•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

മലയോളം വളരണം മലയാളം

  • *
  • 24 February , 2022

മാതൃഭാഷ മനുഷ്യന്റെ മൗലികാവകാശമാണ്. മാതൃഭാഷാവന്ദനം മാതൃവന്ദനത്തിനും, നിന്ദനം മാതൃനിന്ദനത്തിനും തുല്യമാണ്.
എന്നെ സംബന്ധിച്ചിടത്തോളം മലയാളം സകല ഭാഷകളുടെയും മകുടമാണ്. പദവൈവിധ്യംകൊണ്ടും ശൈലീസൗന്ദര്യംകൊണ്ടും സര്‍വ്വസമ്പന്നമാണത്. മലയാളത്തിന്റെ ലിപിയഴകും മൊഴിയഴകുമൊക്കെ മറ്റേതു ഭാഷയ്ക്കാണുള്ളത്? മലയാളത്തെ മാനിക്കാനും മാനംമുട്ടെ വളര്‍ത്താനും ഓരോ മലയാളിക്കും കടമയുണ്ട്.
ഇംഗ്ലീഷിനോടുള്ള  അതിരുകവിഞ്ഞതും അനാവശ്യവുമായ അഭിനിവേശവും അന്ധമായ ആരാധനയുംമൂലം തങ്ങളുടെ കുഞ്ഞുങ്ങളെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് ഉന്തിത്തള്ളിവിടുന്ന അപ്പനമ്മമാര്‍ കാലക്രമേണ മലയാളവും ഇംഗ്ലീഷും അറിയാത്തവരായി അവരില്‍ പലരെയും  മാറ്റുകയാണെന്നതിന് എന്റെ അധ്യാപനജീവിതാനുഭവങ്ങള്‍ സാക്ഷി. അക്ഷര, വ്യാകരണപ്പിശകുകളില്ലാതെ ഒരു ഖണ്ഡികപോലും ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാനോ സംസാരിക്കാനോ കഴിവില്ലാത്തവരാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ഉത്പന്നങ്ങളില്‍ നല്ലൊരു ശതമാനവും. കൂടാതെ, മലയാളഭാഷയെ 'മാനം കെടുത്തുന്ന' തരത്തിലുള്ള മൂല്യനിര്‍ണയരീതിയിലേക്കാണ് ഇന്നത്തെ പരീക്ഷാഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. മലയാളത്തില്‍ സ്വന്തം മേല്‍വിലാസംപോലും തെറ്റുകൂടാതെ കുറിക്കാന്‍ കെല്പില്ലാത്ത മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്കും മലയാളത്തിനു നൂറില്‍ നൂറു മാര്‍ക്കു കിട്ടുന്നതു കാണുമ്പോള്‍ അവരുടെ അധ്യാപകരെക്കാള്‍ കൂടുതല്‍ 'തല കറങ്ങുന്നത്' ആ കുട്ടികള്‍ക്കുതന്നെയാണ്. അപ്രകാരം മാര്‍ക്ക് 'കണ്ണടച്ചുകൊടുക്കുന്നവര്‍' വാസ്തവത്തില്‍ മാതൃഭാഷയെ ആദരിക്കുകയാണോ, ആക്ഷേപിക്കുകയാണോ?
ഇളംതലമുറയ്ക്ക് മലയാളത്തോടുള്ള മമത കുറഞ്ഞുവരുന്നത് പരിതാപകരമാണ്. മലയാളഭാഷ പഠിക്കാനും അതില്‍ പ്രാവീണ്യം നേടാനും താത്പര്യമുള്ളവര്‍ വളരെ വിരളമാണ്. അര്‍ത്ഥസമ്പുഷ്ടവും കുലീനവുമായ പല മലയാളപദങ്ങളും പ്രയോഗങ്ങളും മലയാളികള്‍ മറന്നുപോയിരിക്കുന്നു. മലയാളത്തില്‍ സംസാരിക്കുന്നത്  കുറച്ചിലാണെന്ന തോന്നലുള്ളതുകൊണ്ടാണ് ന്യൂജന്‍ മലയാളികള്‍ ഇടയ്ക്കിടെ ഇംഗ്ലീഷ് വാക്കുകള്‍ അര്‍ത്ഥമറിയാതെയാണെങ്കിലും സംഭാഷണത്തില്‍ തിരുകിക്കേറ്റുന്നത്. മലയാളം പത്രവും പുസ്തകവും സ്റ്റാറ്റസിനു ചേരാത്തതാണെന്ന മിഥ്യാധാരണമൂലമാണ് മുഴുവന്‍ മനസ്സിലാകുന്നില്ലെങ്കിലും ഇംഗ്ലീഷിലുള്ളവ വായിക്കുന്നതും കൂടെക്കൊണ്ടുനടക്കുന്നതും. ദൗര്‍ഭാഗ്യവശാല്‍, പച്ചവെള്ളംപോലെ മാതൃഭാഷ പറയുന്നവരെക്കാള്‍ പൊട്ടത്തെറ്റില്‍ മുറിയിംഗ്ലീഷ് പറയുന്നവര്‍ക്കാണ് കൈയടിയും പ്രോത്സാഹനവും. ചിലരുടെയെങ്കിലും സംസാരവും സ്വഭാവവും ശ്രദ്ധിച്ചാല്‍ അവര്‍ക്കു മാതൃഭാഷയോട് എന്തോ ശത്രുതയും അറപ്പുമുണ്ടെന്നു തോന്നിപ്പോകും.
വളര്‍ച്ച മന്ദീഭവിച്ച ഒരു മരമാണ് മലയാളം എന്നെഴുതുന്നതില്‍ വല്ലാത്ത വിഷമമുണ്ട്. ഭാഷയ്ക്കാവശ്യമായ പോഷണം നല്കുന്നവര്‍ അധികമില്ല. ആധുനികമലയാളസാഹിത്യരചനകള്‍ പലതും ഭാഷാകതിരിനെ ബാധിച്ചിരിക്കുന്ന 'മുഞ്ഞ'യാണ്. ആധുനികസാഹിത്യം എന്ന പേരില്‍ പുറത്തിറങ്ങുന്ന ഉറക്കപ്പിച്ചു പറയുന്നതുപോലെയുള്ള കവിതകളും, ഇതര രചനകളും മലയാളഭാഷയുടെ അന്തസ്സിന് അപമാനമാണ്. എഴുത്തുശൈലിയിലേക്കുള്ള വര്‍ത്തമാനശൈലിയുടെ കടന്നുകയറ്റവും അതിപ്രസരവും രചനകളുടെ നിലവാരം കാര്യമായ വിധത്തില്‍ കുറയ്ക്കുന്നു. ഭാഷയെ കൂടുതല്‍ ലളിതവത്കരിക്കാനായി നടത്തുന്ന പല പരിശ്രമങ്ങളും സത്യത്തില്‍ അതിനെ മുരടിപ്പിക്കുകയാണു ചെയ്യുന്നത്. മധുരമലയാളം മലയാളികള്‍ക്കു ഭാവിയില്‍ അന്യമായിപ്പോകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. ഡോ. ഡേവിസ് സേവ്യര്‍ കൈകാര്യം ചെയ്യുന്ന 'ശ്രേഷ്ഠമലയാളം' എന്ന പംക്തി പ്രസിദ്ധീകരിക്കുന്നതിലൂടെ മലയാളഭാഷ ശരിയായി ഉപയോഗിക്കാന്‍ മലയാളികളെ സഹായിക്കുന്ന 'ദീപനാളം' വാരികയുടെ സംരംഭങ്ങള്‍ ഈ അവസരത്തില്‍ അഭിനന്ദനാര്‍ഹമാണ്.
ഭാഷയാണ് ഭൂഷണം. മാതൃഭാഷയായ മലയാളം സ്വരശുദ്ധമായി മൊഴിയാനും, തെറ്റില്ലാതെ എഴുതാനും, സ്ഫുടമായി വായിക്കാനുമുള്ള കഴിവിലാണ് മലയാളികള്‍ ഏറ്റവുമധികം അഭിമാനിക്കേണ്ടത്. പച്ചമലയാളം പറഞ്ഞുപറഞ്ഞു മലയാളി മടുക്കണം. കേരളനാട്ടിലെ കാറ്റിന്റെ ചൂളംവിളിയിലും, ഒഴുകുന്ന പുഴകളുടെ ഓളക്കൊലുസുകളിലും കിളികളുടെ കളമൊഴിയിലും മഴത്തുള്ളിക്കിലുക്കത്തിലും മരങ്ങളുടെ മര്‍മരത്തിലുമൊക്കെ  മലയാളത്തിന്റെ മധുസ്വനം മുഴങ്ങിനില്ക്കണം. മലയോളം വളരണം മലയാളം.

ഫാ. തോമസ് പി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)