വിവിധ നിറങ്ങളില്‍ കാണാറുണ്ടെങ്കിലും ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍, കാണുന്ന തത്തകള്‍ക്ക് ഇളംപുല്നാമ്പിന്റെ പച്ചനിറമാണ്. അര്ദ്ധവൃത്തത്തോളം  വളഞ്ഞ ഇതിന്റെ ചുണ്ടുകള്‍ക്കു രക്തനിറമാണ്. ഇവ പ്രധാനമായും സസ്യഭുക്കുകളാണ്. മുന്നൂറോളം സ്പീഷിസുകളുണ്ട്. ചില സ്പീഷിസുകള്ക്കു മനുഷ്യശബ്ദവും മറ്റു ശബ്ദങ്ങളും അനുകരിക്കാനുള്ള കഴിവുണ്ട്. പരമാവധി 40 സെ.മീ. നീളം. പക്ഷികളുടെ ലോകത്ത് ബുദ്ധിയുണ്ടെന്നു കരുതപ്പെടുന്നവരാണ് തത്തയും കാക്കയും. അരിസോണ യൂണിവേഴ്സിറ്റിയില്‍ പത്തുവര്‍ഷത്തോളം നീണ്ട ഒരു പഠനം തത്തയുടെ ബുദ്ധിശക്തിയെ തെളിയിച്ചു. തത്തയ്ക്കു മനുഷ്യന്റെ ഭാഷ അനുകരിക്കാന്‍ മാത്രമല്ല, അതു മനസ്സിലാക്കി നന്നായി പ്രതികരിക്കാനും സാധിക്കുമത്രേ.
തത്തയുടെ കുടുംബം: പ്സിറ്റാസിഡേ (Psittacidae) ശാസ്ത്രനാമം: പ്സിറ്റാക്കുലാ ക്രമേറി Psittacula Krameri)
നമ്മുടെ നാട്ടില്‍ യഥേഷ്ടം കാണുന്ന മോതിരത്തത്ത അല്ലെങ്കില്‍ നാട്ടുതത്ത ചുവന്ന ചുണ്ടും കഴുത്തില്‍ ചുവന്ന മോതിരവളയവുമുള്ള  തത്തതന്നെ.  നമ്മുടെ നെല്‍വയലുകളിലും പച്ചക്കറിത്തൊടികളിലും ഇവയെ കാണാം.  വാല്‍ഭാഗത്തു ചെറിയ നീലനിറം കണ്ടെന്നു വരും. ആണ്‍കിളികളുടെ ചുണ്ടിനു താഴെ കറുപ്പുനിറമുണ്ടാകും.
പച്ചയും മഞ്ഞയും കലര്‍ന്ന നിറമുള്ള കൊച്ചുതത്തയാണ് പൂന്തത്ത (Plum - headed Parakeet).. നാട്ടിന്‍പുറത്തെ വയലുകളിലാണിവയെ കാണുക. ഇളം നീലനിറമുള്ള വാലിന്റെയറ്റം വെളുത്തിട്ടാണ്. മേല്‍ച്ചുണ്ടിനു മഞ്ഞയും ചുണ്ടിനു താഴെ കറുപ്പുനിറവും. ഈ കറുപ്പിനോട് ചേര്‍ന്നു കഴുത്തിനു ചുറ്റും ഇരുണ്ട വളയവും ദൃശ്യമാണ്. പെണ്‍പക്ഷിയുടെ തലയ്ക്കു ചാരനിറമാണ്. ഇതിന്റെ ചുണ്ടിനു താഴെ കറുപ്പുനിറം കാണില്ല. ആണ്‍പക്ഷിയുടെ തല കണ്ടാല്‍ പച്ചനിറമുള്ള ശരീരത്തിനു മുകളില്‍ ഒരു പ്ലംപഴം വച്ചപോലെ തോന്നിക്കും. പൂന്തത്തയുടെ ശാസ്ത്രനാമം:Psittacula cyanocephala എന്നാണ്.
നിലംതത്ത അഥവാ
നീലത്തത്ത
കേരളത്തിലെ കാടുകളില്‍, പ്രത്യേകിച്ച് പശ്ചിമഘട്ടത്തില്‍ കാണുന്ന പക്ഷിയാണ് നീലത്തത്ത. പച്ച കലര്‍ന്ന നീലനിറമുള്ള ഇവയെ പെട്ടെന്നു തിരിച്ചറിയാനാവും. ആണ്‍പക്ഷിക്കു കഴുത്തില്‍ കറുത്ത വളയവും നീല കലര്‍ന്ന പച്ചവളയവും കാണാം. എന്നാല്‍, പെണ്‍പക്ഷിക്കു കറുപ്പുവളയം മാത്രമേയുള്ളൂ. കൊക്കിന്റെ മുകള്ഭാഗം ചുവപ്പും കീഴ്ഭാഗം കറുത്തതുമാണ്. ഇവ കാടുകളില്‍ കൂട്ടമായാണു കാണപ്പെടുക.  മറ്റു തത്തകളെപ്പോലെ അനുകരണശേഷി ഇവയ്ക്കില്ല. സ്വന്തമായി കൂടുകൂട്ടാറില്ല. ഉയര്‍ന്ന മരപ്പൊത്തുകളോ മറ്റിടങ്ങളോ അതിക്രമിച്ചുകയറി മുട്ടയിടുന്നു. അപൂര്‍വമായി പാറയിടുക്കുകളിലും കൂടൊരുക്കിക്കാണുന്നു.
തത്തച്ചിന്നന്‍
തത്തച്ചിന്നന്‍ എന്ന പേരിലറിയപ്പെടുന്ന ഒരിനം തത്തയുണ്ട്(Vernal hanging Parrot). ഇതിന്റെ പുറവും വാലിന്റെ മുകളറ്റവും കൊക്കും കാലുമൊക്കെ ചുവപ്പുനിറമാണ്. ആണ്‍പക്ഷികളുടെ തൊണ്ടയില്‍ നീലനിറത്തിലൊരു പാടു കാണാം. ഉയര്‍ന്ന മരങ്ങളില്‍ത്തന്നെ വാസം. കാട്ടിലും നാട്ടിലുമൊക്കെ കാണാനാവും.
Loriculus vernalis എന്നാണ് തത്തച്ചിന്നന്റെ ശാസ്ത്രനാമം.  സ്വന്തമായി കൂടൊരുക്കാത്ത ഇവ മരംകൊത്തിയുണ്ടാക്കി ഉപേക്ഷിച്ചുപോയ മരപ്പൊത്തുകളിലാണ് സാധാരണഗതിയില്‍ മുട്ടയിടുക. നീണ്ടുരുണ്ട മുട്ടകള്‍ ഇണപ്പക്ഷികള്‍ മാറിമാറി അടയിരുന്നു വിരിയിക്കുന്നു. കുഞ്ഞുങ്ങളെ തീറ്റികൊടുത്തു പരിപാലിക്കുന്നതില്‍ രണ്ടു പക്ഷികളും ശ്രദ്ധാലുക്കളാണ്.
							
 മാത്യൂസ് ആർപ്പൂക്കര
                    
									
									
									
									
									
									
									
									
									
									
                    