ഉപ്പന്‍ അഥവാ ചെമ്പോത്തിന്  മറ്റൊരു പേരുകൂടിയുണ്ട് - ചകോരം. ഉപ്പന്‍ കുയിലിന്റെ വര്ഗത്തില്പ്പെടുമെങ്കിലും ആകൃതിയിലും പ്രകൃതിയിലും ഇവര്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. കാക്കയുടെ വലുപ്പവും നീല കലര്‍ന്ന കറുപ്പുനിറവും ചെങ്കല്നിറമാര്ന്ന ചിറകുകളും കടുംചുവപ്പന്‍ കണ്ണുകളും ചെമ്പോത്തിനെ ആകര്‍ഷകമാക്കുന്നു. തൂവലുകള്‍ക്കു നല്ല തിളക്കവും. കറുത്ത വാലിനു നല്ല നീളവുമുണ്ടാകും. തോട്ടങ്ങളിലും കുറ്റിക്കാടുകളിലുമാണ് ഇവ സാധാരണമായി കാണപ്പെടുന്നത്. ശാസ്ത്രനാമം : Centropus simensis.
കാക്കയുടേതുപോലത്തെ ശരീരവും വിരിഞ്ഞ വാലും ഉള്ളതുകൊണ്ടാവണം കാക്കമയില് എന്ന അര്‍ത്ഥം വരുന്ന Crow pheasant എന്ന ഇംഗ്ലീഷ് പേര് ഉപ്പനു ലഭിച്ചത്. പോത്തിന്റെ നിറമുള്ള ദേഹവും ചെമ്പിന്റെ നിറമുള്ള ചിറകുകളും ഈ പക്ഷിയെ ചെമ്പോത്താക്കിയെന്നും പറയാം.
പറക്കാന്‍ തീരെ മടി കാട്ടുന്ന ഉപ്പന്‍ ഇര തേടി കാട്ടിലും മേട്ടിലുമൊക്കെ പമ്മിനടക്കുന്നത് 'ഉപ്... ഉപ്...' എന്നു കൂടക്കൂടെ ശബ്ദമുണ്ടാക്കിക്കൊണ്ടാണ്. ആ ശബ്ദമാവണം ഉപ്പനെന്ന പേരിനാധാരമായത്. മരക്കൊമ്പുകളില്‍ പറന്നുനടന്നല്ല ഇരപിടിത്തം. നിലത്തുകൂടി അടിവച്ചടിവച്ചു നടന്ന് ഓന്ത്, അരണ, ഗൗളി, ചെറുപാമ്പുകള്‍, പുല്‍ച്ചാടികള്‍, പ്രാണികള്‍ തുടങ്ങിയവയെ ആഹരിക്കുന്നു.
കുയിലുകളുടെ ബന്ധുവാണെങ്കിലും അവയെപ്പോലെയല്ല, ഇവ സ്വന്തമായി കൂടൊരുക്കി മുട്ടയിടുന്നു. ആണിനെയും പെണ്ണിനെയും രൂപത്തില്നിന്നു പെട്ടെന്നു തിരിച്ചറിയുക പ്രയാസം. കമ്പും കോലും ചുള്ളിയുമൊക്കെ ഉപയോഗിച്ച് ഉയരത്തിലെവിടെയെങ്കിലുമാവും കൂടൊരുക്കുക. ഇണപ്പക്ഷികള്‍ മാറിമാറി അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ഇവ ശാന്തരാണ്. ബഹളമില്ല, മനുഷ്യരില്‍നിന്ന് അകലം പാലിക്കുന്നവരല്ല. മറ്റു പക്ഷികളെപ്പോലെ പൊടുന്നനേ പറന്നകലുന്നവരുമല്ല.
							
 മാത്യൂസ് ആർപ്പൂക്കര
                    
									
									
									
									
									
									
									
									
									
									
                    