•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

മികവുണ്ടാവേണ്ടത് മാലിന്യനിര്‍മാര്‍ജനത്തില്‍

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 17 March , 2022

സംസ്ഥാനങ്ങളുടെ പാരിസ്ഥിതിക-സാമൂഹിക കണക്കെടുപ്പായ സുസ്ഥിരവികസനസര്‍വേയില്‍ കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സി.എസ്.ഇ.) നടത്തിയ ദേശീയ സര്‍വേപ്രകാരമാണ് സംസ്ഥാനത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ജലസുരക്ഷ, പരിസ്ഥിതി, ഊര്‍ജസംരക്ഷണം തുടങ്ങി പതിനഞ്ചിന നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട സര്‍വേറിപ്പോര്‍ട്ടില്‍, വിദ്യാഭ്യാസം, വിശപ്പുരാഹിത്യം, ഊര്‍ജലഭ്യത എന്നീ മേഖലകളിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഹിമാചല്‍, ഉത്തരാഖണ്ഡ്, ഗോവ, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് കേരളത്തിനു തൊട്ടുപിന്നില്‍.
അതേസമയം, പരിസ്ഥിതിസംരക്ഷണത്തിലും ജൈവവൈവിധ്യപാലനത്തിലും വനസംരക്ഷണത്തിലും മരുഭൂവത്കരണം തടയുന്നതിലും കേരളം ഏറെ പിന്നിലാണെന്ന നഗ്നസത്യം നമ്മെ ഞെട്ടിക്കുന്നു. ശുചിത്വപാലനം, ശുദ്ധജലം, കൃഷി-ജലസേചനം തുടങ്ങിയവ ഉള്‍പ്പെടുന്ന ജല-സാനിട്ടേഷന്‍ വിഭാഗത്തില്‍ കേരളം ഏഴാം സ്ഥാനത്താണ്. മാനസികാരോഗ്യം, ചെലവുകുറഞ്ഞ മികച്ച ചികിത്സയുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ ദേശീയ ശരാശരിക്കും പിന്നിലാണ് കേരളത്തിന്റെ സ്‌കോര്‍. പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിലും പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്നതിലും കേരളം ഏറെ  പരാജയമാണെന്നാണ് സര്‍വേഫലം.
സര്‍വേറിപ്പോര്‍ട്ടുകള്‍ പൊതുവെ ജയാരവങ്ങള്‍ കൊട്ടിഘോഷിക്കുമ്പോഴും 'ദൈവത്തിന്റെ സ്വന്തം നാട്' ആത്മപരിശോധനയ്ക്കു തയ്യാറാകുന്നപക്ഷം യഥാര്‍ത്ഥ മികവിന്റെ ഭാവിചരിത്രം സൃഷ്ടിക്കാനാവുമെന്നു തീര്‍ച്ച. സുസ്ഥിരവികസനലക്ഷ്യത്തിലേക്ക് (2030) എട്ടുവര്‍ഷംമാത്രം അവശേഷിച്ചിരിക്കെ, കൊവിഡനന്തരപ്രത്യാഘാതങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മാലിന്യരഹിതകേരളത്തിനു മുന്തിയ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു.
കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡിന്റെ കണക്കനുസരിച്ച്, രാജ്യത്തു സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ടണ്‍കണക്കിനു കൊവിഡനുബന്ധമാലിന്യങ്ങളില്‍ കേരളം രണ്ടാംസ്ഥാനത്തെത്തി 'മികവു' പുലര്‍ത്തിയിരിക്കുന്നു! സ്വന്തം വീടുകളിലെ മാലിന്യങ്ങള്‍ പൊതുനിരത്തുകളിലേക്കും തോടുകളിലേക്കും പുഴകളിലേക്കും വലിച്ചെറിയുന്ന മലയാളിയുടെ മനോഭാവത്തിനു മഹാമാരിക്കാലത്തും മാറ്റമുണ്ടായില്ല. പൊതുനിരത്തില്‍ തുപ്പുന്നതും വിസര്‍ജിക്കുന്നതുമൊക്കെ കുറ്റമായോ സാമൂഹികദ്രോഹമായോ കണക്കാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ-സാംസ്‌കാരികാഭ്യസനം മലയാളിക്കു വേണ്ടപോലെ കിട്ടുന്നില്ല. അതു പ്രഥമതഃ വീട്ടകങ്ങളിലും വിദ്യാലയങ്ങളിലും ഉത്തരവാദിത്വപ്പെട്ടവര്‍ പകര്‍ന്നുകൊടുക്കുന്നില്ലെങ്കില്‍ ആരെയാണു നാം പഴിക്കേണ്ടത്? ശുചിത്വാവബോധത്തിലും മാലിന്യനിര്‍മാജനത്തിലും ഇനി എന്നാണ് മലയാളി വിദ്യാസമ്പന്നനാകുന്നത് എന്ന ചോദ്യം കാലങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു!
ഈയിടെ  കൊച്ചിയില്‍ നടന്ന സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയവയ്‌ക്കൊപ്പം മാലിന്യനിര്‍മാര്‍ജനത്തിനും മതിയായ പ്രാധാന്യം കൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നവകേരളത്തിന്റെ  വികസനപന്ഥാവിലേക്കുള്ള  പുത്തന്‍ നയരേഖയാണ്. പക്ഷേ, അതു യാഥാര്‍ത്ഥ്യവത്കരിക്കണമെങ്കില്‍ സര്‍ക്കാര്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കേണ്ടിവരും. മാലിന്യസംസ്‌കരണത്തിനും നിര്‍മാര്‍ജനത്തിനും നിലവിലുള്ള എല്ലാ അപചയങ്ങളും തിരുത്തി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
ജൈവ-അജൈവമാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കാനുള്ള സംവിധാനം പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്ലാസ്റ്റിക്‌പോലുള്ള അജൈവമാലിന്യങ്ങളും ഇലക്‌ട്രോണിക് മാലിന്യങ്ങളും സംസ്‌കരിച്ചു പുനരുപയോഗിക്കുന്നതില്‍ ശാസ്ത്രീയപഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ തികഞ്ഞ അലംഭാവമാണു കാണുന്നത്.
ചുരുക്കം ചില ഗ്രാമങ്ങളിലും മുനിസിപ്പാലിറ്റികളിലും മാലിന്യശേഖരണവും സംസ്‌കരണവും നടക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം നഗരഗ്രാമപ്രദേശങ്ങളിലും ഉദാസീനതയും കെടുകാര്യസ്ഥതയുമാണുള്ളത്. പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നതും, അശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നതും ഗൗരവമായിക്കണ്ട് ശിക്ഷാനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതെന്തേ? രോഗവിമുക്തമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് ഓരോ പൗരന്റെയും ദൗത്യമാണെന്നു കരുതി ശുചിത്വാവബോധത്തിലും ആരോഗ്യപരിരക്ഷാപദ്ധതികളിലും നാമോരോരുത്തരും സഹകാരികളാവണം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)