശേഷം ദലിത് സാഹിത്യം മലയാളസാഹിത്യത്തിന്റെ മുഖ്യധാരയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി. മലയാളസാഹിത്യത്തില്‍ ദലിത് സാഹിത്യശാഖ ദലിത് എഴുത്തുകാരാല്‍ വളര്‍ച്ച പ്രാപിച്ചു. വരേണ്യരായ എഴുത്തുകാരുടെ ദലിതാഖ്യാനങ്ങളാല്‍ മാത്രം സാഹിത്യലോകത്ത് അടയാളപ്പെടുത്തപ്പെട്ടിരുന്ന ദലിത് ജീവിതത്തെ ദലിത് ജനത സ്വയം ആഖ്യാനം ചെയ്യാന്‍ തുടങ്ങിയത് ദലിത് കാവ്യശാഖയുടെ വളര്‍ച്ചയ്ക്കു കാരണമായി. സ്വന്തം ജീവിതത്തെ സ്വയം എഴുതാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന കര്‍തൃസ്ഥാനത്തിന്റെ വീണ്ടെടുപ്പുകൂടിയാണ് ദലിത് സാഹിത്യകാരന്മാര്‍ സാധ്യമാക്കിയത്.
ദലിത് ജീവിതത്തിന്റെ നേരനുഭവം ദലിത് കവിതകളില്‍ ദൃശ്യമാണ്. പൊയ്കയില്‍ അപ്പച്ചന്റെയും കെ.പി. കറുപ്പന്റെയും കവിതകള്‍ക്കുശേഷം ദലിത് കവിതാസാഹിത്യശാഖയെ പരിപോഷിപ്പിച്ച എഴുത്തുകാരാണ് എസ്. ജോസഫ്, എം.ആര്‍. രേണുകുമാര്‍, എം.ബി. മനോജ്, സി.എസ്. രാജേഷ്, സുനില്‍ കുമാര്‍ എം.എസ്, ധന്യ എം.ഡി. വിജില ചിറപ്പാട്, എസ്. കലേഷ് തുടങ്ങിയ കവികള്‍. ആഖ്യാനരീതികള്‍കൊണ്ടും ഭാഷാശൈലികൊണ്ടും ഇതര കവികളില്‍നിന്ന് എസ്.ജോസഫും എം.ആര്‍. രേണുകുമാറും വ്യത്യസ്തരാണ്.
ഉയര്‍ന്ന ദലിത് അവബോധത്തിന്റെ വികാസപരിണാമങ്ങളും ദലിത് സ്വത്വപരതയും എസ്. ജോസഫിന്റെ കവിതകളുടെ സവിശേഷതയാണ്. സവര്‍ണഭാഷയെ കീഴാളഭാഷകൊണ്ടു വിനിര്‍മിച്ചവയാണ് എസ്. ജോസഫിന്റെ കവിതകള്‍. വെള്ളം എന്ന കവിതയില്‍ ദലിത് ജീവിതത്തിന്റെ സ്വത്വപ്രതിസന്ധിയെ കവി സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ''മുമ്പൊക്കെ ഞങ്ങള്‍ക്കൊന്നും കിണറില്ലായിരുന്നു/ വെള്ളമെടുക്കാന്‍ കുന്‍ശന്മാരുടെ വീടുകളില്‍ പോണമായിരുന്നു/ അവര്‍ മുറ്റത്തുനിന്നു തൊട്ടിയില്‍ വെള്ളം കോരും/ ഞങ്ങള്‍ക്ക് താഴെനിന്നു കവുങ്ങുംപാളയില്‍ കോരാം/ ഇന്ന് ഞങ്ങള്‍ക്കു കിണറുണ്ട്/ വെള്ളമില്ല/ കിണറെടുത്ത് ചെരിച്ചുവച്ച്/ നാലുകൊടം വെള്ളമൂറ്റിയെടുത്ത്''/ സ്വന്തമായി കിണറില്ലാതിരുന്ന ഭൂതകാലത്തില്‍ നേരിടേണ്ടി വന്ന ചൂഷിതാവസ്ഥയെയും സ്വന്തമായി കിണര്‍ ഉണ്ടായപ്പോള്‍ അതില്‍ വെള്ളമില്ലാതിരിക്കുന്ന വര്‍ത്തമാനകാലാവസ്ഥയെയും കവി അവതരിപ്പിക്കുന്നു. ജാതീയതയും അയിത്തവും മൂലം കീഴാളജനത  അനുഭവിക്കേണ്ടിവന്ന അടിച്ചമര്‍ത്തലിനെ കവിത വിവരിക്കുന്നു.
ദലിത് ജീവിതാവസ്ഥയുടെ ആഴങ്ങളെയും സ്വത്വപരതയെയും തീക്ഷ്ണവര്‍ത്തമാനകാലത്തെയും സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നവയാണ് എം.ആര്‍. രേണുകുമാറിന്റെ കവിതകള്‍. ദലിത് ജീവിതത്തിന്റെ ദുരിതവും വേദനയും നിറഞ്ഞ മറ്റൊരു മുഖം എം.ആര്‍. രേണുകുമാറിന്റെ 'മിണ്ടാപ്രാണി' എന്ന കവിതയില്‍ കണ്ടെത്താനാവും. ''കാക്ക/ നിലത്തിറങ്ങുംമുമ്പ്/ ഉണരണം/ കറവക്കാരന്‍/ എത്തുംമുമ്പേ/ ചാണകം വാരി/ തൊഴുത്തു വൃത്തിയാക്കണം/ കറവപ്പാത്രവും/ എണ്ണക്കുപ്പിയും/ എടുത്തു വയ്ക്കണം. ഇങ്ങനെ നീളുന്നു ഒരു ദലിതന്റെ ജീവിതദിനചര്യ. വരേണ്യജനതയുടെ വീട്ടില്‍ അധ്വാനിച്ച് തുച്ഛമായ വേതനത്തിലൂടെ തന്റെ ജീവിതത്തിനുവേണ്ട വക സമ്പാദിക്കുന്ന കീഴാളജനതയുടെ ജീവിതാവസ്ഥയെ കവി അവതരിപ്പിക്കുന്നു. ദലിത് ജനതയുടെ കടുത്ത ജീവിതാനുഭവത്തിന്റെ നേര്‍ച്ചിത്രമാണ് രേണുകുമാറിന്റെ ഈ കവിത. കീഴാളജീവിതത്തിന്റെ വേദന നിറഞ്ഞ ഭൂതകാലത്തെ അയവിറക്കുന്ന കവിതയാണ് എസ്. ജോസഫിന്റെ കറുത്തകല്ല്. ദലിത് രാഷ്ട്രീയത്തിന്റെ തീവ്രമായ അനുഭവത്തെ കവിത അടയാളപ്പെടുത്തുന്നു. കറുപ്പ് എന്ന നിറത്തിലൂടെ വര്‍ണവിവേചനത്തിന്റെ അനുഭവത്തെ കവി അവതരിപ്പിക്കുന്നു. ''കറുത്ത കല്ലിന്റെ പുറത്തിരുന്ന്/ ചെറുപ്പകാലത്ത് കളിച്ചത് ഓര്‍ക്കുന്നു/ എനിക്കുമുമ്പേ ജനിച്ച കല്ലിത്/ കറുത്തവനെന്റെ കറുപ്പുള്ള കല്ല്.'' തങ്ങളുടെ ഭൂതകാലജീവിതത്തിന്റെ ഓര്‍മകളായിട്ടാണ് കറുത്ത കല്ലിനെ കവി അവതരിപ്പിക്കുന്നത്. ഈ കല്ല് തുളച്ചുകയറി തന്റെ പൂര്‍വികരുടെ ജീവിതത്തിന്റെ വേദനകളെ, അവര്‍ അനുഭവിച്ച ജീവിതസഹനങ്ങളെ അടിച്ചമര്‍ത്തപ്പെടലിനെയൊക്കെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കവി ഈ കവിതയില്‍. വരേണ്യവര്‍ഗത്തിന്റെ ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെട്ട തന്റെ മുന്‍ഗാമികളുടെ ജീവിതാവസ്ഥകളെ കവി അന്വേഷിക്കുന്നു. അത് കണ്ടെത്താന്‍ ശ്രമിക്കുന്നു.
എം.ആര്‍. രേണുകുമാറിന്റെ 'ഓര്‍മയുടെ നിഴല്‍' എന്ന കവിതയില്‍,
''അരിയിലെ  കല്ലുകള്‍പോലെ
മറവികള്‍ക്കിടയില്‍
അങ്ങിങ്ങായി ഓര്‍മകള്‍'' എന്ന് എഴുതുമ്പോള്‍ വേദന നിറഞ്ഞ ഓര്‍മകളെ കവി അയവിറക്കുന്നു. കഴിഞ്ഞകാലത്തിന്റെ മറക്കാനാവാത്ത ഓര്‍മകള്‍ ഇന്നും കടന്നുവരുന്നു. വ്യവസ്ഥാപിതമായ സാഹിത്യവും മുതലാളിത്ത സംസ്‌കൃതിയും പാര്‍ശ്വവത്കരിക്കപ്പെട്ട കീഴാളജീവിതത്തിന്റെ ദീനതയും ഭാഷാരീതികളുമെല്ലാം രേണുകുമാറിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇദ്ദേഹത്തിന്റെതന്നെ 'അലച്ചുവീണു പെയ്ത്' എന്ന കവിതയില്‍ ദുരിതജീവിതത്തിന്റെ നേരനുഭവത്തെ കവി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്: വയറുനിറഞ്ഞ കൂട്ടുകാര്‍/ മഴവെള്ളത്തില്‍ കളിച്ചാര്‍ക്കുമ്പോള്‍/ മുട്ടുനീര് വെള്ളത്തില്‍നിന്ന്/ അടുപ്പൂതുമമ്മയെയും/ ആവി വരാത്ത മണ്‍കലത്തെയും/ മാറി മാറി നോക്കി/ പാതകത്തിന്മേല്‍/ ഞാന്‍ ചുരുണ്ടിരിക്കുന്നു. ദലിത് ജീവിതത്തിന്റെ അഥവാ പാര്‍ശ്വവത്കരിക്കപ്പെട്ട കീഴാളജീവിതത്തിന്റെ ദൈന്യം പേറുന്ന ഒരു ചിത്രമാണിത്.
എസ്. ജോസഫിന്റെ 'ഐഡന്റിറ്റി കാര്‍ഡ്' എന്ന കവിത കീഴാളരാഷ്ട്രീയത്തിന്റെ തീവ്രമായ അനുഭവത്തെ അടയാളപ്പെടുത്തുന്നു. ഐഡന്റിറ്റി കാര്‍ഡില്‍ സ്റ്റൈപ്പെന്റ് മേടിക്കുന്ന ചുവന്ന രേഖകള്‍ കണ്ടതോടെ പ്രണയം നിരസിക്കുന്ന പെണ്‍കുട്ടിയെയാണ് കവി അവതരിപ്പിക്കുന്നത്. ഒരു ദലിതന്‍ എന്നതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന തിരസ്‌കരണത്തിന്റെയും ഒറ്റപ്പെടലിന്റെയും നൊമ്പരങ്ങളെ കവി ധ്വനിപ്പിക്കുന്നു. കീഴാളജീവിതത്തിന്റെ പൊരുളുകളെയും ദുരിതങ്ങളെയുമാണ് എസ്. ജോസഫ് കവിതയില്‍ വര്‍ണിക്കുന്നത്. മണ്ണും മനുഷ്യരും കാടും തോടും പ്രാണികളും പറപ്പകളുമെല്ലാം നിറഞ്ഞ ജൈവസമ്പുഷ്ടമായ ഒരാവാസവ്യവസ്ഥയാണ് ജോസഫിന്റെ കവിതകളെന്ന് രാജേഷ് ചിറപ്പാട് അഭിപ്രായപ്പെടുന്നു. പ്രകൃതിയോടൊപ്പം വികസിച്ചു വരുന്ന മനുഷ്യസാന്നിധ്യത്തിന്റെ ആരും പറയാത്ത പൊള്ളുന്ന ഇടങ്ങളെയാണ്  ഈ കവിതകള്‍ എക്കാലവും കാട്ടിത്തരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 'ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു', 'മീന്‍കാരന്‍' തുടങ്ങിയ കവിതകള്‍ ഇത്തരം പ്രകൃത്യനുഭവങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്.
സാഹിത്യലോകത്ത് നിലനിന്നിരുന്ന വരേണ്യാധിപത്യത്താല്‍ അദൃശ്യമാക്കപ്പെട്ടിരുന്ന ദലിത് ജീവിതത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു സഹായകരമായി എന്നതാണ് ദലിത് സാഹിത്യത്തെ സാഹിത്യലോകത്ത് പ്രസക്തമാക്കുന്ന പ്രഥമഘടകം. ദലിത് ജനതയുടെ കര്‍തൃത്വവീണ്ടെടുപ്പിനും അതുവഴി തങ്ങള്‍ ജീവിക്കുന്നതും അനുഭവിക്കുന്നതുമായ ജീവിതത്തിന്റെ സത്യസന്ധമായ ആഖ്യാനത്തിനും ദലിത് സാഹിത്യം കാരണമായി.

 

Login log record inserted successfully!