•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

മേലാളന്മാര്‍ക്കു ചവിട്ടിനില്ക്കാന്‍ ഞങ്ങളിനിയും കുനിഞ്ഞുകൊടുക്കണോ?

  • ഇഗ്നേഷ്യസ് കലയന്താനി
  • 30 July , 2020

'രാഷ്ട്രീയസ്വാധീനത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറിക്കൂടി രണ്ടു വര്‍ഷം പിന്നിടുന്നവര്‍ക്കുപോലും ആജീവനാന്തം പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയുള്ള ഈ നാട്ടില്‍ ആരോഗ്യമുള്ള കാലമത്രയും എല്ലുമുറിയെ പണിയെടുത്തു പൊതുജനത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരും അസംഘടിതതൊഴിലാളികളും, അവര്‍ വാര്‍ദ്ധക്യത്തിലേക്കു കടക്കുമ്പോള്‍ പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ വേണമെന്നാവശ്യപ്പെടുന്നതില്‍ എന്താണു തെറ്റ്?' ചോദ്യം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനുവേണ്ടി ശബ്ദമുയര്‍ത്തുന്ന കൂട്ടായ്മയുടേത്. അറുപതു പിന്നിട്ട എല്ലാവര്‍ക്കും പ്രതിമാസം പതിനായിരം രൂപ ക്ഷേമപെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ഇപ്പോള്‍ 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' (ഒ.ഐ.ഒ.പി.) മൂവ്‌മെന്റ് സംസ്ഥാനത്ത് സജീവമായിരിക്കയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആളുകള്‍ അതിനായി അഭിപ്രായരൂപീകരണം നടത്തി കര്‍മ്മരംഗത്തിറങ്ങിക്കഴിഞ്ഞു. 
എല്ലാ ജനവിഭാഗത്തിനും സാമൂഹികസുരക്ഷയും തുല്യനീതിയും ഉറപ്പാക്കണമെന്ന ഇച്ഛാശക്തി ഭരിക്കുന്നവര്‍ക്കുണെ്ടങ്കില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് ഇതിനായി ശബ്ദമുയര്‍ത്തുന്നവര്‍ പറയുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും ജീവിതോപാധിയും നല്‍കാന്‍ കഴിയുംവിധം ഭരണസംവിധാനത്തില്‍ അഴിച്ചുപണി നടത്തണം.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ആവശ്യമുന്നയിച്ച് ഒരുസംഘം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂട്ടായ്മയുണ്ടാക്കി പ്രചാരണം തുടങ്ങിയിട്ടു മാസം രണ്ടു പിന്നിട്ടു. നാലരലക്ഷത്തിലേറെ ആളുകള്‍ ഇതിനോടകം ഗ്രൂപ്പില്‍ അംഗങ്ങളായി.
പ്രശസ്ത വാഗ്മിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഫാ. ഡേവിസ് ചിറമ്മേല്‍, എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ പ്രൊഫ. എം.എന്‍. കാരശേരി തുടങ്ങി നിരവധി പ്രശസ്തര്‍ ഈ മൂവ്‌മെന്റിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിട്ടുമുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ ഗ്രൂപ്പ് നിവേദനവും നല്‍കിക്കഴിഞ്ഞു. 
കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയെ തകര്‍ക്കാന്‍ ചില കോണുകളില്‍നിന്ന് ഒളിഞ്ഞും തെളിഞ്ഞും ശ്രമവും ഉണ്ട്. ഈ കൂട്ടായ്മ ശക്തിപ്പെട്ടാല്‍ തങ്ങളുടെ നിലനില്പ് അവതാളത്തിലാകുമെന്നു ഭയക്കുന്ന ചില രാഷ്ട്രീയസംഘടനകളാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നു ഒ.ഐ.ഒ.പി. കൂട്ടായ്മ കുറ്റപ്പെടുത്തുന്നു.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ഒ.ഐ.ഒ.പി. കൂട്ടായ്മയുടെ ആവശ്യം തൊഴിലാളി വിരുദ്ധമാണെന്നാണ് ട്രേഡ്‌യൂണിയന്‍ നേതാക്കളുടെ നിലപാട്. തൊഴിലാളികളുടെയും ദരിദ്ര, ഇടത്തരം കര്‍ഷകരുടെയും ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തി തൊഴിലാളി കര്‍ഷകപ്രസ്ഥാനങ്ങള്‍ നിരന്തരമായി സമരം നടത്തിവരികയാണെന്നും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആക്കുക, 60 വയസ്സ്‌കഴിഞ്ഞവര്‍ക്ക് പ്രതിമാസം 6500 രൂപ പെന്‍ഷന്‍ നല്‍കുക, കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും നിരവധി പണിമുടക്കുകള്‍ നടത്തിയിട്ടുണെ്ടന്നും അക്കാലത്തൊന്നും ജനങ്ങളോടൊപ്പം നില്‍ക്കാതെ മാളത്തിലിരുന്നവര്‍ ഇപ്പോള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതിന്റെ പിന്നില്‍ ആരുടെ കുബുദ്ധിയാണ് എന്നാണ് സംഘടിതതൊഴിലാളിനേതാക്കളുടെ ചോദ്യം. എല്ലാം സ്വകാര്യവത്കരിക്കുന്ന കേന്ദസര്‍ക്കാരിന്റെ തെറ്റായ നയം മൂലമാണ് ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നതെന്നും അതു മനസ്സിലാക്കാത്തവരാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനു വേണ്ടി മുറവിളി കൂട്ടുന്നതെന്നും അവര്‍ ആക്ഷേപിക്കുന്നു.
അതേസമയം, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും കച്ചവടക്കാരെയും ചെറുകിട സ്വയം സംരംഭകരെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും പെന്‍ഷന്‍പദ്ധതികളില്‍നിന്നു പുറംതള്ളാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സംഘടിതതൊഴിലാളിവര്‍ഗ്ഗം നടത്തുന്നത് എന്ന് ഒ.ഐ.ഒ.പി. കൂട്ടായ്മ കുറ്റപ്പെടുത്തുന്നു. ഇലക്ഷന്‍ വരുമ്പോള്‍ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുകയും ഭരണത്തിലേറുമ്പോള്‍ തിരിഞ്ഞുനോക്കാതെയുമിരിക്കുന്ന രാഷ്ട്രീയനേതാക്കന്മാരുടെ കാപട്യം മനസ്സിലാക്കിയ ജനങ്ങള്‍ അവരെ കൈവിട്ടു തുടങ്ങിയെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയക്കാര്‍ ഇതിനെ എതിര്‍ക്കുന്നതെന്നുമാണ് ഒ.ഐ.ഒ.പി. ഗ്രൂപ്പിന്റെ വാദം. പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ചരമഗീതം മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഒ.ഐ.ഒ.പി. കൂട്ടായ്മയുടെ മുന്നേറ്റം വൈകാതെ കൊടുങ്കാറ്റായി മാറി പല വന്മരങ്ങളെയും വീഴ്ത്തുമെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
തൊഴിലാളി എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണെന്ന നിലപാട് അഭിനവതൊഴിലാളി സംരക്ഷകര്‍ തിരുത്തണമെന്നാണ് ഒ.ഐ.ഒ.പി. കൂട്ടായ്മ ആവശ്യപ്പെടുന്നത്. തൊണ്ണൂറു ശതമാനത്തിലധികം വരുന്ന സാധാരണജനങ്ങളെ സംരക്ഷിക്കാത്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇനി വോട്ടില്ല എന്ന് കര്‍ഷകരും അസംഘടിതതൊഴിലാളികളും തീരുമാനിച്ചാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ മുന്നോട്ടുവരുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വാങ്ങുന്ന അഞ്ചു ശതമാനത്തിന്റെ വോട്ടുകൊണ്ടല്ല; മറിച്ച്, സര്‍ക്കാര്‍ ഉദ്യോഗമില്ലാത്ത 95 ശതമാനത്തിന്റെ വോട്ടുകൊണ്ടാണ് എല്ലാ പാര്‍ട്ടികളും അധികാരത്തിലേറുന്നതെന്ന് ഒ.ഐ.ഒ.പി. കൂട്ടായ്മ ഓര്‍മ്മപ്പെടുത്തുന്നു. ''പെന്‍ഷന്‍ ഒരു സമ്പാദ്യ പദ്ധതിയല്ല, സാമൂഹികസുരക്ഷാപദ്ധതിയാണ്. 60 പിന്നിട്ട ഏതൊരാള്‍ക്കും അത് അവകാശപ്പെട്ടതാണ്. നിരവധി വിദേശരാജ്യങ്ങളില്‍ ഇത് നടപ്പിലാക്കിയിട്ടുമുണ്ട്.''
ഈ കൊവിഡ്കാലത്ത് വേലയും കൂലിയുമില്ലാതെ മുണ്ടുമുറുക്കിയുടുത്തുകഴിഞ്ഞുകൂടുന്ന പട്ടിണിപ്പാവങ്ങളെ ഈടുവച്ചെടുത്ത പണം കൊണ്ടാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ മുടങ്ങാതെ ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്നതെന്ന വസ്തുത സര്‍ക്കാര്‍ മറക്കരുതെന്ന് ഒ.ഐ.ഒ.പി. കര്‍മ്മസമിതി ഓര്‍മ്മിപ്പിക്കുന്നു. ഈ കടമെല്ലാം പലിശയടക്കം തിരിച്ചടയ്‌ക്കേണ്ടത് പൊതുജനത്തിന്റെ നികുതിപ്പണം എടുത്താണ്!
ലോക്ഡൗണ്‍ കാലത്ത് ഒരുപാടുപേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വ്യാപാരവ്യവസായ മേഖലയില്‍ കനത്ത നഷ്ടമുണ്ടായി. ബാങ്കുകളില്‍നിന്ന് കടമെടുത്തവര്‍ തീതിന്നു കഴിയുകയാണ്. സ്വകാര്യസ്ഥാപനങ്ങള്‍ പലതും ജീവനക്കാരുടെ ശമ്പളം പാതിയായി കുറച്ചു. പക്ഷേ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാകട്ടെ, ജോലി ചെയ്യാതെ പോലും ശമ്പളം കിട്ടുന്ന സാഹചര്യമാണുള്ളത്. ഇന്ധനവിലയും മദ്യവിലയും വൈദ്യുതിബില്ലും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഭരണകൂടം പക്ഷേ, വേലയും കൂലിയുമില്ലാത്ത പാവങ്ങളുടെ വീട്ടില്‍ അടുപ്പു കത്തുന്നുണേ്ടാ എന്ന് വല്ലപ്പോഴുമെങ്കിലും തിരക്കണമെന്നാണ് ഒ.ഐ.ഒ.പി. കര്‍മ്മസമിതി ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിന്റെ സാമ്പത്തികസ്വാതന്ത്ര്യം അടിയറവച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചവിട്ടിനില്‍ക്കാന്‍ ഇനിയും തങ്ങള്‍ കുനിഞ്ഞു കൊടുക്കണോ എന്ന് അവര്‍ ചോദിക്കുന്നു .
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 60 വയസ്സു കഴിഞ്ഞവരുടെ എണ്ണം 10 കോടിയാണ്. ഇപ്പോള്‍ അത് 12 കോടി എന്നു കണക്കാക്കിയാല്‍പോലും ഇവര്‍ക്കെല്ലാം പ്രതിമാസം 10000 രൂപ നല്‍കുവാന്‍ ഒരുവര്‍ഷം 15 ലക്ഷം കോടി രൂപയേ വരുന്നുള്ളൂ എന്ന് കണക്കുകള്‍ ഉദ്ധരിച്ച് ഇവര്‍ വാദിക്കുന്നു. പെന്‍ഷന്‍ ഏകീകരിച്ച് എല്ലാവര്‍ക്കും പതിനായിരം രൂപ എന്നു നിജപ്പെടുത്തിയാല്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷനായി ചെലവഴിക്കുന്നത്രയും പണം മതി അറുപതു പിന്നിട്ട എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ എന്നാണ് ഒ.ഐ.ഒ.പി. കൂട്ടായ്മക്കാരുടെ വാദം. വയോധികര്‍ ഈ പണം മുഴുവനും ഇവിടെത്തന്നെ ചെലവഴിക്കും. അതുവഴി വ്യാപാരവ്യവസായമേഖലയില്‍ മുന്നേറ്റമുണ്ടാകും. ജി.എസ്.ടി. വഴി ഈ പണം തിരികെ സര്‍ക്കാരിലേക്കെത്തുകയും ചെയ്യും. ഇതു രാജ്യത്തെ സാമ്പത്തികാഭിവൃദ്ധിയിലേക്കു നയിക്കും എന്നും ഒ.ഐ.ഒ.പി. കൂട്ടായ്മ വാദിക്കുന്നു .
പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഒരിക്കല്‍ ഒരു സെമിനാറില്‍ ഇങ്ങനെ പറയുകയുണ്ടായി:
''അമേരിക്ക ഒരു മുതലാളിത്തരാജ്യമാണെങ്കിലും അവിടെയുള്ള ആള്‍ക്കാരെല്ലാം സമ്പന്നരല്ല. ഇന്ത്യയിലുള്ളവരെക്കാള്‍ സാമ്പത്തികമായി താഴ്ന്നയാളുകള്‍ അവിടെയുണ്ട്. പക്ഷേ, അവിടുത്തെ സമൂഹവും ഗവണ്‍മെന്റും ജീവിതത്തിന്റെ അവസാനകാലത്ത് അവിടുത്തെ ആളുകള്‍ക്കു കൊടുക്കുന്ന ഒരു സാമൂഹികസുരക്ഷിതത്വമുണ്ട്. അവര്‍ക്കു ജീവിക്കാന്‍ കൊടുക്കുന്ന പെന്‍ഷന്‍ സഹായമുണ്ട്. അതാണ് അവരുടെ വലിയ പ്രത്യാശ. വാര്‍ധക്യത്തില്‍ എത്തിയിട്ടും ജീവിതം തുടരണമെന്നും ആസ്വദിക്കണമെന്നുമുള്ള ഒരു ആഗ്രഹം അവരിലുണ്ടാക്കുന്നത് ആ സുരക്ഷിതത്വബോധമാണ്. അതുപോലൊരു സുരക്ഷിതത്വം എന്തുകൊണ്ട് നമ്മുടെ നാട്ടിലെ വൃദ്ധജനങ്ങള്‍ക്കു കൊടുക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിയുന്നില്ല?
അറുപതു വയസ്സുവരെ ജോലിചെയ്ത് മക്കളെ പ്രസവിച്ച്, പോറ്റിവളര്‍ത്തി വലുതാക്കുന്ന ഒരു സ്ത്രീക്ക് വാര്‍ധക്യത്തിലെത്തുമ്പോള്‍ മക്കളുടെ മുന്‍പില്‍ കൈനീട്ടാതെ അഭിമാനത്തോടെ ജീവിച്ച് ഈ ഭൂമിയില്‍നിന്നു കടന്നുപോകാനുള്ള സാഹചര്യം ഒരുക്കേണ്ടതു സര്‍ക്കാരല്ലേ? ശരിക്കും ഒരു സര്‍ക്കാരിന്റെ ദൗത്യം അതല്ലേ? അറുപതു പിന്നിട്ട, നിശ്ചിത വരുമാനത്തില്‍ താഴെയുള്ള എല്ലാ സ്ത്രീകള്‍ക്കും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ കൊടുത്താല്‍ നമ്മുടെ നാട്ടിലെ വൃദ്ധകളുടെ ജീവിതാവസ്ഥയില്‍ എത്ര അദ്ഭുതകരമായ മാറ്റമുണ്ടാകും! വൃദ്ധകളുടെ മാത്രമല്ല, ഓരോ കുടുംബത്തിന്റെയും സ്ഥിതി പാടേ മാറും. ആ വൃദ്ധ ആ കുടുംബത്തിലെ ആദരണീയവ്യക്തിയായി മാറും. ആ പെന്‍ഷന്‍പണം ആ കുടുംബത്തിനുവേണ്ടി മാത്രമായിരിക്കും ചെലവഴിക്കപ്പെടുക. ആ കുടുംബം പട്ടിണികൂടാതെ മുന്‍പോട്ടുപോകാന്‍ ആ പണം ഉപകരിക്കും. രോഗം വന്നാല്‍ മരുന്നിനുവേണ്ടി അതു പ്രയോജനപ്പെടും. അതോടൊപ്പം ആ വൃദ്ധയുടെ ജീവിതാന്തസ്സു വര്‍ധിക്കും. ആ വൃദ്ധ ആ കുടുംബത്തിന്റെ കേന്ദ്രബിന്ദുവാകും. മക്കള്‍ അവരെ ആദരവോടെ കാണും. മരുമക്കള്‍ ആ വൃദ്ധയെ വഴിയില്‍കൊണ്ടുപോയി തള്ളാന്‍ തയ്യാറാകില്ല. പഴയതെല്ലാം കളയേണ്ടതാണെന്നു ചിന്തിക്കുന്ന പുതുതലമുറയുടെ മുന്‍പില്‍ പഴയതിനും വിലയുണ്ട് എന്ന സന്ദേശം കൊടുക്കാന്‍ ആ സ്ത്രീക്കു കഴിയും. ആ വീട്ടില്‍ വാക്കിനു വിലയുള്ള ഒരു സ്ത്രീയായി ആ വൃദ്ധ മാറും. താന്‍ ജനിച്ചുവളര്‍ന്ന രാജ്യം അഭിമാനത്തോടെ ജീവിക്കാന്‍ തന്നെ പ്രാപ്തയാക്കി എന്ന സന്തോഷത്തോടെയാകും അവര്‍ ഈ ഭൂമിയില്‍നിന്നു വിടപറയുക.
ഇതു കേരളത്തില്‍ നടപ്പിലാക്കിയാല്‍ കേരളത്തിന്റെ സാമൂഹികമേഖലയില്‍ വലിയ മാറ്റം ഉണ്ടാകും. നമ്മുടെ സാമ്പത്തികശാസ്ത്രജ്ഞന്മാരും സര്‍ക്കാരും ഇതിനെപ്പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കണം. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ ഒന്നു പുനഃക്രമീകരിച്ചാല്‍ അതിനുള്ള പണം കണെ്ടത്താവുന്നതേയുള്ളു. വിഭവങ്ങളുടെ ധാരാളിത്തംകൊണ്ട് അനുഗൃഹീതമായ നാടാണു കേരളം. കണ്ണു തുറന്നു കാണുക, ആശയങ്ങള്‍ കണെ്ടത്തുക, കഴിവും പ്രാപ്തിയുമുള്ളവനെ പ്രോത്സാഹിപ്പിക്കുക. ഇതുമാത്രം ചെയ്താല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റും കേരളത്തില്‍. ഇവിടുത്തെ ഓരോ ദരിദ്രന്റെയും വീട്ടിലേക്കു പണം ഒഴുകിയെത്തും.'' 
സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ഈ വാക്കുകള്‍ ഇനിയെങ്കിലും നമ്മുടെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിരുന്നെങ്കില്‍!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)