•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

ഒരു പിന്നാമ്പുറക്കഥ

  • ജോസ് പോളയ്ക്കല്‍
  • 23 July , 2020

വീരേതിഹാസകഥകള്‍ രചിച്ചീല,
താരപരിവേഷധാടിയണിഞ്ഞീല,
കാതങ്ങള്‍ താണ്ടി വിജാതീയനാടെത്തി
വേദപ്രചാരണവേല നടത്തീല;
'നേരറ്റ ധ്യാനപ്രഘോഷക'യാവക
പേരും പെരുമയും നേടിയെടുത്തീല,
കൊമ്പിച്ച സേവന കാണ്ഡപ്പൊലിമക-
ളെണ്ണിപ്പറയാനുമില്ലവള്‍ക്കൊന്നുമേ.
ആകെ സ്വകീയമായുള്ളതു കേവല-
മാരുമറിയാത്തൊരജ്ഞാതജീവിതം.
ഗ്രാമീണകന്യാലയത്തിലെച്ചാണകം
വാരിമെഴുകിയൊരാവൃതിക്കുള്ളിലായ്
കന്യമാര്‍ പാലിച്ചിടേണേ്ടാരനുദിന
ചര്യപോലും നിറവേറ്റിടാനാവാതെ
രോഗീമുറിയില്‍പ്പരുക്കന്‍കിടക്കയി
ലാജീവനാന്തം കഴിഞ്ഞവളാണവള്‍.
ആപാദചൂഡം കൊടുംപീഡതന്‍കനല്‍-
ച്ചൂടേറ്റു പാരം പരവശയായവള്‍.
നിന്ദാപമാനശ്ശരമുന കൊള്‍കയാല്‍
നന്നേയകക്കാമ്പില്‍ വന്‍മുറിവേറ്റവള്‍.
പൊന്നും വിലയിടാന്‍ കൊള്ളുംഗുണഗണ-
മൊന്നുമേയില്ലെന്നു ലോകം വിധിച്ചവള്‍.
കാണുന്നു നാമിന്നവളെയള്‍ത്താരയില്‍
വാഴുന്നു സാക്ഷാല്‍ വിശുദ്ധയല്‍ഫോന്‍സയായ്,
കന്യയാളെങ്ങനെ നേടി പദവിയി-
തെന്നറിവേകുമാ പിന്നാമ്പുറക്കഥ,
തേജോമയം പുണ്യരൂപം വണങ്ങിടാന്‍
പാദാന്തികം തേടിയെത്തീടുമാശ്രിതര്‍.
തെല്ലൊന്നു നില്ക്കുകില്‍, നിന്നാമുഖാംബുജം
നല്ലതിന്‍വണ്ണം നിരീക്ഷിച്ചുകൊള്ളുകില്‍,
മിന്നും മിഴിയിണയാലവള്‍ നമ്മോടു
ചൊല്ലാതെ ചൊല്‍വതു കേള്‍ക്കാം നിശ്ശബ്ദമായ്,
നിര്‍ല്ലീനമാമതിന്‍ നിര്‍മ്മായസന്ദേശ-
മുള്‍ത്താരിലൊപ്പംകുറിച്ചുമെടുത്തിടാം.
''ക്രൂശില്‍ കഠോരമാം പീഡകളേറ്റതാ-
മേശുവെ ഞാന്‍ വരിച്ചീടുന്ന വേളയില്‍
മോഹിച്ചതില്ല മറ്റൊന്നും മണാളന്റെ
പീഡതന്നോഹരിയെന്യേ പകരമായ്
സാധിച്ചുതന്നവനാഗ്രഹം പൂര്‍ണമായ്
സ്ഥാപിച്ചു ക്രൂശിന്‍ മറുവശത്തെന്നെയും.
കാണികള്‍, ചിത്രം! ധരിച്ചുവശായെനി-
ക്കാഹാ, ദുരന്തം ഭവിച്ചുവെന്നന്യഥാ! 
ക്രൂശില്‍ക്കിടന്നു പിടയും പ്രിയന്‍ പ്രേമ-
ഭൂഷതന്നെന്നെയരികത്തണച്ചതും,
ആ പ്രേമവായ്പിന്‍ ലഹരി സഹനമായ്
ഞാനാവഹിച്ചതും കണ്ടീലൊരാളുമേ.
ക്രൂശില്‍ക്കിടക്കേണ,മഗ്നിസ്ഫുടം ചെയ്തു
വേണം വിശുദ്ധപദവി വരിക്കുവാന്‍.''
ഇക്കഥനത്തിന്നകംപൊരുളാഴമ-
ങ്ങുള്‍ക്കൊണ്ടുവെങ്കില്‍ വണങ്ങാം വിശുദ്ധയെ.
നേര്‍വരും ക്ലേശങ്ങള്‍ താങ്ങാന്‍ കരുത്തിനായ്-
ച്ചേവടിയിങ്കലപേക്ഷയും നല്‍കിടാം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)