തിരുനാളിന്റെ ആഘോഷങ്ങളാല്‍ ജനനിബിഡവും സ്വരമുഖരിതവുമായ നടവഴികളില്‍ നഷ്ടപ്പെടലിന്റെ ഞെട്ടിക്കുന്ന ചില ഓര്‍മകള്‍. ആരും പൊയ്‌പ്പോകാതിരിക്കാന്‍ പരിപാലകനായി അവതരിച്ചവനെത്തന്നെ അവന്റെ രക്ഷിതാക്കള്‍ക്കു കുറച്ചുദിവസത്തേക്കു നഷ്ടപ്പെട്ടു. ആ കൊടിയ ദുഃഖത്തിന്റെ ഭാരവും പേറി അങ്കലാപ്പോടെ അവര്‍ക്ക് അന്വേഷിച്ചലയേണ്ടതായും വന്നു. ചില നഷ്ടപ്പെടലുകള്‍ ജീവിതയാത്രയില്‍ സ്വാഭാവികമാണെന്ന് അവന്‍ നമുക്കു പറഞ്ഞുതരികയാണ്. എന്നാല്‍, കൈമോശം വന്നവയെ ഓര്‍ത്തു വിലപിച്ചുകഴിയാതെ തിരഞ്ഞുകണ്ടെത്താന്‍ നമുക്കു ബാധ്യതയുണ്ട്. തേടിയിറങ്ങുന്നവര്‍ കണ്ടെത്തുകതന്നെ ചെയ്യും. കണ്ടെത്താനാവാത്തവിധം യാതൊന്നും കൈവിട്ടുപോയിട്ടില്ല എന്നത് വേദഗ്രന്ഥപാഠം. മാതാപിതാക്കള്‍ക്കു മകനെയാണു നഷ്ടമായത്. അവന് ആരെയും നഷ്ടമായില്ല. ഓര്‍ക്കണം, ദൈവത്തിനു നമ്മെ ഒരിക്കലും നഷ്ടപ്പെടുന്നില്ല. അവിടുത്തേക്കു സര്‍വതും ദൃഷ്ടിഗോചരങ്ങളാണ്. നമ്മുടേതായ ജീവിതവ്യഗ്രതകള്‍, തെറ്റുകള്‍, തെറ്റുധാരണകള്‍ എന്നിവമൂലം നമുക്കവിടത്തെയാണു പലപ്പോഴും നഷ്ടപ്പെടുന്നത്. അവിടുന്ന് താന്‍ ആയിരിക്കേണ്ട ഇടത്തുണ്ട്. നാമാണ് അകന്നുപോകുന്നത്. അന്വേഷിച്ചിറങ്ങാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ടാവണം.
ജീവിതത്തില്‍ കാണാതെപോകലിന്റെ ചില കഥകള്‍ നമുക്കും പറയാനുണ്ടാവും. നിനച്ചിരിക്കാതെ ഇല്ലാതായ സമ്പത്ത്, സല്‍പ്പേര്, സ്ഥാനമാനങ്ങള്‍, സ്വന്തബന്ധങ്ങള്‍. എല്ലാറ്റിനും ഉപരിയായി ദൈവത്തെത്തന്നെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങള്‍. ചിലതൊക്കെ തിരികെക്കിട്ടിയിട്ടുണ്ടാവാം. കൂടുതലും കിട്ടാനുള്ളവയായിരിക്കാം. മനസ്സു മടുക്കേണ്ട, തേടിപ്പോകാം. നൊമ്പരങ്ങള്‍ നല്കിയവയാണെങ്കിലും അങ്ങനെയുള്ള നഷ്ടങ്ങളെ ദൈവഹിതത്തിന്റെ ഭാഗമായിക്കരുതാം. എല്ലാം നേട്ടങ്ങള്‍ മാത്രമായി എപ്പോഴും ഭവിക്കണമെന്നില്ല. ചില നഷ്ടങ്ങളും, തോല്‍വികളുമൊക്കെ  അംഗീകരിക്കാനും അങ്ങനെയുള്ള അവസരങ്ങളെ അഭിമുഖീകരിക്കാനും നാം അറിഞ്ഞിരിക്കണം. ചിലതൊക്കെ കൈവിട്ടുപോകുമ്പോഴേ അവയുടെ മഹത്ത്വവും മൂല്യവും നമുക്കു മനസ്സിലാവൂ, അവ കൂടെയുണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യമാകൂ. ഓര്‍ക്കണം, ദൈവത്തെ നഷ്ടമായാല്‍ പിന്നെ മറ്റു നേട്ടങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. നമ്മുടേതായ ദുഷ്‌കൃത്യങ്ങള്‍ നിമിത്തം ദൈവസന്നിധിയില്‍നിന്നു ദൂരെയകലാതിരിക്കാം. കര്‍ത്താവിനെ കൈവിട്ടുപോകാതെ കരം കോര്‍ത്തു പിടിക്കാം. അനാവശ്യമായ വ്യഗ്രതകള്‍ക്കിടയില്‍ ആത്മീയനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ശ്രദ്ധ നമുക്കുണ്ടാവണം. ക്രൈസ്തവജീവിതം ചില നല്ല കണ്ടെത്തലുകളുടെ നാളുകളാകട്ടെ. അശ്രദ്ധയും അവിവേകവും അജ്ഞതയുംമൂലം കളഞ്ഞുപോയ നന്മകളെ തിരഞ്ഞുപിടിച്ച് കൈക്കുമ്പിളില്‍ ഒതുക്കാം. മണ്ണിലെ നമ്മുടെ ശിഷ്ടായുസ്സിനെ അവയോരോന്നും മോഹനവും മഹനീയവുമാക്കി മാറ്റും.  ഒപ്പം, നഷ്ടപ്പെടാതെ നോക്കാം. നാം കരുതലേകാന്‍ കടപ്പെട്ടിരിക്കുന്നവര്‍ക്കൊക്കെ കാവലാളായി നില്ക്കാം.
							
 ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
                    
									
									
									
									
									
									
									
									
									
									
                    