•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

പ്രതീക്ഷയുണര്‍ത്തുന്ന പയ്യന്നൂര്‍ പ്ലാന്റ്

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 10 March , 2022

ലോകത്തെ ആദ്യസമ്പൂര്‍ണ സൗരോര്‍ജവിമാനത്താവളമായ ''സിയാലി''ന്റെ വികസനജൈത്രയാത്രയില്‍ പുതിയ ചരിത്രത്തിളക്കമാവുകയാണ് പയ്യന്നൂരിലെ പന്ത്രണ്ടു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജപ്ലാന്റ്. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോര്‍ജപദ്ധതി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജപ്ലാന്റാണിത്. 2015 ല്‍ വിമാനത്താവളം ഊര്‍ജസ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം വൈദ്യുതോത്പാദനരംഗത്തുള്ള സുപ്രധാന ചുവടുവയ്പാണ് പയ്യന്നൂര്‍ പ്ലാന്റ്.
രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത 'ഭൗമഘടനാനുസൃത സോളാര്‍ പ്ലാന്റാ'ണ് പയ്യന്നൂരിലേത്. പയ്യന്നൂര്‍ പ്ലാന്റില്‍നിന്നു മാത്രം പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും.
സോളാര്‍ കാര്‍പോര്‍ട്ട് ഉള്‍പ്പെടെ കൊച്ചി വിമാനത്താവളപരിസരത്തുള്ള എട്ടു സൗരോര്‍ജപ്ലാന്റുകള്‍ നിലവില്‍ സിയാലിന്റെ  സൗരോര്‍ജപദ്ധതിയുടെ ഭാഗമാണ്. പയ്യന്നൂര്‍ പ്ലാന്റ് പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ടായി വര്‍ദ്ധിക്കും.
സൗരോര്‍ജമേഖലയില്‍ മറ്റു സംസ്ഥാനങ്ങള്‍ അതിവേഗം ബഹുദൂരം മുന്നേറുമ്പോള്‍ കേരളം സൗരോര്‍ജപദ്ധതികളെ ഗൗരവമായി കണ്ടുതുടങ്ങിയിരിക്കുന്നത്  സ്വാഗതാര്‍ഹമാണ്. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളോട് എന്നും അകന്നുനില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള സംസ്ഥാനത്തിന് ഇത് വൈകി വന്ന വിവേകമാണ്.
രണ്ടു ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം സിയാല്‍ സൂര്യപ്രകാശത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് സിയാല്‍ 50 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍, വൈദ്യുതി മേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കെ.എസ്.ഇ.ബി. യുടെ സംഭാവന വെറും 10.50 മെഗാവാട്ടാണ്.
2022 ഓടെ പുരപ്പുറ സൗരപദ്ധതിയിലൂടെ 40 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. 2030 ഓടെ ജൈവേതര ഇന്ധനസ്രോതസ്സില്‍നിന്ന് രാജ്യത്ത് 40 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും അതു യാഥാര്‍ത്ഥ്യമാക്കാന്‍ സൗരോര്‍ജോത്പാദനം 100 ഗിഗാവാട്ടായി ഉയര്‍ത്താന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സംസ്ഥാനത്തെ വൈദ്യുതിവിതരണസംവിധാനങ്ങള്‍വഴി നടപ്പാക്കുന്ന ഈ പദ്ധതിക്ക് സബ്‌സിഡിക്കായി മാത്രം 11,814 കോടി രൂപയാണു കേന്ദ്രം നീക്കിവച്ചിരിക്കുന്നത്.
സൗരോര്‍ജോത്പാദനത്തില്‍ രാജസ്ഥാന്‍, കര്‍ണാടകം, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വലിയ മുന്നേറ്റമാണു നടത്തിയിട്ടുള്ളത്. 7800 മെഗാവാട്ടാണ് രാജസ്ഥാന്റെ സൗരപദ്ധതികളുടെ സ്ഥാപകശേഷി. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകത്തിന് 7500 മെഗാവാട്ടും തമിഴ്‌നാടിന് 4675 മെഗാവാട്ടും സൗരോര്‍ജസ്ഥാപകശേഷിയുള്ളപ്പോള്‍, കേരളത്തിന്റെ നിലവിലെ ആകെ സ്ഥാപകശേഷി 50 മെഗാവാട്ടിനു താഴെയാണെന്നത് ഇത്തിരി ലജ്ജയോടെ മാത്രമേ കേള്‍ക്കാനാവൂ. കേന്ദ്രപദ്ധതി നടപ്പാക്കുന്നതില്‍ കേരളം ദയനീയമായി പരാജയപ്പെട്ട ചിത്രമാണിത്. കൊവിഡിനെ പഴിചാരി ന്യായീകരണമെഴുന്നള്ളിച്ചതുകൊണ്ടായില്ല, മറ്റു സംസ്ഥാനങ്ങളും കൊവിഡ് പ്രതിസന്ധിയില്‍ത്തന്നെയാണ് സൗരോര്‍ജോത്പാദനശേഷി കൈവരിച്ചു മുന്നേറിയത് എന്നോര്‍മിക്കുന്നതു നന്ന്.
250 മെഗാവാട്ട് സൗരോര്‍ജനിലയങ്ങള്‍ക്കുള്ള സബ്‌സിഡി കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടും  12.38 മെഗാവാട്ട് വൈദ്യുതി മാത്രമാണ് പുരപ്പുറ സൗരപദ്ധതിയിലൂടെ വൈദ്യുതി ബോര്‍ഡിന് ഉത്പാദിപ്പിക്കാനായത്. 2022 മാര്‍ച്ചില്‍ കേന്ദ്രപദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ്  വൈദ്യുതി ബോര്‍ഡിന്റെ മെല്ലെപ്പോക്കുനയം തുടരുന്നതെന്നോര്‍ക്കണം. ഒരുലക്ഷത്തോളം ഭവനങ്ങളിലെങ്കിലും പുരപ്പുറസൗരനിലയം സ്ഥാപിക്കുമെന്ന് വൈദ്യുതിവകുപ്പുമന്ത്രി പറയുമ്പോള്‍, നിലവിലുള്ള ഉപഭോക്താക്കളുടെ എണ്ണം 25,000 മാത്രമാണെന്നും അറിയണം. ഉദാസീനതയും അലസസമീപനങ്ങളും അവസാനിപ്പിച്ച്,  പരമാവധി ഉപഭോക്താക്കളെ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ലെങ്കില്‍, അതിന്റെ നഷ്ടം സംസ്ഥാനത്തിനു മാത്രമായിരിക്കും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)