•  16 May 2024
  •  ദീപം 57
  •  നാളം 10
ഈശോ F r o m t h e B i b l e

റൂഹാഗമം

ജോര്‍ദാനു മുകളില്‍ ആത്മാവ് അരിപ്രാവായി അവന്റെമേല്‍ ഇറങ്ങി. ജോര്‍ദാനിലെ ജലത്താലും ആകാശത്തില്‍നിന്നുള്ള ആത്മാവാലും അവന്‍ അവിടെ സ്‌നാനപ്പെട്ടു. അതുവഴി അവന്‍ ദിവ്യാത്മാവിന്റെ ഉറവിടവും ദാതാവുമായി. റൂഹാ അവന്റെ ശക്തിയായിരുന്നു. ഈയൊരു അഭിഷേചനമാണു പിന്നീടുള്ള രക്ഷണീയമായ എല്ലാ കര്‍മങ്ങളും ചെയ്യാന്‍ അവനെ പ്രാപ്തനാക്കിയത്. ക്രിസ്ത്യാനികളായ നാം അരൂപിയുടെ ആലയങ്ങളാണ് എന്നുള്ള ഒരോര്‍മപ്പെടുത്തല്‍ ജോര്‍ദാനില്‍ നടക്കുന്നുണ്ട്. നമ്മെയും നമ്മുടെ ജീവിതസാഹചര്യങ്ങളെയും ചൂഴ്ന്നുനില്ക്കുന്നത് ദൈവാത്മാവാണ്, ദുരാത്മാവല്ല. ജീവിതത്തില്‍ പരിശുദ്ധ റൂഹായുടെ സ്പര്‍ശം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളെ നന്ദിയോടെ അനുസ്മരിക്കാം. പവിത്രമായ കൂദാശകള്‍ ഒരുക്കത്തോടെ സ്വീകരിക്കുമ്പോഴും, വിശുദ്ധവചനം വായിക്കുമ്പോഴും, ധ്യാനിക്കുമ്പോഴുമൊക്കെ  നാമറിയാതെ ആത്മാവിന്റെ അഭിഷേകം നമുക്കു ലഭ്യമാകുന്നുണ്ട്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന നാം പുറപ്പെടുവിക്കേണ്ടത് അവിടുത്തെ ഫലങ്ങളും സമ്പന്നരാകേണ്ടത് അവിടുത്തെ ദാനവരത്താലുമാണ്.
ആദിയിലെന്നപോലെ അരൂപിയായി നമ്മുടെ ശിരസ്സിനുമീതെ സദാ വട്ടമിട്ടു പറക്കുന്ന ആത്മാവിന്റെ അനുരണനങ്ങള്‍ക്കു നിരന്തരം കാതോര്‍ക്കാം. ആ മഹാശക്തിയുടെ ആധിപത്യത്തിനും നിയന്ത്രണത്തിനും നമ്മെത്തന്നെ വിട്ടുകൊടുക്കാം. സത്യത്തിന്റെ ആത്മാവിനെ സ്വീകരിച്ചവരായ നമുക്കു സത്യം പറയാനും എന്തു വില കൊടുത്തും ഏതു സാഹചര്യത്തിലും നേരിനുവേണ്ടി നിലകൊള്ളാനും കടമയുണ്ട്. ഓര്‍ക്കണം, ക്രിസ്തുവിന്റേത് എന്നപോലെ ക്രിസ്ത്യാനികളായ നമ്മുടെ തോളിന്മേലും ആത്മാവ് കുറുകുന്ന ഒരു വെള്ളരിപ്രാവായി ഇരിപ്പുണ്ട്. അതു പറന്നുപോകാന്‍ നാം ഒരുനാളും ഇടവരുത്തരുത്. നമ്മുടെ ഉള്ളം അവന്റെ വെള്ളിക്കൂടും, അവന്റെ കുറുകല്‍ നമ്മുടെ മനസ്സാക്ഷിയുടെ മന്ത്രണങ്ങളുമായി ഭവിക്കണം. ആ നിര്‍മലാത്മാവിന്റെ നിറസാന്നിധ്യം നമ്മുടെ കുടുംബങ്ങളിലും വ്യക്തിജീവിതത്തിലും കര്‍മമേഖലകളിലും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കാം. അശുദ്ധാത്മാവിന്റെ സര്‍വവിധത്തിലുള്ള വശീകരണങ്ങളില്‍നിന്നും അകന്നുനില്ക്കാം.
ജീവിതത്തില്‍ തീര്‍ച്ചയായും വ്യതിയാനങ്ങളുണ്ടാകും. ആത്മാഭിഷേകത്തിന്റെ അനുഭവങ്ങള്‍ക്കു നമ്മുടെ ജീവിതത്തില്‍ ക്ഷാമമുണ്ടാകാതിരിക്കട്ടെ. അവിടുത്തെ വിശുദ്ധവും വിശാലവുമായ വെണ്‍ചിറകുകള്‍ക്കുള്ളില്‍ നമ്മുടെ ജീവിതം സദാ സംരക്ഷിക്കപ്പെടട്ടെ. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ അല്പംകൂടി ജീവിതത്തിലുണ്ടാകട്ടെ. നമ്മുടെ നാളുകള്‍ പാവനാത്മനിറവിന്റെ കാലമാകട്ടെ. അതിന്റെ ചൈതന്യം നമ്മെ മുന്നോട്ടു നയിക്കട്ടെ. അങ്ങനെ, ആയുഷ്‌കാലം മുഴുവന്‍ ആത്മാഭിഷിക്തരാകാം.

 

Login log record inserted successfully!