തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് പുതിയ ഇടയന്‍
ഡോ. തോമസ് ജെ. നെറ്റോ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോ പോള്‍ഡ് ജിറേലിയുടെ സാന്നിധ്യത്തില്‍ ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍സ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ രണ്ടാമത്തെ ആര്‍ച്ചുബിഷപ്പായ ഡോ. തോമസ് ജെ. നെറ്റോ 1964 ഡിസംബര്‍ 29 ന് തിരുവനന്തപുരം പുതിയതുറയിലാണ് ജനിച്ചത്. ജെസ്സായന്‍ നെറ്റോയും ഇസബെല്ല നെറ്റോയുമാണ് മാതാപിതാക്കള്‍.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജില്‍നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പാളയത്തെ സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരിയില്‍ വൈദികാര്‍ത്ഥിയായിച്ചേര്‍ന്നു. ആലുവ കര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രത്തിലും മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കി. 1989 ഡിസംബര്‍ 19 ന് വൈദികനായി അഭിഷിക്തനായി. കേരള സര്‍വകലാശാലയില്‍നിന്നു സോഷ്യോളജിയില്‍ എംഎ ബിരുദവും റോമിലെ പൊണ്ടിഫിഷ്യ യൂണിവേഴ്സിറ്റി അര്‍ബാനിയാനയില്‍നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും നേടി.
അസിസ്റ്റന്റ് വൈദികന്‍, എക്യുമെനിസം ആന്‍ഡ് ഡയലോഗ് എക്‌സിക്യൂട്ടീവ് സെക്രട്ടറി, വിവിധ ഇടവകകളിലെ വികാരി, ബേസിക് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റീസ് എക്‌സിക്യൂട്ടീവ് സെക്രട്ടറി, സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബേസിക് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റീസ് എക്‌സിക്യൂട്ടീവ് സെക്രട്ടറി, സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരി റെക്ടര്‍ എന്നിവയായിരുന്നു മറ്റു നിയമനങ്ങള്‍.