അര്‍ക്കന്‍ പടിഞ്ഞാറൊളിച്ചനേരം
അന്ധകാരം വന്നു മൂടി മന്നില്‍
മത്സരിച്ചെത്തിയുഡുക്കള്‍ വാനില്‍
ഉത്സുകരായ് നിരന്നെങ്ങുമെങ്ങും.
പാരിന്നിരുളിനെ നോക്കിനിന്നു
താരങ്ങളൊക്കെയും പുഞ്ചിരിച്ചു
ഓരോന്നും ചൊല്ലിയഹന്തയോടെ
''കൂരിരുള്‍ മാറ്റിടാന്‍ വന്നവന്‍ ഞാന്‍.''
ആയിരം നക്ഷത്രദീപങ്ങള്‍-
ക്കായില്ല ഭൂവിന്നു ദീപ്തിയേകാന്‍
പിന്നിലേക്കോരോന്നും പോയ്മറഞ്ഞു
മുന്നില്‍ വന്നെത്തി പുതുമുഖങ്ങള്‍.
സൂര്യന്‍ കിഴക്കു വന്നെത്തി നോക്കി
താരങ്ങളെല്ലാമൊളിച്ചു വേഗം
ആര്‍ക്കും കഴിയില്ല വെട്ടമേകാന്‍
അര്‍ക്കനെപ്പോലെന്നവരറിഞ്ഞു.